Friday 25 November 2022 02:47 PM IST : By സ്വന്തം ലേഖകൻ

‘വയറു നിറയെ ഭക്ഷണം കഴിച്ച് മല കയറരുത്; നെഞ്ചുവേദനയുണ്ടായാൽ ശ്രദ്ധിക്കണം’; മല കയറുമ്പോൾ ഹൃദയത്തിനും വേണം കരുതൽ..

makaravilakku-carousel

രണ്ടു കാർഡിയോളജി സെന്ററും 15 പ്രഥമശുശ്രൂഷ കേന്ദ്രങ്ങളും ഉണ്ടായിട്ടും ശബരിമല നീലിമല പാതയിൽ ഇതുവരെ അഞ്ചുപേർ ഹൃദ്രോഗം മൂലം മരിച്ചു. കുത്തനെയുള്ള കയറ്റങ്ങളാണ് നീലിമലയും അപ്പാച്ചിമേടും. ഒന്നര കിലോമീറ്റർ കയറ്റമുണ്ട്. ഇവ കയറുമ്പോൾ ഹൃദയമിടിപ്പും രക്‌തസമ്മർദവും കൂടും. കൊറോണറി രക്‌തധമനികളിൽ തടസ്സങ്ങളുള്ളവരിൽ ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു.

ഒപ്പമുള്ളവർ മുന്നിൽ നടന്നുപോകുന്നതിനാൽ അവർക്ക് ഒപ്പം എത്താൻ വേഗം നടക്കുന്നതാണ് ആപത്ത് വരുത്തുന്നതെന്നു സഹാസ് കാർഡിയോളജി സെന്ററിൽ സൗജന്യ സേവനത്തിന് എത്തിയ ചെന്നൈ സിംസ് ആശുപത്രിയിലെ വിദഗ്ധൻ ഡോ. എസ്. ആകാശ്, സഹാസ് സെക്രട്ടറി ഡോ. ഒ. വാസുദേവൻ എന്നിവർ പറഞ്ഞു. ഹൃദ്രോഗ ചികിത്സയ്ക്ക് ആധുനിക ഉപകരണങ്ങളുള്ള കാർഡിയോളജി സെന്റർ നീലിമലയിലും അപ്പാച്ചിമേട്ടിലും ഉണ്ട്. പലരും ഇത് പ്രയോജനപ്പെടുത്തുന്നില്ല. സന്നിധാനത്തും ചികിത്സാ സൗകര്യമുണ്ട്. ഇവിടെയും ചികിത്സ പൂർണമായും സൗജന്യമാണ്.

മല കയറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

. മല കയറ്റത്തിനായി വരുമ്പോൾ നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ആശുപത്രി രേഖകളും മരുന്നുകളുടെ കുറിപ്പുകളും കരുതുക.

. സന്നിധാനത്തിൽ തിരക്കു കുറഞ്ഞ സമയത്താണ് ഹൃദയാഘാത മരണം കൂടുതൽ സംഭവിക്കുന്നത്. ഈ സമയം വേഗത്തിൽ മല കയറുന്നതാണ് കാരണം. വളരെ സാവധാനം മല കയറണം.

. നടക്കുമ്പോൾ നെഞ്ചുവേദന, തലകറക്കം, ശ്വാസം മുട്ടൽ തുടങ്ങിയവ ഉണ്ടായാൽ ഉടൻ അടുത്ത ആശുപത്രിയിൽ സഹായം തേടുക.

. അസ്വസ്ഥത അനുഭവപ്പെടുമ്പോൾ തൊട്ടടുത്തു കാണുന്ന പ്രഥമ ശുശ്രൂഷ കേന്ദ്രത്തിൽ സഹായം തേടണം.

. ഹൃദ്രോഗം ഉള്ളവർ പരമാവധി നീലിമല പാത വഴിയുള്ള കയറ്റം ഒഴിവാക്കുക.

. ഒറ്റയടിക്കു മല കയറരുത്. ഇടയ്ക്കിടെ വിശ്രമിക്കണം.

. ഡോക്‌ടർ നിർദേശിച്ച മരുന്നുകൾ കൃത്യസമയത്തു കഴിക്കണം. സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കരുതണം.

. നെഞ്ചുവേദനയുണ്ടായാൽ ‘സോർബിട്രേറ്റ്’ എന്ന ഗുളിക നാവിനടിയിൽ വയ്‌ക്കണം. ഇതു വേദന കുറയാൻ സഹായിക്കുന്നു.

. വയറുനിറയെ ഭക്ഷണം കഴിച്ച് മല കയറരുത്. ഭക്ഷണം കഴിച്ച് അരമണിക്കൂർ കഴിഞ്ഞേ മല കയറ്റം തുടങ്ങാവൂ.

കടപ്പാട്: ഡോ. എൽ. അനിതകുമാരി ഡിഎംഒ, പത്തനംതിട്ട

15 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ 24 മണിക്കൂറും

sabarimala66gbj

നീലിമലപാതയിലും സ്വാമി അയ്യപ്പൻ റോഡിലുമായി 15 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ ഉണ്ട്. ഇവ 24 മണിക്കൂറും പ്രവർത്തിക്കും. മല കയറുമ്പോൾ തളർച്ച, ക്ഷീണം എന്നിവ അനുഭവപ്പെടുമ്പോൾ വിശ്രമിക്കാനും ഓക്‌സിജൻ ശ്വസിക്കാനും സൗകര്യം ഉണ്ട് പൾസ് ഓക്‌സിമീറ്റർ, ഹൃദയ പുനരുജ്ജീവനത്തിനുള്ള എക്‌സ്റ്റേണൽ ഡിഫ്രിബിലേറ്റർ തുടങ്ങിയ ഉപകരണങ്ങളും സജ്ജമാണ്.

ഇതിനു പുറമേ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി സെന്ററുകൾ ഉണ്ട്. ഇതിനു പുറമേ സന്നിധാനം, പമ്പ, നിലയ്ക്കൽ ആശുപത്രികളിലും ഹൃദ്രോഗത്തിനു പ്രഥമശുശ്രൂഷ സൗകര്യം ഉണ്ട്. അടിയന്തര വൈദ്യസഹായത്തിനു ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിൽ വിളിക്കാം. ഫോൺ- 04735 203 232

Tags:
  • Health Tips
  • Glam Up