Friday 30 September 2022 04:25 PM IST : By ശ്യാമ

‘ശബ്ദം കേട്ട് ചെല്ലുമ്പോള്‍ കാണുന്നത് ഉടുപ്പില്ലാതെ നില്‍ക്കുന്ന ആണുങ്ങളെ! ദേഷ്യപ്പെട്ടിട്ടുണ്ട്, കല്ലെടുത്തെറിഞ്ഞിട്ടുണ്ട്; പക്ഷേ, ചിലർക്ക് സ്ത്രീകൾ ദേഷ്യപ്പെടുന്നതും ഹരമാണ്’

sjowmanrrcbhh ഡോ.അമീന, കോട്ടയം, മീര മനോജ്, ബിസിനസ്, എറണാകുളം

ഫ്ലാഷിങ് എന്നറിയപ്പെടുന്ന നഗ്നതാ പ്രദര്‍ശനം നമ്മുടെ നാട്ടിലും ഉണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി സോഷ്യൽമീഡിയയിലൂടെ പറഞ്ഞത് മാസങ്ങള്‍ക്കു മുന്‍പാണ്. പക്ഷേ, മിക്ക പുരുഷന്മാര്‍ക്കും പറഞ്ഞതത്ര ഇഷ്ടപ്പെട്ടില്ല. ‘ഏതു നൂറ്റാണ്ടിലെ കാര്യമാണ് സുഹൃത്തേ, ഈ പറയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴതൊന്നും ഇല്ല’  എന്നുള്ള എതിര്‍പ്പുമായെത്തി. 

സ്ത്രീകള്‍ പറയുന്നതു മറിച്ചാണ്. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ‘വനിത’യുെട ചോദ്യത്തിന് ബഹുഭൂരിപക്ഷം സ്ത്രീകളും രണ്ടാമതൊന്ന് ആലോചിക്കാതെ ഉത്തരം പറഞ്ഞു, ‘ഉണ്ട്’  കാലാകാലങ്ങളായി സഹിച്ചിട്ടും പരാതിപ്പെട്ടിട്ടും പോരാടിയിട്ടും ഇ തൊക്കെ ആവർത്തിക്കപ്പെടുന്നതിന്റെ രോഷമുണ്ട് ഓരോ പെൺശബ്ദത്തിലും... 

‘ദേഷ്യപ്പെടുന്നതും ഹരമാണ്..’: മീര മനോജ്, ബിസിനസ്, എറണാകുളം

കോളജിൽ പഠിക്കുന്ന സമയത്തെ കാര്യമാണ്. ഹോസ്റ്റലിന് എതിർവശത്ത് റെയിൽവേ സ്റ്റേഷൻ. അവിടെ പലരും വന്നു പലതരം ശബ്ദങ്ങളുണ്ടാക്കും. നമ്മൾ ശബ്ദം കേട്ട് ചെല്ലുമ്പോള്‍ കാണുന്നത് ഉടുപ്പൊന്നുമില്ലാതെ നില്‍ക്കുന്ന ആണുങ്ങളെയാണ്. 

ദേഷ്യപ്പെട്ടിട്ടുണ്ട്. കല്ലെടുത്തെറിഞ്ഞിട്ടുണ്ട്. പക്ഷേ, ചിലർക്ക് സ്ത്രീകൾ ദേഷ്യപ്പെടുന്നതും ഹരമാണ്. ഹോസ്റ്റലിൽ പരാതി പറയുമ്പോള്‍ അവര്‍ പൊലീസില്‍ അറിയിക്കും. അവര്‍ വന്നു പോയിക്കഴിഞ്ഞാല്‍ രണ്ടുദിവസത്തേക്കു ശാന്തമാണ്. പിന്നെയും ഇതു തുടരും. 

സത്യത്തില്‍ ഒരാളെയോ രണ്ടാളെയോ അല്ല തിരുത്തേണ്ടത്. കളക്റ്റീവായ മാറ്റം വരണം. അതിനുള്ള വിദ്യാഭ്യാസവും അവബോധവും സൃഷ്ടിക്കണം. മടിക്കാതെ അധികാരികളോട് പരാതിപ്പെടാന്‍ പെണ്‍കുട്ടികള്‍ തയാറാകണം. 

അതു വിശ്വസിക്കാനുള്ള മനസ്സ് അധികാരികള്‍ക്കും വേണം. തുറന്ന് പറയുന്നവരെ തളർത്താതെ ഒപ്പം ചേര്‍ത്തുപിടിക്കുന്ന സമൂഹം ഉണ്ടാകേണ്ടതും ആവശ്യമാണ്.

‘വേണ്ടത് ശാശ്വത പരിഹാരം’:  ഡോ. അമീന, കോട്ടയം

കോട്ടയം മെഡിക്കൽ കോളജിൽ നിന്നാണ് എംബിബിഎസ് പൂർത്തിയാക്കിയത്. അഞ്ച് വർഷക്കാലം ഹോസ്റ്റൽ ജീവിതം. ഇക്കാലയളവിൽ പല കുട്ടികൾക്കും നഗ്നതാ പ്രദർശനം അല്ലെങ്കിൽ ‘ഷോ മാൻ’ ശല്യം നേരിടേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും വാർഡനോടും ഹൗസ്കീപ്പർമാരോടും പരാതിപ്പെടുമ്പോൾ വളരെ വിചിത്രമായ മറുപടികളാണ് കിട്ടുക ‘നിങ്ങൾ ജനൽ അടച്ചിട്ടാൽ മതി’, ‘മാറി നടന്നാൽ മതി’ എന്നൊക്കെ.

പൊലീസ്‌ സ്റ്റേഷനിൽ ഞങ്ങൾ പരാതി കൊടുക്കുമ്പോൾ പറയും, ‘ആളെ കാണുമ്പോൾ ഉടനെ അറിയിക്കണം’ എന്ന്. അറിയിച്ചാല്‍ത്തന്നെ അവരെത്തുമ്പോഴേക്കും ആൾ സ്ഥലം വിട്ടു കാണും. ഒന്നു രണ്ട് തവണയൊക്കെ ആരെയോ പിടിച്ചിട്ടുണ്ടെങ്കിലും അയാൾ തന്നെ വീണ്ടും വരികയോ പുതിയ ആളുകൾ ഇതു തന്നെ ചെയ്യുകയോ ഒക്കെ ഉണ്ടാകുന്നു. 

ഇതിനൊന്നും ശ്വാശ്വത പരിഹാരം കാണാൻ ഇത്ര വർഷങ്ങളായിട്ടും പറ്റുന്നില്ല എന്നതു തന്നെ പ്രശ്നങ്ങളെ നിസ്സാരവൽക്കരിക്കുന്നതിന്റെ തെളിവാണ്. ഫ്ലാഷിങ് ഉണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ കണ്ടില്ലെന്ന് നടിക്കുന്നതും ‘നിങ്ങൾ ഒതുങ്ങി നടന്നാൽ മതി’ എന്ന തരത്തില്‍ പഴിചാരുന്നതും മാറേണ്ടതുണ്ട്. എക്സിബിഷനിസം മാനസികവൈകല്യം തന്നെയാണ്. അതുകൊണ്ട് ശിക്ഷ എന്നതിനേക്കാൾ ഊന്നൽ െകാടുക്കേണ്ടത് മാനസിക പരിചരണം നൽകുന്നതിലാകണം. എങ്കിലേ അതാവർത്തിക്കപ്പെടാതിരിക്കൂ.

Tags:
  • Glam Up