Friday 01 July 2022 03:16 PM IST

‘രോഗം അമ്മയാകാനുള്ള മോഹത്തിന് തടസ്സമല്ല’; ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ

Rakhy Raz

Sub Editor

preggnn76558888

അമ്മയാകാൻ തീവ്രമായി ആഗ്രഹിക്കുമ്പോഴും തന്നെ അലട്ടുന്ന രോഗം തടസ്സമാകുമോ എന്ന് ഭയക്കുന്നവരുണ്ട്. ഇവർ അറിയേണ്ട മുൻകരുതലുകൾ..

ചെറുപ്രായത്തിൽ തന്നെ ചിലർ രോഗങ്ങളുടെ പിടിയിലാകുന്നു. പക്ഷേ, അമ്മയാകാനുള്ള മോഹം അവർക്കുണ്ട്. രോഗത്തിന്റെ കഠിനപാത എങ്ങനെ കടക്കും ? ഗർഭം രോഗാവസ്ഥയെ എങ്ങനെ ബാധിക്കും ? അങ്ങനെ പല കാര്യങ്ങൾ ദമ്പതികളെ ആശങ്കയിലാക്കാം.

രോഗം അമ്മയാകാനുള്ള മോഹത്തിന് തടയിടേണ്ടതില്ല. ശ്രദ്ധയോടെ, വിദഗ്ദ്ധ ഡോക്ടറുടെ സഹായത്തോടെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിക്കാൻ രോഗബാധയുള്ളവർക്കും സാധിക്കും.

കരുതലോടെ തുടങ്ങാം

ആരോഗ്യമുള്ള വ്യക്തിയാണെങ്കിൽ പോലും ഗർഭധാരണത്തിനു മുമ്പ് തയാറെടുപ്പുകൾ വേണം. ഏതെങ്കിലും രോഗം തല പുറത്തു കാട്ടാതെ നിങ്ങളിൽ ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ അത് ഗർഭകാലത്തു തല പൊക്കാം. ശരിയായ ആരോഗ്യ നിരീക്ഷണത്തിനു ശേഷമാണ് ഗർഭധാരണമെങ്കിൽ നിനച്ചിരിക്കാതെ വരുന്ന സങ്കീർണതകൾ ഒരുപരിധി വരെ തടയാൻ കഴിയും.  

ഏതെങ്കിലും വിധത്തിലുള്ള രോഗബാധകളുള്ളവർക്ക് ഗർഭപൂർവ കരുതൽ അഥവാ പ്രീ കൺസെപ്ഷനൽ കെയർ തീർച്ചയായും വേണം. ഡോക്ടർ പരിശോധിച്ച് ഗ്രീൻ സിഗ്‌നൽ നൽകിയാൽ രോഗബാധിതർക്കും ആശങ്കകളില്ലാതെ ഗർഭധാരണമാകാം. ശാരീരികാവസ്ഥയനുസരിച്ച് ഗർഭപൂർവ കരുതൽ വ്യത്യസ്തമാകണം എന്നു മാത്രം.

പ്രമേഹമുള്ളവർക്കുള്ള മുൻകരുതൽ

പ്രമേഹമുള്ളവർ ഗർഭിണിയാകുമ്പോൾ പ്രത്യേകമായ ക രുതൽ വേണമെന്ന് മിക്കവർക്കും അറിയില്ല. പ്രമേഹമുള്ളവരും പ്രമേഹ സാധ്യതയുള്ളവരും ഗർഭിണിയാകുമ്പോൾ ശരിയായ ഗർഭപൂർവ കരുതൽ എടുത്തില്ലെങ്കിൽ ഗുരുതരമായ സങ്കീർണതകൾ വരാം.

ഗർഭകാലത്ത് ചിലർക്ക് പ്രമേഹം (ജെസ്റ്റേഷനൽ ഡയബറ്റിസ്) പിടിപെടാറുണ്ട് എന്നതിനാൽ പ്രമേഹമില്ലാത്തവരും ഗർഭിണിയാകും മുൻപ് ഗൈനക്കോളജിസ്റ്റിന്റെ മേ ൽനോട്ടത്തിൽ പ്രമേഹപരിശോധന നടത്തേണ്ടതാണ്.

പ്രമേഹം ഉള്ളവർക്ക് പൊതുവേ ആർത്തവചക്രം ക്രമമായിരിക്കില്ല. ചികിൽസ, ഭക്ഷണക്രമം, ഡോക്ടറുടെ നിർദേശപ്രകാരമുള്ള ജീവിത ശൈലീ മാറ്റങ്ങൾ ഇവയിലൂടെ ആർത്തവചക്രം ക്രമപ്പെടുത്താം. അല്ലാത്ത പക്ഷം ആരോഗ്യകരമായ ഗർഭധാരണം സാധ്യമാകണമെന്നില്ല.

വേണ്ട മുൻകരുതൽ എടുത്തില്ലെങ്കിൽ പ്രമേഹമുള്ളവരിലെ ഗർഭധാരണം രോഗാവസ്ഥയെ വർധിപ്പിക്കാം.

പ്രമേഹം കൂടുന്നത് ഗർഭസ്ഥശിശുവിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കാം. പ്രമേഹം ഫോളിക് ആസിഡ് നിലയിൽ കുറവ് വരുത്തും. ഫോളിക് ആസിഡ് കുറയുന്നത് കുഞ്ഞിന് ന്യൂറൽ ട്യൂബ് ഡിഫക്റ്റ്സ് ഉണ്ടാക്കാം. കുഞ്ഞിന് വലുപ്പക്കൂടുതൽ, പ്രസവത്തിലെ സങ്കീർണതകൾ എന്നിവയ്ക്കും നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം കാരണമാകാറുണ്ട്.  

pregghhh78n

എന്താണ് ചെയ്യേണ്ടത് ?

പ്രമേഹം തുടങ്ങിയിട്ട് എത്ര നാളായി, പ്രമേഹം ഏതെങ്കിലും അവയവങ്ങളെ ബാധിച്ചിട്ടുണ്ടോ എന്നെല്ലാം മനസ്സിലാക്കി അവ പരിഹരിച്ച ശേഷം വേണം ഗർഭധാരണം.

പ്രമേഹ നിയന്ത്രണത്തിനായി കഴിക്കുന്ന ഗുളികകളിൽ ചിലത് ഗർഭരക്ഷയ്ക്ക് ദോഷമാകാറുണ്ട്. അവ മാറ്റി അനുയോജ്യമായ മരുന്നുകളോ ഇൻസുലിനോ തുടങ്ങിയ ശേ ഷം ആരോഗ്യകരമായ ഗർഭകാലത്തേക്ക് കടക്കാം.

അപസ്മാരം, മരുന്നുകൾ ശ്രദ്ധിക്കാം

അപസ്മാരത്തെക്കാൾ അപസ്മാരത്തിനു കഴിക്കുന്ന മരുന്നുകളാണ് ഗർഭാവസ്ഥയെ പ്രതികൂലമായി ബാധിക്കുക. മരുന്നുകളിലെ ടെറാജനിക് എന്ന ഘടകത്തിന്റെ അളവാണ് സങ്കീർണത ഉണ്ടാക്കുന്നത്.

അപസ്മാരം നിയന്ത്രിക്കാനായി ചിലപ്പോൾ രണ്ടോ മൂന്നോ മരുന്നുകൾ ഒന്നിച്ചു കഴിക്കുന്നുണ്ടാകാം. അപസ്മാരത്തിനായി കഴിക്കുന്ന അനുയോജ്യമല്ലാത്ത മരുന്നുകൾ ന്യൂറൽ ട്യൂബ് ഡിഫക്റ്റ്, ജന്മനാലുള്ള വൈകല്യങ്ങൾ, മുറിചുണ്ട് എന്നിവ വരാനുള്ള സാധ്യത കൂട്ടും. വേണ്ട മുൻകരുതലുകളോടെയല്ലെങ്കിൽ ഗർഭധാരണം മൂലം അപസ്മാരം വരുന്നതിന്റെ തവണകൾ കൂടാനും സാധ്യതയുണ്ട്.

എന്താണ് ചെയ്യേണ്ടത് ?

അപസ്മാരമുള്ളവർ ഗർഭിണിയാകും മുൻപ് അപസ്മാര രഹിതമായ, ആരോഗ്യകരമായ അവസ്ഥയിലേക്ക് ഉയരണം. ഇരുത്തിപത്തിയഞ്ചു വയസ്സിനു താഴെ പ്രായമുള്ളവർക്ക് അഞ്ചു വർഷത്തെ അപസ്മാരരഹിത വർഷങ്ങൾ ഉറപ്പാക്കിയ ശേഷം ഗർഭധാരണത്തിനൊരുങ്ങാം. ഇരുപത്തിയഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ളവർ കുറഞ്ഞത് രണ്ട് അപസ്മാര രഹിത വർഷങ്ങളെങ്കിലും പൂർത്തിയാക്കണം. 35 വയസ്സിനോട് അടുത്ത സ്ത്രീയാണെങ്കിൽ ഗർഭധാരണം ഇനിയും വൈകുന്നത് ആരോഗ്യകരമല്ലാത്തതിനാൽ ഒരു വർഷത്തെ അപസ്മാരരഹിതമായ സമയത്തിനു ശേഷം ഗർഭധാരണത്തിന് ഒരുങ്ങാം.

അപസ്മാരമുള്ളവർ ഗർഭിണിയാകും മുൻപ്  ഇലക്ട്രോ എൻസഫലോഗ്രാഫി ടെസ്റ്റ് ( ഇഇജി) ടെസ്റ്റ് എടുക്കണം.  മസ്തിഷ്ക്കത്തിലെ നാഡീ വ്യൂഹ കോശങ്ങൾ ജനിപ്പിക്കുന്ന സിഗ്‌നലുകൾ രേഖപ്പെടുത്തുന്ന വൈദ്യ പരിശോധനാ സംവിധാനമാണ് ഇഇജി ടെസ്റ്റ്.

അമിതവണ്ണമുള്ളവരുടെ ഗർഭപ്രശ്നങ്ങൾ

രോഗമായി ഗണിക്കാറില്ലെങ്കിലും അമിതവണ്ണമുള്ളവർക്കും വേണം മുന്നൊരുക്കം. ഫോളിക് ആസിഡ് അളവിൽ കുറവ്, പ്രസവ സംബന്ധമായി പ്രമേഹം വരാനുള്ള സാധ്യത എന്നിവ ഇവർക്കുണ്ടാകാം. അമിതവണ്ണമുള്ളവരിൽ ചെറിയ തോതിൽ രക്താതിമർദം ബാധിക്കാം. ചിലര്‍ ഇതു തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. ഇത് മനസ്സിലാക്കാതെയുള്ള ഗർഭധാരണം സങ്കീർണതകളിലേക്ക് നയിക്കാം.

pregnnn6670000

എന്താണ് ചെയ്യേണ്ടത് ?

അമിതവണ്ണമുള്ളവർ ഗൈനക്കോളജിസ്റ്റിനെ കണ്ട് മറ്റു രോഗങ്ങളില്ല എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക. അതിനു ശേഷം ഡയറ്റീഷന്റെയും ഗൈനക്കോളജിസ്റ്റിന്റെയും മേൽനോട്ടത്തിൽ അമിതവണ്ണം ആരോഗ്യകരമായ രീതിയിൽ കുറച്ചശേഷം ഗർഭധാരണത്തിന് ഒരുങ്ങാം.

ഹൃദ്രോഗം തടസ്സമാകുമോ?

ഗർഭം ശരീരത്തിലെ രക്തത്തിന്റെ അളവ് കൂട്ടുകയും ഹൃദയത്തിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും. ജന്മനാല്‍ ഹൃദ്രോഗമുള്ളവർക്ക് ഗർഭകാലത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം.  

ഹൃദ്രോഗമുള്ളവരിൽ മിക്കവരും രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നുണ്ടാകാം. ഇത് മൂലം  ഗർഭസ്ഥശിശുവിന് വൈകല്യങ്ങൾ വരാനിടയുണ്ട്. ഹൃദ്രോഗത്തോടൊപ്പം പ്രമേഹം, രക്താതിമർദം എന്നീ രോഗങ്ങളുണ്ടെങ്കിൽ വളരെയധികം ശ്രദ്ധയോടെ വേണം ഗർഭധാരണം.

എന്താണ് ചെയ്യേണ്ടത് ?

ഹൃദ്രോഗം ഗുരുതരമല്ലാത്തവർക്ക് ഹൃദയത്തിന്റെ പ്രവർത്തനം ആരോഗ്യകരമാണ് എന്നുറപ്പാക്കണം.  എന്തു മരുന്നുകളാണ് കഴിക്കുന്നത് എന്ന് ഗൈനക്കോളജിസ്റ്റിനോടും ഹൃദ്രോഗ വിദഗ്ധരോടും ചർച്ച ചെയ്ത്, കഴിക്കുന്ന മരുന്നുകൾ ഗർഭത്തിന് അനുഗുണമായി മാറ്റുക.

ജന്മനാലുള്ള അമ്മയുടെ ഹൃദ്രോഗം കുഞ്ഞിനും വരാ ൻ സാധ്യതയുണ്ട്. ഗർഭിണിയാകും മുൻപ് അതിനുള്ള സാധ്യത എത്രത്തോളമെന്നും കുഞ്ഞിന് രോഗം വരുന്നത് ഒഴിവാക്കാൻ കഴിയുമോ എന്നും വിദഗ്ധരുടെ മേൽനോട്ടത്തിൽ ഉറപ്പിക്കണം.

സൈക്യാട്രിക് കില്ലേഴ്സ്

പേര് ഭയപ്പെടുത്തുന്നതാണെങ്കിലും പേരോളം ഭയപ്പെടാനില്ല. ജീവിതചുറ്റുപാടുകൾ ഏൽപിക്കുന്ന പിരിമുറുക്കം അത് കുറയ്ക്കുന്ന മരുന്നുകൾ കഴിക്കാൻ പലരെയും നിർബന്ധിതരാക്കുന്നുണ്ട്. ഇത്തരം മരുന്നുകളെയാണ് സൈക്യാട്രിക് കില്ലേഴ്സ് എന്ന പേരിൽ വിളിക്കുന്നത്.

മാനസിക ആരോഗ്യം ഗർഭിണിയാകുന്നതിന് അത്യാവശ്യമാണ്. ഇത്തരം മരുന്നുകൾ കഴിക്കുന്നവർക്ക് അത് ഇടയ്ക്ക് നിർത്താനും കഴിയില്ല.  

അസുഖം നിയന്ത്രണ വിധേയമല്ലെങ്കിൽ ഗർഭകാലത്ത് അമ്മ സ്വയം വേണ്ടത്ര കരുതൽ നൽകാതിരിക്കാനുള്ള സാധ്യതയുണ്ട്. ഗർഭകാലത്തുണ്ടാകുന്ന ഛർദ്ദി, ഓക്കാനം, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ താങ്ങാനും ഇത്തരക്കാർക്ക് പ്രയാസമാകാം.

ഇത് അമ്മയും കുഞ്ഞുമായുള്ള ഇഴയടുപ്പം കുറയാനും കുഞ്ഞിന് വേണ്ട കരുതലിൽ കുറവ് വരാനും സാധ്യത തുറക്കും. സൈക്യാട്രിക് മരുന്നുകൾ ഫോളിക് ആസിഡ് നിലയിൽ കുറവു വരുത്താനുമിടയുണ്ട്.

എന്താണ് ചെയ്യേണ്ടത് ?

അമ്മയാകാനൊരുങ്ങുന്ന വ്യക്തി കഴിക്കുന്ന മരുന്നുകൾ ഗർഭത്തെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ എന്ന് കൃത്യമായി മനസ്സിലാക്കുക. മരുന്നുകൾ മാറ്റി ഉപയോഗിക്കാൻ സാധ്യതയുണ്ടോ എന്നറിയുക.

ഫോളിക് ആസിഡ് നില ആരോഗ്യകരമാണോ എന്നുറപ്പാക്കി ഗർഭിണിയാകും മുൻപ് തന്നെ വേണ്ട രീതിയിൽ പരിഹരിക്കുകയും വേണം. സൈക്യാട്രിക് പ്രശ്നങ്ങൾ നേരിടുന്നവർക്ക് പോസ്റ്റ് പാർട്ടം ഡിപ്രഷൻ അഥവാ ഗർഭാനന്തര വിഷാദം ബാധിക്കാനുള്ള സാധ്യതയുമുണ്ട്. അത് കൂടി പരിഗണിച്ച് വിദഗ്ധ നിർദേശപ്രകാരമേ മുന്നോട്ട് പോകാവൂ.  

ഭാര്യയും ഭർത്താവും ചേർന്ന് പ്രീ കൺസെപ്ഷനൽ കൗൺസലിങ്ങിൽ പങ്കെടുക്കുന്നത് ഗർഭകാലത്തെ പിരിമുറുക്കങ്ങളെ കൈകാര്യം ചെയ്യാൻ സഹായിക്കും.

കാൻസറും കടന്ന് അമ്മയാകുമ്പോൾ

കാൻസർ ബാധിതരെങ്കിലും ഗർഭിണി ആകുന്നവർ ഏറെയാണ്. ചിലർ കാൻസർ പൂർണമായി മാറിയ ശേഷമാകും അമ്മയാകുന്നത്.   ചിലർ ചികിത്സയുടെ അവസാന ഘട്ടത്തിലോ ചികിത്സാ ഘട്ടത്തിൽ തന്നെയോ ആയിരിക്കും.

കാൻസർ ചികിത്സയ്ക്കായി മരുന്നുകൾ, കീമോ‌തെറപ്പി എന്നിവ ദീർഘകാലം എടുത്തതിന്റെ ഫലമായി അണ്ഡാശയങ്ങൾ, മറ്റു ഗർഭ സംബന്ധമായ അവയവങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കാനും പ്രവർത്തനം കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മതിയായ പരിശോധനകളിലൂടെ ആരോഗ്യം ഉറപ്പാക്കി വേണം ഗർഭധാരണം. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്.

എന്താണ് ചെയ്യേണ്ടത് ?

കാൻസർ ബാധിതർ കാൻസറിന്റെ ഏതു ഘട്ടത്തിൽ നിൽക്കുന്നു എന്നതനുസരിച്ചേ ഗർഭധാരണത്തിന് ആവശ്യമായ ആരോഗ്യം ഉണ്ടോ എന്ന് തീരുമാനിക്കാൻ കഴിയൂ.  കാ ൻസർ പൂർണമായി മാറി, ആരോഗ്യം വീണ്ടെടുത്തശേഷം ഗർഭം ധരിക്കുന്നതാണ് ഏറ്റവും നല്ലത്.

ഗർഭ സംബന്ധമായ അവയവങ്ങളുടെ ആരോഗ്യ പരിശോധനയും പ്രീ കൺസെപ്ഷനൽ കൗൺസലിങ്ങും പ്രധാനമാണ്. കാൻസർ ചികിത്സയ്ക്ക് ശേഷമുള്ള സ്ഥിരമായ പരിശോധനകളും ഗർഭസംബന്ധമായ പരിശോധനകളും കൃത്യമായി സ്വീകരിക്കുകയും പ്രതീക്ഷയോടെ ഗർഭകാലത്തെ സ്വീകരിക്കുകയും ചെയ്യുക.

pregnmm788 ഡോ. നിത്യ ചെറുകാവിൽ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ഇന്ദിരാഗാന്ധി കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കടവന്ത്ര, കൊച്ചി

ഫോളിക് ആസിഡ് നേരത്തേ

അമ്മയുടെ ശരീരത്തിൽ ഫോളിക് ആസിഡ് കുറവാകുന്നതു മൂലം ഭ്രൂണത്തിന് വരുന്ന വൈകല്യങ്ങളാണ് ന്യൂറൽ ട്യൂബ് ഡിഫക്റ്റ്. കുഞ്ഞിന്റെ മസ്തിഷ്ക്കത്തിന്റെയും നട്ടെല്ലിന്റെയും രൂപീകരണത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണിത്. പൊതുവേ ഗർഭിണിയായ ശേഷമാണ് ആദ്യമായി ഗൈനക്കോളജിസ്റ്റിനെ കാണാൻ ചെല്ലുന്നത്. ഉടൻ തന്നെ ഫോളിക് ആസിഡ് സപ്ലിമെന്റ് ഡോക്ടർ നൽകിത്തുടങ്ങും. ആരോഗ്യമുള്ള സ്ത്രീകളിൽ പോലും ഫോളിക് ആസിഡ് അളവ് ഗർഭസ്ഥ ശിശുവിന് ആരോഗ്യകരമായ നിലയിൽ ആയിരിക്കണമെന്നില്ല.

അതിനാൽ ഗർഭധാരണത്തിന് ഒരുങ്ങും മുൻപ് ത ന്നെ ഡോക്ടറെ സന്ദർശിച്ച് ഫോളിക് ആസിഡ് സപ്ലിമെന്റ് കഴിച്ചു തുടങ്ങാം. ഗർഭിണിയാകുന്നതിന് മൂന്നു–നാല് ആഴ്ച മുൻപു തന്നെ ഫോളിക് ആസിഡ് സപ്ലിമെന്റ് കഴിച്ചു തുടങ്ങണം.

പ്രഗ്‌നൻസി സ്ക്രീനിങ് എങ്ങനെ?

ഗർഭിണിയാകാൻ ഒരുങ്ങും മുൻപ് ഗൈനക്കോളജിസ്റ്റിനെ കണ്ടാൽ ഫോളിക് ആസിഡ് അളവ്, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്, തൈറോയിഡ്, പ്രമേഹം പോലുള്ള ഏതെങ്കിലും രോഗങ്ങൾ വ്യക്തിക്കോ കുടുംബത്തിലോ ഉണ്ടോ എന്നീ കാര്യങ്ങൾ ഡോക്ടർ അന്വേഷിച്ചറിയും. രോഗമുള്ളവർ രോഗത്തെ കുറിച്ചുള്ള വിശദവിവരങ്ങളും കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങളും ഗൈനക്കോളജിസ്റ്റിനെ അറിയിക്കണം.

രക്ത പരിശോധനകൾ, ഇടുപ്പെല്ലിന്റെ ആരോഗ്യം അറിയുന്നതിനായി എക്സ്‌റേ, ഗർഭപാത്രത്തിന്റെ ആ രോഗ്യം അറിയുന്നതിനായി അൾട്രാ‌സൗണ്ട് ടെസ്റ്റ്, മറ്റു രോഗങ്ങളുണ്ടോ എന്നറിയുന്നതിനായി ആവശ്യമായ ടെസ്റ്റുകൾ എന്നിവ ചെയ്യും. ഇതിലൂടെ ഗർഭധാരണത്തിനുള്ള ആരോഗ്യമുണ്ടോ എന്നറിയാം.

രക്തക്കുറവ് ഉള്ളവർ

രക്തക്കുറവ് രോഗമായി പലരും പരിഗണിക്കാറില്ല. രക്തക്കുറവുള്ളവർ ഗർഭിണിയാകുമ്പോൾ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് വീണ്ടും കുറയാനിടയുണ്ട്. കാരണം ഗർഭകാലത്ത് രക്തത്തിന്റെ കട്ടി കുറയും.  

രക്തക്കുറവുള്ളവർക്ക്, ഹീമോഗ്ലോബിന്റെ അ ളവ് വേണ്ട തോതിലെത്തിക്കാൻ രക്തം സ്വീകരിക്കുകയോ  കുത്തിവയ്പ്പ് എടുക്കുകയോ, അയൺ ഗുളികകൾ അധിക അളവിൽ കഴിക്കേണ്ടി വരികയോ ചെയ്യാം. അതിനാൽ ഗർഭിണിയാകും മുൻപ് രക്തക്കുറവ് ഉണ്ടോ എന്നു പരിശോധിച്ച് വേണ്ട ചികിത്സ സ്വീകരിക്കുക.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. നിത്യ ചെറുകാവിൽ, കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ്, ഇന്ദിരാഗാന്ധി കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, കടവന്ത്ര, കൊച്ചി

Tags:
  • Health Tips
  • Glam Up