Wednesday 16 August 2023 04:58 PM IST : By സ്വന്തം ലേഖകൻ

‘കഴുത്തില്‍ നിരന്തരം പഴുപ്പ്, ശബ്ദത്തില്‍ വ്യത്യാസം’; ഓറല്‍ കാന്‍സര്‍, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

oral-cancer45677

ഓറല്‍ കാന്‍സര്‍ അഥവാ വായിലെ അർബുദം അത്യന്തം അപകടകരമായൊരു കാന്‍സര്‍ വിഭാഗമാണ്‌. തിരിച്ചറിയാന്‍ വൈകുന്നതാണ് മിക്കപ്പോഴും ഇതിനെ കൂടുതല്‍ കൂടുതല്‍ അപകടകാരിയാക്കുന്നത്. ലക്ഷണങ്ങള്‍ തിരിച്ചറിയുക എന്നതിലുപരി അത് ശ്രദ്ധിക്കപ്പെടാതെ പോകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പലപ്പോഴും ഇത് നേരത്തെ കണ്ടെത്താന്‍ സാധിക്കും. രോഗം വരുന്നത് തടയാന്‍ സാധിക്കില്ലെങ്കിലും നേരത്തെയുള്ള കണ്ടെത്തല്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇതിലെ ഏറ്റവും അപകടകരമായ കാരണങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

പ്രായം

പ്രായവും ഓറല്‍ കാന്‍സറും തമ്മില്‍ ബന്ധമുണ്ട്. പ്രായം കൂടുന്തോറും ഓറല്‍ കാന്‍സര്‍ വരാനുള്ള സാധ്യതയും കൂടുന്നു. 45 വയസ്സിനു മുകളില്‍ ഉള്ളവരിലാണ് ഈ കാന്‍സര്‍ ഏറ്റവുമധികം കാണുന്നത്. ചുണ്ടിനും വായ്ക്കകത്തും അസാധാരണമായ രീതിയില്‍ ചുവന്ന നിറം കാണുന്നുണ്ടെങ്കില്‍, മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കിലെല്ലാം സൂക്ഷിക്കണം.

പുരുഷനോ സ്ത്രീയോ

പുരുഷന്മാരിലാണ് ഈ കാന്‍സര്‍ കൂടുതല്‍ കാണപ്പെടുന്നത്. മൂന്നില്‍ രണ്ടു ഓറല്‍ കാന്‍സര്‍ രോഗികളും പുരുഷന്മാരാണ്. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഓറല്‍ കാന്‍സര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ രോഗം വരാനുള്ള സാധ്യത ഇരട്ടിക്കുന്നു. ഒരിക്കല്‍ ഓറല്‍ കാന്‍സര്‍ വന്നവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യതയും ഏറെയാണ്‌. 

വായിലെ അര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങളെ കരുതിയിരിക്കാം

∙ ചുണ്ടിലോ മോണയിലോ കവിളിനുള്ളിലോ വായിലെ മറ്റിടങ്ങളിലോ മുഴകള്‍, നീര്, തൊലി പരുക്കനാകല്‍ എന്നിവ ദൃശ്യമാകാം

∙ വായില്‍ വെളുത്തതോ ചുവന്ന നിറത്തിലോ ഉള്ള കീറലുകള്‍

∙ വായില്‍ അസാധാരണായ രക്തസ്രാവം

∙ മുഖത്തോ വായിലോ  കഴുത്തിലോ മരവിപ്പ്, സംവേദനമില്ലായ്മ, അതിമൃദുത്വം, വേദന എന്നിവ

∙ മുഖത്തോ വായിലോ കഴുത്തിലോ തുടര്‍ച്ചയായി മുറിവുകള്‍ അല്ലെങ്കില്‍ രണ്ടാഴ്ചയായിട്ടും കരിയാത്ത മുറിവുകള്‍

∙ കഴുത്തില്‍ എന്തോ തടഞ്ഞിരിക്കുന്നതായ തോന്നല്‍

∙ ചവയ്ക്കാനും വിഴുങ്ങാനും സംസാരിക്കാനും താടിയോ നാക്കോ അനക്കാനുമുള്ള ബുദ്ധിമുട്ട്

∙ കഴുത്തില്‍ നിരന്തരം പഴുപ്പ്, ശബ്ദത്തില്‍ വ്യത്യാസം

∙ താടിയിലോ ചെവിയിലോ വേദന

∙ പെട്ടെന്ന് ശരീര ഭാരം കുറയല്‍

എങ്ങനെ പ്രതിരോധിക്കാം 

പുകവലി

ഇതു തന്നെയാണ് ഓറല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള ഏറ്റവും വലിയ ഘടകം. പുകയില ഉപയോഗവും ഓറല്‍ കാന്‍സറും തമ്മിലുള്ള ബന്ധം നിര്‍വചിക്കാന്‍ കഴിയില്ല. അതിനാല്‍ പുകവലി തീര്‍ത്തും ഉപേക്ഷിക്കുക. സാധാരണയായി നാവില്‍ മുറിവോ മറ്റോ ഉണ്ടാവുമ്പോഴാണ് വേദന അനുഭവപ്പെടുക. എന്നാല്‍ ഇതൊന്നും ഇല്ലാതെ നാവില്‍ വേദന തോന്നുന്നുവെങ്കില്‍ ഡോക്ടറെ കാണണം. മോണവീക്കം പോലെ വായ്ക്കകത്തും വീക്കം കാണപ്പെടുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ദന്തരോഗങ്ങളൊന്നും ഇല്ലാതെതന്നെ പല്ല് കൊഴിയുന്ന അവസ്ഥയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാം.

മദ്യപാനം 

ഇതും ഒരു കാരണം തന്നെ. പുകവലിയും മദ്യപാനവും ശീലമുള്ളവര്‍  അത് എന്നന്നേക്കുമായി നിര്‍ത്തുക. ജങ്ക് ഫുഡുകളും മറ്റു ഡ്രിങ്ക്‌സും മദ്യവും എല്ലാം ക്യാന്‍സര്‍ സാധ്യത ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. 

വൃത്തിക്കുറവും വെയിലത്തുള്ള ജോലിയും 

വൃത്തിക്കുറവും വെയിലത്തുള്ള ജോലിയും ഓറല്‍ കാന്‍സറിന് കാരണമാകുന്നുണ്ട്. വായ്‌ വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കൂടുതല്‍ നേരം വെയിലത്ത് നില്‍ക്കേണ്ടവർ അള്‍ട്രാവയലറ്റ് രശ്മികള്‍ ചുണ്ടിലും മുഖത്തും തട്ടാതെ സൂക്ഷിക്കണം. 

ചൂടുള്ള ആഹാരം, പാനീയങ്ങള്‍ 

ഇവയും ഒഴിവാക്കാം. പലപ്പോഴും ഇത് ശരീരത്തിനു നല്ലതല്ല. അതുപോലെ ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതല്‍ ഉള്‍പ്പെടുത്തുക. ഫാസ്റ്റ് ഫുഡ്‌ പരമാവധി കുറയ്ക്കാം.

Tags:
  • Health Tips
  • Glam Up