Thursday 24 February 2022 04:53 PM IST

‘മുഖക്കുരു വന്നാലും അതു കുത്തിപ്പൊട്ടിക്കാനോ തൊടാനോ പോകാറില്ല’: അമ്മ ബ്യൂട്ടീഷ്യൻ, ശ്രുതിയുടെ അഴക് രഹസ്യം ഇതാ

Sruthy Sreekumar

Sub Editor, Manorama Arogyam

sruthi-chakkappazham-famw ചിത്രങ്ങൾ: ശ്രുതി- ഇൻസ്റ്റഗ്രാം

പൈങ്കിളിയായി, കിളിക്കൊഞ്ചലുകളുമായി പ്രേക്ഷകരുെട മനസ്സിൽ ഇടംനേടിയ അഭിനേത്രിയാണ് ശ്രുതി രജനീകാന്ത്. ഒരു പത്രപ്രവർത്തകയായി കരിയർ തുടങ്ങിയ ശ്രുതി ഇന്ന് പത്രത്താളുകളിൽ സെലിബ്രിറ്റിയായി തിളങ്ങുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തെ ജനങ്ങൾ അത്രയേറെ നെഞ്ചിലേറ്റി കഴിഞ്ഞിരിക്കുന്നു. ഒട്ടും കൃത്രിമത്വം ഇല്ലാത്ത അഭിനയവും എനർജിയുമാണ് ആ കഥാപാത്രത്തെയും ശ്രുതിയെയും പ്രിയങ്കരമാക്കുന്നത്. അമ്പലപ്പുഴക്കാരിയായ ശ്രുതിയുെട അമ്മ ലേഖ ബ്യൂട്ടീഷൻ ആണെങ്കിൽ സൗന്ദര്യസംരക്ഷണത്തിൽ അൽപ്പം മടിയുള്ള കൂട്ടത്തിലാണ് നമ്മുെട പൈങ്കിളി.

Carefree attitude works

നമ്മുെട ചർമമാണെങ്കിലും മുടിയാണെങ്കിലും അതിനെ അതിന്റെ വഴിക്കു വിടുക എന്ന ആറ്റിറ്റ്യൂഡ് കൊണ്ടു നടക്കുന്ന ആളാണ് ഞാൻ. ഒട്ടും ബ്യൂട്ടി കോൺഷ്യസ് അല്ല. അമ്മ ഒരുപാട് ബ്യൂട്ടി ടിപ്സ് പറഞ്ഞുതരാറുണ്ട്. പക്ഷേ എന്റെ മടി കാരണം അതൊന്നും െചയ്തുനോക്കാറില്ല. അഭിനയിക്കാൻ തുടങ്ങിയതിനുശേഷമാണ്

കുറച്ചെങ്കിലും ശ്രദ്ധിക്കാൻ തുടങ്ങിയത്. അമ്മയുെട ടിപ്സിൽ ചിലത് പ്രയോഗിക്കാറുണ്ട്.

മുഖത്ത് ആഴ്ചയിലൊരിക്കൽ കസ്തൂരി മഞ്ഞൾ പുരട്ടും. വീട്ടിൽ തന്നെ കസ്തൂരി മഞ്ഞൾ െചടി ഉണ്ട്. അമ്മ അത് ഉണക്കി പൊടിച്ചു സൂക്ഷിച്ചിട്ടുണ്ട്. മഞ്ഞൾ തൈരിലോ തേനിലോ യോജിപ്പിച്ചു മുഖത്തു പുരട്ടും. കുറച്ചു സമയം മുഖത്ത് അത് വച്ചശേഷം കഴുകിക്കളയും. അമിതമായി വളരുന്ന രോമങ്ങൾ കളയാനും മുഖത്തിനു തിളക്കം ലഭിക്കാനും കസ്തൂരി മഞ്ഞൾ നല്ലതാണ്. ചർമത്തിന് ഒരു പുത്തനുണർവ് ലഭിക്കാനും സഹായിക്കും. മുഖക്കുരു വന്നാലും കസ്തൂരി മഞ്ഞളാണ് തേയ്ക്കുന്നത്. മുഖക്കുരു വന്നാലും അതു കുത്തിപ്പൊട്ടിക്കാനോ തൊടാനോ പോകാറില്ല. അതിനാൽ മുഖത്ത് പാട് ഒന്നും കാര്യമായി വരാറില്ല. മെഡിക്കൽ ഫെയ്സ് വാഷ് ഉപയോഗിച്ചു രണ്ടു നേരം മുഖം കഴുകാറുണ്ട്. രാവിലെ എണീറ്റയുടനും രാത്രി കിടക്കുന്നതിനു മുൻപും.

Minimal makeup

പൈങ്കിളിയുെട റോളിനായി ഞാൻ കാര്യമായി മേക്കപ്പ് ചെയ്യാറില്ല. ആദ്യമൊക്കെ മേക്കപ്പ് െചയ്തിരുന്നു. അപ്പോഴെല്ലാം എന്റെ ചർമം വല്ലാതെയായി. ജീവനില്ലാത്ത പോലെ. ഒടുവിൽ ഡയറക്ടർ തന്നെ പറഞ്ഞു മേക്കപ്പ് വേണ്ട എന്ന്. കോളജിൽ പഠിക്കുന്ന കാലത്ത് മുഖത്ത് മോയ്സ്ചറൈസർ പുരട്ടിയ ശേഷം ടാൽക്കം പൗഡർ ഇടും. ഇപ്പോൾ മോയ്സ്ചറൈസറിനു പകരം ബിബി ക്രീം തേയ്ക്കും. പിന്നെ ടാൽക്കം പൗഡറിനു പകരം ഫൗണ്ടേഷൻ പൗഡർ ഉപയോഗിക്കും. ചുണ്ടിൽ ലിപ്ഗ്ലോസും. രാവിലെ എട്ട് മണിക്കാണ് ഷൂട്ട് എങ്കിൽ 7.45 ആകുമ്പോൾ മേക്കപ്പ് തുടങ്ങിയാൽ മതി. ഒാരോ സീനിനും മുൻപ് ടച്ച്അപ്പ് ചെയ്യുന്ന പരിപാടിയൊന്നും ഇല്ല.

Makeup removal & Hair care

മറ്റു ഷൂട്ടുകളിലെ ഹെവി മേക്കപ്പ് കളയാനായി ആട്ടിയ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്. വെളിച്ചെണ്ണ കടയിൽ നിന്നു വാങ്ങാറില്ല. വീട്ടിൽ തന്നെ തേങ്ങ ഉണക്കി കൊപ്രയാക്കി, അടുത്തുള്ള കടയിൽ കൊടുത്ത് ആട്ടിയെടുക്കും. ഷൂട്ടിങ്ങിനു പോകുമ്പോൾ ഈ വെളിച്ചെണ്ണയും കൂടെ കരുതും.മുടിയിലും ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്. മുടിയിൽ ഇതുവരെ ഒരു ട്രീറ്റ്മെന്റുകളും െചയ്തിരുന്നില്ല. അടുത്തിടെ കളറിങ്ങും റീകൺസ്ട്രക്ഷനും െചയ്തു. അതിനാൽ പ്രത്യേക ഷാപൂവും മറ്റുമാണ് ഉപയോഗിക്കുന്നത്. മുടിക്കു വേണ്ടി ഇടയ്ക്കു ഹോട്ട് ഒായിൽ മസാജ് െചയ്യും. അമ്മയാണ് െചയ്തുതരാറ്. വെളിച്ചെണ്ണയിൽ അൽപ്പം നാരങ്ങാനീരും കൂടി ചേർക്കാറുണ്ട്. മസാജ് െചയ്തു കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ചു കഴുകും.

Always favourite

പഠിക്കുന്ന കാലത്തു തന്നെ ലിപ്സ്റ്റിക് ഉപയോഗിക്കുമായിരുന്നു. ബ്രാൻഡ് ഒന്നും നോക്കാറേയില്ലായിരുന്നു. അതുകൊണ്ടു തന്നെ ചുണ്ടിനു കറുപ്പു നിറം വന്നു. അതു മാറാൻ ബീറ്റ്റൂട്ട് അരച്ച് ഇട്ടുനോക്കി. അതിൽ നിന്ന് തന്നെ വ്യത്യാസം വന്നിരുന്നു. ലിപ് സ്ക്രബും ഇടയ്ക്കു ഉപയോഗിക്കാറുണ്ട്. ഇങ്ങനെ െചയ്യുമ്പോൾ ചുണ്ടിലെ മൃതകോശങ്ങൾ പോകും. അതുകഴിഞ്ഞ് ലിപ് ബാമും. ഇപ്പോൾ ബ്രാൻഡ് നോക്കി മാത്രമെ ലിപ്സ്റ്റിക് വാങ്ങാറുള്ളൂ.

ഒരിടയ്ക്കു മുഖത്ത് ധാരാളം കുരുക്കൾ വന്നു. കൃത്യമായി ക്ലീൻ അപ് െചയ്തതിനുശേഷമാണ് കുരുക്കൾ പോയത്. ഇപ്പോൾ ക്ലീൻ അപ് വല്ലപ്പോഴും െചയ്യും. പെഡിക്യൂറും മാനിക്യൂറും മുടക്കാറില്ല. ഔട്ട്ഡോറാണ് ഷൂട്ട് എങ്കിൽ എസ്പിഎഫ് 50 ഉള്ള സൺസ്ക്രീൻ ഉപയോഗിക്കാറുണ്ട്. വെയിലേറ്റുള്ള കരുവാളിപ്പ് മാറാൻ ഇൻസ്റ്റന്റ് കോഫി പൗഡറും തൈരും കൂടി യോജിപ്പിച്ച് പുരട്ടും.

Nightcare routine

കിടക്കുന്നതിനു മുൻപ് മുഖം ഫെയ്സ്‌വാഷ് ഇട്ട് കഴുകിയതിനു ശേഷം റോസ് വാട്ടർ ടോണർ പുരട്ടും. അതു ചർമത്തിലേക്കു വലിഞ്ഞു കഴിഞ്ഞശേഷം കറ്റാർവാഴ െജൽ പുരട്ടും. രാവിലെയും ഫെയ്സ്‌വാഷ് കൊണ്ടു കഴുകി കറ്റാർവാഴ ജെൽ പുരട്ടും.