Friday 22 November 2024 03:24 PM IST : By സ്വന്തം ലേഖകൻ

അമിതവണ്ണം കുറയ്ക്കണോ? സെലീനിയം ഭക്ഷണത്തിൽ ഉൾപ്പെടുത്താം

selenium-foods

ഏതൊരാളെയും അലട്ടുന്ന ഒന്നാണ് അമിതവണ്ണം. വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും മാത്രമേ അമിതവണ്ണം നിയന്ത്രിക്കാനാകൂ. എന്നാണ് സെലീനിയം എന്ന ധാതു ഭക്ഷണത്തിലുൾപ്പെടുത്തുന്നത് അമിതവണ്ണത്തെ  നിയന്ത്രിക്കാൻ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഐജിഎഫ് 1 എന്ന ഹോർമോണിന്റെ തോത് കുറയ്ക്കാനും ലെപ്റ്റിൻ ഹോർമോൺ നിയന്ത്രിക്കാനും സെലീനിയം സപ്ലിമെന്റ് സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

സെലീനിയം അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ

ഒയ്സ്റ്റർ

പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, വൈറ്റമിനുകൾ, ധാതുക്കൾ എന്നീ അവശ്യ പോഷകങ്ങളടങ്ങിയ ഒയ്സ്റ്റർ കാലറി കുറഞ്ഞ ഒരു ഭക്ഷണ വിഭവമാണ്. പ്രതിദിനം 3 ഔൺസ് ഒയ്സ്റ്റർ അഥവാ 55 മൈക്രോഗ്രാം സെലീനിയം ഒരാൾ കഴിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു.  

ബ്രസീൽ നട്ട്സ്

ഒരു സസ്യാഹാരത്തിലെ  സെലീനയത്തിന്റെ അളവ് ആ സസ്യം വളർന്ന മണ്ണിനെ അടിസ്ഥാനമാക്കി ഇരിക്കും. ഒരു ബ്രസീലിയൻ നട്ടിൽ 68 മുതൽ 91 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. ഒരാളുടെ ഒരു ദിവസത്തെ സെലീനിയം ആവശ്യകത പരിഹരിക്കാൻ ഒരേ ഒരു ബ്രസീൽ നട്ട് മതിയാകും.

മുട്ട

ഒരു വലിയ മുട്ടയ്ക്ക് നിങ്ങളുടെ പ്രതിദിന സെലീനിയം ആവശ്യകതയുടെ 28 ശതമാനം നിറവേറ്റാൻ സാധിക്കും. പ്രധാനമായും മുട്ടയുടെ മഞ്ഞ കരുവിലാണ് സെലീനിയം കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും മുട്ട വെള്ളയിലും 9 മൈക്രോഗ്രാം സെലീനിയം ഉണ്ട്. പ്രോട്ടീനിന്റെ ഏറ്റവും ചെലവ് കുറഞ്ഞ സ്രോതസ്സുകളിൽ ഒന്നായ മുട്ടയിൽ കാർബോഹൈഡ്രേറ്റ് അംശവും കുറവാണ്. ഒരു മുട്ട 6 മുതൽ 8 ഗ്രാം വരെ പ്രോട്ടീൻ വെറും 70 കാലറിയിൽ നൽകുന്നു. നിരവധി വൈറ്റമിനുകളുടെ യും ധാതുക്കളുടെയും ഉറവിടം കൂടിയാണ് മുട്ട.

മത്തി

സെലീനിയത്തിന് പുറമേ വൈറ്റമിൻ ബി 12, കാൽസ്യം, ഫോസ്ഫറസ്, ഒമേഗാ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വൈറ്റമിൻ ഡി എന്നിവ അടങ്ങിയതാണ് മലയാളികളുടെ പ്രിയ വിഭവമായ മത്തി. നൂറു ഗ്രാം മത്തിയിൽ 40.6 മുതൽ 52.7 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിരിക്കുന്നു.

സൂര്യകാന്തി വിത്ത്

സസ്യാഹാരികൾക്ക് ആശ്രയിക്കാവുന്ന സെലീനയത്തിന്റെ സമ്പുഷ്ട സ്രോതസ്സാണ് സൂര്യകാന്തി വിത്തുകൾ. കാൽ കപ്പ് സൂര്യകാന്തി വിത്തിൽ ഏകദേശം 19 മൈക്രോ ഗ്രാം സെലീനിയം അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകളും ഫൈബറും അടങ്ങിയ സൂര്യകാന്തി വിത്തുകൾ ഭാരം കുറയ്ക്കാനും സഹായകമാണ്. പ്രതിരോധശക്തി വർധിപ്പിക്കുന്ന ധാരാളം വൈറ്റമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു.  

Tags:
  • Health Tips
  • Glam Up