Wednesday 06 March 2024 11:16 AM IST : By സ്വന്തം ലേഖകൻ

‘മൂന്നു മാസമായിട്ടും വിട്ടുമാറാത്ത ചുമ’; വളർത്തു പക്ഷികളിൽ നിന്നു പകരുന്ന ശ്വാസകോശ രോഗം! ഡോക്ടര്‍ പറയുന്നു

lungdd5rgtg മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുന്ന ഡോ. എ. ഫത്തഹുദീൻ....

ജലദോഷവും അനുബന്ധമായി ഉണ്ടാകുന്ന ചുമയും വൈറസ് രോഗങ്ങൾ ആയതിനാൽ അവയുടെ ചികിത്സയുടെ ഭാഗമായി അധികം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശ്വാസകോശ വിഭാഗം മേധാവി ഡോ. എ. ഫത്തഹുദീൻ. മലയാള മനോരമ സംഘടിപ്പിച്ച ഡോക്ടറോടു സംസാരിക്കാം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശ്വാസകോശരോഗ ബാധിതരിൽ 80 ശതമാനത്തിലേറെ പേർക്കും രോഗ കാരണമാകുന്നത് വൈറസാണ്. ലക്ഷണത്തിനൊത്ത ചികിത്സയാണു വേണ്ടത്. ശ്വാസകോശ നാളികൾ വികസിപ്പിക്കുന്നതിനും നീർവീഴ്ച കുറയ്ക്കുന്നതിനുമുള്ള മരുന്നുകളാണ് അഭികാമ്യം. ആവി പിടിക്കുന്നതും ഗുണ ചെയ്യും.

ചുമ രണ്ടാഴ്ചയിൽ കൂടുതൽ തുടർന്നാൽ നിർബന്ധമായും എക്സ്റേയും രക്തപരിശോധനയും നടത്തണം. ന്യുമോണിയ, ആസ്മ, ക്ഷയം എന്നിവയിൽ ഏതെങ്കിലും ബാധിച്ചിട്ടുണ്ടോയെന്ന് അറിയാൻ വേണ്ടിയാണിത്.കോവിഡിനു ശേഷം 2 ആഴ്ചയിൽ കൂടുതൽ ചുമ തുടരുന്ന കേസുകൾ കൂടിവരുന്നുണ്ട്. കോവിഡ് ബാധിച്ചു ഭേദമായാലും അതിന്റെ പ്രശ്നങ്ങൾ 6 മാസം മുതൽ 2 വർഷംവരെ തുടരാം. അതിന്റെ ഭാഗമായി ബ്രെയിൻ ഫോഗിങ് വരെ സംഭവിക്കാറുണ്ട്. രാവിലെ കുട്ടിയെ സ്കൂളിൽ വിട്ടശേഷം ബാങ്കിൽ പോയിട്ടു വരാമെന്നു തീരുമാനിച്ചായിരിക്കാം വീട്ടിൽ നിന്ന് ഇറങ്ങുന്നത്. പക്ഷേ, വീട്ടിൽ മടങ്ങിയെത്തിയ ശേഷമായിരിക്കും ബാങ്കിൽ കയറിയില്ലല്ലോയെന്ന് ഓർക്കുക. ഇത്തരം പ്രശ്നങ്ങളിൽ പരിഭ്രമിക്കേണ്ട. കാലാന്തരത്തിൽ ഇതു മാറും. ഈ അവസ്ഥകളെ അകറ്റാൻ നമ്മുടെ ഭാഗത്തുനിന്നു ബോധപൂർവമായ ശ്രമങ്ങളും വേണം. 

∙ രാത്രി ചുമ കൂടുന്നത് എന്തുകൊണ്ട്? 

ശ്വസന പ്രക്രിയയുടെ ഭാഗമായി ശ്വാസകോശത്തിന്റെ സങ്കോചവും വികാസവും രാത്രിയാകുമ്പോൾ കൂടും. പ്രത്യേകിച്ച് ഉറങ്ങുന്ന സമയത്ത്. മൂക്കിൽ നിന്നു കഫം ഇറ്റു തൊണ്ടയിലേക്കു വീഴുന്നതും രാത്രിയിലാണ്. അപ്പോൾ തൊണ്ട അസ്വസ്ഥമാകുകയും ചുമയ്ക്കുകയും ചെയ്യും. ആഡിസ് റിഫ്ലക്സ് കൂടി ഉണ്ടാകുമ്പോൾ രാത്രിയിലെ ചുമ ദുഃസ്സഹമാകും. പകൽ ഈ പ്രശ്നങ്ങൾ അധികമായി ഉണ്ടാകില്ല. രാത്രി ചുമ നീണ്ടു നിൽക്കുന്നുണ്ടെങ്കിൽ അത് ആസ്മയുടെ ലക്ഷണമായി കാണണം.

∙ അലർജി തിരിച്ചറിയാൻ പറ്റുമോ?

സ്വയം നിരീക്ഷിച്ചു കണ്ടെത്താം. അടുക്കള, പൂന്തോട്ടം, അടച്ചിട്ട മുറി, സ്പ്രേയുടെ ഉപയോഗം...അങ്ങനെ ഏതെങ്കിലും സ്ഥലത്തോ സന്ദർഭത്തിലോ തുമ്മലും ചുമയും ഉണ്ടാകുന്നുണ്ടെങ്കിൽ അലർജിയുടെ അറിയിപ്പായിട്ടെടുക്കണം.

∙ രാത്രിയിലെ കുളിയും ഫാനിന്റെ താഴെ ഉറക്കവും പാടില്ലേ?

രാത്രി കുളിക്കുന്നതു ചുമയ്ക്കും ജലദോഷത്തിനും കാരണമാകില്ല. ചിലർക്ക് ഫാനിന്റെ അടിയിൽ കിടന്നാൽ ജലദോഷം വരും. ഫാനിൽ പൊടി ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. 

∙ വളർത്തു പക്ഷികളിൽ നിന്നു രോഗം 

വെഞ്ഞാറമൂട്ടിൽ നിന്നു വിളിച്ച ആൾക്കും ഭാര്യയ്ക്കും മകനും 3 മാസമായിട്ടും ചുമ മാറുന്നില്ല. മരുന്നു കഴിക്കുമ്പോൾ ഒന്നു രണ്ടു ദിവസം ചുമ കുറയും. വൈകാതെ വീണ്ടും ചുമ തന്നെ. ചുമയ്ക്കുമ്പോൾ ഭാര്യയ്ക്ക് അറിയാതെ മൂത്രം പോകാറുണ്ട്. വീട്ടിലെ സാഹചര്യങ്ങളെല്ലാം മനസ്സിലാക്കിയ ഡോ. ഫത്തഹുദീൻ ചോദിച്ചു, വീടിനോടു ചേർന്ന് പക്ഷികളെ വളർത്തുന്നുണ്ടോ? വീടിന്റെ മുകളിൽ കോഴിക്കൂട് ഉണ്ടെന്നു സജി പറഞ്ഞു. ഹൈപ്പർ സെൻസിറ്റിവിറ്റി ന്യൂമോണൈറ്റിസ് രോഗമാകാൻ സാധ്യതയുണ്ടെന്നു ഡോക്ടർ പറഞ്ഞു.

ഇതു ചികിത്സിച്ചു ഭേദമാക്കാം. പക്ഷികൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെ ശരീരത്തിൽ തൂവലിന്റെയും രോമത്തിന്റെയും അടിയിൽ എണ്ണ പോലത്തെ ദ്രാവകം ഉണ്ട്. ഇതു ശ്വാസനാളത്തിൽ എത്തിയാൽ പ്രശ്നമാകും. വീട്ടിനുള്ളിൽ ലവ് ബേർഡിനെ വളർത്തുന്നതും വളർത്തുമൃഗങ്ങൾക്കു കിടക്കയിലും മറ്റു കയാറാൻ അവസരം നൽകുന്നതും ശരിയല്ല. പക്ഷികളെയും മൃഗങ്ങളെയും വീടിനു പുറത്താണു വളർത്തുന്നതെങ്കിലും നല്ല വൃത്തിയും മതിയായ സൗകര്യങ്ങളും ഒരുക്കണം. ഇവിടെ ചിക്കൻ ഫാമിലോ കടയിലോ പോയാൽ കടുത്ത ദുർഗന്ധം ഉണ്ടായിരിക്കും. നടത്തിപ്പുകാരുടെ വൃത്തിയില്ലായ്മയാണു രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.

Tags:
  • Health Tips
  • Glam Up