Wednesday 23 March 2022 11:55 AM IST

‘വണ്ണം കുറച്ചത് ഗ്രീൻ ടീ–കുടംപുളി മാജിക്ക്’; എഴുപത്തിയഞ്ചിൽ നിന്നും 44 കിലോയിലേക്ക് സന്ധ്യയുടെ സേഫ് ലാൻഡിംഗ്

Asha Thomas

Senior Sub Editor, Manorama Arogyam

sandhya-

എഴുപത്തിയഞ്ചു കിലോയിൽ നിന്ന് 44 കിലോയിലേക്കെത്തിയപ്പോൾ ശരീരഭാരം മാത്രമല്ല തിരുവനന്തപുരം കാരിയായ സന്ധ്യ പിന്നിലുപേക്ഷിച്ചത്, ചില കുഞ്ഞുഭയങ്ങളെയും ആത്മവിശ്വാസക്കുറവിനെയുമാണ്. ഡ്രൈവിങ് ഇഷ്ടമില്ലാതിരുന്ന സന്ധ്യ ഇപ്പോൾ ബൈക്കോടിക്കാൻ പഠിക്കുന്നു, പുതിയ ഹാർലി ഡേവിഡ്സണിൽ പറന്നുനടക്കുന്നത് സ്വപ്നം കാണുന്നു. മോഡലിങ് രംഗത്ത് സജീവമായിരുന്നെങ്കിലും ഇത്ര ഊർജസ്വലയായിരുന്നില്ല താനെന്ന് അവർ ഒാർത്തെടുക്കുന്നു.

‘‘ 75 കിലോയുണ്ടായിരുന്നപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നം ഇഷ്ടമുള്ള വേഷം ധരിക്കാൻ പറ്റുന്നില്ല എന്നതായിരുന്നു. കാഴ്ചയിൽ അത്ര ശരീരഭാരം തോന്നുകില്ലെങ്കിലും ശരീരം ടോൺഡ് ആയിരുന്നില്ല. ബനിയൻ ടൈപ്പിലുള്ള വേഷങ്ങൾ ധരിച്ചാൽ കൊഴുപ്പടിഞ്ഞുണ്ടായ ‘ടയറുകളൊ’ക്കെ തെളിഞ്ഞുകാണും. എങ്ങും പോകാൻ ഒരു ആത്മവിശ്വാസമില്ല. ധരിക്കാൻ പാകമാകുന്ന ഡ്രസ്സാകട്ടെ ഒട്ടും കംഫർട്ടബിളുമായിരിക്കില്ല. ജീൻസും ടോപ്പും പോലുള്ള മോഡേൺ വേഷങ്ങൾ ഇഷ്ടപ്പെട്ടിരുന്ന, മോഡലിങ് പാഷനായ എനിക്ക് വണ്ണം ഒരു പ്രശ്നമായിരുന്നു. അങ്ങനെയാണ് ഭാരം കുറച്ച് ശരീരമൊക്കെ ഒന്നു ടോൺ ചെയ്യാനായി ജിമ്മിൽ ചേരുന്നത്.

ഒന്നര മണിക്കൂർ വ്യായാമം

രാവിലെയോ വൈകിട്ടോ ദിവസവും ഒന്ന് ഒന്നര മണിക്കൂർ ജിമ്മിൽ വ്യായാമം ചെയ്തു. ശരീരം മുഴുവനും വേണ്ടുന്ന വ്യായാമങ്ങളാണ് പ്രധാനമായും ചെയ്തിരുന്നത്. ഒപ്പം കൈക്ക്, തുടയ്ക്ക്, വയറിന് എന്നിങ്ങനെ ശരീരഭാഗങ്ങൾ ടോൺ ചെയ്യാനുള്ള വ്യായാമങ്ങളുമുണ്ട്. ഒരു ദിവസം കൈക്കുള്ളതാണെങ്കിൽ പിറ്റേന്ന് വയറിനുള്ളത്. ഇങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം ശരീരം നല്ല ഷേപ്പിലെത്തുമെന്നതാണ്. വണ്ണം കുറയുമ്പോൾ ചർമം തൂങ്ങിനിൽക്കില്ല. ഭാരമെടുത്തുള്ള വ്യായാമങ്ങളും ചെയ്തിരുന്നു. ജിമ്മിൽ പോകാത്ത ദിവസം പ്ലാങ്ക് വ്യായാമം ചെയ്യും, സ്ക്വാറ്റ് ചെയ്യും. ജിം ഇൻസ്ട്രക്ടറായ വികാസ് തന്നെ ഒരു ഡയറ്റും പറഞ്ഞുതന്നിരുന്നു. അതാണ് പിൻതുടർന്നത്.

sandhya-2

സ്പെഷൽ ഡയറ്റ് ഇങ്ങനെ

രണ്ടു ഗ്ലാസ് ശുദ്ധജലം കുടിച്ചാണ് ദിവസം തുടങ്ങുന്നത്. പ്രാതലിന് രണ്ട് ചപ്പാത്തി, പച്ചക്കറികൾ പുഴുങ്ങിയത്. ഒരു ഗ്ലാസ്സ് പാൽ കുടിക്കും. പാടനീക്കാതെ. ഉച്ചയ്ക്ക് മുളപ്പിച്ച പയർ ആവി കയറ്റിയതും പുഴുങ്ങിയ പച്ചക്കറികളും. രാത്രി ഏഴു മണിക്കു മുൻപായി കുക്കുമ്പർ അല്ലെങ്കിൽ പൈനാപ്പിൾ കൊണ്ടുള്ള ജ്യൂസ്. വിശപ്പു മാറിയില്ലെങ്കിൽ റോബസ്റ്റ പഴം കഴിക്കും. കാലറി കുറവായതിനാൽ പച്ചക്കറികളും പഴങ്ങളും ധൈര്യമായി കഴിക്കുമായിരുന്നു. ഇടയ്ക്കിടെ കുക്കുമ്പർ അരിഞ്ഞു കഴിക്കും.

ഗ്രീൻ ടീ ഇഷ്ടം

ദിവസവും ആറ് ഗ്ലാസ് ഗ്രീൻ ടീ കുടിക്കും. കരിക്കിൻവെള്ളവും ഏറെയിഷ്ടം. എല്ലാം ചേർത്ത് ദിവസം ആകെ 20 ഗ്ലാസ് ശുദ്ധജലം കുടിക്കും. ഇതൊക്കെ കൊണ്ടാകാം ശരീരം മെലിഞ്ഞെങ്കിലും അൽപം പോലും ക്ഷീണമില്ലായിരുന്നു. ചർമം വരണ്ടുപോവുകയോ മുടി കൊഴിയുകയോ ചെയ്തില്ല.

ഫാസ്റ്റ് ഫുഡിനോട് നേരത്തേ തന്നെ വലിയ താൽപര്യമില്ലായിരുന്നു. പണ്ടേ ഞാൻ ശുദ്ധ സസ്യഭുക്കാണ്. അതുകൊണ്ട് ഡയറ്റ് പാലിക്കാൻ വലിയ പ്രയാസം വന്നില്ല. പലരുടെയും ധാരണ ചോറു കഴിച്ചാലേ ആ രോഗ്യമുണ്ടാകൂ എന്നാണ്. എന്നാൽ വലിയ ശാരീരികാധ്വാനമില്ലാത്തവർ കാർബോഹൈഡ്രേറ്റ് ധാരാളമുള്ള ചോറ് നിയന്ത്രണമില്ലാതെ കഴിക്കുന്നത് വണ്ണം കൂട്ടുകയേ ഉള്ളൂ.

വ്യായാമമൊക്കെ കഴിഞ്ഞ് സ്ഥിരമായി ഭാരം നോക്കുമായിരുന്നു. കുറച്ചു മെലിഞ്ഞെന്നു കാണുമ്പോഴേ സന്തോഷമാകും. ഡയറ്റിങ് ബോറടിച്ച് കുറച്ചു ലാവിഷായി ഭക്ഷണം കഴിച്ചേക്കാം എന്നു കരുതുന്ന ദിവസങ്ങളുണ്ട്. പക്ഷേ, ഈ കഷ്ടപ്പെട്ടു മെലിഞ്ഞതൊക്കെ പഴയപടി ആയാലോ എന്നു പേടി തോന്നും. അതോടെ ഭക്ഷണം വേണ്ടെന്നുവയ്ക്കും. ഇങ്ങനെ സ്വന്തമായി ഒരു കൺട്രോൾ വന്നാൽ പിന്നെ ഡയറ്റിങ്ങൊക്കെ ഈസിയായി നടന്നുകൊള്ളും.

sandhya-1

കുടംപുളി മാജിക്

വണ്ണം കുറയാൻ എന്നെ സഹായിച്ച മറ്റൊരു മാജിക് ഡ്രഗാണ് കുടംപുളി. ഒന്നോ രണ്ടോ കുടംപുളി മൺചട്ടിയിൽ ഒരു ഗ്ലാസ്സ് വെള്ളമൊഴിച്ച് ഇട്ടുവയ്ക്കും. കുതിർന്നു കഴിയുമ്പോൾ അത് തിളപ്പിച്ച് വറ്റിച്ച് അര ഗ്ലാസ്സ് ആക്കി കുടിക്കുക. ഭക്ഷണത്തിന് അര മണിക്കൂർ മുൻപാണ് കുടിക്കേണ്ടത്. ഇങ്ങനെ ചെയ്താൽ ശരീരത്തിൽ കൊഴുപ്പ് തങ്ങിനിൽക്കില്ലത്രേ. 10–20 ദിവസമാവുമ്പോഴേക്കും നല്ല ഫലം ലഭിക്കും.

ഇപ്പോൾ ഇഷ്ടമുള്ള ഏതു വേഷവും ധരിക്കാം. സ്റ്റാമിന കൂടി. ഏറെ നീണ്ട ഷൂട്ടുകളിൽ പോലും മടുപ്പില്ലാതെ, ചിരിമങ്ങാതെ ജോലിചെയ്യാമെന്നായി. പരിചയമില്ലാത്ത കാര്യങ്ങളാണെങ്കിലും ഒരു കൈ നോക്കാനുള്ള ആത്മവിശ്വാസം വർധിച്ചു. വണ്ണം കുറച്ചതിന്റെ ഗുണങ്ങൾ പറഞ്ഞിട്ടും മതിയാകുന്നില്ല സന്ധ്യയ്ക്ക്.

വണ്ണം കുറഞ്ഞു കണ്ടപ്പോൾ പലർക്കും തിരിച്ചറിയാൻ പോലും കഴിഞ്ഞില്ലെന്നു പറയുന്നു സന്ധ്യ. കാഴ്ചയിൽ മാത്രമല്ല മനോഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം പ്രതിഫലിക്കുന്നുണ്ട് ഒരു പുതിയ ഊർജമെന്ന് തെളിഞ്ഞ ചിരിയോടെ കൂട്ടിച്ചേർക്കുന്നു.