ADVERTISEMENT

കുട്ടികളിൽ കണ്ണുകളിലെ നനവ് നഷ്ടപ്പെട്ട് വരണ്ടു പോകുന്ന അവസ്ഥ (ഡ്രൈ ഐ), ചെങ്കണ്ണ് തുടങ്ങി നഗരത്തിൽ കണ്ണുമായി ബന്ധപ്പെട്ട അസുഖങ്ങൾ വർധിക്കുന്നു. ഇത്തരം രോഗങ്ങൾക്കു ചികിത്സ തേടി ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായാണു റിപ്പോർട്ട്. എല്ലാ വർഷവും നിശ്ചിത ശതമാനം പേർക്ക് ചെങ്കണ്ണ് ബാധിക്കുന്നത് സാധാരണയാണെങ്കിലും കണ്ണിലെ വരൾച്ച ആശങ്കപ്പെടുത്തുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു.

വറ്റി വരണ്ട് കണ്ണുകൾ

ADVERTISEMENT

കണ്ണുകളിലെ വരൾച്ച അഥവാ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ കുട്ടികളിൽ കാര്യമായി കാണപ്പെടുന്നത് ആശങ്ക ഉയർത്തുന്നു. കണ്ണുകൾ വേഗത്തിൽ വരണ്ടു പോകുകയോ കണ്ണിലെ നനവു നിലനിർത്തുന്ന ഗ്രന്ഥികൾ ആവശ്യത്തിനു കണ്ണീർ ഉൽപാദിപ്പിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഡ്രൈ ഐ അനുഭവപ്പെടുന്നത്. കംപ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ‌ ഫോൺ തുടങ്ങിയവയിൽ ഏറെ നേരം ചെലവഴിക്കുന്നതാണ് ഈ അവസ്ഥയ്ക്കു പ്രധാന കാരണമെന്നു ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സമൂഹ മാധ്യമങ്ങളിൽ ഏറെ സമയം ചെലവഴിക്കുന്നത് ഡ്രൈ ഐ ബാധിക്കുന്നതിനുള്ള സാധ്യത കൂട്ടും. മുതിർന്നവരെക്കാൾ കുട്ടികളെയാണ് ഇത് ഏറെ ബാധിക്കുക.

ശ്രദ്ധിക്കാൻ

ADVERTISEMENT

മൊബൈൽ, ലാപ്ടോപ് പോലുള്ള ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയാണ് ഇതിനുള്ള പരിഹാരം. അധിക നേരം തുടർച്ചയായി നോക്കുന്നത് ഒഴിവാക്കുക. 20 മിനിറ്റ് തുടർച്ചയായി നോക്കിക്കഴിഞ്ഞാൽ പിന്നീട് അൽപ നേരം നോക്കാതിരിക്കുകയോ കുറഞ്ഞത് 20 അടി ദൂരെ നിന്നു മാത്രം നോക്കുകയോ ചെയ്യുന്ന രീതി അവലംബിക്കണമെന്നും ഡോക്ടർമാർ പറയുന്നു.

ചെങ്കണ്ണ് വ്യാപനം തീവ്രം

ADVERTISEMENT

ചെങ്കണ്ണ് അഥവാ ‘മദ്രാസ് ഐ’ ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും അടുത്തയിടെ കൂടിയിട്ടുണ്ട്. ദിവസേന കുറഞ്ഞത് 5 പേരെങ്കിലും ഇതുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ വരുന്നുണ്ടെന്നാണു റിപ്പോർട്ട്. കണ്ണുകളിൽ വല്ലാതെ ചുവപ്പ് നിറം, വെള്ളം ഒലിക്കുക തുടങ്ങിയവയാണു ചെങ്കണ്ണിനെ തുടർന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾ. വേനൽക്കാലത്തിനും മഴക്കാലത്തിനും ഇടയിലുള്ള സമയത്താണ് രോഗം കൂടുതലായി ബാധിക്കുക. 

ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക. എളുപ്പത്തിൽ പകരുമെന്നതിനാൽ അസുഖം മാറുന്നതു വരെ വീട്ടിൽ വിശ്രമിക്കുകയാണ് അഭികാമ്യം. ക്ലാസ് മുറികളിൽ ഒരുമിച്ചിരിക്കുന്നതിനാൽ വിദ്യാർഥികൾക്കിടയിൽ കൂടുതൽ വ്യാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ കുട്ടികളിൽ ലക്ഷണങ്ങൾ കാണുമ്പോൾ തുടക്കത്തിൽ തന്നെ ചികിത്സിക്കണമെന്ന് ഡോക്ടർമാർ പറയുന്നു.

ADVERTISEMENT