ADVERTISEMENT

ചൂടാണ്, കൊടുംചൂട്. നാടും നഗരവും പൊള്ളിച്ച് വേനൽ കത്തിക്കാളുമ്പോൾ ജനം വലയുകയാണ്. വേനൽച്ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൊള്ളുന്ന ചൂടിനെ പ്രതിരോധിക്കാൻ മുൻകരുതലുകൾ എടുക്കണം. ചൂടുകാലത്തെ അറിഞ്ഞു കൈകാര്യം ചെയ്യാം... 

സൂക്ഷിക്കുക ജലജന്യ രോഗങ്ങളെ 

ADVERTISEMENT

വേനലിൽ ജലജന്യരോഗങ്ങളെയും വായുവിലൂടെ പകരുന്ന രോഗങ്ങളെയും കരുതിയിരിക്കണം. വേനൽക്കാല പാനീയങ്ങൾ രോഗവാഹകരായേക്കാം. ചൂടിനെ പ്രതിരോധിക്കാനായി ശീതളപാനീയങ്ങൾ ഉൾപ്പെടെ പലതരത്തിലുള്ള പാനീയങ്ങൾ കുടിക്കും. വേനൽക്കാലത്തു ജലക്ഷാമം രൂക്ഷമാകുമ്പോൾ ഈ പാനീയങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാതെ വരും.

അതിനാൽ ജലജന്യ രോഗങ്ങളും ആഹാരം വഴിയുണ്ടാകുന്ന രോഗങ്ങളും കൂടും. വയറിളക്കരോഗങ്ങൾ വർധിക്കും. ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ പോലുള്ള രോഗങ്ങളെയും സൂക്ഷിക്കണം. വൈറസ് വ്യാപനം കൂടുന്നതിനാൽ ചിക്കൻപോക്സും മറ്റു വൈറൽ പനികളും വർധിക്കാനിടയുണ്ട്.

ADVERTISEMENT

ജാഗ്രതയോടെ നേരിടാം

ജലജന്യ രോഗങ്ങൾ പിടിപെടുന്നത് ഒഴിവാക്കാൻ പ്രത്യേക ജാഗ്രത പുലർത്തണം. നിർജലീകരണം സംഭവിക്കാനിടയാകാതെ വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. തിളപ്പിച്ചതും അല്ലാത്തതുമായ വെള്ളം കൂട്ടിച്ചേർത്ത് ഉപയോഗിക്കരുത്. പഴകിയ ആഹാരങ്ങൾ ഇടയ്ക്കിടെ ചൂടാക്കി കഴിക്കുന്ന ശീലം ഉപേക്ഷിച്ചേ മതിയാകൂ.

ADVERTISEMENT

കോവിഡ് കാലത്തു പതിവാക്കിയ, കൈകൾ കഴുകുന്ന ആരോഗ്യശീലം ഉപേക്ഷിക്കേണ്ട. കോവിഡ് ഉൾപ്പെടെയുള്ള വൈറൽ രോഗങ്ങൾ കൂടുന്നതിനാൽ മാസ്ക് ഉപയോഗം നിർബന്ധമാക്കണം. സൂര്യാഘാതം, സൂര്യാതപം എന്നിവ ഒഴിവാക്കാനായി, കൊടുംചൂടിൽ പുറത്തേക്ക് ഇറങ്ങുന്നത് കുറയ്ക്കുക.

(വിവരങ്ങൾ: ഡോ. സിതാര മാത്യു, ഫിസിഷ്യൻ, ജില്ലാ ആശുപത്രി, തൊടുപുഴ)

വ്യായാമം തുടർന്നോളൂ...

നമുക്ക് സാധ്യമായ ഏതു വ്യായാമങ്ങളും ഏതു കാലത്തും ചെയ്യാം. വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ കടുത്ത ചൂടുള്ള സമയം ഒഴിവാക്കണമെന്നു മാത്രം. രാവിലെയും വൈകിട്ടും വ്യായാമത്തിനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പ്രായഭേദമില്ലാതെ ഏതൊരാൾക്കും മാനസികവും ശാരീരികവുമായ ഉണർവ് നിലനിർത്താൻ വ്യായാമം കൊണ്ടു കഴിയും. അതിരാവിലെയുള്ള നടത്തം ദിവസം മുഴുവൻ ഉന്മേഷം നൽ‍കാൻ പര്യാപ്തമാണ്. ജോഗിങ്, സ്കിപ്പിങ് തുടങ്ങിയവയും ബാഡ്മിന്റൻ തുടങ്ങിയ ഗെയിമുകളും വളരെ ഗുണം ചെയ്യും.

ആവശ്യമായ അളവിൽ വെള്ളം കുടിക്കണം. കുട്ടികൾ അവധിക്കാലത്ത് കൂടുതൽ സമയവും ക്രിക്കറ്റും ഫുട്ബോളുമൊക്കെയായി മൈതാനങ്ങളിലായിരിക്കും. കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ മറക്കരുത്. കൊടും വേനലിൽ നട്ടുച്ചയ്ക്കുള്ള കളികൾ ഒഴിവാക്കണം. രാവിലെ 7 മുതൽ 10 വരെ മൈതാനക്കളികൾക്ക് അനുയോജ്യമാണ്.

മുൻ കാലങ്ങളിൽ കൃഷിപ്പണികൾ, നടന്നുള്ള യാത്രകൾ ഒക്കെ വ്യായാമത്തിന്റെ ഗുണം നൽകിയിരുന്നു. ഇന്ന് ഇക്കാര്യങ്ങളിൽ കുറവു വന്നതോടെ ആരോഗ്യ സംരക്ഷണത്തിന് വ്യായാമം അനിവാര്യമാണെന്ന സാഹചര്യമാണ് വന്നിരിക്കുന്നത്. ‘കളിസ്ഥലങ്ങളുടെ എണ്ണം കൂട്ടിയാൽ ആശുപത്രികളുടെ എണ്ണം കുറയ്ക്കാ’മെന്ന ആശയവും വ്യായാമത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു. 

(വിവരങ്ങൾ: പി.ടി. മത്തായി, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകൻ, കട്ടപ്പന)

ധരിക്കാം അയഞ്ഞ, ഇളം നിറമുള്ള വസ്ത്രങ്ങൾ

∙ വേനൽക്കാലത്ത് വായുസഞ്ചാരം സാധ്യമാക്കുന്ന തുണിത്തരങ്ങൾ ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ അണിയുന്നതാണ് ഉത്തമം. കോട്ടൺ, ലിനൻ പോലുള്ള തുണികൾ തിരഞ്ഞെടുക്കാം.

∙ ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിന് യോജിച്ചത്. പ്രത്യേകിച്ചും വെള്ള നിറം. കറുപ്പും മറ്റു കടും നിറങ്ങളും ചൂട് വലിച്ചെടുക്കുന്നവയാണ്. ചൂട് കൂടുതൽ അനുഭവപ്പെടുകയും ചെയ്യും.

∙ ഇറുക്കമുള്ള വസ്ത്രങ്ങൾ ഒഴിവാക്കാം. ചൂടുകാലത്തിന് യോജിക്കുന്നത് അയഞ്ഞ വസ്ത്രങ്ങളാണ്. ഓവർ സൈസ് ഷർട്ടുകളും ടോപ്പുകളും ബ്ലൗസുകളും തിരഞ്ഞെടുക്കാം. ഇറുകിയ വസ്ത്രങ്ങൾ ചൂട് കൂട്ടുക മാത്രമല്ല വിയർപ്പടിഞ്ഞ് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാനും കാരണമാകാം.

∙ സ്ലീവ്‌ലെസോ അയഞ്ഞ സ്ലീവുള്ളതോ ആയ വസ്ത്രങ്ങൾ വേനൽക്കാലത്തിന് ഏറെ യോജിച്ചവയാണ്. വായുസഞ്ചാരം കൂടുതലുണ്ടാകും എന്നതു തന്നെ കാരണം.  

∙ സാരികളിൽ കോട്ടൺ സാരികളാണ് മികച്ചത്. മൽമൽ കോട്ടൺ, ലിനൻ, ലിനൻ മിക്സ്ഡ് കോട്ടൺ, ഖാദി എന്നിവ തിരഞ്ഞെടുക്കാം. 

∙  ടീനേജ്, ചെറിയ കുട്ടികൾക്ക് ഇറക്കം കുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ നൽകാം. സ്കർട്ട്, ട്രൗസറുകൾ എന്നിവയെല്ലാം പരീക്ഷിക്കാം. സ്മൂത്ത് കോട്ടൺ ആണ് മികച്ചത്.

∙ പുരുഷന്മാർക്ക് പാന്റ്സിൽ ഡെനിം ഒഴിവാക്കാം. ലിനൻ ഷർട്ടുകൾ ഉപയോഗിക്കാം. ലിനൻ പാന്റ്സ്, ലൈറ്റ് വെയ്റ്റ് ഡെനിം എന്നിവ തിരഞ്ഞെടുക്കാം. ഹാഫ് / ഷോർട്ട് സ്ലീവുകൾ ധരിക്കുന്നതാണ് നല്ലത്. കോട്ടൺ ടീ ഷർട്ടുകളും നല്ലതാണ്. 

(വിവരങ്ങൾ: ജസ്ന വിനോജ്, ഫാഷൻ ഡിസൈനർ, ജസ് ഫിയോ ബുട്ടീക്, കൊച്ചി)

കുട്ടികൾക്ക് വേണം കരുതൽ

∙ അവധിക്കാലമായതിനാൽ കുട്ടികൾ കളിച്ചു നടക്കുന്ന സമയമാണ്. അവർ ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ നിർജലീകരണം ഉണ്ടാകാം. 

∙ വെയിൽ കൂടുതലുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് പകൽ 11 മുതൽ 3 വരെയുള്ള സമയത്ത് വെയിലത്ത് കളിക്കുന്നത് കുറയ്ക്കുക. 

∙ കുട്ടികൾ കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. 

(വിവരങ്ങൾ: ഡോ. ജേക്കബ് ഏബ്രഹാം, കൺസൽറ്റന്റ് പീഡിയാട്രിഷ്യൻ, സെന്റ് മേരീസ് ആശുപത്രി, തൊടുപുഴ)

ADVERTISEMENT