Monday 28 November 2022 11:30 AM IST : By സ്വന്തം ലേഖകൻ

ഗുരുതരാവസ്ഥയിലായ അച്ഛന് കരൾ പകുത്തുനൽകാൻ അനുമതി തേടി 17 വയസ്സുകാരി മകൾ! മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിർദേശം

liver456777

കരൾ രോഗത്തെത്തുടർന്നു ഗുരുതരാവസ്ഥയിലായ പിതാവിനു കരൾ പകുത്തു നൽകാൻ പ്രത്യേകാനുമതി തേടി 17 വയസ്സുകാരി നൽകിയ ഹർജിയിൽ ഹർജിക്കാരിയോടു മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്കു മുൻപാകെ ഹാജരാകാനും തുടർന്നു ഡയറക്ടർ 3 ദിവസത്തിനകം തീരുമാനമെടുക്കാനും ഹൈക്കോടതി നിർദേശിച്ചു.

തൃശൂർ കോലഴി സ്വദേശി പി.പി. ദേവനന്ദ നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി. അരുൺ ഇടക്കാല ഉത്തരവിട്ടത്.എറണാകുളത്തു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പി.ജി. പ്രതീഷിനു ചേരുന്ന കരൾ കണ്ടെത്താൻ ഏറെ പരിശ്രമിച്ചെങ്കിലും കുടുംബത്തിനു കഴിഞ്ഞില്ല. അടിയന്തരമായി അവയവമാറ്റ ശസ്ത്രക്രിയ നടന്നില്ലെങ്കിൽ രക്ഷപ്പെടാൻ ബുദ്ധിമുട്ടാണ് എന്ന അവസ്ഥയാണ്.

ഈയിടെ നടന്ന പരിശോധനയിൽ ദേവനന്ദയുടെ കരൾ ചേരുമെന്നു വ്യക്തമായി. പിതാവിനു കരൾ പകുത്തു നൽകാൻ മകൾ തയാറാണെങ്കിലും നിയമം വിലങ്ങുതടിയായതോടെയാണു  ഹൈക്കോടതിയിലെത്തിയത്. 1994 ലെ അവയമാറ്റ നിയമപ്രകാരം, പ്രായപൂർത്തിയാകാത്ത ഒരാളുടെ അവയവങ്ങൾ ദാനം ചെയ്യുന്നതിനു ചില അസാധാരണമായ മെ‍ഡിക്കൽ സാഹചര്യങ്ങളിലൊഴികെ വിലക്കുണ്ട്.

ഇക്കാര്യത്തിൽ ബന്ധപ്പെട്ട അതോറിറ്റിയുടെയും സർക്കാരിന്റെയും അനുമതി വേണം. അതോറിറ്റിയായി മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടറെയാണു സർക്കാർ നിയോഗിച്ചതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. സർക്കാരിനും അതോറിറ്റിക്കും ഹർജിക്കാരി അപേക്ഷ നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.

തുടർന്നു ഹർജിക്കാരി അമ്മയ്ക്കോ മറ്റേതെങ്കിലും കുടുംബാംഗത്തിനോ ഒപ്പം മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ മുൻപാകെ ഹാജരാകാൻ കോടതി നിർദേശം നൽകി. ചട്ടപ്രകാരം, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ തീരുമാനമെടുക്കണം. 3 ദിവസത്തിനകം ഇതുസംബന്ധിച്ച നടപടികൾ സ്വീകരിക്കാനാണു കോടതി നിർദേശം നൽകിയത്. ഹർജി 30നു വീണ്ടും പരിഗണിക്കും.

Tags:
  • Health Tips
  • Glam Up