Friday 22 September 2023 12:55 PM IST : By സ്വന്തം ലേഖകൻ

എംആർ വാക്സീന്‍ എടുത്ത ഒന്നര വയസുകാരിയുടെ കയ്യില്‍ മുഴ; കുത്തിവയ്പ്പ് എടുത്തതിൽ പിഴവുണ്ടായെന്ന് ആരോപിച്ച് കുടുംബം, പരാതി

phc-lump.jpg.image.845.440

വൈക്കം ബ്രഹ്‌മമംഗലം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നു പ്രതിരോധ കുത്തിവയ്‌പെടുത്ത ഒന്നര വയസുകാരിയുടെ കൈയില്‍ മുഴ വന്ന സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം. കുട്ടിയുമായി കുടുംബം കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്. കുത്തിവയ്പ്പ് എടുത്തതിൽ പിഴവുണ്ടായെന്ന് ആരോപിച്ച് ആരോഗ്യമന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്കാണ് കുടുംബം പരാതി നൽകിയിരുന്നത്.

കഴിഞ്ഞ മാസമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ് എടുത്ത ബ്രഹ്മമംഗലം സ്വദേശികളായ ജോബിന്റെയും റാണിയുടെയും ഒന്നര വയസ്സുകാരിയായ മകളുടെ കയ്യിൽ മുഴ വന്നത്. പരാതിയെ തുടർന്ന് ബ്രഹ്മമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്ന് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് പരിശോധിക്കുന്നതിനൊപ്പം തന്നെ കുട്ടിയെ നിലവിൽ ചികിൽസിക്കുന്ന കുട്ടികളുടെ ആശുപത്രിയിൽ നിന്നും ആരോഗ്യവകുപ്പ് വിവരം തേടും. 

എംആർ കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ കയ്യിൽ മുഴ വന്ന കുട്ടിയുടെ മാതാപിതാക്കൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും മറ്റ് ആശുപത്രികളിലും കാണിച്ചതോടെ ശസ്ത്രക്രിയ വേണ്ടി വരുമെന്നായിരുന്നു നിർദ്ദേശം. കുത്തിവയ്പ്പ് എടുത്തതിലെ അപാകതയാണ് കയ്യിൽ മുഴ വരാൻ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ അപാകതകൾ ഒന്നുമില്ലെന്നും കുടുംബത്തെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചത് ആകാമെന്നുമായിരുന്നു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം.

Tags:
  • Health Tips
  • Glam Up