പഴയ തലമുറ പറഞ്ഞുവച്ചത് എത്ര ശരിയാണ്. പ്രകാശം പരത്തുന്ന വിളക്കു തന്നെയാണു ശരീരം. കരികളഞ്ഞ്, എണ്ണയൊഴിച്ചുതിരിയിട്ടു കൊളുത്തിവച്ചാൽ തെളിച്ചത്തോടെ വെളിച്ചം പകരും. ശ്രദ്ധ കുറഞ്ഞാൽ കരി പിടിച്ച് ആ വെളിച്ചത്തിന്റെ ഭംഗി കുറയും. എണ്ണ ഒഴിച്ചില്ലെങ്കിൽ കരിന്തിരി കത്തി അണഞ്ഞു പോയേക്കാം.
പണ്ടത്തേതു പോലെ അല്ല. ഇപ്പോൾ ശരീരം എന്ന ആ വിളക്കിന്റെ വെളിച്ചം കുറയ്ക്കാനായി ഒരുപാട് കാരണങ്ങളുമുണ്ട്. ഭക്ഷണത്തിലും ശീലത്തിലും ഉള്ള ചിട്ടയില്ലായ്മകൾ മാത്രമല്ല, പ്രതിരോധശക്തി കുറയ്ക്കുന്ന ഒരുപാടു കാരണങ്ങൾ നമുക്കു ചുറ്റുമുണ്ട്.
പുതിയ കാലത്തെ ജീവിതരീതിയും മാനസിക സ മ്മർദവുമെല്ലാം പുതിയ രോഗങ്ങളുടെ ആവിർഭാവത്തിനും സാംക്രമിക രോഗങ്ങൾ പടരുന്നതിനും കാരണമാകുന്നു. കോവിഡ് വന്നശേഷം ഇടയ്ക്കിടെ പനിയും ജലദോഷവും ബാധിക്കുന്നവരും ഏറെയാണ്. ഇത്തരം സാഹചര്യത്തിലാണു പ്രതിരോധശക്തി കൂട്ടാനുള്ള വഴികളെക്കുറിച്ച് ആലോചിക്കേണ്ടത്. അതു തിരിച്ചറിഞ്ഞു ശരീരത്തിനു പ്രതിരോധക്കോട്ട കെട്ടാനുള്ള നല്ല സമയമാണു കർക്കടകം.
ഒൗഷധം കഴിച്ചു മാത്രമല്ല, ദൈനംദിനജീവിതത്തിലെ ചര്യകളെയും കഴിക്കുന്ന ആഹാരത്തെയും ഒന്നുടച്ചു വാർത്താൽ രോഗപ്രതിരോധശേഷി ഉണ്ടാക്കാം. ഏതു ഋതുവിലും പ്രതിരോധശേഷി വർധിപ്പിച്ചു രോഗങ്ങളെ അകറ്റി നിർത്താനുള്ള 50+ ആയുർവേദ വഴികൾ.
ശരീരത്തെ അറിയാം
ശരീരത്തെയും ശീലത്തെയും തിരിച്ചറിഞ്ഞാൽ മാത്രമേ പ്രതിരോധക്കോട്ട ഒരുക്കേണ്ടത് എങ്ങനെയെന്നുതിരിച്ചറിയാനാകൂ. രണ്ടു കർമങ്ങളാണു രോഗപ്രതിരോധശേഷി ചെയ്യുന്നത്. ഒന്ന് രോഗം വരാതെ സൂക്ഷിക്കുന്നു. പിന്നെ, രോഗം വന്നാൽ തന്നെ അതിന്റെ ശ ക്തി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
∙ പ്രതിരോധശേഷിക്കു സഹായിക്കുന്ന ശരീര ബലം നേടേണ്ടതിനെകുറിച്ച് ആയുർവേദത്തിൽ പറയുന്നുണ്ട്. അതിൽ ഒന്നാമത്തേതു സഹജമായ ബലം അഥവാ ജന്മനാ ലഭിക്കുന്ന ബലമാണ്. പ്രതിരോധശേഷി നേടാനുള്ള കാര്യങ്ങൾ ഗർഭാവസ്ഥയിലേ തുടങ്ങണം എന്നാണ് അതിനർഥം.
ഗർഭാവസ്ഥയിൽ അഞ്ചാം മാസം മുതൽ നെയ്യ് ക ഴിക്കുന്നതും മാംസം ഉൾപ്പെടെയുള്ള സമീകൃതാഹാരം കഴിക്കുന്നതുമെല്ലാം കുട്ടിയുടെ പ്രതിരോധശേഷിയെ സഹായിക്കുന്നു. അതുപോലെ ഏഴാം മാസം മുതൽക്കുള്ള എണ്ണ തേച്ചു കുളിയും ധന്വന്തരം പോലുള്ള തൈലം തേച്ചുള്ള മസാജും ഗർഭചര്യയിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ഡോക്ടറുടെ നിർദേശ പ്രകാരമാണ് ചെയ്യേണ്ടത്.
∙ കാലജമായ ബലം – പ്രതിരോധശക്തി നേടാൻ ഒാരോ കാലത്തും ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്. അ തു ചെയ്താലേ ഒരാൾക്കു കാലജമായ ബലം കിട്ടുകയുള്ളൂ. ഉദാഹരണത്തിനു കർക്കടത്തിൽ ശരീരക്ഷമത കുറവായിരിക്കും. അതുകൊണ്ടാണു ശരീരത്തിനു ബലം നൽകാനായി കർക്കടകത്തിൽ ചര്യയിലും ഭക്ഷണത്തിലും കൂടുതൽ ശ്രദ്ധ വേണം എന്ന് ആചാര്യന്മാർ നിർദേശിച്ചിരിക്കുന്നത്.
∙ കർക്കടകത്തിൽ മാത്രമല്ല, എല്ലാ ദിവസവും വേണ്ട നിത്യസേവനീയ ആഹാരങ്ങളെക്കുറിച്ച് ആയുർവേദത്തിൽ പറയുന്നുണ്ട്. ത വിടു കളയാത്ത അരി, ഞവരയരി, ഗോതമ്പ്, ഇന്ദുപ്പ്, നെല്ലിക്ക, ആട്ടിൻമാംസം, ചീരയുൾപ്പെടെയുള്ള ഇലക്കറികൾ, നെയ്യ് തുടങ്ങിയവ ആഹാരത്തിൽ ഉൾപ്പെടുത്തുക. നെയ്യ് സേവിക്കുന്നതു നല്ലതാണ്. എങ്കിലും വ്യക്തിയുടെ ആരോഗ്യം, ദഹനശേഷി ഇവ പരിഗണിക്കേണ്ടതുണ്ട്.
എങ്ങനെ കഴിക്കാം ?
∙ ആഹാരം മാത്രമല്ല, അതു കഴിക്കുന്ന രീതിയും രോഗസാധ്യതകൾ ഇല്ലാതാക്കും. രോഗ പ്രതിരോധശേഷി ഉയർന്ന നിലവാരത്തിലെത്തിക്കാൻ ആഹാരശീലത്തിനാണു മുൻതൂക്കം കൊടുക്കേണ്ടത്.
∙അമിതമായ ആഹാരം കൊണ്ടു ദഹനശേഷി കുറയുമ്പോൾ പ്രതിരോധശേഷിയെ ഊർജിതമായി നിലനിർത്തേണ്ട ഘടകങ്ങളൊന്നും ആഗിരണം ചെയ്യപ്പെടില്ല. അതുകൊണ്ടു തന്നെ, മുൻകരുതലോടെ വേണം ആഹാരം കഴിക്കാൻ.
∙ നല്ല രുചികരമായ വിഭവങ്ങളാണെങ്കിൽ മൂക്കുമുട്ടെ തിന്നുന്നതാണു നമ്മുടെയൊരു ശീലം. ഇതു വയറിനെ സംബന്ധിച്ച് അമിത ജോലിഭാരമാണ്. ജോലി ചെയ്യാൻ തുടർച്ചയായി നിർബന്ധിക്കപ്പെടുമ്പോൾ വയറിലെ ദഹനരസങ്ങൾ പണിമുടക്കിലേക്കു നീങ്ങാം. പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടില്ല. ക്രമേണ കോശങ്ങളുടെ ബലവും കുറയും.
∙ വിശപ്പിനനുസരിച്ചു കൃത്യമായ അളവിൽ മാത്രം ഭക്ഷണം കഴിക്കുക. ദഹനപ്രക്രിയ സുഗമമായി നടക്കാൻ ഉതകും വിധം കുറച്ചു സ്ഥലം വയറിൽ ഒഴിച്ചിടും വിധമേ ഭക്ഷണം കഴിക്കാവൂ. ആഹാരം കൊണ്ട് ആമാശയത്തിന്റെ രണ്ടു ഭാഗങ്ങളും വെള്ളം കൊണ്ട് ഒരു ഭാഗവും ശേഷിക്കുന്ന നാലാം ഭാഗം വായു മുതലായവയ്ക്കുള്ള ആശ്രയ സ്ഥാനമായും ഒഴിച്ചിടണമെന്ന് ആയുർവേദം പറയുന്നു.
∙ മുന്‍പു കഴിച്ച ഭക്ഷണം ദഹിച്ച ശേഷം മാത്രം വീണ്ടും കഴിക്കുക. എരിവ്, ഉപ്പ്, പുളി എന്നിവ അമിതമായ ആഹാരം കഴിവതും ഉപേക്ഷിക്കുക.
∙ ഏതു കാലത്തും ചൂടോടു കൂടിയ ആഹാരം ശീലമാക്കുകയാണ് ഉചിതം. ദഹനശേഷി ഉണർത്തുന്ന ജഠരാഗ്നിയുടെ പ്രവർത്തനത്തിന് ഇതു സഹായിക്കും.
മനസ്സും സമയവും പിന്നെ, ആഹാരവും
∙ മനസ്സും ദഹനവും തമ്മിൽ ബന്ധമുണ്ട്. വൃത്തിയുള്ള അന്തരീക്ഷത്തിൽ വൃത്തിയുള്ള പാത്രത്തിൽ ഭക്ഷണം കഴിക്കുക. സംസാരത്തിൽ മുഴുകിയോ വേഗത്തിലോ ഭക്ഷണം കഴിക്കരുത്.
∙ മാനസിക ആരോഗ്യവും ശരീരത്തിന്റെ പ്രതിരോധ ശേഷിയുമായി ബന്ധമുണ്ട്. ദേഷ്യം ശരീരത്തിന്റെ സ്വാഭാവികമായ താളം തെറ്റിക്കും. ഏറ്റവും പ്രധാനം ദേഷ്യം നിയന്ത്രിക്കുകയാണ്. രോഗങ്ങങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് ( ഇമ്യൂണോ മോഡുലേറ്റിങ് കപ്പാസിറ്റി) വർധിപ്പിക്കാൻ ഇതു സഹായിക്കും.
∙ നിശ്ചിത സമയക്രമം ആഹാരത്തിന് അത്യാവശ്യമാണ്. സമയം തെറ്റി ഭക്ഷണം കഴിക്കുന്നതും കൂടെക്കൂടെ കഴിച്ചു കൊണ്ടിരിക്കുന്നതും നല്ലതല്ല.
വിശപ്പു തീരെ തോന്നാതെ ആഹാരം കഴിക്കുന്നതും നല്ലതല്ല. ദഹനരസങ്ങളുടെ സ്വാഭാവിക ഉത്തേജന ക്രമത്തെയാണ് ഇതു പ്രതികൂലമായി ബാധിക്കുക. മെല്ലെ മെല്ലെ അതു ശരീരബലം കുറയുന്നതിനും രോഗപ്രതിരോധശേഷി ദുർബലമാകുന്നതിനും കാരണമാകും.
ആഹാരം ഒൗഷധമാക്കാം
∙ മരുന്നുകൊണ്ടല്ല ആഹാരം കൊണ്ടാണു പ്രതിരോധശേഷി ഉണ്ടാക്കേണ്ടത്. ദിവസവും കഴിക്കേണ്ടത് എന്തൊക്കെ എന്നറിഞ്ഞാൽ മാത്രമേ ആഹാരത്തെ ഒൗഷധമാക്കാനാകൂ.
∙ ശരിയായി ദഹിക്കുന്നതും പോഷകങ്ങൾ നിറഞ്ഞതുമാകണം ഭക്ഷണം. അതിൽ ശരീരത്തിനു ഹാനികരമാകുന്നതൊന്നും ഉണ്ടാകുകയുമരുത്. നമ്മുടെ ഭക്ഷണശീലങ്ങളിൽ അനാരോഗ്യകരമായ നിരവധി സംഗതികൾ കാലങ്ങളായി തുടർന്നു വരുന്നുണ്ട്.
ഉഴുന്ന്, തൈര്, എണ്ണപ്പലഹാരങ്ങൾ, പുളിപ്പിച്ചവ, ശീതീകരിച്ചവ, മാംസാഹാരങ്ങൾ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് തുടങ്ങിയവയുടെ ഉപയോഗം വളരെ കൂടുതലാണ്. രുചികരമാണെങ്കിലും ആരോഗ്യകരമല്ല ഇത്തരം വിഭവങ്ങൾ. സ്ഥിരമായി കഴിച്ചാൽ രോഗത്തിലേക്കു കൂട്ടിക്കൊണ്ടുപോകാൻ ഇവ മതി. അത്തരം വിഭവങ്ങളിൽ നിന്നു മാറി ആഹാരം തന്നെ ഒൗഷധമാകുന്ന ചില വിഭവങ്ങൾ പരിചയപ്പെടാം.
∙ ദഹനം ഉറപ്പുവരുത്താൻ ഇഞ്ചി, കുരുമുളക്, ജീരകം, കറിവേപ്പില, മോര് തുടങ്ങിയ ദഹന ത്വരകങ്ങളും കോശങ്ങളുടെ ശേഷിയുയർത്തുന്ന മഞ്ഞളും നെല്ലിക്കയും എല്ലാ ദിവസവും ശീലമാക്കുക ഇതുവഴി ആഹാരം തന്നെ നമ്മുടെ ഔഷധമാക്കാം.
∙ മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കാ യം, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, ചെറുനാരങ്ങ, ചെറുപയർ എന്നിവ ശരീരബലം ഉയർത്താനും രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാനും സഹായിക്കുന്ന വിഭവങ്ങളാണ്. ഇതു ഭക്ഷണത്തിൽ കൂടുതലായി ഉപയോഗിക്കാം.
∙ കുടിക്കാൻ ഒൗഷധ ഗുണമുള്ള വെള്ളം തിളപ്പിക്കാം – ചുക്ക്, മല്ലി, തുളസി ഇവ ഇട്ടു വെള്ളം തിളപ്പിക്കാം. ലഭ്യത പോലെ രാമച്ചവും ചേർക്കാം.
∙ തുളസിക്കാപ്പി എന്ന ഒൗഷധക്കാപ്പി – ചുക്കുപൊടി ഒരു സ്പൂൺ, നാലു കുരുമുളക്, ആറു തുളസിയില, അഞ്ചു പനിക്കൂർക്കയില എന്നിവയിട്ടു വെള്ളം തിളപ്പിച്ചു കാപ്പിപ്പൊടി ചേർത്തു കാപ്പി ഉണ്ടാക്കുക. പഞ്ചസാരയ്ക്കു പകരം പനംകൽക്കണ്ടമോ, കരിപ്പെട്ടി ശർക്കരയോ ചേർക്കുക. ദിവസം ഒന്ന്–രണ്ടു പ്രാവശ്യം തുളസി കാപ്പി കുടിക്കാവുന്നതാണ്.
∙ രണ്ടു സ്പെഷൽ സംഭാരങ്ങൾ - തൈര് അൽപം വെള്ളം ചേർത്തു മിക്സിയിൽ അടിച്ചു വെണ്ണ നല്ലപോലെ മാറ്റിയ മോരാണ് ഉപയോഗിക്കേണ്ടത്.
∙ ചുക്ക്, കുരുമുളക്, അയമോദകം, മല്ലി, കറിവേപ്പില എന്നിവ തുല്യമായി എടുത്തു മഞ്ഞൾപൊടി ചേർത്തു മോരു കാച്ചി ഒരു നേരം കുടിക്കുക. ഇതു തന്നെ നേർപ്പിച്ചു സംഭാരം ആയി കുടിക്കാം.
∙ വലിയ കഷണം ഇഞ്ചി, കറിവേപ്പില, ഒരു നെല്ലിക്ക ഇവ ചേർത്തുണ്ടാക്കുന്ന സംഭാരം ദാഹശമനത്തിനു നല്ലതാണ്.
∙ നാരങ്ങവെള്ളം – നാരങ്ങാ വെള്ളം രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും. നാരങ്ങവെള്ളത്തിൽ ഇഞ്ചിനീരു കൂടി ചേർത്ത് ഇടയ്ക്കു പാനീയമായി ഉപയോഗിക്കാം.
∙ ഔഷധക്കഞ്ഞി – ജീരകം, ഉലുവ, മഞ്ഞൾ, വെളുത്തുള്ളി, കായം, ചെറുപയർ (പ്രത്യേക അളവില്ല. ആവശ്യത്തിന്). ഇവ ചേർത്തു സാധാരണ ഉപയോഗിക്കുന്ന അരി ഉപയോഗിച്ചോ പൊടിയരി ഉപയോഗിച്ചോ കഞ്ഞി പാകം ചെയ്യുക. പ്രമേഹം ഉള്ളവർ അരിക്കു പകരം നുറുക്കു ഗോതമ്പ് ചേർക്കുക.
∙ ഇഞ്ചി മാങ്ങ /ഇഞ്ചിശർക്കര-ഇഞ്ചിയും മാങ്ങയും ചെറുതായി കൊത്തിയരിഞ്ഞു (മാങ്ങാ അച്ചാറിന് എന്ന പോലെ) ചേർത്തു വയ്ക്കുക. ഇടയ്ക്ക് വെറുതെ കഴിക്കാനും ഊണിനു ഒപ്പം കഴിക്കാനും നല്ലതാണ്. മാങ്ങയ്ക്കു പകരം ശർക്കരയും ചേർക്കാം.
∙ ചുവന്നുള്ളി അൽപം നെയ്യ് ചേർത്തു മൂപ്പിച്ച് ഇടയ്ക്ക് കഴിക്കുക. ഊണിനൊപ്പം കഴിക്കാനും ഉപയോഗിക്കാം.
∙ ഉള്ളി സാമ്പാർ- ചെറിയ ഉള്ളി, മുരിങ്ങക്കായ, ഉലുവ, കറിവേപ്പില, മല്ലി, മഞ്ഞൾപൊടി, കായം, കടുക്, വറ്റൽമുളക് ഇവ ചേർത്തു സാമ്പാർ ഉണ്ടാക്കുക.
∙ ഒരു കഷണം ഇഞ്ചി, മൂന്നു ചുവന്നുള്ളി, ഒരു കഷണം തക്കാളി, രണ്ടു നെല്ലിക്ക, രണ്ടു കപ്പ് ചിരകിയ നാളികേരം, കറിവേപ്പില ഇവ ഒരുമിച്ചു ചേർത്തു ചമ്മന്തിയാക്കുക. ഇതിലെല്ലാം പ്രതിരോധശേഷിയുണ്ടാക്കുന്ന വിഭവങ്ങളാണ്.
∙ രസം - തക്കാളി, തുവരപരിപ്പ്, ജീരകം, ചുക്കു പൊ ടി, കുരുമുളക്, വറ്റൽ മുളക്, മുളകുപൊടി, മല്ലിപ്പൊടി, മല്ലിയില, ഉപ്പ്, കായപ്പൊടി എന്നിവ ചേർത്തു രസം തയാറാക്കുക.
∙ അൽപം കറിവേപ്പില മഞ്ഞളും പനംകൽകണ്ടവും ചേർത്തരച്ചു വച്ച് ഒരു ചെറിയ ഉരുള വീതം ദിവസവും കഴിക്കുക.
∙ നെല്ലിക്ക, തുളസി, മഞ്ഞൾ തുടങ്ങിയ ഔഷധങ്ങളും പ്രതിരോധശേഷിയുയർത്താൻ നല്ലതാണ്. നെല്ലിക്കാനീര് തേൻ ചേർത്തു കഴിക്കുന്നതും മഞ്ഞൾപ്പൊടി പാലിലോ മോരിലോ ചേർത്തു കഴിക്കുന്നതും ഗുണകരമായി കണ്ടിട്ടുണ്ട്. നെല്ലിക്ക ഉപ്പിലിട്ടത് ഇടയ്ക്കു കഴിക്കുന്നതും നല്ലതാണ്.
വിരുദ്ധാഹാരങ്ങളും രോഗവും
∙ ചില ഭക്ഷ്യവസ്തുക്കൾ മറ്റ് ആഹാരത്തോടു ചേർത്ത് ഉപയോഗിക്കുമ്പോൾ അതു വിരുദ്ധാഹാരമായി തീരുകയും വിഷാവസ്ഥ പ്രാപിക്കുകയും ചെയ്യും. വിരുദ്ധാഹാരം പ്രതിരോധശക്തി കുറയ്ക്കും.
∙ ചില വിരുദ്ധാഹാരങ്ങൾ – പാൽ ശീതവീര്യമാണ്. അതിനൊപ്പം ഉഷ്ണവീര്യമുള്ള മത്സ്യം കഴിക്കരുത്. ഉഷ്ണവും ശീതവും തമ്മിൽ യോജിപ്പിക്കുന്നത് ശരീരത്തിൽ പ്രതി പ്രവർത്തനങ്ങള്‍ ഉണ്ടാക്കിയേക്കാം.
പാൽ മാത്രമല്ല, പാൽ ഉൽപ്പന്നങ്ങളുടെ കൂടെയും ഉഷ്ണ ഭക്ഷണങ്ങൾ വർജിക്കുക. മീനും മോരും ക ഴിക്കരുത്. മിൽക് ഷേക്കിൽ പുളിയുള്ള പഴങ്ങൾക്കൊപ്പം പാൽ ചേർക്കരുത്. മുന്തിരിക്കും പുളിയുള്ള മാങ്ങയ്ക്കുമൊപ്പം പാൽ ചേർക്കരുത്.
∙ ഫ്രൂട്ട് സാലഡ് ഉണ്ടാക്കുമ്പോൾ പൈനാപ്പിളും െഎസ്ക്രീമും ഒന്നിച്ചു ചേർക്കാതിരിക്കുന്നതാകും നല്ലത്. പാലിനോടു ചേർന്നു തേൻ, ഉഴുന്ന്, മുതിര, ഉപ്പ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ വിരുദ്ധങ്ങൾ ആകാറുണ്ട്. ഇത്തരത്തിൽ ശ്രദ്ധ പുലർത്തി വിരുദ്ധാഹാരങ്ങൾ ഒഴിവാക്കുന്നതു രോഗങ്ങളെ ഒരുപരിധി വരെ അകറ്റി നിർത്താൻ സഹായിക്കും.
ഒൗഷധങ്ങൾ കഴിക്കുമ്പോൾ
∙ മാറിവരുന്ന ആഹാരരീതിയും ജീവിതശൈലി യും അകാലത്തിൽ തന്നെ ജരാനരകൾ ബാധിക്കാൻ ഇടയാക്കുന്നു.
ആയുർവേദത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിവിധ തരത്തിലുള്ള രസായന ഔഷധങ്ങൾ അകാലത്തിലുള്ള വാർധക്യത്തെ പ്രതിരോധിക്കുകയും ബുദ്ധിയെയും ഓർമയെയും ആരോഗ്യത്തെയും നിലനിർത്തുകയും ചെയുന്നു.
∙ യൗവനാവസ്ഥയിൽ തന്നെ ശരീര ശോധനം നടത്തി നെല്ലിക്ക, ത്രിഫല, മേധ്യ രസായനങ്ങൾ (ഇരട്ടിമധുരം, ശംഖുപുഷ്‌പി, കുടങ്ങൽ, അമൃത് മുതലായ ബുദ്ധിശക്‌തിയെയും ഓർമശക്തിയെയും വർധിപ്പിക്കുന്നവകൊണ്ടുള്ള രസായനം.) തില രസായനം, പല്ലുകൾക്കു ബലം നൽകുന്ന എള്ളു തുടങ്ങി പലതരത്തിലുള്ള രസായന യോഗങ്ങൾ വൈദ്യനിർദേശപ്രകാരം സേവിക്കാം.
∙ ച്യവനപ്രാശവും രസായനങ്ങളും സേവിക്കുന്നതു പ്രതിരോധ ശക്തി വർധിപ്പിക്കും. ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം സേവിക്കുക. കുട്ടികൾക്കു ച്യവനപ്രാശം ഉത്തമമാണ്. പക്ഷേ, തുടർച്ചയായി കഴിക്കേണ്ട. കുറച്ചു നാൾ കഴിച്ച് ഇടവേളകളെടുത്തു തുടരുക. ച്യവനപ്രാശം സേവിച്ച ശേഷം പാൽ സേവിക്കുന്നതു നല്ലതാണ്. പക്ഷേ, നിർബന്ധമില്ല.
∙ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മുട്ട, പാൽ, ഇറച്ചി ഇവയൊക്കെ തിരഞ്ഞെടുക്കുമ്പോ ൾ രോഗികളുടെ ദഹന ശക്തിയെ കുറിച്ചു കൂടി ചിന്തിക്കണം. അതിനായി ആയുർവേദ ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന രീതിയിലുള്ള ചൂടുവെള്ളം, ഷഡംഗ പാനം (ഔഷധ നിർമിതമായ യോഗം), ചുക്കും മല്ലിയുമിട്ട വെള്ളം ഇവ ചെറിയ അളവിൽ പലവട്ടമായി കുടിക്കുക. പഴച്ചാറുകൾ, ധാന്യം വേവിച്ച വെള്ളം, മാംസരസം, ഘൃതം, ക്ഷീരം ഇവ ഡോക്ടറുടെ മേൽനോട്ടത്തിൽ ക്രമത്തിൽ നൽകി ദഹന ശക്തി വർധിപ്പിക്കാവുന്നതാണ്.
∙ബലവാനായ ഒരാൾ അയാളുടെ ബലത്തിന്റെ അർധ ശക്തി ഉപയോഗിച്ചു വേണം വ്യായാമം ചെയ്യാൻ. രോഗങ്ങൾ കൊണ്ടു ക്ഷീണിച്ചിരിക്കുന്ന വ്യക്തികൾ ആയാസകരമായ വ്യായാമങ്ങൾ ചെയ്യരുത്. അമിത വ്യായാമം രോഗത്തിലേക്കുള്ള വഴി തുറക്കും
∙അശ്വഗന്ധവും അമുക്കുരവുമൊക്കെ പ്രതിരോധശക്തിക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ്. ഇത്തരം മരുന്നുകൾ ഗൃഹൗഷധമായി ഒറ്റയ്ക്കു കഴിക്കാൻ പറ്റുന്നതല്ല. വൈദ്യനിർദേശപ്രകാരം മാത്രം മതി. രോഗത്തെ തടുത്തു നിർത്താനുള്ള ശരീരത്തിന്റെ കഴിവ് കേവലം മരുന്നു കഴിച്ചതു കൊണ്ടു മാത്രം നേടാവുന്നതല്ല. ആഹാരത്തെ ഒൗഷധമാക്കി മാറ്റി സ്വാഭാവിക പ്രതിരോധ ശേഷി നേടാനും ചിട്ടയായ ജീവിതശൈലി പിന്തുടരാനും ശ്രദ്ധിക്കുക.
ഋതുവും ഭക്ഷണവും
∙ ഒാരോ ഋതുവിലും ഭക്ഷണത്തിൽ മാറ്റങ്ങൾ വരുത്തുന്നത് പ്രതിരോധശക്തിയെ സഹായിക്കും. വേനൽക്കാലത്തും മഴക്കാലത്തുമാണുശരീരബലം ഏറ്റവും കുറഞ്ഞിരിക്കുന്നത്.
∙ തണുപ്പുകാലത്തു വിശപ്പു കുറവായിരിക്കും. ജഠരാഗ്നിയെ സാധാരണ രീതിയിൽ ആക്കാൻ അമ്ലലവണങ്ങൾ കൂടിയ തീക്ഷ്ണതയുള്ള ആഹാരപാനീയങ്ങൾ സേവിക്കാം. ഉദാ.രസം, സൂപ്പ്.
∙ തണുപ്പുകാലത്തു കഴിക്കാം ഈ സൂപ്പ് – ചെറുപയർ സൂപ്പ് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ്. ചെറുപയർ നന്നായി േവവിച്ച് ഉടച്ചെടുത്ത് അരിക്കുക. ചെറിയ ഉള്ളി അരിഞ്ഞതു നെയ്യിൽ മൂപ്പിച്ച് ഇടുക. ചൂടോടു കൂടി കുടിക്കാം. ആട്ടിൻ സൂപ്പും കർക്കടകത്തിൽ കഴിക്കേണ്ടതാണ്.
∙ വേനൽക്കാലം തീക്ഷ്ണമായതിനാൽ എരിവ് ഉപ്പ് പുളി എന്നിവ ഒഴിവാക്കണം. മധുരമുള്ളതും തണുപ്പുള്ളതുമായ ഭക്ഷണം ശീലിക്കാം. രാത്രിയിൽ ദ്രവ രൂപത്തിലുള്ള ആഹാരം കഴിക്കാം. പൊരിച്ചതും വറുത്തതുമായ ഭക്ഷണം ചൂടുകാലത്തു കുറയ്ക്കുക.
∙ ഹേമകിരണ പാനകം – ചൂടുകാലത്തു കഴിക്കാൻ ഉചിതമായ ഒരു പാനീയമാണിത്. കരിക്കിൻ വെള്ളവും മാതളനാരങ്ങാ ജ്യൂസും ഒരേ അളവിൽ എടുത്തു മധുരം ചേർത്തു കുടിക്കാം. പഞ്ചസാരയ്ക്കു പകരം കൽക്കണ്ടമാണു നല്ലത്. ക്ഷീണമകറ്റാനും നവോന്മേഷം നേടാനും ഇതു സഹായിക്കും.
രാത്രിചര്യ പ്രധാനം
∙ ദിനചര്യ മാത്രമല്ല, രാത്രിചര്യയും രോഗങ്ങളകറ്റി നിർത്താൻ വളരെ പ്രധാനപ്പെട്ടതാണ്.രാത്രിയിലുള്ള അമിതാഹാരമാണു പലപ്പോഴും ജീവിത ശൈലീ രോഗങ്ങളിലേക്കു നയിക്കുന്നത്.
∙ ശാരീരികവും മാനസികവുമായ ആരോഗ്യം ശരിയായ രീതിയിലുള്ള ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു. ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുൻപ് ആഹാരം കഴിക്കുക. കിടക്കുന്നതിനു മുൻപു ദഹനത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞിരിക്കണം.
∙ കിടക്കുന്നതിനു പത്തു മിനിട്ടു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഉറക്കത്തിനു പ്രതിരോധശേഷിയുമായി ബന്ധമുണ്ട്. ആറുമണിക്കൂർ ഗാഢനിദ്ര നിർബന്ധമാണ്.
∙നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന ധാരാളം പേരുണ്ട്. അവർ ഉറക്കത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
∙രാത്രി ജോലി കഴിഞ്ഞെത്തിയാൽ രാവിലെ ലഘുവായ പ്രഭാതഭക്ഷണം കഴിക്കുക.അരമണിക്കൂർ വിശ്രമിച്ച ശേഷം നാലുമണിക്കൂർ ഉറങ്ങുക. ഉച്ചയ്ക്കു ശേഷം ഉറങ്ങാം എന്നു തീരുമാനിക്കുന്നതിനേക്കാൾ ഇതാണു നല്ലത്.
∙ഉറക്കം കുറവാണെങ്കിൽ അതിനുള്ള കാരണം കണ്ടെത്തുക. പലപ്പോഴും സ്ട്രെസ് ആ ണ് പ്രധാന വില്ലൻ. സ്ട്രെസ് കുറയ്ക്കാനുള്ള യോഗ ശീലിക്കാം.
∙ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപ് മൊബൈൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് മാറിനിൽക്കുക.
∙തലയില്‍ എണ്ണ തേച്ചുള്ള കുളി ഉറക്കത്തെ സഹായിക്കും. എരുമപ്പാൽ കുടിക്കുന്നത് സുഖനിദ്ര നൽകുമെന്ന് ആയുർവേദത്തിൽ പറയുന്നു. ആരോഗ്യസംരക്ഷണത്തിൽ ശരിയായ ഉറക്കം വളരെ പ്രധാനമാണ്.
∙ശാരീരിക ബലത്തോടൊപ്പം തന്നെ തുല്യ പ്രാധാന്യം മനോബലത്തിനും ഉണ്ട് . ‘വികാരോ ദുഃഖ വർധനാനാം ശ്രേഷ്ട:’ സംഗീതം, ഇഷ്ടജന സംസർഗം, വിനോദം, യോഗ, പ്രാണയാമം ഇവയിലൂടെ ഒക്കെ മാനസിക സമ്മർദം നിയന്ത്രിച്ചു മനോബലം വർധിപ്പിക്കാവുന്നതാണ്.
കടപ്പാട്:
ഡോ. അംബിക
പ്രഫസർ,
കായ ചികിത്സാ വിഭാഗം,
ഗവ.ആയുർവേദ കോളജ്,
തിരുവനന്തപുരം.
ഡോ. വി.എസ്.ഉണ്ണികൃഷ്ണൻ
അസി. പ്രഫസർ,
കായ ചികിത്സാ വിഭാഗം,
ഗവ.ആയുർവേദ കോളജ്,
തിരുവനന്തപുരം.
ഡോ. എം.സി. ശോഭന
പ്രഫസർ & എച്ച്ഒഡി
സ്വസ്ഥവൃത്ത വിഭാഗം
വിപിഎസ്‌വി ആയുർവേദ
കോളജ്, കോട്ടയ്ക്കൽ.
ഡോ. പി.എം. മധു
അസി. പ്രഫസർ,
ഗവ. ആയുർവേദ കോളജ്
പരിയാരം, കണ്ണൂർ
</p>