പതിവുപോലെ കാലുകൾ നീരുവച്ചു വീർത്തിട്ടുണ്ട്. ഉപ്പുവെള്ളത്തിലും ചൂടുവെള്ളത്തിലും കാലിറക്കിവച്ചുള്ള പരീക്ഷണം കഴിഞ്ഞു. ഇനി കാലുയർത്തിവച്ചു കിടന്നുറങ്ങാം. കാലുകളിൽ നീരോ വേദനയോ കണ്ടാൽ ഇതൊക്കെയാണ് പലരും പിന്തുടരുന്ന പരിഹാര മാർഗങ്ങൾ. എന്നാൽ കാലിലെ പ്രശ്നങ്ങളെ ഇത്രയ്ക്കു നിസാരമാക്കാമോ? ഓർക്കുക മുഖം മനസ്സിന്റെ കണ്ണാടിയെന്നതുപോലെ കാലുകൾ ആരോഗ്യത്തിന്റെ കണ്ണാടിയാണ്.
കാലുകളിൽ നീര് (എഡിമ)
ഏറെനേരം ഇരുന്നുള്ള യാത്രയ്ക്കു ശേഷവും അല്ലാതെയും കാലുകളിൽ നീർകെട്ടി നിൽക്കുന്ന അവസ്ഥ. പ്രത്യേക ചികിത്സ ചെയ്തില്ലെങ്കിലും നീര് കുറയുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ഏറെ നേരം നിൽക്കുകയോ ഇരിക്കുകയോ ചെയ്യുക, വ്യായാമം ഇല്ലാത്ത ജീവിത ശൈലി, ഉപ്പ് അധിക അളവിൽ സ്ഥിരം കഴിക്കുക, അമിത ഭാരം, ഗർഭാവസ്ഥ, രക്താതിമർദത്തിനുള്ള ചില മരുന്നുകളുടെ ഉപയോഗം, ഗർഭനിരോധന ഗുളികകൾ, ഹോർമോൺ തെറപ്പി, വിഷാദരോഗ ശമനത്തിനായുള്ള ഗുളികകൾ, സ്റ്റിറോയിഡുകൾ എന്നിവ കാലുകളിൽ നീരുണ്ടാക്കാം.
ജീവിതശൈലിയിൽ മാറ്റം, ഉപ്പു വെള്ളത്തിൽ കാലുകൾ മുക്കി വയ്ക്കുക, സപ്പോർട്ട് സ്റ്റോക്കിങ്സ് ധരിക്കുക, കാലുയർത്തി വച്ചു കിടക്കുക എന്നിവ കൊണ്ട് നീരു കുറയുന്നില്ലെങ്കിൽ ശ്രദ്ധിക്കണം.
ഒരു കാലിൽ മാത്രമാണ് നീരു വരുന്നതെങ്കിൽ അശുദ്ധ രക്തം തിരികെ കൊണ്ടു പോകുന്ന സിരകളിലോ (വെയിൻ) ലസികാവാഹിനികളിലോ (ലിംഫാറ്റിക് സിസ്റ്റം) ഉള്ള തടസ്സമായിരിക്കും. കാലിന്റെ വിരലുകൾ, കാൽക്കുഴ എന്നിവിടങ്ങളിലെ നീരിന് കാരണം ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നതാകാം. കാൽ സന്ധിയിൽ നീരും വേദനയും ഉണ്ടെങ്കിൽ ഗൗട്ട് ആർത്രൈറ്റിസ് സംശയിക്കണം.
ഹൃദയത്തിലേക്കു രക്തം എത്തുന്നതിൽ തടസ്സമുണ്ടായാൽ ഇരു കാലുകളിലും നീരു വരാം. ഒപ്പം ചുമ, ക്ഷീണം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് എന്നിവ കൂടിയുണ്ടെങ്കിൽ ഉടനടി ഡോക്ടറെ കാണണം. കരൾരോഗത്തിന്റെ ലക്ഷണമായും നീർക്കെട്ട് ഉണ്ടാകാം.
കാലിലെ ഞരമ്പുകളിൽ രക്തം കട്ടപിടിച്ചു ശ്വാസകോശത്തിലേക്കു കടക്കുന്ന പൾമനറി എംബോളിസം എന്ന അവസ്ഥയുടെയും തുടക്കം കാലിലെ നീരാണ്. വൃക്കകളുടെ തകരാറിന്റെ സൂചകമായും കാലുകളിൽ നീരുണ്ടാകും. കാലുകളിലെ നീരിനൊപ്പം മുഖത്തും മറ്റു ശരീരഭാഗങ്ങളിലും നീർക്കെട്ട് കൂടി വരിക,തളർച്ച, ശ്വാസംമുട്ട് എന്നിവയെല്ലാം ചേർന്ന് വൃക്കകളുടെ പ്രവർത്തനരാഹിത്യത്തിനു കാരണമാകും.
കാലുകളിൽ വേദന
തീരെ നടക്കാനാകുന്നില്ല. പാദങ്ങളിലാകെ വേദന. ആയാസപ്പെടാതിരിക്കുമ്പോൾ പോലും കാലുകൾക്കു വേദന അനുഭവപ്പെടുന്നു.
തൈറോയ്ഡ് ഗ്രന്ഥി ആവശ്യത്തിനു ഹോർമോണുകൾ ഉൽപാദിപ്പിക്കാത്ത അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. ഇതു പേശികളിലും സന്ധികളിലും വേദന, ദൃഢത, നീര് എന്നിവയുണ്ടാക്കാം. കാലിൽ സ്ഥിരമായി നീരും വേദനയും ഉണ്ടെങ്കിൽ തൈറോയ്ഡ് തോത് ആരോഗ്യകരമാണോ എന്നുറപ്പാക്കുക. വൈറ്റമിൻ ഡിയുടെ കുറവ് കാലുകളിലെ എല്ലുകളിൽ വേദനയായും ശരീരത്തിലാകെ എല്ലുകൾക്കു വേദനയായും പ്രത്യക്ഷപ്പെടാം.
പെരുവിരലിൽ മുഴ
പാദങ്ങളുടെ ആകൃതി നഷ്ടപ്പെടുത്തി പെരുവിരലുകൾക്കു താഴെയുള്ള എല്ലുകൾ പുറത്തേക്കു തള്ളുകയും അതൊരു മുഴയായി രൂപപ്പെടുകയും ചെയ്യുന്ന അവസ്ഥ.
പെരുവിരലിന്റെ വശത്തായി എല്ലുകൾ മുഴച്ചു വരുന്നതാണ് ബുണിയൻ. പെരുവിരലിനടിയിലെ എല്ല് പുറത്തേക്കു തള്ളി വരുന്നതാണു മുഴയായി തോന്നുന്നത്. പെരുവിരലിന്റെ തലഭാഗം ചെറിയ വിരലുകളിലേക്കു ചരിഞ്ഞിരിക്കുകയും ചെയ്യും. എല്ലുകൾ മുഴച്ചിരിക്കുന്ന ഭാഗത്ത് വേദനയും ചർമത്തിന് ചുവപ്പും ഉണ്ടാകാം.
ബുണിയൻ വേദനാജനകമാകുകയോ, ചെരുപ്പുകൾ ധരിക്കാൻ കഴിയാതെ മുഴയ്ക്കുകയോ ചെയ്താൽ ഡോക്ടറെ കാണാം. ബുണിയന് പ്രത്യേക ചികിത്സയില്ല. വേദനയുണ്ടെങ്കിൽ ശസ്ത്രക്രിയയാണ് പരിഹാരം.. ബുണിയൻ സ്പ്ലിന്റുകൾ ഉപയോഗിച്ച് ആകൃതിയിൽ കുറച്ചൊക്കെ മാറ്റം വരുത്താം. ആകൃതി വ്യത്യാസം കൂട്ടാത്ത വിധത്തിലുള്ള ചെരുപ്പുകൾ ഉപയോഗിക്കുക.
നഖങ്ങളുടെ നിറം മാറ്റം
നഖം കറുത്തു തുടങ്ങിയ ശേഷം അതു പുറത്തു കാണാതിരിക്കാൻ സ്ഥിരമായി നെയിൽ പോളീഷ് ധരിക്കുമായിരുന്നു. ഇപ്പോൾ നഖം ദുർബലമായി പൊട്ടി പോകുന്ന അവസ്ഥയാണ്.
നീല നിറം കലർന്ന നഖങ്ങൾ ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. എംഫിസെമ പോലുള്ള ശ്വാസകോശ പ്രശ്നങ്ങൾ ആയിരിക്കാം നഖങ്ങൾ നീലിക്കുന്നതിനു കാരണം. ഹൃദയപ്രശ്നങ്ങളുള്ളതിന്റെയും സൂചനയാകാം നീല നഖങ്ങൾ.
ഇരുണ്ട വരകളുള്ള വെളുത്ത നഖങ്ങൾ ഹെപ്പറ്റൈറ്റിസ് പോലുള്ള കരൾ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മഞ്ഞ നിറമുള്ള നഖങ്ങളുടെ സാധാരണ കാരണം ഫംഗസ് ബാധയാണ്. അണുബാധ ഗുരുതരമായാൽ നഖങ്ങൾ കൂടുതൽ മഞ്ഞ നിറമാകും.
തൈറോയ്ഡ്, ശ്വാസകോശ രോഗം, പ്രമേഹം, സോറിയാസിസ് പോലുള്ളവയുടെ സൂചനയായും നഖങ്ങളിൽ മഞ്ഞ നിറമുള്ള ഫംഗസ് ബാധയുണ്ടാകാം. നഖത്തിനു ചുറ്റുമുള്ള ചർമത്തിനു ചുവപ്പും തിണർപ്പും കാണപ്പെടുന്നുവെങ്കിൽ അണുബാധ ആണു കാരണം.
കാലിലെ ഉണങ്ങാത്ത വ്രണങ്ങൾ
തുടക്കം ഒരു നേർത്ത പാട്. സാവധാനം അതു പടരും. ചൊറിച്ചിൽ തുടങ്ങുമ്പോൾ മുറിവ് വരും. എന്തു ചെയ്തിട്ടും മുറിവ് കരിയാതിരിക്കുന്ന അവസ്ഥ.
ശുദ്ധരക്തത്തിന്റെ ലഭ്യത കുറയുന്നതും അശുദ്ധ രക്തം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതുമാണ് ഇതിനു കാരണം. കാലിൽ വ്രണം വരുന്നതിനു മുൻപ് ചർമത്തിന്റെ നിറം ഇരുണ്ടു വരും. കോശങ്ങൾക്ക് ശരിയായി ഓക്സിജൻ ലഭിക്കാതെ വരുന്നതോടെ കോശങ്ങളുടെ പ്രവർത്തനം കുറയുകയും നശിക്കുകയും ചെയ്യുന്നതാണ് നിറവ്യത്യാസത്തിന് കാരണം. ഈ ഭാഗത്തു വീക്കം, വേദന, അസഹ്യമായ ചൊറിച്ചിൽ എന്നിവ വരികയും സാവധാനം വ്രണമായി മാറുകയും ചെയ്യും. പ്രമേഹം, ക്ഷയം എന്നീരോഗങ്ങളോട് അനുബന്ധമായാണു നിറ വ്യത്യാസവും വ്രണങ്ങളും കാണപ്പെടുന്നത്.
കാലിലെ രക്തപ്രവാഹം ഊർജിതമാക്കാനുള്ള വ്യായാമങ്ങൾക്കൊപ്പം ശരിയായ പരിശോധനയും ചികിത്സയും ആവശ്യമാണ്.
കാലുകൾ തണുത്തിരിക്കുക
കാലുകൾ സദാ തണുത്തിരിക്കുന്ന അവസ്ഥയാണോ? കാലു കഴുകാനും വെള്ളത്തിലിറങ്ങാനും മടി തോന്നാറുണ്ട്.
വേനൽക്കാലത്തു പോലും പാദങ്ങൾക്കോ കാലുകൾക്കോ തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ കൊളസ്ട്രോ ൾ നില ഉയർന്നിരിക്കുന്നു എന്നു മനസ്സിലാക്കണം. ഉയർന്ന കൊളസ്ട്രോൾ മൂലം ഉണ്ടാകുന്ന രക്തപ്രവാഹത്തിലെ കുറവ് ചർമത്തിൽ നിറവ്യത്യാസം വരുത്താം. ചർമം വിളറിയോ നീല നിറത്തിലോ കാണപ്പെടും. കാലിലെ ധമനികൾ കൊളസ്ട്രോൾ മൂലം അടഞ്ഞു പോകുന്നത് കാലുകളിൽ വേദനയും തണുപ്പും ഉണ്ടാക്കും.
കടപ്പാട്:
ഡോ. പി.എ.സത്യപാലൻ
സീനിയർ കൺസൽറ്റന്റ് ഫിസിഷ്യൻ
ഇന്ദിരാഗാന്ധി കോ ഓപറേറ്റീവ്
ഹോസ്പിറ്റൽ, കൊച്ചി.
ഡോ. സണ്ണി പി ഓരത്തേൽ
മെഡിക്കൽ സൂപ്രണ്ട്,
കൺസൽറ്റന്റ് ഫിസിഷ്യൻ
രാജഗിരി ഹോസ്പിറ്റൽ, കൊച്ചി