Thursday 24 November 2022 02:29 PM IST : By സ്വന്തം ലേഖകൻ

‘രണ്ടു വർഷത്തിൽ കൂടുതൽ ഒരേ തലയണ ഉപയോഗിക്കരുത്, ഫില്ലിങ് ശ്രദ്ധിക്കണം’; കഴുത്തുവേദന തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..!

istockphoto-133

ഇടയ്ക്കിടെ കഴുത്തുവേദന അലട്ടുന്നുണ്ടോ? യോജിച്ച തലയണ ഉപയോഗിക്കാത്തതാകാം കഴുത്തുവേദനയ്ക്കുള്ള ഒരു കാരണം. തലയണ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴുത്തുവേദന ഒഴിവാക്കാം.

കഴുത്തിനും താങ്ങാകണം തലയണ

തലയ്ക്കു താങ്ങാകാൻ മാത്രമുള്ളതാണ് തലയണയെന്നാണു ഭൂരിഭാഗം പേരും കരുതുന്നത്. എന്നാൽ തലയ്ക്കു മാത്രമല്ല, കഴുത്തിനും താങ്ങ് നൽകുന്നതാകണം തലയണ. തലയും കഴുത്തും തലയണയിൽ അമരുന്ന രീതിയിൽ കിടക്കാനാകുന്ന തലയണ ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. അമിത ഉയരമുള്ളതോ അമിതമായി പതുങ്ങിയതോ ആയ തലയണ ഒഴിവാക്കണം. ഇവയെല്ലാം കഴുത്തുവേദനയ്ക്ക് ഇടയാക്കും.

∙ കുഞ്ഞുങ്ങളുടെ ശരീരം മുതിർന്നവരുടേത് പോലെ കൃത്യമായി വികസിച്ചിട്ടില്ലാത്തതു കൊണ്ട് നവജാതശിശുക്കൾക്കു തലയണ വേണമെന്നില്ല. ചെറിയ കുഞ്ഞുങ്ങൾ തിരിയുമ്പോഴും മറ്റും അബദ്ധത്തിൽ തലയണ മുഖത്തു വീണ് ശ്വാസംമുട്ടാനുള്ള സാധ്യതയുണ്ട്.  ഇത് മരണകാരണമാകാം. ഇൻഫന്റ് ഡെത്ത് സിൻഡ്രോം എന്ന ഈ അവസ്ഥ ഒഴിവാക്കാൻ കുഞ്ഞുങ്ങൾക്ക് രണ്ട് വയസ്സിനു ശേഷം തലയണ ഉപയോഗിക്കുന്നതാണ് ഉത്തമം.

∙ കഴുത്തും തലയും ശരീരത്തേക്കാൾ താഴ്ന്ന നിലയിലുള്ള പോസിലാണു ചിലർ കിടക്കുക. ഈ പോസ് ആരോഗ്യത്തിനു ദോഷകരമാണ്. തല മാത്രം ഉയർത്തി വയ്ക്കുന്ന രീതിയിൽ കിടക്കുന്നതും നല്ലതല്ല. കഴുത്തിനു കൂടി മതിയായ താങ്ങ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്ന രീതിയിൽ തലയണ വച്ചു വേണം കിടക്കേണ്ടത്.  

∙ കഴുത്തു വേദനയുള്ളവർ നേർത്ത തലയണ ഉപയോഗിക്കുന്നതു വേദന കൂടാൻ ഇടയാക്കും. ഇത്തരക്കാർക്ക് ഡോക്ടറുടെ നിർദേശപ്രകാരം  മടക്കിയ ഷീറ്റോ സെർവിക്കൽ പില്ലോയോ ഉപയോഗിക്കുന്നതു പ്രയോജനം ചെയ്യും.

 ∙ യാത്ര ചെയ്യുമ്പോഴും മറ്റും കഴുത്തിന് കൃത്യമായ താങ്ങ് കിട്ടാതെ ദീർഘനേരം ഇരിക്കേണ്ടി വരുന്നത് കഴുത്തിനു സമ്മർദ്ദവും വേദനയും  ഉണ്ടാക്കും. യാത്ര ചെയ്യുമ്പോൾ നെക് പില്ലോ ഉപയോഗിക്കുന്നത് കഴുത്തുവേദന ഒഴിവാക്കാൻ സഹായിക്കും.

∙ വശത്തേക്കു ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവരുടെ കഴുത്തിനു മൃദുവായ തലയണ വേണ്ടത്ര താങ്ങ് നൽകില്ല. ഇത്തരക്കാർ വേണ്ടത്ര താങ്ങ് കിട്ടുന്ന തരത്തിലുള്ള തലയണ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കമഴ്ന്നു കിടക്കുമ്പോൾ  നടുവേദന വരാതിരിക്കാൻ വയറിനു താഴെ കനം കുറഞ്ഞ തലയണ വയ്ക്കുന്നതു നല്ലതാണ്.

∙ തലയണയുടെ ഫില്ലിങ് ശ്രദ്ധിക്കണം. കോട്ടൺ നിറച്ച തലയണ ചിലരിൽ അലർജിയുണ്ടാക്കാറുണ്ട്. അലർജി പ്രശ്നങ്ങൾ ഉള്ളവർ അലർജനിക് വൂൾ കൊണ്ടുള്ള തലയണ ഉപയോഗിച്ചാൽ മതി.

∙ കാലങ്ങളോളം ഒരേ തലയണ ഉപയോഗിക്കുന്ന രീതി ഒഴിവാക്കണം. രണ്ടു വർഷത്തിൽ കൂടുതൽ ഒരു തലയണ ഉപയോഗിക്കരുത്. തലയണ കവറുകൾ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

Tags:
  • Health Tips
  • Glam Up