Friday 09 April 2021 02:29 PM IST

പോഷകം 40 ഇരട്ടി, കാൻസർ രോഗത്തെ അകറ്റി നിർത്തും; ഡയറ്റിൽ ഉൾപ്പെടുത്തൂ മൈക്രോ ഗ്രീൻസ് റെസിപ്പികൾ

Ammu Joas

Sub Editor

ddhhnn6543dygugu

വിജയത്തിലേക്ക് കുറുക്കുവഴികൾ ഇല്ലായിരിക്കാം. പക്ഷേ, ആരോഗ്യത്തിലേക്കുണ്ട്. അതാണ് മൈക്രോഗ്രീൻസ്. സ്ത്രീകൾ 100 ഗ്രാം, പുരുഷന്മാർ 40 ഗ്രാം വീതമെങ്കിലും ഇലക്കറികൾ കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്.

എന്നും ചീരയും മുരിങ്ങയിലയും മാത്രം പോരല്ലോ. വെറൈറ്റി വേണ്ടേ. ഇതൊക്കെ കൃഷി ചെയ്തുണ്ടാക്കൽ നടക്കുമോ? ഇങ്ങനെ പലതും പറഞ്ഞു സ്വയം മടുപ്പിക്കുന്ന  മടിയന്മാരും ‘ഡൗട്ടടിപ്പി’കളും അറിയൂ, ആരോഗ്യത്തിലേക്കു ഏറ്റവും എളുപ്പമുള്ള വഴിയാണ് മൈക്രോഗ്രീൻസ്.

അധികം അധ്വാനമില്ലാതെ നട്ടു മുളപ്പിക്കാം. അതിനേക്കാൾ എളുപ്പത്തിൽ വിഭവമാക്കാം. ജീവിതശൈലിയുടെ ഭാഗമാക്കിയാൽ മൈക്രോഗ്രീൻസ് നൽകുന്ന പ്രതിരോധത്തിന്റെ പച്ചവേലി കടന്ന് രോഗങ്ങളും വരില്ല.

എന്താണ് മൈക്രോഗ്രീൻസ്

വിത്തു മുളച്ച് രണ്ട് ഇല പരുവമായാൽ മൈക്രോഗ്രീൻസ് ആയി. ചീര വിത്ത്, ചിയ സീഡ്സ്, ഫ്ലാക്സ് സീഡ്സ് എന്നീ വിത്തുകൾ, റാഗി, ഗോതമ്പ് പോലുള്ള ധാന്യങ്ങൾ, വൻപയർ, ചെറുപയർ എന്നിങ്ങനെ പയറു വർഗങ്ങൾ തുടങ്ങിയവയെല്ലാം മൈക്രോഗ്രീൻസ് ആക്കാം.

എങ്ങനെ നടാം

ഒരു തരി മണ്ണു പോലുമില്ലാതെ വളർത്താമെന്നതാണ് മൈക്രോഗ്രീൻസിന്റെ പ്രത്യേകത. പഴയ ടിൻ, പാഴ്സൽ ലഭിക്കുന്ന പാത്രം, വലിയ പാത്രങ്ങളുടെ അടപ്പ് തുടങ്ങി ഏതു പാത്രത്തിലും ഇവ അനായാസം വളർത്താം. വിത്തു പാകിയ ട്രേയോടെ  മേശപ്പുറത്തോ അടുക്കളയുടെ കൗണ്ടർ ടോപ്പിലോ ഇവ വയ്ക്കാം. കാലാവസ്ഥ പ്രശ്നമേയല്ല. മൈക്രോഗ്രീൻസ് വളർത്താൻ മൂന്നു വഴികളിതാ...

മണ്ണില്‍ പാകാം: പരന്ന ട്രേയുടെ അടിയിൽ വെള്ളം ഒലിച്ചു പോകാനായി ചെറുദ്വാരങ്ങളിടുക. ഇനി അരയിഞ്ച് കനത്തിൽ മണ്ണു നിറച്ച് അതിൽ അര സെന്റിമീറ്റർ കനത്തിൽ ചകിരിച്ചോർ നിരത്തി വിത്തുകൾ പാകാം. ചകിരിച്ചോർ മാത്രം നിരത്തിയാലും  മതി. നടീൽ മിശ്രിതം നിരത്തുമ്പോൾ അമർത്തരുത്. വായു കടക്കാതിരുന്നാൽ വിത്തുകൾ മുളച്ചില്ലെന്നു വരാം.

പേപ്പറില്‍ വിത്തിടാം: ദ്വാരമിട്ട പാത്രത്തിൽ മൂന്നു വലിയ ടിഷ്യൂ പേപ്പർ വയ്ക്കുക. പേപ്പർ നനഞ്ഞു കുതിരുന്ന അളവിൽ വെള്ളം സ്പ്രേ ചെയ്യുക. വെള്ളം കെട്ടിക്കിടക്കരുത്. ഇതിൽ മുളപ്പിച്ച വിത്തുകൾ ഇട്ടു കൊടുക്കാം. (ആറു മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്ത വിത്തുകൾ കിഴികെട്ടി എട്ടു മണിക്കൂർ വച്ചാൽ മുളച്ചു കിട്ടും.) വിത്തിനു മുകളിൽ ഒരു ടിഷ്യൂ പേപ്പർ വച്ചു മൂടി അതിനു മുകളിലും വെള്ളം സ്പ്രേ ചെയ്യുക. പാത്രം രണ്ടുദിവസം മൂടിവയ്ക്കണം. തൈ മുളച്ചു തുടങ്ങിയാൽ വെയിൽ ലഭിക്കുന്നിടത്തേക്ക് മാറ്റി തുറന്നു വയ്ക്കാം.

ഹൈഡ്രോപോണിക്സ്: തുളയുള്ള പ്ലാസ്റ്റിക് പാത്രങ്ങളില്‍ വിത്ത് വിതറി വയ്ക്കുക. മറ്റൊരു പാത്രത്തിൽ വെള്ളമെടുത്ത് വിത്തിട്ട പാത്രം ഇതിലേക്ക് ഇറക്കി വയ്ക്കുക. മുളച്ച വിത്തുകൾ ഉള്ള പാത്രത്തിന്റെ താഴ്ഭാഗം മാത്രമേ വെള്ളത്തിൽ സ്പർശിക്കാവൂ. വിത്തുകൾ വെള്ളത്തിൽ മുങ്ങിക്കിടന്നാൽ ചീഞ്ഞു പോകും. വിത്ത് മുളച്ചാൽ വേരുകൾ പാത്രത്തിലെ ദ്വാരത്തിനിടയിലൂടെ താഴേക്ക് നീളും. മൂന്നു ദിവസം കൂടുമ്പോൾ വെള്ളം മാറ്റിക്കൊടുക്കണം. പാകമായാൽ വേരുകൾപ്പെടെ എളുപ്പത്തിൽ വൃത്തിയാക്കാമെന്നതാണ് ഈ രീതിയുടെ പ്രത്യേകത.

പയറിനങ്ങൾ പാകി മൂന്നാം ദിവസം മുള വരും. മല്ലി, ഉലുവ, കടുക് എന്നിവ മുള പൊട്ടാൻ അതിലും സമയമെടുക്കും. അതിനാൽ തന്നെ ഓരോ ഇനങ്ങളും പറിച്ചെടുക്കേണ്ട സമയം വ്യത്യാസപ്പെടും. എന്നാലും വിത്തു പാകി രണ്ടാഴ്ചയ്ക്കുള്ളിൽ മൈക്രോ ഗ്രീൻസ് ‘കൊയ്യാം.’ ഈ സമയത്ത് ഒന്നര–മൂന്നിഞ്ച് ഉയരം കാണും ഇവയ്ക്ക്. നടീൽ മിശ്രിതത്തിൽ പാകി മുളപ്പിച്ച ചെറുതൈകൾ രണ്ടില പരുവത്തിൽ വേരോടെ പിഴുത് കഴുകിയെടുക്കുകയോ വേരില്ലാതെ മുറിച്ചെടുത്തോ തോരനോ സാലഡോ ഒക്കെയാക്കാം.

പോഷകം 40 ഇരട്ടി

മുളപ്പിച്ച വിത്തുകളേക്കാളും വിളവെടുക്കാൻ പാകമായ പച്ചക്കറികൾ, ഇലക്കറികൾ എന്നിവയേക്കാളും പോഷകം നിറഞ്ഞതാണ് മൈക്രോ ഗ്രീൻസ്. വിളവായി പാകമെത്തുമ്പോഴുള്ളതിനേക്കാൾ നാലു മുതൽ 40 മടങ്ങ് വരെ അധിക പോഷകമൂല്യമുണ്ട് മൈക്രോ ഗ്രീൻസിൽ. വൈറ്റമിൻ ഇ, കെ, സി, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, സിങ്ക്, അയൺ, മഗ്‌നീഷ്യം, കോപ്പർ, ആന്റി ഓക്സിഡന്റ്സ് എന്നിവയാൽ സമ്പുഷ്ടമായ ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. സൂപ്പർ ഫൂഡ് അഥവ ഫങ്ഷനൽ ഫൂഡ് എന്നു മൈക്രോ ഗ്രീൻസ് അറിയപ്പെടുന്നതിന്റെ കാരണവും ഇതാണ്.

രോഗപ്രതിരോധശേഷി, ഹൃദായാരോഗ്യം എന്നു തുടങ്ങി കാൻസറിനെ ചെറുക്കാൻ പോലും കെൽപുണ്ട് മൈക്രോ ഗ്രീൻസിന്. അയണും ഫോളിക് ആസിഡും അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇതു പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ഓട്ടോ ഇമ്യൂൺ രോഗങ്ങൾക്കും അൽസ്ഹൈമേഴ്സ് രോഗത്തിനും മൈക്രോഗ്രീൻസിലെ പോളിഫെനോൾസ് ഗുണം ചെയ്യും. പൊട്ടാസ്യം, ഫൈബർ എന്നിവ ഉയർന്ന രക്തസമ്മ ർദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കും. പ്രമേഹരോഗികൾ ഉലുവ കൊണ്ടുള്ള മൈക്രോഗ്രീൻസ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്‍ ക്രമീകരിക്കാൻ സഹായിക്കും ചെയ്യും.

ശ്രദ്ധിക്കാൻ ഇക്കാര്യങ്ങൾ

∙ മൈക്രോഗ്രീൻസ് ദിവസം ഒരു നേരം മാത്രം നനച്ചാൽ മതി. വിത്തു മുളച്ചു തുടങ്ങുമ്പോൾ മുതൽ വെയിൽ ഉറപ്പാക്കണം.

∙ ജീരകം, മുതിര, കടുക് എന്നിവ ഒന്നോ രണ്ടോ മണിക്കൂർ വെള്ളത്തിൽ കുതിർത്തു വച്ചശേഷം വേണം പാകാൻ. പയറിനങ്ങൾ, കടല, ഉഴുന്ന് എന്നിവ എട്ടു മണിക്കൂർ വെള്ളത്തിലിട്ടു വയ്ക്കണം. ചീര വിത്തുകളും മറ്റും നേരിട്ടു പാകാം.

∙ മല്ലി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നതിനു മുൻപോ ശേഷമോ ഒരു പേപ്പറിൽ നിരത്തി മുകളിൽ മറ്റൊരു പേപ്പർ ഇട്ട് ചപ്പാത്തിക്കോലു കൊണ്ട് മെല്ലേ ഉരുട്ടുക. മല്ലി പിളർന്നു കിട്ടും. ഇതു പാകിയാൽ നല്ല വിളവു കിട്ടും.

∙ മുളപ്പിച്ച വിത്ത് ഇടുന്ന പാത്രം, ടവൽ എന്നിവ വൃത്തിയുള്ളതും വെള്ളം ശുദ്ധവുമാകണം.

∙ സൂര്യപ്രകാശം കുറഞ്ഞാൽ ചെടി വളഞ്ഞു വന്ന് മണ്ണിൽ തൊടും. പിന്നീട് ഇവ ഉപയോഗശൂന്യമാകാം.

∙ മിക്ക മൈക്രോഗ്രീൻസും ഒറ്റത്തവണയേ വിളവെടുക്കാനാകൂ. എന്നാൽ ഗോതമ്പു പോലെയുള്ളവ മൂന്നു തവണ വരെ മുറിച്ചെടുത്ത് ഉപയോഗിക്കാം.

∙ ചെറിയ വിത്തുകൾ പാകുമ്പോൾ മണ്ണിനടിയിലേക്ക് താഴ്ത്തി വയ്ക്കേണ്ട. ഇവ മുളച്ചു വരാൻ പ്രയാസമാകും. പയർ പോലുള്ളവ വിതറിയശേഷം മുകളിൽ അൽപം മണ്ണു വിതറാം.

∙ ജലാശം നിലനിർത്താനായി വിത്തു പാകിയ പാത്രം അടച്ച് വയ്ക്കാം. രണ്ടു മൂന്നു ദിവസം കഴിയുമ്പോൾ ഇല വന്നു തുടങ്ങും. അതിനു ശേഷം തുറന്നു വയ്ക്കാം.

∙ ഇലകള്‍ മുറിച്ചെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. കുപ്പിയിലാക്കി ഫ്രജിൽ സൂക്ഷിക്കാമെങ്കിലും ദിവസം കഴിയും തോറും പോഷകമൂല്യം കുറയാം.

പച്ചയ്ക്കു കഴിക്കാം

മൈക്രോഗ്രീൻസ് വേവിക്കാതെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. എല്ലാ പച്ചക്കറികളും ഇലക്കറികളും പാകം ചെയ്യുമ്പോൾ പോഷകമൂല്യം കുറയാറുണ്ട്. ഇതൊഴിവാക്കാൻ മൈത്രോ ഗ്രീൻസ് പച്ചയ്ക്കു തന്നെ കഴിക്കാം. വീട്ടിൽ തന്നെ യാതൊരു വിധ കീടനാശിനിയും ഉപയോഗിക്കാതെ വളർത്തിയതിനാൽ തെല്ലും പേടി വേണ്ടല്ലോ.

സാലഡ്, സാൻവിച്ച്, ചപ്പാത്തി റോൾസ് എന്നിവയില്‍ വേവിക്കാത്ത മൈക്രോ ഗ്രീൻസ് ഉൾപെടുത്താം. സൂപ്പ്, ഓംലെറ്റ്, കറികൾ എന്നിവ അലങ്കരിക്കാനും മൈക്രോഗ്രീൻസ് തിരഞ്ഞെടുത്തോളൂ. പെരുംജീരകം മൈക്രോഗ്രീൻസ് ഇറച്ചി വിഭവങ്ങൾക്ക് പെരുംജീരകത്തിന്റെ മണം നൽകും.

മൈക്രോഗ്രീൻസ് അവയുടെ രുചിയറിഞ്ഞ് ചേർക്കണം. കടുക് മൈക്രോ ഗ്രീൻസിന് അൽപം എരിവും കയ്പുരസവുമാണ്. വളർന്നു പാകമായ ഉലുവയിലയ്ക്ക് കുറച്ചു കയ്പുണ്ടാകും. ആ രുചി തന്നെയാണ് ഉലുവ പാകി മുളപ്പിക്കുന്ന മൈക്രോഗ്രീൻസിനും. മൈക്രോഗ്രീൻസ് തോരനും മറ്റു തയാറാക്കുമ്പോൾ ഈ മൈക്രോഗ്രീൻസ് അൽപവും മറ്റുള്ളവ ഏറെയും ചേർത്ത് രുചി പാകപ്പെടുത്താം.

വിവരങ്ങൾക്കു കടപ്പാട്: സോളി ജയിംസ്, ന്യൂട്രീഷനിസ്റ്റ്, കൊച്ചി.

Tags:
  • Health Tips
  • Glam Up