Saturday 11 March 2023 12:37 PM IST : By സ്വന്തം ലേഖകൻ

‘തുടർച്ചയായ പനി, ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചിൽ വേദന, തൊണ്ടവേദന’; എന്താണ് എച്ച്3എൻ2 വൈറസ്? പ്രതിരോധം അറിയാം

h3n3

രാജ്യത്ത് എച്ച്3എൻ2 സ്ഥിരീകരിച്ചതിന് പിന്നാലെ വൈറസ് ബാധയേറ്റ് മരണവും സ്ഥിരീകരിച്ചത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ എന്താണ് എച്ച്3എന്‍2 വൈറസ് എന്നും എങ്ങനെ വൈറസിനെ പ്രതിരോധിക്കാമെന്നും അറിയാം.

എന്താണ് എച്ച്3എന്‍2 വൈറസ്?

ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ഇൻഫ്ലുവൻസ വൈറസാണ് എച്ച്3എന്‍2. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) എന്നിവ പറയുന്നത് പ്രകാരം ഇൻഫ്ലുവൻസ എ വൈറസിന്റെ ഉപവിഭാഗമാണിത്. പക്ഷികളെയും സസ്തനികളെയും ഈ വൈറസ് ബാധിക്കാം. 

ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം പ്രധാനമായും പക്ഷികളിലും മറ്റ് ജീവികളിലും കാണപ്പെടുന്ന ഇത്തരം വൈറസുകള്‍ മനുഷ്യരില്‍ അപ്പർ റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍സ്, ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം എന്നിവയ്ക്ക് കാരണമായേക്കാം. രോഗം മൂര്‍ഛിച്ചാല്‍ മരണം വരെ സംഭവിക്കാം.

രോഗലക്ഷണങ്ങള്‍ 

ചുമ, പനി, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, പേശി വേദന, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ് എച്ച്3എന്‍2വിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. ഒരാഴ്ചയോളം ലക്ഷണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യാം. തുടർച്ചയായ പനി, ശ്വസിക്കാൻ ബുദ്ധിമുട്ട്, നെഞ്ചിൽ വേദന അല്ലെങ്കിൽ അസ്വസ്ഥത, ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയില്‍ വേദന എന്നിവ അനുഭവപ്പെടുകയാണെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

രോഗ പകര്‍ച്ച

രോഗബാധിതനായ വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ അന്തരീക്ഷത്തിലെത്തുന്ന കണികകളിലൂടെയാണ് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വൈറസ് എത്തുന്നത്. വൈറസ് ബാധയേറ്റ പ്രതലവുമായി സമ്പര്‍ക്കത്തിലായ വ്യക്തി വായിലോ മൂക്കിലോ കൈകൊണ്ട് സ്പര്‍ശിക്കുമ്പോളും ശരീരത്തില്‍ വൈറസ് എത്തുന്നു. ഗർഭിണികൾ, കൊച്ചുകുട്ടികൾ, പ്രായമായവർ, മറ്റ് രോഗങ്ങളുള്ളവര്‍ എന്നവര്‍ക്ക് രോഗം ബാധിച്ചാല്‍ അത് കൂടുതല്‍ സങ്കീർണമാകാനുള്ള സാധ്യതയും കൂടുതലാണ്. 

പ്രതിരോധമാര്‍ഗങ്ങള്‍

രോഗബാധിതരായ വ്യക്തികളില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് അതിവേഗം പടരാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായുവിലേക്ക് എത്തുന്ന കണികകളിലൂടെയാണ് രോഗം പകരുന്നത്. അതിനാല്‍ തന്നെ കോവിഡിന്റേതിന് സമാനമായ മുൻകരുതലുകളാണ് ഡോക്ടർമാർ നിര്‍ദേശിച്ചിട്ടുള്ളത്. പതിവായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. 

മാസ്ക് ധരിക്കാനും തിരക്കേറിയ സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിക്കാനും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. പരമാവധി മൂക്കിലും വായിലും തൊടുന്നത്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും നന്നായി മൂടുക, ശരീരത്തില്‍ ജലാംശം നിലനിർത്തുകയും ചെയ്യണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ കഴിക്കരുത്. 

വൈറസ് ബാധയേറ്റവര്‍ ശ്രദ്ധിക്കേണ്ടത്...

വൈറസ് ബാധയേറ്റവര്‍ ഒരിക്കലും സ്വയം ചികില്‍സയ്ക്ക് വിധേയരാകരുത്. രോഗികള്‍ പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് തുടർച്ചയായി ഓക്സിജന്റെ അളവ് പരിശോധിക്കേണ്ടതാണ്. ഓക്സിജൻ സാച്ചുറേഷൻ ലെവൽ 95 ശതമാനത്തിൽ കുറവാണെങ്കിൽ നിര്‍ബന്ധമായും ഡോക്ടറുടെ സഹായം ലഭ്യമാക്കണം. 90 ശതമാനത്തിൽ കുറവാണെങ്കിൽ രോഗിക്ക് തീവ്രപരിചരണം ആവശ്യമായി വന്നേക്കാം. 

ചികില്‍സ

പനി കുറയ്ക്കാൻ അസറ്റാമിനോഫെൻ അല്ലെങ്കിൽ ഇബുപ്രോഫെൻ എന്നിവയാണ് ഉപയോഗിക്കുന്നത്. ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടെങ്കില്‍ ഒസെൽറ്റാമിവിർ, സനാമിവിർ തുടങ്ങിയ ആൻറിവൈറൽ മരുന്നുകളും ചികില്‍സയ്ക്കായി ഉപയോഗിക്കുന്നുണ്ട്.

Tags:
  • Health Tips
  • Glam Up