Monday 14 August 2023 04:45 PM IST

‘തുടക്കം ഒരു നേർത്ത പാട്, സാവധാനം അതു പടരും, ചൊറിച്ചിൽ തുടങ്ങുമ്പോൾ മുറിവ് വരും’; കാലിലെ പ്രശ്നങ്ങളെ ഇത്രയ്ക്കു നിസാരമാക്കാമോ?

Rakhy Raz

Sub Editor

2143753597

കാലിലെ പ്രശ്നങ്ങളെ ഇത്രയ്ക്കു നിസാരമാക്കാമോ? ഓർക്കുക മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ കാലുകൾ ആരോഗ്യത്തിന്റെ കണ്ണാടിയാണ്.  

കാലിലെ ഉണങ്ങാത്ത വ്രണങ്ങൾ

തുടക്കം ഒരു നേർത്ത പാട്. സാവധാനം അതു പടരും. ചൊറിച്ചിൽ തുടങ്ങുമ്പോൾ മുറിവ് വരും. എന്തു ചെയ്തിട്ടും മുറിവ് കരിയാതിരിക്കുന്ന അവസ്ഥ.

ശുദ്ധരക്തത്തിന്റെ ലഭ്യത കുറയുന്നതും അശുദ്ധ രക്തം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതുമാണ് ഇതിനു കാരണം. കാലിൽ വ്രണം വരുന്നതിനു മുൻപ് ചർമത്തിന്റെ നിറം ഇരുണ്ടു വരും. കോശങ്ങൾക്ക് ശരിയായി ഓക്സിജൻ ലഭിക്കാതെ വരുന്നതോടെ കോശങ്ങളുടെ പ്രവർത്തനം കുറയുകയും നശിക്കുകയും ചെയ്യുന്നതാണ് നിറവ്യത്യാസത്തിന് കാരണം.  ഈ ഭാഗത്തു വീക്കം, വേദന, അസഹ്യമായ ചൊറിച്ചിൽ എന്നിവ വരുകയും സാവധാനം വ്രണമായി മാറുകയും ചെയ്യും. പ്രമേഹം, ക്ഷയം ‍എന്നീരോഗങ്ങളോട് അനുബന്ധമായാണു നിറ വ്യത്യാസവും വ്രണങ്ങളും കാണപ്പെടുന്നത്. 

കാലിലെ രക്തപ്രവാഹം ഊർജിതമാക്കാനുള്ള വ്യായാമങ്ങൾക്കൊപ്പം ശരിയായ പരിശോധനയും ചികിത്സയും ആവശ്യമാണ്. 

കാലുകൾ തണുത്തിരിക്കുക

കാലുകൾ സദാ തണുത്തിരിക്കുന്ന അവസ്ഥയാണോ? കാലു കഴുകാനും വെള്ളത്തിലിറങ്ങാനും മടി തോന്നാറുണ്ട്.

വേനൽക്കാലത്തു പോലും പാദങ്ങൾക്കോ കാലുകൾക്കോ  തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ കൊളസ്ട്രോ ൾ നില ഉയർന്നിരിക്കുന്നു എന്നു മനസ്സിലാക്കണം. 

ഉയർന്ന കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന രക്തപ്രവാഹത്തിലെ കുറവ് ചർമത്തിൽ നിറവ്യത്യാസം വരുത്താം. ചർമം വിളറിയോ നീല നിറത്തിലോ കാണപ്പെടും. കാലിലെ ധമനികൾ കൊളസ്ട്രോൾ മൂലം അടഞ്ഞു പോകുന്നത്  കാലുകളിൽ വേദനയും തണുപ്പും ഉണ്ടാക്കും.

പെരുവിരലിൽ മുഴ

പാദങ്ങളുടെ ആകൃതി നഷ്ടപ്പെടുത്തി പെരുവിരലുകൾക്കു താഴെയുള്ള എല്ലുകൾ പുറത്തേക്കു തള്ളുകയും അതൊരു മുഴയായി രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ.

പെരുവിരലിന്റെ വശത്തായി എല്ലുകൾ മുഴച്ചു വരുന്നതാണ് ബുണിയൻ. പെരുവിരലിനടിയിലെ എല്ല് പുറത്തേക്കു തള്ളി വരുന്നതാണു മുഴയായി തോന്നുന്നത്. പെരുവിരലിന്റെ തലഭാഗം ചെറിയ വിരലുകളിലേക്കു ചരിഞ്ഞിരിക്കുകയും ചെയ്യും. എല്ലുകൾ മുഴച്ചിരിക്കുന്ന ഭാഗത്ത് വേദനയും ചർമത്തിന് ചുവപ്പും ഉണ്ടാകാം.

ബുണിയൻ വേദനാജനകമാകുകയോ, ചെരുപ്പുകൾ ധരിക്കാൻ കഴിയാതെ മുഴയ്ക്കുകയോ ചെയ്താൽ  ഡോക്ടറെ കാണാം.  ബുണിയന് പ്രത്യേക ചികിത്സയില്ല. വേദനയുണ്ടെങ്കിൽ ശസ്ത്രക്രിയയാണ് പരിഹാരം.. ബുണിയൻ സ്പ്ലിന്റുകൾ ഉപയോഗിച്ച് ആകൃതിയിൽ കുറച്ചൊക്കെ മാറ്റം വരുത്താം. ആകൃതി വ്യത്യാസം കൂട്ടാത്ത വിധത്തിലുള്ള ചെരുപ്പുകൾ ഉപയോഗിക്കുക.

Tags:
  • Health Tips
  • Glam Up