Wednesday 25 August 2021 04:03 PM IST

'സ്‌നേഹം പ്രകടിപ്പിക്കുന്നത് എണ്ണയില്‍ പൊരിച്ചെടുത്ത ബേക്കറി പലഹാരങ്ങൾ വാങ്ങിക്കൊടുത്തല്ല': മക്കളെ തടിയന്മാരാക്കല്ലേ...!

V N Rakhi

Sub Editor

fat-ffff444555

തടിയാ... എന്നു കൂട്ടുകാര്‍ വിളിക്കുമ്പോള്‍ കുട്ടിക്കു കലി കയറും. കയ്യില്‍ കിട്ടുന്നവരെ അവന്‍ ഇടിച്ചു ചമ്മന്തിയാക്കും. പക്ഷേ, ഒറ്റയ്ക്കാവുമ്പോള്‍ അവനു സങ്കടമാകും, തന്റെ പൊണ്ണത്തടിയുടെ കാര്യമോര്‍ത്ത്. അനാരോഗ്യകരമായ ശീലങ്ങള്‍ നമ്മുടെ കുട്ടികളെ അമിതഭാരമുള്ളവരാക്കുന്നു. കുട്ടികള്‍ക്ക് ശരിയായ ഭക്ഷണശീലങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. 

ചില അസുഖങ്ങള്‍ കൊണ്ട് കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാകാം. ജങ് ഫൂഡ് അമിതമാകുന്ന ഭക്ഷണരീതി, വ്യായാമമില്ലായ്മ, ടെലിവിഷന്റെയും കംപ്യൂട്ടറിന്റെയും മുന്നില്‍ മണിക്കൂറുകളോളമുള്ള ഇരിപ്പ് തുടങ്ങിയവയാണ് പൊണ്ണത്തടിയുണ്ടാകാനുള്ള മറ്റു ചില കാരണങ്ങള്‍.

ജീവിതശൈലി കൊണ്ട് പൊണ്ണത്തടിയരായി മാറുന്ന കുട്ടികളുടെ അവസ്ഥയ്ക്കു കാരണം അവര്‍ മാത്രമായിരിക്കില്ല. തെറ്റായ ഭക്ഷണരീതി തുടരുന്ന വീട്ടില്‍ അച്ഛനും അമ്മയും പൊണ്ണത്തടിയുള്ളവരാകും. കുഞ്ഞിനെ മാത്രം ചികിത്സിച്ചതുകൊണ്ട് പൊണ്ണത്തടി കുറയില്ല. കുടുംബത്തിനാകെ ചികിത്സ വേണം. അച്ഛനും അമ്മയും ധാരാളം ഭക്ഷണം കഴിക്കുന്നവരെങ്കില്‍ കുട്ടിയും സ്വാഭാവികമായി അങ്ങനെയായിത്തീ രും. വീട്ടിലെല്ലാവരും ലൈഫ് സൈ്റ്റല്‍ മാറ്റിയാലേ മാറ്റമുണ്ടാകൂ.

തെറ്റായ ഭക്ഷണരീതിയാണ് അവരുടേതെന്ന് അവര്‍ക്ക് തന്നെ അറിയില്ലെന്നതും പൊണ്ണത്തടിയെക്കുറിച്ച് ബോധ്യമില്ലെന്നതുമാണ് രസകരമായ കാര്യം. കൊഴുപ്പു കൂടിയ ഭക്ഷണം കഴിച്ചാല്‍ ശരീരത്തിന് വേണ്ട പോഷകങ്ങള്‍ കിട്ടുമെന്ന ചിന്തയാണ് തെറ്റായ ഭക്ഷണരീ തിയുടെ കാരണം. എന്നാല്‍, കൊഴുപ്പു പോലെത്തന്നെ ശരീരത്തിനു വേണ്ട വേറെയും ഘടകങ്ങളടങ്ങിയ ആഹാരങ്ങളോ, പച്ചക്കറികളോ, പഴങ്ങളോ ക ഴിക്കണമെന്നിവര്‍ ഓര്‍ക്കുന്നില്ല.

വ്യായാമം- ഒരേ ഒരു പ്രതിവിധി

അച്ഛനമ്മമാര്‍ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് കാലറി കൂടുതലുള്ള, എണ്ണയില്‍ പൊരിച്ച ബേക്കറി പലഹാരങ്ങള്‍ കുട്ടികള്‍ക്കു വാങ്ങിക്കൊടുത്താണ്. കാലറി കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോള്‍ വ്യായാമം ചെയ്‌തേ തീരൂ. എന്നാല്‍, വ്യായാമം പോയിട്ട് അഞ്ഞൂറു മീറ്റര്‍ പോലും നടക്കാത്തവരാണ് ഇന്നത്തെ കുട്ടികള്‍. 

ശ്രദ്ധയോടെ ആഹാരം 

ആരോഗ്യകാര്യത്തിലെ അലംഭാവമാണ് ഇന്ത്യക്കാരില്‍ പൊണ്ണത്തടിക്കുള്ള പ്രധാന കാരണം. വീട്ടിലുണ്ടാക്കുന്ന നാടന്‍ ആഹാരം മാത്രം കഴിക്കുന്നവര്‍ക്ക് അമിതവണ്ണം ഉണ്ടാകില്ല. അങ്ങനെയൊരു ശീലം ചെറുപ്പം മുതലേ കുട്ടികളില്‍ വളര്‍ത്തുന്നത് നന്ന്.

വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് കാലറി കൂടിയ ആഹാരം ആവശ്യത്തിന് കൊടുക്കാതിരിക്കാനാവില്ല. അതുകൊണ്ട് തടി കുറയ്ക്കാനായി കൊഴുപ്പുള്ള ആഹാരം കുട്ടിക്ക് കൊടുക്കാതിരിക്കു ന്നത് ശരിയായ മാര്‍ഗമല്ല. അത് കുട്ടിയു ടെ വളര്‍ച്ചയെ തടയാം. ജങ്ക് ഫൂഡ് ഒഴി വാക്കി, നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിച്ച്, അധികമുള്ള കാലറി കത്തിച്ചു കളയാന്‍ ശരിയായി വ്യായാമം ചെയ്യുകയാണ് വേണ്ടത്. പച്ചക്കറിയോ മാംസമോ മീനോ എന്തും എണ്ണയില്‍ പൊരിച്ച് കഴിക്കുന്നതിനേക്കാള്‍ കറികളുണ്ടാക്കിയ ശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുന്നതാണ് നല്ലത്. എണ്ണയുടെ ഉപയോഗം കുറയുമെന്നു മാത്രമല്ല, എണ്ണ ചൂടാക്കാത്തതുകൊണ്ട് ട്രാന്‍സ് ഫാറ്റ് കൂടില്ലെന്ന ഗുണവുമുണ്ട്. 

വറുത്തെടുക്കുന്ന വിഭവങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതു നന്നാകും. വളരുന്ന പ്രായത്തില്‍ ഫാറ്റ് കൂടുതല്‍ കിട്ടുന്ന ആഹാരത്തോട് കുട്ടിക്ക് താല്‍പര്യം കൂടും. അത്തരം ആഹാരം കഴിച്ച ശേഷം വ്യായാമം ചെയ്യാന്‍ മറക്കാതിരുന്നാല്‍ മതി. ദിവസത്തിലൊരിക്കല്‍ ചോറുണ്ടാല്‍ തന്നെ ശരീരത്തിനാവശ്യമുള്ള കാര്‍ബോഹൈഡ്രേറ്റ് കിട്ടും. ചോറിന്റെ അളവ് കുറയ്ക്കുന്നതും നന്നാകും. ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്ന ശീലം സ്‌കൂള്‍ പഠനകാലത്ത് പതിവാണ്. അതും അപകടമാണ്. തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ബ്രേക്ക് ഫാസ്റ്റി ല്‍ നിന്നുള്ള ഊര്‍ജം കൂടിയേ തീരൂ. ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കില്‍ വിശപ്പു കൂടുതലാകുന്നതുകൊണ്ട് ഉച്ചയ്ക്ക് ഇരട്ടി ആഹാരം കഴിച്ചെന്നു വരാം.

മുലപ്പാല്‍ കുടിക്കുന്ന കുട്ടികളില്‍ ഒബീസിറ്റി (അമിതവണ്ണം) കാണാറില്ല. നേരത്തേ മുലപ്പാല്‍ നിര്‍ത്തുന്ന കുട്ടികളില്‍ ഒന്നോ രണ്ടോ വയസ്സു മുതല്‍ അമിതവണ്ണം കണ്ടു വരുന്നുണ്ട്. രണ്ടു വയ സ്സു വരെ കുട്ടി മുലപ്പാല്‍ കുടിക്കണമെന്നാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീ ഡിയാട്രിക്‌സിന്റെ പോളിസി. അതിനു ശേഷമേ പശുവിന്‍ പാല്‍ കൊടുക്കാവൂ.

ഭക്ഷണ നിയന്ത്രണമല്ല, നല്ല ഭക്ഷണക്രമവും വ്യായാമവുമാണ് അമിതവണ്ണം ഇല്ലാതാക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍. അമിതവണ്ണവും പൊണ്ണത്തടിയും കുറയ്ക്കാന്‍ മരുന്നുകളുടെ ആവശ്യമില്ല. മരുന്നുകള്‍ ഫലപ്രദമല്ലെന്നു മാത്രമല്ല, ചിലപ്പോള്‍ അപകടകാരികളായെന്നും വരാം.

ഒരു ദിവസത്തെ ഡയറ്റ്

( പ്രായത്തിനനുസരിച്ച് അളവില്‍ ചെറിയ വ്യത്യാസങ്ങള്‍ വരുത്താം)

രാവിലെ

ചായ/ പാല്‍ - നിര്‍ബന്ധമെങ്കില്‍ മാത്രം

ഇഡ്ഡലി - 3

ഇടസമയത്ത് 

ഏത്തപ്പഴം പുഴുങ്ങിയത്- ഒന്ന്

ഉച്ചയ്ക്ക്

ചോറ്- 3 അല്ലെങ്കില്‍ 4 കപ്പ് ,

മുട്ട/മീന്‍- 1,

തോരന്‍- ആവശ്യത്തിന്

വൈകുന്നേരം

1 പഴംപൊരി /വട തുടങ്ങിയ ഏതെങ്കിലും ചെറുകടികള്‍

രാത്രി 

ചപ്പാത്തി- 4 അല്ലെങ്കില്‍ 5

വെജിറ്റബിള്‍ സലാഡ്

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ.സി.ജയകുമാര്‍, പ്രൊഫസര്‍ ഇന്‍ പീഡിയാട്രിക്‌സ്, ഐസിഎച്ച്, മെഡിക്കല്‍ കോളജ്, കോട്ടയം.

Tags:
  • Health Tips
  • Glam Up