Friday 15 September 2023 02:48 PM IST

‘എല്ലാം നോർമൽ... പക്ഷേ, എന്തൊരു വേദന’; ഡോക്ടറെയും രോഗിയെയും ഒരുപോലെ ധർമസങ്കടത്തിലാക്കുന്ന രോഗത്തെ അറിയാം

Ammu Joas

Sub Editor

fibromyalgia ഡോ. ബി. പത്മകുമാർ പ്രഫസർ, ‌ മെഡിസിൻ വിഭാഗം, ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ

ഡോക്ടറെയും രോഗിയെയും ഒരുപോലെ കുഴപ്പിക്കുന്ന ഫൈബ്രോമയാൾജിയ എന്ന വില്ലനെതിരേ കരുതലെടുക്കാം...

ശരീരമാകെ പൊതിയുന്ന വേദനയാണ്. പല ഡോക്ടർമാരെ മാറി മാറി കണ്ടിട്ടും ചികിത്സകൾ പലതു ചെയ്തിട്ടും ഫലം കാണുന്നില്ല. രക്തപരിശോധനയും എക്സ്റേയും സ്കാനിങ്ങും തുടങ്ങി വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷവും ഫലങ്ങൾ ‘നോർമൽ’. തികച്ചും ‘അബ്‌നോർമൽ’ എന്നു തോന്നാവുന്ന ഈ അവസ്ഥയാണു ഫൈബ്രോമയാൾജിയ.

ഡോക്ടറെയും രോഗിയെയും ഒരുപോലെ ധർമസങ്കടത്തിലാക്കുന്ന രോഗമാണിത്. എന്നാൽ രോഗചരിത്രവും ദേഹപരിശോധനയും നടത്തി രോഗം കണ്ടെത്താനാകും, പരിഹരിക്കാനുമാകും. അറിയാം ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങളും, ചികിത്സകളും.

വേദനയുടെ ലക്ഷണങ്ങൾ

∙ അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ ഇ രുവശങ്ങളിലും അനുഭവപ്പെടുന്ന തുടർച്ചയായിട്ടുള്ള വേദന മൂന്നു മാസത്തിലേറെ നീണ്ടുനിൽക്കുകയാണെങ്കിൽ ഫൈബ്രോമയാൾജിയ ആണെന്നു സംശയിക്കാം.

∙  ശരീരത്തിന് ആയാസം വരുന്ന സാഹചര്യങ്ങളിൽ അതികഠിനമായ വേദന അനുഭവപ്പെടാം. സഹിക്കാൻ കഴിയുന്നതിലും അധികമായി അനുഭവപ്പെടുന്ന വേദന രോഗാവസ്ഥ നേരിടുന്ന ശരീരം നടത്തുന്ന പ്രതികരണമാണ് എന്നു തിരിച്ചറിയുക. വേദന സഹിക്കാനുള്ള കഴിവു കുറയും. ചെറിയ വേദന പോലും വലിയ ബുദ്ധിമുട്ടായി തോന്നും.

∙ രോഗാരംഭത്തിൽ ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രമാകാം വേദന. ക്രമത്തിൽ ഇതു മറ്റുഭാഗങ്ങളിലേക്കും  വ്യാപിച്ചുവെന്നു വരാം. കഴുത്തിനു പിന്നിലായി തുടങ്ങുന്ന വേദന പിന്നീടു നടു വേദനയായി മാറാം.പിന്നീട് ശരീരമാസകലം വേദന പടരുന്ന അവസ്ഥയിലേക്ക് നീങ്ങും.

∙ റുമറ്റോയ്‍ഡ് ആർത്രൈറ്റിസിനേക്കാൾ കഠിനമായ വേദനയാണ് ഈ രോഗമുള്ളവർക്ക് അനുഭവപ്പെടുക. തൊടുന്നതു പോലും അസ്വസ്ഥതയുണ്ടാക്കാം. ചർമത്തിനും  പുകച്ചിലും തരിപ്പും തോന്നാം.

∙ അകാരണമായ ക്ഷീണമാണു മറ്റൊരു പ്രധാന ലക്ഷണം. ഉന്മേഷക്കുറവും കൂട്ടായെത്തും.

∙ വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക അസ്വസ്ഥതകളും ഈ രോഗത്തിന്റെ ലക്ഷണമാണ്.

∙ കിടന്നാൽ ഉറക്കം ലഭിക്കാതിരിക്കുക, വൈകിയുറങ്ങിയാലും  അതിരാവിലെ ഉണരുക, ഇടയ്ക്കിടെ ഉറക്കം വിട്ടുണരുക പോലുള്ള നിദ്രാവൈകല്യങ്ങൾ കാണപ്പെടാം.

∙ ഫൈബ്രോമയാൾജിയ ബാധിച്ച സ്ത്രീകളിൽ ആർത്തവത്തകരാറുകളും കണ്ടുവരാറുണ്ട്.

∙ ഉദര പ്രശ്നങ്ങളും  ഈ രോഗത്തോടനുബന്ധിച്ചു പ്രകടമാകാം. ചെന്നിക്കുത്ത് അഥവാ മൈഗ്രേൻ മറ്റൊരു  ലക്ഷണമാണ്.

∙ ഫൈബ്രോമയാൾജിയ ബാധിച്ചവരിൽ ബൗദ്ധിക പ്രവർത്തനങ്ങൾ പിന്നോട്ടു പോകാം. സംസാരത്തിനിടയിൽ വാക്കുകൾ കിട്ടാതെ വരിക, പേരുകളും മറ്റും ഓർക്കാൻ ബുദ്ധിമുട്ട്, ഏകാഗ്രതക്കുറവ് എന്നീ പ്രശ്നങ്ങളും ഉണ്ടാകാം.  

∙ മാനസിക സംഘർഷം ഈ രോഗത്തിന്റ തീവ്രത വർധിപ്പിക്കാം. വിഷാദമുള്ളവരെ ഫൈബ്രോമയാൾജിയ അലട്ടാനുള്ള സാധ്യതയുണ്ട്.

കാരണങ്ങൾ അവ്യക്തമെങ്കിലും

രോഗത്തിന്റെ വ്യക്തമായ കാരണങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. മറിച്ചു ചില നിഗമനങ്ങൾ മാത്രമാണ് ഉള്ളത്. വേദന അനുഭവവേദ്യമാക്കുന്ന തലച്ചോറിലെ ഭാഗത്തിന്റെയും കേന്ദ്രനാഡീവ്യവസ്ഥയുടെയും പ്രവർത്തന വൈകല്യങ്ങൾ, വേദനാവാഹികളായിട്ടുള്ള ചില ഘടകങ്ങളുടെ അളവു രക്തത്തിൽ കൂടുന്നത് ഇവയൊക്കെ കാരണമാകാം. ഫൈബ്രോമയാൾ‍ജിയ ഉള്ളവരിൽ സിറട്ടോണിൻ, കോർട്ടിസോൾ, ഗ്രോത് ഹോർമോണ്‍ എന്നിവയുടെ അളവു കുറഞ്ഞിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ജീവിതസാഹചര്യങ്ങളിലെ സമ്മർദങ്ങളും ഈ രോഗത്തിലേക്കു നയിക്കാം. കുടുംബാംഗങ്ങളുടെ രോഗദുരിതങ്ങൾ, കുടുംബബന്ധങ്ങളിലെ ഉലച്ചിൽ, കുട്ടിക്കാലത്ത് ഏൽക്കേണ്ടിവന്ന പീഡനങ്ങൾ, തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ തുടങ്ങി മനസ്സിനെ ആഴത്തിൽ അസ്വസ്ഥമാക്കുന്നവ   ഫൈബ്രോമയാൾജിയയ്ക്കു കാരണമാകാം.

ചിലരില്‍ മാനസികമോ ശാരീരികമോ ആയ ഒരു ആഘാതത്തിനു ശേഷം (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ്സ് ഡിസോ ർഡർ) ഇതു കണ്ടുവരാറുണ്ട്.

എസ്എൽഇ, റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള മ റ്റു റുമാറ്റിക് പ്രശ്നങ്ങളുള്ളവർക്കും ഇതു വരാം. സെക്കൻഡറി ഫൈബ്രോമയാൾജിയ എന്നാണ് ഇതിനു പറയുക.

രോഗനിർണയം എങ്ങനെ?

പ്രമേഹമോ, അമിതരക്തസമ്മർദമോ പോലെ ഒന്നോ ര ണ്ടോ ടെസ്റ്റിൽ കണ്ടുപിടിക്കാൻ സാധിക്കുന്ന രോഗമല്ല ഇത്. എല്ലാ പരിശോധനാഫലങ്ങളും ഇവരിൽ നോർമൽ ആയിരിക്കും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ESR, CRP മുതലായ ശരീരത്തിലെ നീർക്കെട്ടിനെ കാണിക്കുന്ന ടെസ്റ്റുകളും മിക്ക ഫൈബ്രോമയാൾജിയ രോഗികളിലും നോർമൽ ആയിരിക്കും.

രോഗചരിത്രം മനസ്സിലാക്കിയും ദേഹപരിശോധന നടത്തിയുമാണു രോഗം കണ്ടെത്തുന്നത്. അമേരിക്കൻ കോളജ് ഓഫ് റുമറ്റോളജി പോലുള്ള ഏജൻസികൾ നിർദേശിക്കുന്ന രോഗനിർണയ മാനദണ്ഡങ്ങളും അതാണ്. എത്ര നാളായി വേദന തുടരുന്നു, ഏതൊക്കെ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നു തുടങ്ങി ലക്ഷണങ്ങൾ മനസ്സിലാക്കി രോഗം കണ്ടെത്താനാകും.

ഒന്നായി ചേർന്നുള്ള ചികിത്സ  

∙ മനഃശാസ്ത്രജ്ഞൻ, ഫിസിഷ്യൻ, ഫിസിയോതെറപ്പിസ്റ്റ്, റുമറ്റോളജിസ്റ്റ്... ഇവരുടെ ഒന്നിച്ചുള്ള പരിചരണമാണു ഫൈബ്രോമയാൾജിയ രോഗികൾക്കു വേണ്ടത്.

∙ വേദനയുടെ കാഠിന്യം കുറയ്ക്കാൻ വേദനസംഹാരികൾ സഹായിക്കും. വിഷാദരോഗത്തിനും മറ്റും നൽകുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ഇവരിൽ ഫലവത്താകാറുണ്ട്.  

∙ ക്രമമായ വ്യായാമം രോഗതീവ്രത ഗണ്യമായി കുറയ്ക്കും.  വ്യായാമം ലഘുവായി ചെയ്തു തുടങ്ങണം. ക്രമത്തിൽ സമയം നീട്ടാം. വിദഗ്ധനിർദേശത്തോടെ ആരോഗ്യസ്ഥിതി അ നുസരിച്ചുള്ള വ്യായാമം തിരഞ്ഞെടുക്കാം. നീന്തൽ, നടത്തം എന്നിവ ശരീരത്തിന് അധികം ആയാസം നൽകാത്ത വ്യായാമങ്ങളാണ്.

∙ മാനസിക പിരിമുറുക്കം കാറ്റിൽ പറത്താൻ എന്നും രാവിലെ മെഡിറ്റേഷൻ ശീലമാക്കാം. യോഗ ശീലിക്കുന്നതു മനസ്സിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യും.

∙ മനസ്സിലുള്ളതെല്ലാം അന്നന്നു തന്നെ എഴുതുക, പാട്ടു കേട്ട് ഒപ്പം പാടിക്കൊണ്ടു മുറ്റത്തു കൂടി  നടക്കുക എന്നിവയൊക്കെ മനസ്സിന് ഉണർവു നൽകും.

∙ മാനസിക പിരിമുറുക്കം കുറയ്ക്കുന്ന ജീവിതശൈലി പിന്തുടരാനും ശ്രദ്ധിക്കണം. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനയനുസരിച്ചു തന്നെ ചെയ്യണം. ഇതിനായി കൃത്യസമയക്രമം നിശ്ചയിച്ചു പ്രവർത്തിച്ചാൽ ടെൻഷൻ ഒഴിവാക്കാം.

∙ എന്നും ഒരേ സമയത്തു തന്നെ ഉറങ്ങാനും ഉണരാനും ശീലിക്കുക. ക്രമേണ ശരീരത്തിലെ ബയോളജിക്കൽ ക്ലോക് ഇതിനനുസരിച്ചു പാകപ്പെടും.

∙ സൈക്കോളജിക്കൽ തെറപി രോഗത്തെ വരുതിയിലാക്കാൻ വളരെയധികം സഹായിക്കും. തെറപി സെഷനിൽ കിട്ടുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുക.  

∙ ആവശ്യമില്ലാത്ത സ്വയം ചികിത്സയോ സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകളോ വേണ്ട. അമിതമായി വേദനസംഹാരികൾ കഴിക്കരുത്. ഇതു മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.

സ്ത്രീകളിൽ കൂടുതൽ

മുൻപ് അത്ര കേട്ടുപരിചയമില്ലാത്ത രോഗമായിരുന്നു ഫൈബ്രോമയാൾജിയ. ഇന്ത്യയിൽ അഞ്ചു ശതമാനത്തോളം പേരെ ഫൈബ്രോമയാൾജിയ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണു കണക്ക്. എല്ലാ സന്ധി – പേശി – വാതരോഗങ്ങളെയും പോലെ സ്ത്രീകളെയാണു ഫൈബ്രോമയാൾജിയയും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്.

പുരുഷന്മാരെ അപേക്ഷിച്ച് ഈ രോഗം വരാനുള്ള സാധ്യത സ്ത്രീകൾക്ക് എട്ടു മടങ്ങു വരെ കൂടുതലാണ് എന്നാണു പഠനങ്ങൾ പറയുന്നത്. കുട്ടികളിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ടെങ്കിലും 25 വയസ്സിനും 65നും ഇടയ്ക്കു പ്രായമുള്ളവരെയാണു ഫൈബ്രോമയാൾജിയ കൂടുതൽ അലട്ടുന്നതായി കണ്ടിട്ടുള്ളത്.

മനസ്സിനോടു പറയൂ, ‘കൂൾ...’

ദൈനംദിന പ്രവൃത്തികൾ കൃത്യമായി ചെയ്യാൻ ക ഴിയുന്നില്ല, ഡോക്ടർക്കും മരുന്നിനും രോഗം അക റ്റാൻ കഴിയുന്നില്ല തുടങ്ങിയ ടെൻഷനുകൾ ഈ രോഗത്തിന്റെ തീവ്രത കൂട്ടുകയേ ഉള്ളൂ. കൃത്യമായി ചികിത്സ മുന്നോട്ടു പോകുമ്പോൾ രോഗം പിന്നോട്ടു പൊയ്ക്കൊള്ളും.

വേദനയുടെ മാറാപ്പു ചുമക്കുന്നവർക്ക് ആശ്വസിക്കാൻ ചിലതുണ്ട്. മറ്റു സന്ധിവാത രോഗങ്ങളെ പോലെ ഫൈബ്രോമയാൾജിയ ഒരു ശരീരഭാഗത്തിനും സങ്കീർണതയുണ്ടാക്കുന്നില്ല. ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ തെല്ലും ബാധിക്കില്ല.  

രോഗാവസ്ഥയെക്കുറിച്ചുള്ള പൊതു അവബോധം മിക്കവർക്കും കുറവാണ്. അതുകൊണ്ടുതന്നെ വീട്ടുകാരിൽ നിന്നു രോഗികൾക്കു വേണ്ടത്ര ശ്രദ്ധ ലഭിക്കാതിരിക്കാം. ഇതു രോഗികളിൽ മാനസികസമ്മർദം, വിഷാദം, ദേഷ്യം മുതലായവ കൂട്ടാനിടയുണ്ട്. കുടുംബാംഗങ്ങളുടെ സഹകരണം കൂടി ചേരുമ്പോൾ രോഗം വേഗം സുഖപ്പെടും.

Tags:
  • Health Tips
  • Glam Up