Thursday 14 December 2023 03:23 PM IST

വിവാഹം കഴിഞ്ഞ് ഉടനെ കുട്ടികൾ വേണ്ട എന്നാണോ തീരുമാനം, ഗ‍ർഭിണിയാകാൻ യോജിച്ച പ്രായം ഏത്?: വിദഗ്ധ മറുപടി

Chaithra Lakshmi

Sub Editor

wedding-q-and-a

പ്രണയവും സുന്ദരനിമിഷങ്ങളുമെല്ലാം ചേർന്നു നിൽക്കുന്ന ജീവിതമാകും പങ്കാളികളാകാനൊരുങ്ങുന്നവരുടെ മനസ്സ് നിറയെ. പുതിയ ജീവിതത്തിലേക്കു നീങ്ങുമ്പോൾ മനസ്സിലുണ്ടാകാനിടയുള്ള സംശയങ്ങൾക്കു വിദഗ്ധ മറുപടി ഇതാ.

വിവാഹതീയതിയോടടുത്ത് ആർത്തവമുണ്ടാകാനിടയുണ്ട്. ആർത്തവം മാറ്റി വയ്ക്കുന്നതിനു മരുന്നു കഴിക്കുന്നതു കൊണ്ടു കുഴപ്പമുണ്ടോ?

ആർത്തവനാളുകൾ നീട്ടി വയ്ക്കുന്നതിനു വേണ്ടി മരുന്ന് കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല. സാധാരണ രീതിയിൽ ആർത്തവം നീട്ടുന്നതിനു വേണ്ടി വളരെ കുറഞ്ഞകാലത്തേക്കുള്ള പ്രൊജസ്ട്രോണാണു നൽകുന്നത്. കൃത്യമായി ആർത്തമുണ്ടാകുമോ, വിവാഹത്തിന് എത്ര ദിവസം മുൻപു മുതലാണ് ആർത്തവം നീട്ടേണ്ടത് എന്നതു കൂടി പരിഗണിക്കും. ചിലർ വിവാഹം കഴിഞ്ഞ് ഒരാഴ്ച കൂടി നീട്ടണം എന്നു പറയും. വ്യക്തികളുടെ ആവശ്യം കൂടി കണക്കാക്കിയാണു ഡോക്ടർ കോഴ്സ് തീരുമാനിക്കുക. ഈ മരുന്നിന്റെ കോഴ്സ് കഴിഞ്ഞശേഷം പിന്നീടു വരുന്ന ആർത്തവം കുറച്ചു വൈകാം. മരുന്നു കഴിച്ച് ആർത്തവം നീട്ടിയശേഷം പിന്നീട് ആർത്തവം ക്രമംതെറ്റിയാണുണ്ടാകുന്നത് എന്നു പലരും പരാതി പറയാറുണ്ട്. വിവാഹശേഷമുള്ള വിരുന്നും വണ്ണം വയ്ക്കലുമാകാം ഇതിനു കാരണം. ഇതു പ്രൊജസ്ട്രോൺ കഴിച്ചതു കൊണ്ടാണെന്നു പലരും കരുതാറുണ്ട്. ഇതു ശരിയല്ല. െചറിയ കോഴ്സ് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ല.

കുട്ടികൾ വേണ്ട എന്നു വയ്ക്കുന്നവർ ആ രോഗ്യകരമായ ലൈംഗികജീവിതം നിലനിർത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത് ?

കുട്ടികളുണ്ടാകാൻ വേണ്ടി മാത്രമുള്ളതല്ല, ദാമ്പത്യം. ഏതു ദാമ്പത്യത്തിലും പങ്കാളികളുടെ ശാരീരികവും മാനസികവുമായ ആവശ്യം കൂടിയാണ് ആരോഗ്യകരമായ ലൈംഗികജീവിതം. ശാരീരികവും മാനസികവുമായ അടുപ്പം എന്നും നിലനിർത്താൻ ഇരുവരുടെയും ഭാഗത്തു നിന്നു ശ്രമം വേണം.

കുട്ടികൾ വേണോ? വേണമെങ്കിൽ എപ്പോൾ തയാറെടുക്കണം എന്ന കാര്യങ്ങൾ ഒരുമിച്ചു ചർച്ച ചെയ്തു തീരുമാനിക്കണം. കുട്ടികൾ ഉടനെ വേണ്ട എന്നു കരുതുന്നവർ പലപ്പോഴും ഗർഭധാരണമുണ്ടാകുമോ എന്ന ആശങ്കയോടെയാകും ലൈംഗികബന്ധത്തിലേർപ്പെടുക. ഇതു ലൈംഗികജീവിതത്തിലെ ഊഷ്മളത നഷ്ടപ്പെടുത്തും. കൃത്യമായ പ്രതിരോധമാർഗം സ്വീകരിച്ചാൽ ഗർഭധാരണമുണ്ടാകുമോയെന്ന ആശങ്കയില്ലാതെ ലൈംഗികജീവിതം ആസ്വദിക്കാനാകും.

വിവാഹം കഴിഞ്ഞ് ഉടനെ കുട്ടികൾ വേണ്ട എന്നാണെങ്കിൽ പിൽസാകും അനുയോജ്യം. ഒരു കുട്ടി ഉണ്ടായ ശേഷം ഇനി ഉടനെ വേണ്ട എന്നാണെങ്കിൽ കോപ്പർ ടി ആകും ഏറ്റവും അനുയോജ്യം. ഇ തു കഴിയാത്തവർ പിൽസ് ഉപയോഗിച്ചാൽ മതി.

ശാരീരികവും മാനസികവുമായ ആരോഗ്യം ഉ റപ്പുവരുത്താൻ ശ്രദ്ധിക്കണം. ദുഃശീലങ്ങൾ, ലൈംഗികാവയവങ്ങളിലെ അണുബാധ തുടങ്ങിയവ ഒ ഴിവാക്കണം. പങ്കാളികളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കിയും പുതുമ പരീക്ഷിച്ചും ലൈംഗികജീവിതം ഊഷ്മളമാക്കാൻ ശ്രമിക്കാം.

28 വയസ്സുണ്ട്. വിവാഹം കഴിഞ്ഞു കുറച്ചു വർഷം കഴിഞ്ഞു മതി കുഞ്ഞെന്നാണു തീരുമാനം. ഗ‍ർഭിണിയാകാൻ ഏതാണു യോജിച്ച പ്രായം?

ശരീരത്തിനെന്ന പോെല അണ്ഡാശയത്തിനും നിശ്ചിത പ്രായമുണ്ട്. 24 വയസ്സു മുതൽ 30– 31 വയസ്സിനുള്ളിലാണു ഗർഭിണിയാകാൻ യോജിച്ച സമയം. ഈ പ്രായത്തിൽ ആർത്തവം കൃത്യമായിരിക്കും. അണ്ഡത്തിനും ആ രോഗ്യമുണ്ടാകും. ഏറ്റവും ആരോഗ്യകരമായ പ്രായമാകുമിത്. പ്രായം കൂടുന്തോറും അണ്ഡം അത്ര ആരോഗ്യകരമാകണമെന്നില്ല.

28–29 വയസ്സിനു ശേഷമാണു പുതിയ തലമുറ കല്യാണത്തെക്കുറിച്ചു പോലും ഇപ്പോൾ ആലോചിക്കുന്നത്. പഠനം, കരിയർ തുടങ്ങിവയാകും ഈ പ്രായത്തിൽ പ്രധാനം. 30 വയസ്സിനു മുകളിലേക്കാണു പുതിയ കാലത്തെ ദമ്പതികൾ ആദ്യ ഗർഭധാരണത്തിനു തയാറാകുന്നത്. ഇത്തരം കാര്യങ്ങൾ പരിഗണിച്ചാൽ 34 വയസ്സിനുള്ളിൽ ആദ്യഗർഭധാരണത്തിനു തയാറെടുക്കുന്നതാണു നല്ലത്.

ഗർഭിണിയാകാമെന്നു തീരുമാനിച്ച ശേഷം ഗർഭധാരണമുണ്ടാകാെത വരുമ്പോൾ െഎവിഎഫ് േപാലുള്ള ചികിത്സാരീതികളിലേക്കു പോകാൻ സാധ്യത കൂടുതലാണ്. പ്രായം കൂടുന്തോറും സ്ത്രീകളിൽ രക്താതിമർദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളും കാണുന്നുണ്ട്. അമ്മയുടെ ശാരീരികമായ പ്രത്യേകതകൾ, കുട്ടിക്ക് ജനിതകപരമായ പ്രശ്നങ്ങളുണ്ടോ എന്നറിയാനുള്ള സ്ക്രീനിങ് തുടങ്ങിയവ ഈ പ്രായത്തിൽ ഗർഭിണിയാകുമ്പോൾ നടത്തേണ്ടതുണ്ട്.

pregnancy-q-and-a

18–19 വയസ്സിലും ഗർഭിണിയാകുന്നവരുണ്ട്. ഈ പ്രായത്തിൽ ഗർഭിണിയാകുമ്പോൾ ഗർഭപാത്രത്തിന്റെ ശേഷിക്കുറവ് സങ്കീർണതകളിലേക്കു നയിക്കാനിടയുണ്ട്.

ഒരു ഗർഭം പോലെയാകില്ല മറ്റൊന്ന്. ഒരാളുടെ തന്നെ രണ്ടു കാലത്തെ ഗർഭം രണ്ടു രീതിയിലാകാം. പലപ്പോഴും അപ്രതീക്ഷിതമായാകും പല കാര്യങ്ങളും സംഭവിക്കുക. ഈ അറിവ് ഇന്നത്തെ ഗർഭിണികളിൽ വളരെ കുറവാണ്. തെറ്റായ ധാരണകൾ കൊണ്ട് ഉത്കണ്ഠ കൂടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ പ്രീ പ്രഗ്‌നൻസി കൗൺസലിങ് സ്വീകരിച്ച ശേഷം ഗർഭിണിയാകുകയാണെങ്കിൽ ഇത്തരം ഉത്കണ്ഠ കുറയ്ക്കാനാകും.

ദമ്പതികളാകാനൊരുങ്ങുന്നവർ ഏതെങ്കിലും തരത്തിലുള്ള പരിശോധനകൾ നടത്തേണ്ടതുണ്ടോ?

ദാമ്പത്യം തുടങ്ങുന്നതിനു മുൻപ് പരിശോധനകളേക്കാൾ പ്രധാനമായും വേണ്ടത് പ്രീ മാരിറ്റൽ കൗൺസലിങ് ആണ്. ഇത്രയും കാലം വ്യത്യസ്ത ജീവിതം നയിച്ചിരുന്ന രണ്ടു വ്യക്തികൾ ഇനി ഒരുമിച്ചാണു മുന്നോട്ടു നീങ്ങേണ്ടത്. പ്രണയവിവാഹമെന്നോ അറേഞ്ച്ഡ് മാര്യേെജന്നോ വ്യത്യാസമില്ലാതെ ഭാവിജീവിതം സുന്ദരമാകുന്നതിന് ഇരുവരും മുന്നൊരുക്കം നടത്തേണ്ടതുണ്ട്. ശാരീരികമായും മാനസികമായും അടുപ്പം സൃഷ്ടിക്കുക വളരെ പ്രധാനമാണ്. മാനസികമായ അടുപ്പമുണ്ടെങ്കിൽ ലൈംഗികജീവിതവും സുന്ദരമാകും.

ഗർഭം ധരിക്കാനൊരുങ്ങുന്നതിനു മുൻപ് ഗൈനക്കോളജിസ്റ്റിനെ കാണാം. ഡോക്ടർ നിർദേശിക്കുന്ന പരിശോധനകൾ നടത്താം. ഗർഭധാരണത്തെക്കുറിച്ചുള്ള ക്ലാസ്സിൽ ഇരുവരും പങ്കെടുക്കാൻ ശ്രമിക്കണം. ഗർഭധാരണം മുതൽ പ്രസവം വരെ എന്തൊക്കെ പ്രതീക്ഷിക്കണം, സങ്കീർണതകളുണ്ടായാൽ എങ്ങനെ നേരിടണം എ ന്നെല്ലാം കൃത്യമായി തിരിച്ചറിയണം. പേരന്റിങ് ഇരുവരുടെയും ഉത്തരവാദിത്തമാണെന്ന് ഉൾക്കൊള്ളാനും തയാറാകുക.

ശാരീരികമായി എന്തെങ്കിലും അസുഖങ്ങളുണ്ടെങ്കിൽ അതു നിയന്ത്രണത്തിലാക്കിയ ശേഷം ഗർഭിണിയാകുന്നതാണ് ഉത്തമം. പലരും പ്രമേഹമുണ്ടെന്ന് അറിയാതെയോ പ്രമേഹം നിയന്ത്രണത്തിലാക്കാതെയോ ഗർഭധാരണത്തിലേക്കു നീങ്ങുന്നതു കണ്ടിട്ടുണ്ട്. ഈ അവസ്ഥ കുട്ടിക്ക് അംഗവൈകല്യത്തിനും മാസം തികയാതെ പ്രസവിക്കുക തുടങ്ങി ഒരുപാട് സങ്കീർണതകൾക്കും കാരണമാകും.

അപസ്മാരം നിയന്ത്രണത്തിലാക്കണം. ചികിത്സിക്കുന്ന േഡാക്ടറുടെ നിർദേശപ്രകാരം മരുന്നു കൃത്യമായി കഴിക്കണം. ചില മരുന്നുകൾ സുരക്ഷിതമല്ല. അവ ഡോക്ടറുടെ നിർദേശപ്രകാരം മാറ്റുകയോ ഡോസേജിൽ വ്യത്യാസം വരുത്തുകയോ ചെയ്തു നിയന്ത്രണവിധേയമായ ശേഷം ഗർഭധാരണത്തിനു ശ്രമിക്കുന്നതാണു നല്ലത്. ഹൃദയം, ശ്വാസകോശം തുടങ്ങിയവയെ ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ നില ഭദ്രമെന്ന് ഉറപ്പുവരുത്തിയശേഷം ഗർഭധാരണത്തിനു തയാറെടുക്കുക.

അമിതവണ്ണമുള്ളവരിൽ രക്താതിമർദം, പ്രമേഹം, സിസേറിയനാകാനുള്ള സാധ്യത ഇവ കാണുന്നതുകൊണ്ട് ആരോഗ്യകരമായി ഭാരം കുറയ്ക്കാൻ ശ്രദ്ധിക്കുക. മാനസികാരോഗ്യ പ്രശ്നമുണ്ടെങ്കിൽ പരിഹാരം കണ്ടെത്തിയ ശേഷം ഗർഭധാരണത്തിനൊരുങ്ങുക. ഫൈബ്രോയ്ഡ് ഉള്ളവരിൽ ഗർഭവും അബോർഷനും സങ്കീർണാവസ്ഥയുണ്ടാക്കാം. ഫൈബ്രോയ്ഡ് നീക്കം ചെയ്ത് ആരോഗ്യം ഉറപ്പുവരുത്തിയ ശേഷം ഗർഭധാരണത്തിനു തയാറെടുക്കാം.

പുരുഷന്മാരിലെ അമിതവണ്ണം പരിഹരിക്കണം. പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ നിർത്തുകയും ശാരീരികമായ ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രണവിധേയമാക്കുകയും വേണം. ജീവിതശൈലി ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കണം. ഇതിനു ശേഷം കുഞ്ഞിനു വേണ്ടി തയാറെടുക്കുന്നതാണ് ഉത്തമം.

കോണ്ടം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത് ? ലാറ്റക്സ് അലർജിയുള്ളവർക്ക് പകരം എന്താണ് ഉപയോഗിക്കാനാവുക ? സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന കോണ്ടം ഉണ്ടോ ?

ഗർഭനിരോധനമാർഗമായി കോണ്ടമാണ് പൊതുവെ ഉപയോഗിക്കുന്നത്. ഇതിനു മറ്റു ഗർഭനിരോധനമാർഗങ്ങളേക്കാൾ പരാജയസാധ്യതയും കൂടുതലാണ്. കോണ്ടം ഉപയോഗിക്കുമ്പോൾ സ്ഥാനം കൃത്യമാണ്, പൊട്ടിയിട്ടില്ല, ലീക്കേജ് ഇല്ല തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കണം.

ലാറ്റക്സ് പോലെയുള്ള ഘടകങ്ങൾ അലർജിയുള്ളവർ അവ ഒഴിവാക്കുക. സ്ത്രീകൾ ഉപയോഗിക്കുന്ന കോണ്ടവും ഇപ്പോൾ വിപണിയിലുണ്ട്. പക്ഷേ, അത്ര സാധാരണമായി ഉപയോഗിക്കുന്നതു കാണാറില്ല. ലൈംഗികബന്ധത്തിലൂടെ പകരുന്ന അസുഖങ്ങൾ തടയാമെന്നതാണു കോണ്ടത്തിന്റെ ഏറ്റവും വലിയ മേന്മ.

pregnancy-tips

ലൈംഗികജീവിതം തുടങ്ങിയ ശേഷം സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കേണ്ടത്?

ആർത്തവകാലത്തെ ശുചിത്വം പോലെ പ്രധാനമാണു ലൈംഗിക ശുചിത്വം. സ്ത്രീകളിൽ മൂത്രനാളി, യോനി, മലദ്വാരം ഇതെല്ലാം അടുത്തടുത്തു സ്ഥിതി ചെയ്യുന്നതു കൊണ്ട് അണുബാധ പകരാൻ സാധ്യതയുണ്ട്. അതുകൊണ്ടു ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗങ്ങൾ വൃത്തിയായി കഴുകണം.

ശുചിത്വം പാലിക്കാതിരുന്നാൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് പോലെയുള്ള അവസ്ഥയ്ക്കു കാരണമാകാം. ഇതു പലതരത്തിലെ വയറുവേദന, ട്യൂബൽ പ്രഗ്‌നൻസി, വന്ധ്യത തുടങ്ങിയവയ്ക്കു കാരണമാകും. ആർത്തവകാലത്തു ശുചിത്വം ഉറപ്പാക്കാനും ശ്രദ്ധിക്കണം. പാഡ്, മെൻസ്ട്രൽ കപ്പ് തുടങ്ങിവയ കൃത്യമായ ഇടവേളകളിൽ മാറ്റാൻ ശ്രദ്ധിക്കണം. പാഡ് കൂടുതൽ നേരം വയ്ക്കുന്നത് അണുബാധയ്ക്ക് കാരണമാകും.

സ്വകാര്യഭാഗങ്ങളിെല രോമങ്ങൾ ഏതു രീതിയിൽ നീക്കം ചെയ്യുന്നതാണ് ഉത്തമം ?

ഇത്തരം കാര്യങ്ങളിൽ ഓേരാരുത്തരുടെയും വ്യക്തിപരമായ ഇഷ്ടത്തിനു പരിഗണന നൽകുന്നതാണു നല്ലത്. ട്രിം ചെയ്തു നിർത്തുക, വാക്സിങ്, ഷേവിങ് തുടങ്ങിയവയിൽ യോജിച്ചതു പിന്തുടരാം. സ്വകാര്യഭാഗത്തെ രോമങ്ങൾ ഷേവ് ചെയ്തു നീക്കുമ്പോൾ ചിലരിൽ രോമം അകത്തേക്കു വളരുന്നതു പോലെയുള്ള പ്രശ്ങ്ങൾ ഉണ്ടാകാം. ഇത്തരം അസ്വസ്ഥത ഒഴിവാക്കാൻ രോമങ്ങൾ ട്രിം ചെയ്തു നിർത്തുന്നതാണ് ഉത്തമം.

വജൈനിസ്മസ് എന്താണ് ? ഇതെങ്ങനെ ചികിത്സിക്കാം ?

ലൈംഗികബന്ധത്തിനു ശ്രമിക്കുമ്പോൾ ചുറ്റുമുള്ള പേശികളും വജൈനയും ചുരുങ്ങുന്നതു മൂലം സ്വാഭാവികമായ ലൈംഗികബന്ധം സാധ്യമാകാതെ വരികയോ വേദനാജനകമാകുകയോ െചയ്യാം. യോനിഭാഗത്തെ പേശിയുടെ പ്രശ്നം െകാണ്ടും ഉത്കണ്ഠ കൊണ്ടും ഈ അവസ്ഥയുണ്ടാകാം. ചിലർക്കു ലൈംഗികബന്ധം തുടങ്ങുമ്പോൾ പേശികൾക്കു പിടിത്തമുണ്ടാകും ചിലർക്കു വളരെ വേദനാജനകമാകും. രോഗിയെ പരിശോധിച്ച്, ശാരീരികമായ പ്രശ്നമാണെങ്കിൽ വികാസമുണ്ടാകാനുളള ചികിത്സ വേണ്ടിവരും.

മുൻകാലങ്ങളിലെ സൈക്കോളജിക്കൽ ട്രോമയോ കൃത്യമായ ലൈംഗികവിദ്യാഭ്യാസം ലഭിക്കാത്തതോ ലൈംഗികതയെക്കുറിച്ചു ശരിയായ ധാരണയില്ലാത്തതോ ഇത്തരം അവസ്ഥയ്ക്കു കാരണമാകാറുണ്ട്. ശരിയായ കൗൺസലിങ് നടത്തി മാനസികമായ പ്രശ്നങ്ങൾ പരിഹരിക്കാം.

ലൂബ്രിക്കന്റ്സിന്റെ പ്രാധാന്യമെന്ത് ? ഇത് ഏത് അവസ്ഥയിലാണ് ഉപയോഗിക്കേണ്ടത് ?

ലൈംഗികബന്ധം തുടങ്ങുമ്പോൾ േഹാർമോണൽ വ്യതിയാനങ്ങളുടെ ഭാഗമായി വജൈനയിലെ ഗ്രന്ഥികളിലുണ്ടാകുന്ന സ്രവങ്ങൾ ലൂബ്രിക്കന്റായി ഉപകാരപ്പെടും. മാനസികസമ്മർദം, ശാരീരികമായോ മാനസികമായോ ഉള്ള അസ്വസ്ഥതകൾ, പ്രസവം കഴിഞ്ഞവരിൽ ഹോർമോണൽ വ്യതിയാനം തുടങ്ങിയ സാഹചര്യങ്ങളിൽ ലൈംഗികബന്ധം വേദനയുള്ളതായി കാണാറുണ്ട്. അതിനു േയാജിച്ച ലൂബ്രിക്കന്റ്സ് ഉപയോഗിക്കാം.

ലൂബ്രിക്കന്റ്സ് ഉപയോഗിക്കുന്നവരോടു ഗർഭധാരണത്തിനൊരുങ്ങുമ്പോൾ ഇത് ഒഴിവാക്കാൻ നിർദേശിക്കാറുണ്ട്. ചില ലൂബ്രിക്കന്റ്സ് ബീജത്തെ ബാധിക്കാം. ഗർഭധാരണം ആഗ്രഹിക്കുമ്പോൾ സ്വാഭാവികമായ ലൂബ്രിക്കന്റ്സ് ഇല്ലെങ്കിൽ കാരണമെന്തെന്നു ഡോക്ടറെ കണ്ട് വിലയിരുത്തി പരിഹാരം കാണുന്നതാണു നല്ലത്.

കന്യാചർമം എന്നതിലെ വാസ്തവമെന്താണ്?

കന്യാചർമം യോനിയുടെ ഭാഗത്തെ പാട പോലെയുള്ള ആവരണം മാത്രമാണ്. കായിക ഇനങ്ങളിലേർപ്പെടുമ്പോൾ ഇതു പൊട്ടിപ്പോകാം. കന്യാചർമം ഉണ്ടെങ്കിലേ കന്യകാത്വമുള്ളൂ എന്നതു തെറ്റിധാരണയാണ്. മെൻസ്ട്രൽ കപ്പ് ഉപയോഗം സാധാരണമായ ഈ കാലത്ത് കന്യാചർമത്തെക്കുറിച്ചു ചിന്തിക്കേണ്ട കാര്യം പോലുമില്ല. ഇത്തരം തെറ്റിധാരണകൾക്കല്ല, സ്വകാര്യഭാഗങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിനാണു പ്രാധാന്യം നൽകേണ്ടത്.

ഏതു ഗർഭനിരോധന മാർഗമാണു നല്ലത്? ഗർഭനിരോധനമാർഗങ്ങൾ ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾക്കു കാരണമാകുമോ?

ഓറൽ കോൺട്രാസെപ്റ്റീവ് പിൽസാണ് ഏറ്റവും ഉത്തമമായ ഗർഭനിരോധന മാർഗം. പിൽസ് കഴിച്ചാൽ കാൻസർ പിടിപെടും, വണ്ണം വയ്ക്കും, ആർത്തവം ക്രമം തെറ്റും എന്നതെല്ലാം തെറ്റിധാരണയാണ്. ആർത്തവസംബന്ധമായ കാര്യങ്ങൾ, ആരോഗ്യപ്രശ്നങ്ങൾ, എത്ര കാലത്തേക്കു വേണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്ത ശേഷമാണു ഡോ ക്ടർ ഓറൽ കോൺട്രാസെപ്റ്റീവ് പിൽസ് നിർദേശിക്കുക. ഏറ്റവും കുറഞ്ഞ ഡോസ് പിൽസ് ആണു നൽകാറ്.

ഡോക്ടർ നിർദേശിക്കുന്നതു പോലെ ഇവ കൃത്യമായ രീതിയിൽ കഴിക്കാൻ ശ്രദ്ധിക്കണം. 21 ദിവസം കൃത്യമായി മുടങ്ങാതെ കഴിക്കണം. പിൽസ് കഴിക്കുന്നത് ആർത്തവം ക്രമമാകാനും അമിതമായ ആർത്തവം, പിസിഒഡി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനും ഫലപ്രദമാണ്. പിൽസ് കഴിക്കുന്നവരിൽ അണ്ഡാശയത്തിലും എൻഡോമെട്രിയത്തിലും കാൻസർ ഉണ്ടാവാനുള്ള സാധ്യത കുറയുന്നതായി പഠനങ്ങൾ തെളിഞ്ഞിട്ടുണ്ട്.

ഡോ. ദീപ്തി. എം
കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, സൺ മെഡിക്കൽ സെന്റർ
തൃശൂർ

ചൈത്രാലക്ഷ്മി