നാരങ്ങ രുചികരമാണെന്ന് മാത്രമല്ല അത് ആരോഗ്യത്തിനും ത്വക്കിനും മുടിക്കും ഉപയോഗപ്രദവുമാണ്. നാരങ്ങ പിഴിഞ്ഞ് നീരെടുത്തതിനു ശേഷം തോട് എറിഞ്ഞു കളയുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ഇനി തോട് ദൂരേക്ക് എടുത്ത് കളയുന്നതിനു മുൻപ് ഒരുവട്ടം കൂടി ആലോചിക്കുക. നാരങ്ങയിലടങ്ങിയിരിക്കുന്ന വിറ്റമിനുകളെക്കാൾ 5 മുതൽ10 മടങ്ങ് വിറ്റമിനുകൾ നാരങ്ങാത്തോടിൽ അടങ്ങിയിട്ടുണ്ടത്രേ.
ധാരാളം വിറ്റമിനുകൾ, മിനറലുകൾ, കാത്സ്യം, നാരുകൾ, പൊട്ടാസ്യം, ശരീരത്തിന് പോഷണപരമായ ഉണർവേകുന്ന വിറ്റമിൻ സി എന്നിവയാൽ സംപുഷ്ടമാണ് നാരങ്ങാത്തോട്. മാത്രവുമല്ല നിരവധി ഔഷധഗുണങ്ങളും ഇതിനുണ്ടത്രേ.
കാൻസറിനെ പ്രതിരോധിക്കുന്നു
കാൻസറിനെ ചെറുക്കാൻ നാരങ്ങാത്തോടിനു കഴിയുമെന്നാണ് വിദഗ്ധ വാദം. ഇതിലടങ്ങിയിരിക്കുന്ന സാൽവസ്ട്രോൾ, ലിമോനിൻ എന്നിവയാണ് കാൻസറിനെ പ്രതിരോധിക്കുന്നത്. ചായയിൽ നാരങ്ങാത്തോട് ഇട്ട് ഉപയോഗിക്കുന്നത് അർബുദ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ പറയുന്നു.
അമ്ല സ്വഭാവമുള്ള ശരീരത്തിൽ അർബുദ വ്യാപനം പെട്ടെന്ന് സംഭവിക്കും. നാരങ്ങാത്തോട് ആൽക്കലൈൻ ആയതിനാൽ ശരീരത്തിലെ PH നിലനിർത്താൻ ഇത് സഹായിക്കുന്നു. ബാക്ടീരിയയെയും ഫംഗസിനെയും ചെറുക്കുന്നു. നാരങ്ങ നേരിട്ട് ശരീരത്തിലുപയോഗിക്കുമ്പോൾ ഇതിലെ താഴ്ന്ന PH ശരീരകാന്തിക്ക് ഉപയോഗിക്കപ്പെടുന്നു.
എല്ലുകളുടെ ബലത്തിന്
നാരങ്ങാത്തൊണ്ടിൽ ഉയർന്ന അളവിലുള്ള വിറ്റമിൻ സിയും കാൽസ്യവും ഉള്ളതിനാൽ എല്ലുകളുടെ ശക്തിക്ക് പ്രയോജന പ്രദമാണ്. അസ്ഥി സംബന്ധ രോഗങ്ങളായ ശരീരത്തിൽ നീർക്കെട്ടു വരുത്തുന്ന പോളി ആർത്രൈറ്റിസ്, ഓസ്റ്റിയോ പെറോസിസ് വാതം എന്നിവ തടയാനും ഇത് സഹായിക്കുന്നു.
പല്ലുകളുടെ ആരോഗ്യത്തിന്
വിറ്റമിൻ സി യുടെ കുറവ് പല്ലുകളുമായി ബന്ധപ്പെട്ട അസുഖങ്ങളായ സ്കർവി, മോണയിൽ നിന്ന് രക്തം വരുക, മോണ പഴുപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. സിട്രിക് ആസിഡ് നാരങ്ങാത്തോടിൽ ധാരാളമുള്ളതിനാൽ അത് വിറ്റമിൻ സി യുടെ കുറവ് പരിഹരിക്കുന്നു. സാധാരണ ദന്തരോഗങ്ങൾ ചെറുക്കാൻ സഹായിക്കുന്നു.
ഭാരം കുറയ്ക്കുന്നു
നാരങ്ങാത്തോടിലടങ്ങിയിരിക്കുന്ന പെക്ടിൻ ശരീരഭാരം കുറയാൻ സഹായിക്കും. ഓക്സിഡേറ്റീവ് സ്ട്രസ്സ് സുഖപ്പെടുത്തുന്നു. നാരങ്ങാത്തൊണ്ടിൽ വലിയ അളവിൽ അടങ്ങിയിരിക്കുന്ന സിട്രസ് ബയോ ഫ്ലവനോയ്ഡ്സ് ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രസ്സ് കുറയ്ക്കുന്നു.
കൊളസ്ട്രോള്‍ കുറച്ച് ഹൃദയസംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നു
ശരീരത്തിലെ കൊളസ്ട്രോളിനെ കുറയ്ക്കുന്നത് നാരങ്ങാത്തോടിലെ പോളിഫിനോൾ ഫ്ലാവനോയ്ഡ്സ് ആണ്. നാരങ്ങാത്തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം കുറയ്ക്കാൻ സഹായകരമാണ്. ഇതിനെല്ലാമുപരി ഹൃദയാഘാതം, ഹൃദയ സ്തംഭനം എന്നിവ തടയുന്നതിനും കൊളസ്ട്രോൾ കുറയ്ക്കുന്നത് വഴി സാധിക്കും.
ത്വക്ക് സംബന്ധമായ രോഗങ്ങൾ ചെറുക്കുന്നു
മുഖക്കുരു, മുഖത്തെ ചുളിവ്, കറുത്തപാട്, കാര എന്നിവയ്ക്ക് പ്രതിവിധിയായി നാരങ്ങാത്തോട് ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെ നശിപ്പിക്കുന്നു.
പ്രതിരോധ ശക്തിയും ദഹനശക്തിയും വർധിപ്പിക്കുന്നു
നാരങ്ങാത്തൊണ്ടിലടങ്ങിയിരിക്കുന്ന ദഹനം എളുപ്പമാക്കുന്ന ഫൈബറുകൾ (നാരുകള്‍) ദഹനത്തെ എളുപ്പമാക്കുകയും ശോധന കൃത്യമാക്കുകയും ചെയ്യുന്നു. വിറ്റമിൻ സി അണുബാധയെ ചെറുക്കുന്നു.
രക്തക്കുഴലുകളെ ബലപ്പെടുത്തുന്നു
നാരങ്ങാത്തോടിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ ആന്തരിക സ്രാവം തടയാൻ ഉപയോഗിക്കുന്നു. കൂടാതെ ഉയർന്ന രക്തസമ്മർദം കുറയ്ക്കാനും ഇത് സഹായകമാകുന്നു.
നാരങ്ങാത്തൊലി എങ്ങനെ ഉപയോഗിക്കാം
ഇവ നന്നായി തണുപ്പിച്ച ശേഷം നേർമമായി അരിയുക. ഇത് ഭക്ഷണ പാനീയങ്ങളിൽ ചേർത്ത് ഉപയോഗിക്കാം.
∙ നാരങ്ങാ മസാലക്കൂട്ട്
നാരങ്ങാത്തൊലി ഒരു ഓവനിൽ വേവിക്കുക. കുരുമുളകും ഉപ്പും ചേർത്ത് ഇളക്കി ഉപയോഗിക്കുക.
∙ നാരങ്ങാതൊലി ഉണക്കിയ ശേഷം നന്നായി പൊടിച്ചെടുക്കുക. ഇത് വെള്ളം ചാലിച്ച് മുഖത്ത് പുരട്ടുന്നത് മിനുസമുള്ള മുഖത്തിന് സഹായിക്കും.
∙ നാരങ്ങാത്തൊലിയും മുറിച്ചെടുത്ത നാരങ്ങാ കഷണവും വെള്ളത്തിലിട്ട് ഫ്രിഡ്ജിൽ വയ്ക്കുക. ഇപ്രകാരം നാരങ്ങ സൂക്ഷിക്കുന്നത് ഇവ പെട്ടന്ന് കേടാകാതിരിക്കാൻ സഹായിക്കും. ആവശ്യമനുസരിച്ച് നാരങ്ങാ പിഴിഞ്ഞ് വെള്ളം ചേർത്ത് കഴിക്കുക.