ADVERTISEMENT

മധ്യവയസ്സെത്തിയവരിൽ  ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്കു മാറുന്നതുവഴി ദിവസവും 4000 ചുവടു വയ്ക്കുന്നതു കൊണ്ടു ലഭിക്കുന്നതിനു തുല്യമായ ഫിറ്റ്നസ് ലഭിക്കുമെന്നു ഗവേഷകർ. യൂറോപ്യൻ ജേണൽ ഒഫ് പ്രിവന്റീവ് കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഹൃദയാരോഗ്യകരമായ ഡയറ്റെന്നു പുകൾപെറ്റ മെഡിറ്ററേനിയൻ ഡയറ്റും ഫിസിക്കൽ ഫിറ്റ്നസുമായുള്ള ബന്ധമാണ് പഠനം പരിശോധിച്ചത്. പച്ചക്കറികൾക്കും പഴങ്ങൾക്കും മുഴുധാന്യങ്ങൾക്കും അണ്ടിപ്പരിപ്പിനും മുൻതൂക്കം നൽകുന്ന മെഡിറ്ററേനിയൻ ഡയറ്റിൽ ചുവന്ന മാംസവും മദ്യവും പരിമിതമായ അളവിലാണ് ഉപയോഗിക്കുന്നത്. ഒലിവെണ്ണ പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പുകളും പയറുവർഗങ്ങളും മത്സ്യവും ഡയറ്റിന്റെ ഭാഗമാണ്. ഈ ഡയറ്റിൽ സംസ്കരിച്ച ഭക്ഷണത്തിനു പകരം പ്രകൃതിദത്തമായ വിഭവങ്ങളാണു കൂടുതൽ ഉപയോഗിക്കുന്നത്. ഉപ്പ്, മധുരം എന്നിവയും നിയന്ത്രിതമായ അളവിലാണ് ഉപയോഗിക്കുക.

ADVERTISEMENT

ഈയടുത്തു നടന്ന ചില പഠനങ്ങളിൽ മെഡിറ്ററേനിയൻ ഡയറ്റ് ഹൃദയധമനീരോഗങ്ങൾ, മറവിരോഗം, അർബുദം എന്നിവയുടെ നിരക്കു കുറയ്ക്കുമെന്നു കണ്ടിരുന്നു.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടർന്ന 2380 പേരെ ട്രെഡ‍്മില്ലിൽ നടത്തിച്ച് അവരിലെ ഒാക്സിജൻ അളവു നോക്കിയാണ് ഫിറ്റ്നസ് അളന്നത്. പഠനത്തിൽ പങ്കെടുത്തവർ പോയ വർഷത്തിലെ അവരുടെ ഭക്ഷണതിരഞ്ഞെടുപ്പുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യാവലി പൂരിപ്പിച്ചു നൽകണമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഒാൾട്ടർനേറ്റീവ് ഹെൽതി ഈറ്റിങ്  ഇൻഡക്സും (ഭക്ഷണ ഗുണനിലവാരത്തെ അടിസ്ഥാനമാക്കിയുള്ള റേറ്റിങ്)  മെഡിറ്ററേനിയൻ ഡയറ്റ് സ്േകാറും കണക്കാക്കി അതുവച്ച് ഒാരോരുത്തരും കഴിച്ച ഭക്ഷണത്തിന്റെ ഗുണമേന്മ വിലയിരുത്തി.

ADVERTISEMENT

എന്നാൽ, ആരോഗ്യകരമായ ഭക്ഷണം വ്യായാമത്തിനു പകരമാണെന്നു ധരിക്കരുതെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ദിവസവും അഞ്ചു മിനിറ്റ് വച്ചാണെങ്കിലും നടക്കുന്നത് രക്തസമ്മർദവും പ്രമേഹവും കുറയ്ക്കും. ബാലൻസ് മെച്ചപ്പെടുത്താനും പേശികളുടെ വികാസത്തിനും കാലുകളിലെ അസ്ഥിസാന്ദ്രത മെച്ചപ്പെടുത്തുവാനും നടക്കുന്നതു സഹായിക്കും.

 

ADVERTISEMENT
ADVERTISEMENT