Friday 29 September 2023 01:52 PM IST

‘ഒരു പിടി മുരിങ്ങയില മതി ചർമം അയഞ്ഞുതൂങ്ങുന്നതു തടയാം’; മുടിക്കും ചർമത്തിനും ഇണങ്ങുന്ന ചില സൗന്ദര്യക്കൂട്ടുകൾ

Ammu Joas

Sub Editor

drumstick-leaves6yvnj

മുടി കൊഴിയുന്നല്ലോ എന്നു പറഞ്ഞാൽ തൊടിയിൽ നിന്നു കറിവേപ്പില പറിച്ചെടുത്ത് എണ്ണ കാച്ചി തരും മുത്തശ്ശിമാർ. മുഖത്ത് പാടുകൾ കണ്ടാൽ തുളസിനീര് പുരട്ടിയാൽ മതിയെന്ന് ചോദിക്കാതെ തന്നെ പറയും. മുറ്റത്ത് ഇല വിരിച്ച, ഈ മരുന്നുകൂട്ടുകൾ മതി ഇപ്പോഴും സൗന്ദര്യം പരിപാലിക്കാൻ. മുഖകാന്തിയും മുടിയുടെ ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന പൊടിക്കൈകൾ പരിചയപ്പെടാം. ഏതു സൗന്ദര്യക്കൂട്ട് പരീക്ഷിക്കും മുൻപും പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്നു മറക്കേണ്ട.

മുരിങ്ങയില

മുഖകാന്തിക്ക്

∙ മുരിങ്ങയില തണലത്തിട്ട് ഉണങ്ങി പൊടിച്ചു വച്ചാൽ ഫെയ്സ് പാക്കും ഹെയര്‍ പാക്കും തയാറാക്കാം. അര വലിയ സ്പൂൺ മുരിങ്ങിയിലപ്പൊടിയും ഒരു വലിയ സ്പൂൺ വീതം തേനും റോസ് വാട്ടറും അര ചെറിയ സ്പൂൺ നാരങ്ങാനീരും ചേർത്തു കുഴമ്പു രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി മുഖത്ത് മോയിസ്ചറൈസർ പുരട്ടുക.

∙ ഒരു പിടി മുരിങ്ങയില, ഒരു ചെറിയ സ്പൂൺ വീതം അരിപ്പൊടി, തൈര്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് അരച്ചെടുക്കുക. ഇതു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം മസാജ് ചെയ്തു കഴുകിക്കളയാം. മുഖം തിളങ്ങാൻ വളരെ നല്ലതാണ്.

∙ ഒരു പിടി മുരിങ്ങയില അരച്ച് അരിച്ചെടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ മുൾട്ടാനി മിട്ടി, അൽപം കറ്റാർവാഴകാമ്പ് എന്നിവ യോജിപ്പിച്ച് മുഖത്ത് അണിയാം. ചർമം അയഞ്ഞുതൂങ്ങുന്നതു തടയാൻ ഇതു സഹായിക്കും. 

മുടിയഴകിന്

∙ മുരിങ്ങയില അരച്ചതിൽ തലേദിവസത്തെ കഞ്ഞിവെള്ളവും ഉലുവാപ്പൊടിയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകുക. മുടി കൊഴിച്ചിൽ അകലും.

∙ രണ്ടു വലിയ സ്പൂൺ മുരിങ്ങയില പൊടിച്ചതും സമം വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർത്ത് ശിരോചർമത്തിൽ പുരട്ടാം. മുടി വളരാൻ സഹായിക്കുന്ന ഈ ഹെയർ പാക് തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

∙ വരണ്ട മുടിയിഴകൾ മൃദുലമാക്കാൻ മൂന്നു വലിയ സ്പൂൺ മുരിങ്ങിയിലപ്പൊടിയും രണ്ടു വലിയ സ്പൂൺ ഏത്തപ്പഴം ഉടച്ചതും ഒരു വലിയ സ്പൂൺ ഒലിവ് ഓയിലും ചേർത്തു തലയിൽ പുരട്ടിയാൽ മതി. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. വർഷ മോഹൻ, 

ദുർഗ ആയുർവേദിക്സ്, തിരുവല്ല

Tags:
  • Health Tips
  • Glam Up