Friday 06 January 2023 03:57 PM IST : By സ്വന്തം ലേഖകൻ

പീത്‌സ പോലെയുള്ള പുതുതലമുറയുടെ ഇഷ്ട വിഭവങ്ങൾക്ക് രുചിയേകും ഒറിഗാനോ; വീട്ടിലും നട്ടു വളർത്താം

origano643467 റോസ്മേരി ജോയ്സ്, മുൻ അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ്, എറണാകുളം

പീത്‌സ പോലെയുള്ള പുതുതലമുറയുടെ ഇഷ്ടവിഭവങ്ങൾ, സാലഡ് തുടങ്ങിയവയ്ക്ക് രുചിയും ഗന്ധവുമേകുന്ന ഒറിഗാനോ നട്ടുവളർത്താം. ഇലകൾ പച്ചയായും ഉണക്കിയും ഉപയോഗിക്കാം.

∙ ചൂട് ആവശ്യമുള്ളതിനാൽ മഴ നേരിട്ടു ലഭിക്കാത്തതും വെയിൽ കിട്ടുന്നതുമായ സ്ഥലം തിരഞ്ഞെടുക്കുക. ഉച്ചവെയിലിൽ നിന്നു സംരക്ഷണമേകണം. മഴമറയ്ക്കുള്ളിൽ നന്നായി വളരും. വിത്തുകൾ പാകിയും കമ്പുകൾ മുറിച്ചു നട്ടും ചെടികൾ വളർത്താം. ഇളക്കമുള്ള നീർവാർച്ചയുള്ള മണൽ, ചാണകപ്പൊടി, മണ്ണ് എന്നിവ 1:1:1 അനുപാതത്തിൽ മിശ്രിതമാക്കി വിത്തുകൾ പാകുക.  

∙ 20 സെ. മീ. അകലത്തിൽ പാകിയ വിത്തിനു മീെത നേരിയ കനത്തിൽ നടീൽ മിശ്രിതം വിതറണം. തൈകൾ രണ്ട് – രണ്ടര ഇഞ്ച് ഉയരമെത്തുമ്പോൾ ചട്ടിയിലോ നിലത്തോ മാറ്റി നടാം. ചട്ടിയിൽ ഒരു തൈ മതി. നിലത്ത് ഒരടി അകലത്തിൽ തൈകൾ നട്ടു തണൽ നൽകുക. പാകുമ്പോഴും തുടർന്ന് രണ്ടാഴ്ച ഇടവേളയിലും  ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി തളിക്കണം. നട്ടു രണ്ടാഴ്ചയ്ക്കു ശേഷം നാമ്പ് നുള്ളിയാൽ ശിഖരങ്ങളുണ്ടാകും.

∙ നീർവാർച്ചയുള്ള മണ്ണാണ് ഉത്തമം. ആറ് മുതൽ എട്ട് വ രെ പിഎച്ച് നില (അമ്ലക്ഷാര ഗുണം) യുള്ള മണ്ണാണു യോ ജിച്ചത്. നനവ് കുറഞ്ഞാൽ ചെടി വാടാനിടയുണ്ട്.

∙ ഒറിഗാനോ ഇടയ്ക്കിടെ മുറിച്ച് ഉപയോഗിക്കണം. ആവശ്യമില്ലെങ്കിൽ നട്ടു പുതിയ തൈ വളർത്തുക. പൂ നുള്ളിക്കളയണം. നട്ടു രണ്ടാഴ്ച മുതൽ മാസത്തിലൊരിക്കൽ വളമായി നൂറു ഗ്രാം ചാണകമോ കമ്പോസ്റ്റോ നൽകാം.

Tags:
  • Health Tips
  • Glam Up