Monday 29 January 2024 04:41 PM IST : By സ്വന്തം ലേഖകൻ

‘രാത്രി ഭക്ഷണത്തിനുശേഷം വെളുത്തുള്ളി ചതച്ചിട്ട പാൽ’; ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ എളുപ്പവഴികൾ

garlic-for-gas

ഉദരശുദ്ധി ആരോഗ്യമുള്ള ശരീരത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. നാം കഴിക്കുന്ന ആഹാരം ശുദ്ധമല്ലെങ്കിൽ അത് ഗ്യാസ്ട്രബിൾ അഥവാ വായുകോപത്തിനു കാരണമാകും. പയറുവർഗങ്ങൾ, കിഴങ്ങുവർഗങ്ങൾ, പഴകിയ ഭക്ഷണപദാർത്ഥങ്ങൾ, പുകവലി, മദ്യപാനം, മാനസിക സംഘർഷം തുടങ്ങിയവ ഗ്യാസ്ട്രബിളിന് കാരണമായേക്കാം. സാധാരണയായി ദഹനപ്രക്രിയ കുറഞ്ഞവരിലും മധ്യവയസ്സിന് മുകളിലോട്ടുള്ളവരിലുമാണിത് കണ്ടുവരുന്നത്. നെഞ്ചെരിച്ചിൽ, പുളിച്ചുതികിട്ടൽ, തലയ്ക്കു ഭാരം തോന്നുക, ഉദരസ്തംഭനം അനുഭവപ്പെടുക, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങൾ.

∙ വെളുത്തുള്ളി ചതച്ചനീരും ചെറുനാരങ്ങനീരും സമാസമം എടുത്ത് രാവിലെയും രാത്രിയിലും ഭക്ഷണശേഷം കഴിക്കുക.

∙ രാത്രി ഭക്ഷണത്തിനുശേഷം വെളുത്തുള്ളി ചതച്ചിട്ട പാൽ കുടിക്കുക. സ്ഥിരമായിട്ടുണ്ടാകുന്ന ഗ്യാസ്ട്രബിളിന് ശമനം കിട്ടും.

∙ വെളുത്തുള്ളിയും ജീരകവും രണ്ട്  അല്ലി വീതമെടുത്ത് നെയ്യിൽ വറുത്ത് ഭക്ഷണത്തിനു മുൻപായി ഉപയോഗിക്കുക.

∙ കീഴാർനെല്ലിയുടെ ഇല, വയമ്പ്, ഈശ്വരമുല്ല, കൊടിത്തൂവ എന്നിവ അഞ്ചു ഗ്രം വീതമെടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ച് നേർപകുതിയായി വറ്റിച്ച് കഷായമാക്കി കുടിക്കുക.

∙ വെളുത്തുള്ളി, ഏലം, കുരുമുളക്, ചുക്ക് എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് കഷായമാക്കി കഴിക്കുക.

∙ ജീരകം, പെരുംജീരകം, അയമോദകം എന്നിവ ഉണക്കി പൊടിച്ച് തേനിൽ ചാലിച്ച് ഭക്ഷണത്തിനു മുൻപ് കഴിക്കുക. ഗ്യാസ്ട്രബിൾ ഉണ്ടാകില്ല.

∙ പ്രഭാതത്തിൽ ഭക്ഷണത്തിനു മുൻപും രാത്രി ഭക്ഷണത്തിനു ശേഷവും മാതളനാരങ്ങ കഴിക്കുക. ഗ്യാസ്ട്രബിൾ നിയന്ത്രിക്കുന്നതിനും ദഹന പ്രക്രിയ സുഗമമാക്കുന്നതിനും മാതളനാരങ്ങ ഉപകരിക്കും.

∙ മാതളനാരങ്ങയുടെ നീര് ചേർത്ത വെള്ളവും കഴുകി വൃത്തിയാക്കിയ മാതള നാരങ്ങയുടെ പുറം തൊലിയിട്ട് തിളപ്പിച്ച വെള്ളവും സ്ഥിരമായി കുടിക്കുക. ഇതൊരു ശീലമാക്കിയാൽ ഗ്യാസ്ട്രബിളിൽ നിന്നും രക്ഷ നേടാം.

∙ ഒരു ഗ്രാം കറുകപ്പട്ടയുടെ വേര് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതു നല്ലതാണ്.

∙ വെളുത്തുള്ളി, ഉലുവ, മുരിങ്ങത്തൊലി എന്നിവ ചേർത്ത് കഷായം സേവിക്കുന്നത് ഗ്യാസ്ട്രബിൾ ശമിപ്പിക്കും.

∙ മാവിന്റെ തളിര്, വെളുത്തുള്ളി, ചുക്ക് എന്നിവ സമാസമം എടുത്ത് കഷായമാക്കി കുടിക്കുക. ഫലം ലഭിക്കും

∙ ഗ്രാമ്പു ചതച്ചിട്ട വെള്ളം സ്ഥിരമായി കുടിക്കുന്നത് ഗ്യാസ്ട്രബിളിനെ തടഞ്ഞു നിർത്തും.

∙ പച്ചഇഞ്ചി ചതച്ചരച്ച് അതിന്റെ നീരിൽ ഉപ്പും ചേർത്ത് ഉപയോഗിക്കുക. ഗ്യാസ്ട്രബിളിനും ദഹനമില്ലായ്മയ്ക്കും നല്ലതാണ്. 

∙ കുരുമുളകുപൊടിയും ഇഞ്ചിനീരും ചേർത്ത് ഉപയോഗിക്കുന്നത് സ്ഥിരമായുണ്ടാകുന്ന ഗ്യാസ്ട്രബിളിന് നല്ലതാണ്. 

∙ തിപ്പലിപ്പൊടി കരിമ്പിൻ നീരും തൈരും ചേർത്ത് കുടിക്കുന്നത് ഫലപ്രദമാണ്. 

ഗ്യാസ്ട്രബിളിനെ പലപ്പോഴും നമ്മൾ നിസ്സാരവൽക്കരിച്ചാണ് കാണുന്നത്. അത് അപകടകരമാണ്. സ്ഥിരമായുണ്ടാകുന്ന ഗ്യാസ്ട്രബിളിനെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങളും പാനിയങ്ങളും ദഹനമില്ലായ്മയും മാത്രമല്ല ഗ്യാസ്ട്രബിളിന്റെ കാരണങ്ങൾ. ഉദരസംബന്ധമായി പല ഗുരുതര രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്. ഗ്യാസ്ട്രബിൾ സ്ഥിരമായി അനുഭവപ്പെടുന്നവർ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം നേടുന്നത് നന്നായിരിക്കും. 

മറ്റൊരു തെറ്റിധാരണ നെഞ്ചുവേദനയാണ്. ഗ്യാസ്ട്രബിൾ മൂലമുണ്ടാകുന്ന നെഞ്ചുവേദനയും ഹൃദയസംബന്ധമായ നെഞ്ചുവേദനയും തിരിച്ചറിയുവാൻ ബുദ്ധിമുട്ടാണ്. നെഞ്ചിലെ വേദന ഗ്യാസ്ട്രബിൾ ആണെന്ന് സ്വയം രോഗനിർണയം നടത്തരുത്.  രോഗനിർണയത്തിനുള്ള യോഗ്യത ഡോക്ടർക്കു മാത്രമുള്ളതാണെന്ന കാര്യം തിരിച്ചറിയുക. ആ തിരിച്ചറിവ് നിങ്ങളെ അപകടാവസ്ഥയിൽ നിന്നും രക്ഷിക്കും. 

Tags:
  • Health Tips
  • Glam Up