Saturday 29 April 2023 02:41 PM IST

‘യോനീസ്രവത്തിൽ രക്തം കലരുക, അസാധാരണ ഗന്ധമുണ്ടാകുക, തൈരു പോലെ ആകുക’; ശരീരം നല്‍കുന്ന സൂചനകൾ അവഗണിക്കരുത്!

Rakhy Raz

Sub Editor

gynechh656878

പ്രിയപ്പെട്ടവർക്കു വേണ്ടി ജീവിക്കുന്ന തിരക്കിൽ പ്രിയപ്പെട്ടവർക്കും നമുക്കുമായി ആരോഗ്യത്തോടെ ഏറെനാൾ ജീവിക്കാൻ സ്വയം പ്രാപ്തരാകേണ്ടതുണ്ട്. അപൂർവം അവസരങ്ങളിലൊഴികെ ഗുരുതരമായ രോഗങ്ങളെക്കുറിച്ചു ശരീരം തുടക്കം മുതൽ തന്നെ സൂചനകൾ നൽകും. അവ അവഗണിക്കുന്നതാണു പലരെയും അപകടത്തിൽ കൊണ്ടെത്തിക്കുന്നത്. ശരീരത്തെ സ്നേഹിച്ചു ശരീരം പറയുന്നതു കേട്ടാൽ സ്ത്രീകളെ ബാധിക്കുന്ന ഒട്ടുമിക്ക രോഗങ്ങളെയും തടഞ്ഞു നിർത്താം.

നടുവിന് ഇരുവശത്തുമായി വേദന തോന്നാറുണ്ടോ?

ആർത്തവ സമയത്തു പിൻവശത്ത് ഇരുവശത്തും വേദന അനുഭവപ്പെടുന്നതു സ്വാഭാവികമാണ്. ആർത്തവം തുടങ്ങി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അതു മാറുകയും ചെയ്യും. എന്നാൽ പല കാരണങ്ങളാൽ രോഗലക്ഷണമായും വേദന വരാം. ആർത്തവ ദിനങ്ങളിലെ നടുവിനു പിന്നിലായുള്ള വേദന അഥവാ  പെൽവിക് പെയിൻ അത്തരത്തിലൊന്നാണ്. ഇടുപ്പെല്ലിൽ ഉണ്ടാകുന്ന വേദന അവഗണിക്കരുത്.   

കാരണങ്ങൾ ഇതാകാം

ഗർഭപാത്രം, അണ്ഡാശയങ്ങൾ, അണ്ഡവാഹിനി കുഴലുകൾ എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന അണുബാധ പെർവിക് വേദനയുടെ പ്രധാന കാരണമാണ്. വൃക്ക, മൂത്രാശയം, മൂത്രനാളി എന്നിവിടങ്ങളിലെ അണുബാധയും കാരണമാകാം. 

പെൽവിക് ഭാഗത്തെ ട്യൂമർ, കാൻസർ എന്നിവയുടെ സൂചനയായി പെൽവിക് വേദന വരാം. ഗർഭം, പ്രസവം അമിതഭാരം എന്നിവ കൊണ്ടുള്ള ആയാസവും പെൽവിക് വേദനയ്ക്കു തുടക്കമിടാം. ഇറിറ്റബി ൾ ബവൽ സിൻഡ്രോം, അപ്പെൻഡിസൈറ്റിസ്,  ഹെ ർണിയ തുടങ്ങിയവയും പെൽവിക് വേദനയ്ക്കു കാരണമാകാം.

മടിക്കരുത്, മറക്കരുത്

സാധാരണ പെൽവിക് വേദനയാണെങ്കിൽ വേദന കുറയ്ക്കാനുള്ള ലേപനങ്ങൾ പുരട്ടുക, ചൂടു പിടിക്കുക, വേദന സംഹാരികൾ കഴിക്കുക എന്നിവ മതിയാകും. അസ്വാഭാവികമായ വേദനയുടെ കാരണങ്ങൾ കണ്ടെത്തി അനുയോജ്യമായ ചികിത്സ ഡോക്ടർ നിർദേശിക്കും. കീഗൽ വ്യായാമങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ തുടങ്ങി പല മാർഗങ്ങൾ പെൽവിക് വേദന ശമിപ്പിക്കാൻ ആവശ്യമായെന്നു വരാം. വ്യായാമങ്ങൾ ആണെങ്കിലും ശരിയായ മാർഗങ്ങളിലൂടെ മനസ്സിലാക്കി മാത്രം ചെയ്യാൻ ശ്രദ്ധിക്കണേ.

വജൈനൽ ഡിസ്ചാർജ് അസ്വസ്ഥമാക്കാറുണ്ടോ?

യോനി സദാ നനവു നിലനിൽക്കുന്ന ശരീരഭാഗമാണ്. അണ്ഡോൽപാദന സമയത്തു യോനീ സ്രവങ്ങൾ കൂടുകയും ആ ഘട്ടം കഴിയുമ്പോൾ കുറയുകയും ചെയ്യും. സാധാരണ നിലയിൽ യോനീസ്രവം ജലം പോലെയോ അല്ലെങ്കിൽ ചെറിയ വെള്ള നിറത്തിലോ ആയിരിക്കും.

അമിതമായ അളവിൽ യോനീ സ്രവങ്ങൾ ഉണ്ടാകുക, മഞ്ഞയോ പച്ചയോ നിറത്തിൽ വരിക, യോനീ സ്രവത്തിൽ രക്തം കലരുക, അസാധാരണ ഗന്ധമുണ്ടാകുക, തൈരു പോലെ ആകുക തുടങ്ങിയ മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതിനോടൊപ്പം ചൊറിച്ചിൽ, വേദന, നീറ്റൽ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക എന്നീ അവസ്ഥകളുമുണ്ടെങ്കിൽ ഉടനടി ചികിത്സ തേടണം.

കാരണം ഇതാകാം 

പ്രധാനമായും  അണുബാധയാണ് അമിത യോനീസ്രാവത്തിനു കാരണം. യോനീസ്രാവത്തിന്റെ സ്വഭാവമനുസരിച്ച് അണുബാധ, പഴുപ്പ് പോലുള്ള പ്രശ്നങ്ങൾ മുതൽ അർബുദം പോലുള്ള ഗുരുതര കാരണങ്ങൾ വരെയാകാം. ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുക, ലൈംഗിക രോഗങ്ങളുടെ തുടക്കം, പ്രമേഹം എന്നിവയും ഇതിനു കാരണമാകാം.

മടിക്കരുത്, മറക്കരുത്

ആർത്തവ സമയത്തും ലൈംഗികബന്ധത്തിനു ശേഷവും ശുചിത്വം പാലിക്കുക. ആർത്തവ പാഡ് നാലു മണിക്കൂർ കൂടുമ്പോൾ മാറ്റുക, മെൻസ്ട്രൽ കപ്പ് ആണെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. 12 മണിക്കൂർ കഴിഞ്ഞാൽ കപ്പ് പുറത്തെടുത്തു രക്തം കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കിയ ശേഷം വീണ്ടും ഉപയോഗിക്കുക. ലൈംഗിക ബന്ധത്തിനു ശേഷം ടിഷ്യുവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുകയാണെങ്കിൽ മുന്നിൽ നിന്നും പിന്നിലേക്കു തുടയ്ക്കുക (മലദ്വാരത്തിനടുത്തു നിന്നുള്ള അണുക്കൾ യോനിയിൽ അണുബാധ ഉണ്ടാക്കാം).

കടപ്പാട്: ഡോ. നിത്യ ചെറുകാവിൽ, കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, ഇന്ദിരാ ഗാന്ധി ‌കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കടവന്ത്ര, കൊച്ചി

Tags:
  • Health Tips
  • Glam Up