Saturday 20 May 2023 03:22 PM IST : By സ്വന്തം ലേഖകൻ

‘പുളിയുളള തൈരിൽ തക്കാളിനീരും അരിപ്പൊടിയും ചേർത്ത് മുഖത്തിടാം’; മുഖം തിളങ്ങാൻ വീട്ടിൽ തയാറാക്കാം ഫെയ്‌സ്പായ്ക്കുകൾ

facepaav557777

കൊടുംവേനലിൽ മുഖകാന്തി നഷ്ടപ്പെടുമെന്ന ഭയം ഇനി വേണ്ട. ഓരോ ചർമ്മത്തിനും അനുയോജ്യമായ ഫെയ്സ്പാക്കുകൾ വീട്ടിൽ തയാറാക്കി ഉപയോഗിക്കാം. കിടിലൻ ബ്യൂട്ടി ടിപ്‌സുകൾ ഇതാ.. 

ദിവസവും ചെയ്യേണ്ടത്

∙ മുട്ടയുടെ വെളളയും പാൽപ്പൊടിയും തേനും നാരങ്ങാനീരും യോജിപ്പിച്ച് പതിവായി പുരട്ടിയാൽ ഒരാഴ്ചയ്ക്കുളളിൽ‌ മുഖം മിന്നിത്തിളങ്ങും.

∙ കടുക് പാലിലരച്ചു മുഖത്തു തേയ്ക്കുന്നത് ചർമത്തിന്റെ തിളക്കം കൂട്ടാൻ നല്ലതാണ്.

∙ പുതിനയില അരച്ചത്, ആറു തുളളി നാരങ്ങാനീര്, തേൻ, മുട്ടവെളള ഇവ യോജിപ്പിച്ച് 5 ദിവസം തുടർച്ചയായി മുഖ ത്തിടുക. മുഖക്കുരുവിന് നല്ല മരുന്നാണിത്.

∙ വരണ്ട ചർമത്തിൽ നിന്ന് രക്ഷ നേടാൻ പാൽപ്പാട ദിവസവും മുഖത്ത് പുരട്ടുക. നിറം കുറവുളളവർ പാൽപ്പാടയ്ക്കൊപ്പം അൽപം കസ്തൂരി മഞ്ഞൾപ്പൊടി കൂടി ചേർത്ത് പുരട്ടുക.

∙ നിറം വർധിക്കാൻ പപ്പായ ഉടച്ചതും തേനും യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിച്ച് അൽപ്പസമയത്തിനു ശേഷം കഴുകിക്കളയുക.

∙ ചെറു ചൂടുളള വെളിച്ചെണ്ണയിൽ കസ്തൂരി മഞ്ഞൾപ്പൊടി ചേർത്ത് കുളിക്കുന്നതിനു മുമ്പു ദേഹത്ത് തേച്ചു പിടിപ്പിച്ച് പത്തു മിനിറ്റിനു ശേഷം ചെറുപയർപ്പൊടി തേച്ചു കുളിക്കുക.

ഒന്നിടവിട്ട ദിവസങ്ങളിൽ

∙ രണ്ടു ചെറിയ സ്പൂൺ മുട്ടവെളള, അര ചെറിയ സ്പൂൺ ഓറഞ്ച് ജ്യൂസ്, കാൽ ചെറിയ സ്പൂൺ നാരങ്ങാനീര്, ഒന്നോ രണ്ടോ തുളളി ബദാം എണ്ണ എന്നിവ യോജിപ്പിച്ച് ഫെയ്സ് പായ്ക്കായി ഇടുക. വരണ്ട ചർമത്തിന് ഏറെ നല്ലതാണിത്.

∙ മുട്ട മഞ്ഞയും ഒരു വലിയ സ്പൂൺ പാൽപ്പൊടിയും അരവലിയ സ്പൂൺ ബദാം പൊടിയും യോജിപ്പിച്ച് മുഖത്തിട്ടശേഷം 20 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക.

ആഴ്ചയിൽ മൂന്നു തവണ

∙ തക്കാളി നീരും വെളളരിക്കാനീരും സമം എടുത്ത് ഒരു ചെറിയ സ്പൂൺ മുൾട്ടാനിമിട്ടി പൗഡറിൽ ഒഴിച്ച് കുഴമ്പു പരുവത്തിലാക്കുക. ഇതിൽ രണ്ടു തുളളി നാരങ്ങാനീരുകൂടി ചേർത്ത് മുഖത്തിടുക. ഏതു ചർമത്തിനും യോജിക്കുന്ന ഫെയ്സ് പായ്ക്കാണിത്.

∙ നൂറു ഗ്രാം ചെറുപയർപൊടി പാലും നാരങ്ങാനീരും സമം ചേർത്ത് കുഴച്ചു പുരട്ടുന്നത് മുഖക്കുരുവിന്റെ പാടുകളകറ്റാനും കരുവാളിപ്പ് മാറ്റാനും നല്ലതാണ്.

∙ പുളിയുളള തൈരിൽ തക്കാളിനീരും തരിയുളള അരിപ്പൊടിയും യോജിപ്പിക്കുക. ഇത് സ്ക്രബ് ആയും പായ്ക്കായും ഉപയോഗിക്കാം. മുഖത്തെയും കൈയിലെയും കരുവാളിപ്പ് മാറും. കരുവാളിപ്പ് ഉളള ഭാഗങ്ങളിൽ സ്ക്രബ് ചെയ്ത ശേഷം 20 മിനിറ്റ് മുഖത്ത് പായ്ക്കായി ഇടുക.

ആഴ്ചയിൽ രണ്ടു തവണ

∙ ഒരു മുട്ടയുടെ മഞ്ഞയും, രണ്ടു ചെറിയ സ്പൂൺ റോസ് വാട്ടറും ഒരു ചെറിയ സ്പൂൺ തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമിടുക.

∙ ചുളിവുകൾ വീണ ചർമമാണെങ്കിൽ മുട്ട വെളളയിൽ ഓട്സ് പൊടിച്ചതും തേനും ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി 20 മിനിറ്റിന് ശേഷം ചെറു ചൂടുവെളളത്തിൽ കഴുകിക്കളയുക.

∙ മുൾട്ടാനിമിട്ടി പൗഡറിൽ പുതിനയില അരച്ച് മുഖത്തിടുന്നത് മുഖക്കുരു കുറയ്ക്കാനും എണ്ണമയം അകറ്റാനും സഹായിക്കും.

∙ സോയാബീൻ തലേന്ന് രാത്രി വെളളത്തിലിട്ട് വയ്ക്കുക. പിറ്റെദിവസം തൊലി കളഞ്ഞ് അരച്ച് പാലിൽ യോജിപ്പിച്ച് ബദാം എണ്ണ ചാലിച്ച് ചേർത്ത് ഫെയ്സ് പായ്ക്കായി ഉപയോഗിക്കാം. വരണ്ട ചർമത്തിന് വളരെ യോജിച്ചതാണ്.

ആഴ്ചയിലൊരിക്കൽ

∙ അര ചെറിയ സ്പൂൺ ചെറുപയർപൊടി, കാൽ വലിയ സ്പൂൺ ഓട്സ് പൊടിച്ചത്, കാൽ സ്പൂൺ പഞ്ചസാര എന്നിവ റോസ് വാട്ടറിൽ ചാലിച്ച് മുഖത്തിടുക. പത്ത് മിനിറ്റ് കഴിഞ്ഞ് കൈകൊണ്ട് വൃത്താകൃതിയിൽ അൽപ സമയം മസാജ് ചെയ്ത ശേഷം കഴുകിക്കളയുക.

∙ ആപ്പിൾ, ഓറഞ്ച്, അവക്കാഡോ എന്നീ പഴങ്ങൾ നന്നായി ഉ ടയ്ക്കുക. അൽപം മുന്തിരി വൈനും പാൽപ്പാടയും ഇതിലേക്ക് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. 20 മിനിറ്റിനു ശേഷം തുടച്ചു മാറ്റി മുട്ട വെളളയും തേനും കാബേജ് അരച്ചതും ചേർത്ത് തയാറാക്കിയ മിശ്രിതം ഫെയ്സ് പായ്ക്കായി ഇടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം.

മുടിക്കും വേണം കരുതൽ

∙ താരനകറ്റാൻ തേങ്ങാപ്പാൽ തലയിൽ തേച്ചു പിടിപ്പിച്ച ശേഷം കുളിക്കുക.

∙ ചെറിയ ഉളളി മിക്സിയിലരച്ച് തലയിൽ തേക്കുന്നത് മുടി കൊഴിച്ചിൽ അകറ്റും. മുടിയിലെ നര മാറാനും ഇതു സഹാ യിക്കും. തണുപ്പ് പ്രശ്നമല്ലാത്തവർ ഒന്നിടവിട്ട ദിവസങ്ങളിൽ ഈ മിശ്രിതം തലയിൽ തേക്കാം.

∙ ആറു ബീൻസ്, 200 ഗ്രാം വീതം ചീവക്കായും നെല്ലിക്കയും ഒലിവ് ഓയിൽ ഒരു വലിയ സ്പൂൺ എന്നിവ ചേർത്തു പേസ്റ്റു രൂപത്തിലാക്കി. ഇരുമ്പ് പാത്രത്തിൽ ഒരു രാത്രി വയ്ക്കുക. പിറ്റേ ദിവസം അൽപം വെളളം ഒഴിച്ച ശേഷം അരിച്ചെടുത്ത് തലയിൽ തേച്ച് കുളിക്കുക.

∙ മാസത്തിൽ രണ്ടു തവണ മുടിക്ക് നൽകാം നാച്യുറൽ സ്പാ. മൂന്ന് വലിയ സ്പൂൺ ഉലുവ കുതിർത്തരച്ചത്, രണ്ടു വലിയ സ്പൂൺ നെല്ലക്കാപ്പൊടി, രണ്ടു ചെറിയ സ്പൂൺ കറ്റാർവാഴ യുടെ പൾപ്, ഒരു ചെറിയ സ്പൂൺ ഹെന്ന പൗഡർ, ഒരു കപ്പ് ചെമ്പരത്തിയിലയും പൂവും അരച്ചത്, ഒരു ഏത്തപ്പഴം ഉടച്ചത്, ഒലിവെണ്ണ എന്നിവ യോജിപ്പിച്ച് ആറു മണിക്കൂർ വയ്ക്കുക. തലയിൽ പുരട്ടുന്നതിനു മുൻപ് രണ്ടു മുട്ട കൂടി ചേർക്കാം. താരൻ, മുടികൊഴിച്ചിൽ ഇവ മാറി മുടിക്ക് നല്ല തിളക്കം കിട്ടും.

ആഹാരത്തിലും അൽപം ശ്രദ്ധിക്കാം

∙ ഒരു ഗ്ലാസ് ചെറുചൂടുവെളളത്തിൽ രണ്ടോ മൂന്നോ തുളളി നാരങ്ങാ നീര് ഒഴിച്ച് രാവിലെ വെറും വയറ്റിൽ കുടിക്കുക. ശരീരത്തിന് ഉണർവും ചർമത്തിന് തിളക്കവും ലഭിക്കും.

∙ ദിവസം രണ്ട് ലീറ്റർ വെളളം കുടിക്കുക. നാരങ്ങ, ഓറഞ്ച്, മുസംബി, കാരറ്റ് എന്നിവയുടെ ജ്യൂസ് ചർമത്തിന് തിളക്കം കൂട്ടാൻ നല്ലതാണ്.

∙ മുടിയുടെ സംരക്ഷണത്തിനു പ്രോട്ടീൻ കലവറയായ മുട്ട വെളള ദിവസം ഒന്ന് വീതം കഴിക്കുക.

∙ ബീറ്റ്റൂട്ട് കൊത്തിയരിഞ്ഞ് വേവിച്ച ശേഷം പിഴിഞ്ഞ് നീരെടുക്കുക. ഇതിൽ അൽ‌പം നാരങ്ങാനീരും ഇഞ്ചി നീരും പാകത്തിന് വെളളവും ചേർത്ത് കുടിക്കുന്നത് മുഖകാന്തി വർധിപ്പിക്കും.

∙ മുന്തിരി ആവിയിൽ വേവിച്ച് ജ്യൂസെടുക്കുക. ബീറ്റ്റൂട്ടും ഇതേ രീതിയിൽ ജ്യൂസാക്കുക. രണ്ടും ഒരേ അളവിലെടുത്ത് യോജിപ്പിച്ച് കുടിക്കുക. നല്ല നിറം കിട്ടും.

വിവരങ്ങൾക്കു കടപ്പാട്: സീമ പ്രസാദ്, ഗുഡ് ലുക്ക് ബ്യൂട്ടി പാർലർ, തൃശ്ശൂർ. ജയശ്രീ ബെന്നി, ഏഞ്ചൽ ബ്യൂട്ടി ഹോം, കൊച്ചി

Tags:
  • Glam Up
  • Beauty Tips