Tuesday 19 September 2023 12:47 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിൽ അപകടകരമായ പാടുകൾ, ഭാവിയിൽ കാൻസർ ഉൾപ്പെടെ അനേകം രോഗങ്ങൾ! പഞ്ചസാരയുടെ അമിത ഉപഭോഗം, അറിയേണ്ടതെല്ലാം..

sugar-ffffimagg

പഞ്ചസാര ഉപയോഗം കൂടുതലായാൽ പ്രമേഹം വരുമെന്ന്  മാത്രമാണ് പലർക്കുമുള്ള അറിവ്. പ്രമേഹം  മുതൽ പക്ഷാഘാതം വരെ നീളുന്ന രോഗങ്ങളുടെ നീണ്ട പട്ടികയുടെ തുടക്കം  ഈ വെളുത്ത മധുരത്തിൽ നിന്നാണ്. അമിത മധുരം ഒട്ടും മധുരമില്ലാത്ത അനുഭവങ്ങളാകും ജീവിതത്തിൽ വരുത്തുക. പല രോഗങ്ങൾക്കെതിരേയുള്ള സെന്റർലോക്കാണ് ‘പഞ്ചസാര ഒഴിവാക്കൽ’. പഞ്ചസാര എന്ന ഒറ്റവാതിൽ അടച്ചാൽ പല രോഗങ്ങൾക്കും  കടന്നു വരാനുള്ള വഴികൾ ലോക്ക് ചെയ്യാം. എന്താണ് പഞ്ചസാര എന്നും അതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമെന്നും മനസ്സിലാക്കാം.

എന്താണ് പഞ്ചസാര?

ചായയിലും കാപ്പിയിലും  മറ്റും ചേർക്കുന്ന വെളുത്ത പദാർഥംമാത്രമല്ല പഞ്ചസാര. നാം കഴിക്കുന്ന ആഹാരത്തിൽ പല രൂപത്തിലും ഭാവത്തിലും പഞ്ചസാരയുണ്ട്. കാർബോ ൈഹഡ്രേറ്റ് ഗണത്തിൽപ്പെടുന്നവയാണ് ഗ്ലൂക്കോസ് അടങ്ങുന്ന എല്ലാ ഭക്ഷണപദാർഥങ്ങളും. ധാന്യങ്ങൾ, പച്ചക്കറികൾ ഫലവർഗങ്ങൾ തുടങ്ങിയവയിലെല്ലാം വിവിധ അളവിൽ ഗ്ലൂക്കോസ് അ ടങ്ങിയിരിക്കുന്നു.

എന്നാൽ ഈ ഗ്ലൂക്കോസിന്റെ പ്രത്യേകത അനേകം ധാതുലവണങ്ങൾക്കും നാരുകൾക്കും വൈറ്റമിനുകൾക്കും നടുവിലാണ് ഗ്ലൂക്കോസ് ഉള്ളത് എന്നതാണ്. അതുകൊണ്ട് സാവധാനമാണ് ഇവയുടെ ദഹനം സംഭവിക്കുന്നത്. രക്തത്തിൽ  ഗ്ലൂക്കോസ് വളരെ സാവധാനം കലരുന്നു. മാത്രമല്ല ധാതുലവണങ്ങളും വൈറ്റമിനുകളും ശരീരത്തിന് വളരെ ആവശ്യവുമാണ്.

എന്നാൽ മധുരപാനീയങ്ങൾ, ബേക്കറി സാധനങ്ങൾ പോലുള്ള പല ഭക്ഷ്യവിഭവങ്ങളിലും നമ്മൾ നേരിട്ട് ചേർക്കുന്ന പഞ്ചസാര മേൽപറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ്. ഇതിന്റെ അമിത ഉപയോഗം  ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. കൃത്രിമമായി നൽകുന്ന മധുരത്തിൽ നിന്നുള്ള ഗ്ലൂക്കോസ് രക്തത്തിലേക്ക് നേരിട്ടു കലരുന്നു. ഇത് അപകടമാണ്. അതിനാൽ കൃത്രിമ മധുരം പൂർണമായും ഒഴിവാക്കുക.

ഏതെല്ലാം മധുരമാണ് ഒഴിവാക്കേണ്ടത്?

പ്രമേഹം ഉണ്ടെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ മാത്രം ഒഴിവാക്കേണ്ട സംഗതിയാണ് പഞ്ചസാര എന്ന ചിന്ത മാറ്റുക. അങ്ങനെയൊരു തീരുമാനമെടുക്കാൻ ഒന്നാം തീയതിയോ പുതുവർഷപുലരിയോ വരെ കാത്തിരിക്കേണ്ട കാര്യമില്ല. ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് ഇപ്പോൾ മുതൽ നമുക്ക് മാറാം.

പഞ്ചസാര, ശർക്കര, തേൻ, ഗ്ലൂക്കോസ് തുടങ്ങിയവയും മധുരം കലർത്തിയുണ്ടാക്കുന്ന പലഹാരങ്ങളും ഒഴിവാക്കണം. പഴവർഗങ്ങൾ ഭക്ഷണത്തിന്റെ ഭാഗമാക്കുകയും വേണം. തീരെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ചെറിയ അളവിൽ പഞ്ചസാര ചേർത്ത് ചായയോ കാപ്പിയോ കഴിക്കാം. ഒറ്റയടിക്ക് ചായയും കാപ്പിയും ഒഴിവാക്കാൻ കഴിയാത്തവർ ആദ്യം അളവ് കുറയ്ക്കണം. രണ്ടു നേരമുള്ള കാപ്പി കുടി ഒരു ഗ്ലാസ് എന്നത് അര ഗ്ലാസ് ആക്കാം. പിന്നെ, രണ്ടു നേരത്തിൽ നിന്നു ഒരു തവണ എന്ന ക്രമത്തിലേക്ക് മാറാം. രണ്ടോ മൂന്നോ ആഴ്ച കൊണ്ട് പൂർണമായും ഒഴിവാക്കാം. അതുപോലെ തന്നെ മധുര പാനീയങ്ങളും മധുരപലഹാരങ്ങളും നിർ ബന്ധമായും ഒഴിവാക്കണം.

വീട്ടിലെ മുതിർന്നവർ ഈ ശീലത്തിലേക്ക് മാറുമ്പോൾ കുട്ടികളും  ആ വഴിക്ക് വരും. ബന്ധുവീടുകൾ സന്ദർശിക്കുമ്പോൾ കുട്ടികൾക്ക് ബേക്കറി പലഹാരങ്ങൾ വാങ്ങി നൽകുന്നതിനു പകരം നല്ല പഴങ്ങൾ നൽകാം. ‘അതെന്താ, ലഡ്ഡുവും ജിലേബിയും  മിഠായിയും ഒന്നും ഇല്ലേ’ എന്നു ചോദിക്കുന്ന കുട്ടിക്ക് പഞ്ചസാര പോലുള്ള കൃത്രിമ മധുരത്തിന്റെ അപകടങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും വേണം.

പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങൾ ?

പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ, രക്താതിമർദം, പക്ഷാഘാതം, തുടങ്ങി ജീവൻ അപകടത്തിലാക്കുന്ന രോഗങ്ങളെ  പ്രതിരോധിക്കാൻ ഒരുപരിധി വരെ കഴിയുന്നു. പഞ്ചസാരയുടെ അമിത ഉപഭോഗം ചിലരിൽ കാൻസറിനു വരെ കാരണമാകാം. അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം.

ശരീരത്തിൽ അപകടകരമായ പാടുകൾ ഉണ്ടാകുന്നതിന് പഞ്ചസാരയുടെ അമിത ഉപഭോഗം കാരണമാകും. ഈ പാടുകൾ ശരീരത്തിൽ ഉണ്ടാകുന്ന മറ്റുപാടുകൾ പോലെ നിരുപദ്രവകരമല്ല. ഭാവിയിൽ ത്വക്‌രോഗ കാൻസർ ഉൾപ്പെടെ അപകടകരമായ ഒട്ടനേകം രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ത്വക്കിലെ കാൻസറുമായി എത്തുന്ന രോഗികളിൽ കൂടുതൽ പേരും നന്നായി മധുരം ഉപയോഗിക്കുന്നവരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ശരീരത്തിൽ എത്തുന്ന അധിക കാലറി, രക്താതിമർദം, കൊളസ്ട്രോൾ, നാഡീഞരമ്പുകളിലെ നീർ‌വീഴ്ച ഇവയ്ക്കു കാരണമാകുന്നു. ഈ പ്രശ്നങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം താറുമാറാക്കുന്നു. അധിക കാലറി ഊർജം ഹൃദയധമനികളെ ബാധിക്കാറുണ്ടെന്നും  ഇത് ഹൃദയസ്തംഭനത്തിന് കാരണമാകാറുണ്ടെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

മധുരം മാനസികാരോഗ്യത്തെ ബാധിക്കുമോ?

കഴിക്കുന്ന ആഹാരം ഒരാളുടെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നു എന്നു പറയാറുണ്ട്. മധുരം സന്തോഷത്തിന്റെ സൂചകമാണ്. മധുരം പങ്കുവച്ച് സന്തോഷത്തിൽ പങ്കുചേരുന്നവരാണു നമ്മൾ.

ചോക്‌ലെറ്റ് പോസിറ്റീവ് എനർജിക്കും ഉന്മേഷത്തിനും നല്ലതാണ് എന്നു പറയുന്നുണ്ട്. എന്നാൽ അമിതമായി മധുരം കഴിക്കുന്നത് സന്തോഷത്തിന് ഇട നൽകുന്നില്ല എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. മാത്രമല്ല അമിത മധുരം വിഷാദം ഇരട്ടിയാക്കുമെന്നും വിഷാദമുള്ളവർ മധുരം കഴിക്കുന്നത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്കു കാരണമാകുമെന്നുമാണ് കണ്ടെത്തൽ.

പ്രമേഹം ഇല്ലാത്തവർ ആഹാരം നിയന്ത്രിക്കേണ്ട കാര്യമുണ്ടോ ?

മൂന്നു മനോഭാവങ്ങളാണ് ഇക്കാര്യത്തിൽ മലയാളികൾ പുലർത്തുന്നത്. ഒന്ന് എന്തായാലും പ്രമേഹം വരും അതിനുശേഷം ആഹാരം കഴിക്കാനൊന്നും പറ്റില്ല. അതുകൊണ്ട് പ്രമേഹം ഇ ല്ലാത്ത സമയത്ത് നന്നായി ആഹാരം കഴിച്ചേക്കാം.

രണ്ടാമതായി നമ്മൾ നന്നായി അധ്വാനിക്കുന്നവരാണ് അ തുകൊണ്ട് നമുക്ക് പ്രമേഹം വരാനുള്ള സാധ്യത തീരെ കുറവാണ്. അതുകൊണ്ട് ആഹാരനിയന്ത്രണത്തിന്റെ ആവശ്യമില്ല.

മൂന്നാമതായി ആഹാരം നിയന്ത്രിക്കുന്നതുകൊണ്ട് പ്രമേഹം വരാതിരിക്കില്ല എന്നാണു ഡോക്ടർമാർ പറയുന്നത്. അതുകൊണ്ട് ആഹാരം നിയന്ത്രിക്കുന്നതുകൊണ്ടു കാര്യമില്ല. യഥാർഥത്തിൽ ഈ മൂന്നു കൂട്ടരും ആഹാരത്തെയും പ്രമേഹത്തെയും സംബന്ധിച്ച അബദ്ധധാരണകൾ സൂക്ഷിക്കുന്നവരാണ്. മാത്രമല്ല, ഈ സമീപനം അപകടകരവുമാണ്.

ഒരാൾ സ്ഥിരമായി പട്ടുസാരിയും നെക്‌ലേസും അണിഞ്ഞാൽ എങ്ങനെയുണ്ടാകും? അണിയുന്നവർക്കും കാണുന്നവർക്കും വലിയ രസം തോന്നില്ല എന്നുറപ്പ്. അതുകൊണ്ട് വിഭവ സമൃദ്ധം എന്നതിനേക്കാൾ പോഷക സമൃദ്ധമായ ഭക്ഷണത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത്.

ഭക്ഷണ നിയന്ത്രണം ഏവർക്കും ആവശ്യമാണ്. പ്രത്യേകിച്ച് മുപ്പത് വയസ്സ് കഴിഞ്ഞവർക്ക്. ആരോഗ്യത്തോടെ മുന്നോട്ട് സഞ്ചരിക്കാൻ ഇത് ആവശ്യമാണ്. അമിത ഭക്ഷണം പോലെ തന്നെ അപകടകരമാണ് അശാസ്ത്രീയമായ ഡയറ്റിങ്. ആവശ്യത്തിനുള്ള ആഹാരം കഴിക്കാതിരിക്കുന്നതും രോഗകാരണമാകും. ഡയറ്റിഷന്റെ നിർദേശമനുസരിച്ച് മാത്രമുള്ള ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കുക.

കരൾ രോഗങ്ങളും പഞ്ചസാര ഉപയോഗവും തമ്മിൽ ബന്ധമുണ്ടോ?

നോൺ ആൽക്കഹോളിക് ലിവർ സിറോസിസും ഫാറ്റി ലിവറും ഉള്ളവരിൽ നല്ലൊരു ശതമാനം പേരും പ്രമേഹ രോഗികളോ അല്ലെങ്കിൽ മധുരം അമിതമായി ഉപയോഗിക്കുന്നവരോ ആണ്. േദശീയ ശരാശരിയെക്കാൾ ഉയരെയാണ് കേരളത്തിൽ കരൾരോഗമുള്ളവരുടെ കണക്ക്. ഇവിടെയും വില്ലൻ പഞ്ചസാര തന്നെ.

മധുരവും കൊഴുപ്പുമുള്ള ഭക്ഷണം കഴിച്ചശേഷം മയക്കം തോന്നുന്നത് എന്തു കൊണ്ടാണ് ?

കൂടുതൽ മധുരം ചേർന്ന ഭക്ഷണം  ഒരാളിന്റെ ഊർജനിലയിൽ വ്യത്യാസം ഉണ്ടാക്കും. ഇത് പലപ്പോഴും വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് ഒരാൾ വിഭവസമൃദ്ധമായ സദ്യ കഴിച്ചാലോ  മധുരത്തോടൊപ്പം   ബിരിയാണി കഴിച്ചാലോ അയാളുടെ ഊർജനില പെട്ടെന്ന് ഉയരുന്നു. എന്നാൽ രക്തത്തിലേക്ക് പ്രവഹിക്കുന്ന പഞ്ചസാരയുെട അളവ് കുറയുന്നതോടെ ഈ ഊർജനില താഴുന്നു. ഈ വ്യതിയാനം ക്ഷീണത്തിലേക്കും ഉറക്കത്തിലേക്കും നയിക്കുന്നതിനുള്ള കാരണങ്ങളിൽ ഒന്നാകുന്നു.

പഞ്ചസാര ഇത്ര കൊടുംഭീകരനാണോ?

ജീവകോശങ്ങളെപ്പോലും ക്ഷീണിപ്പിക്കാൻ കഴിവുണ്ട് പഞ്ചസാരയ്ക്ക്. കോശത്തിനുള്ളിൽ കടന്ന് ഡിഎൻഎയെ ദുർബലമാക്കും. ഇത് കോശങ്ങളുടെ അകാല വാർധക്യത്തിന് വഴിയൊരുക്കും.  കോശങ്ങളുടെ വിഘടനത്തെപ്പോലും തടസപ്പെടുത്തി ശരീരത്തിന്റെ വളർച്ചയും വികാസവും മന്ദഗതിയിലാക്കുന്ന അത്രയും ഭീകരനാണ് അമിതമധുരം എന്ന യാഥാർഥ്യം തിരിച്ചറിയണം.

ഇങ്ങനെ നോക്കിയാൽ മനുഷ്യന് എന്തെങ്കിലും ആഹാരം ധൈര്യമായി കഴിക്കാൻ പറ്റുമോ ?

ഏതുനേരവും യാതൊരു മടിയും ഇല്ലാതെ കഴിക്കാവുന്ന ഭക്ഷണം പച്ചക്കറിയാണ്. അത് കറിയായും ജ്യൂസായും സാലഡായും സൂപ്പായും കഴിക്കാം. എണ്ണ, തേങ്ങ, അമിത ഉപ്പ് എന്നിവ ഒഴിവാക്കാനും ശ്രദ്ധിക്കുക. പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ ഊർജത്തിളക്കം ആരോഗ്യത്തിൽ പ്രതിഫലിക്കും.

കൃത്രിമ മധുരം എത്ര ആകാം?

ഒരാൾ ഒരു ദിവസം എത്ര ഉപ്പ് കഴിക്കണം എന്നതിനെക്കുറിച്ച് വൈദ്യശാസ്ത്രം കൃത്യമായ കണക്ക് പറയുന്നുണ്ട്. സോഡിയം ലെവലുമായി ബന്ധപ്പെടുത്തിയാണ് ഇത് നിർദേശിക്കുന്നത്. പഞ്ചസാരയുടെ കാര്യത്തിൽ ഇത്തരമൊരു നിർദേശം ഇല്ലതാനും. അതിനു കാരണം ശരീരത്തിന് ആവശ്യമുള്ള ഒരു സാധനമല്ല എന്നതാണ്. ഇനി മധുരം കഴിച്ചേ മതിയാവൂ എന്നാണെങ്കിൽ എത്ര കഴിക്കാം?

ഇതേക്കുറിച്ച് അമേരിക്കൻ ഹാർട് അസോസിയേഷൻ പഠനം നടത്തി. കൃത്രിമ മധുരം ശരീരത്തിന് ആവശ്യമില്ലെന്ന് ആമുഖമായി പറഞ്ഞു കൊണ്ട് അവർ നൽകുന്ന നിർദേശം ഇതാണ്. ഒരു ദിവസം ഉപയോഗിക്കാവുന്ന പ രമാവധി പഞ്ചസാരയുടെ അളവ് 180 കാലറി മാത്രം. അതായത് 36 ഗ്രാം പഞ്ചസാര. പക്ഷേ, പഞ്ചസാര പൂർണമായി ഒഴിവാക്കുന്നതാണ് ആരോഗ്യകരം എന്നും ആ റിപ്പോർട്ട് പറയുന്നു.

പ‍ഞ്ചസാര വഴിയൊരുക്കുന്ന രോഗങ്ങൾ ?

പ്രമേഹം, രക്താതിമർദം, അമിതവണ്ണം ഇവയൊക്കെ മ ധുരം അമിതമായി ഉപയോഗിക്കുന്നവരിൽ കണ്ടുവരുന്നു. മാത്രമല്ല ഇത്  ഹൃദ്രോഗസാധ്യതയും വർധിപ്പിക്കും. രക്തക്കുഴലുകളിൽ നീർവീക്കം ഉണ്ടാകുന്നതുവഴിയാണ് പ്രധാനമായും ഇതു സംഭവിക്കുന്നത്.

കരളിൽ കൊഴുപ്പ് അടിയുന്ന ഫാറ്റിലിവർ എന്ന അവസ്ഥയും അമിതമായി മധുരം ഉപയോഗിക്കുന്നവരിൽ കൂടുതലാണ്. തൊലി ചുളുങ്ങുന്നതിനും വാർധക്യം നേരത്തെയാക്കുന്നതിനും ഒക്കെ അമിതമധുരം കാരണമാകുന്നുണ്ട്.

കൊഴുപ്പ് പ്രമേഹത്തെ ബാധിക്കുന്നതെങ്ങനെ ?

കൊഴുപ്പ്, ശരീരത്തിൽ മരുന്നിന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നു. ഉദാഹരണത്തിന് പ്രമേഹം നിയന്ത്രിക്കുന്ന ഇൻസുലിൻ പ്രവർത്തനം തടസ്സപ്പെടുത്തുന്നു. കൊഴുപ്പ് കൂടുതൽ ഉള്ളവരിൽ ഇൻസുലിൻ റെസിസ്റ്റൻസ്‍ എന്ന അവസ്ഥ ഉണ്ടാകുകയും ഇൻസുലിൻ സ്വീകരിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നു. അമിത കൊഴുപ്പ് നിയന്ത്രിക്കുകയാണെങ്കിൽ രക്തത്തിലെ മെറ്റബോളിക് സിൻഡ്രോം നിയന്ത്രിച്ച് പഞ്ചസാരയുടെ അളവ് കുറയ്ക്കാം.

പഞ്ചസാര ഉപേക്ഷിച്ചാൽ ശരീരത്തിന്റെ ഊർജം കുറയുമോ?

രക്തത്തിലേക്ക് പെട്ടെന്ന് ഗ്ലൂക്കോസ് നേരിട്ടു കലരുന്നതു കൊണ്ട് വലിയ തോതിൽ ഊർജം ഉണ്ടാകുമെന്നത് ശരി തന്നെ. പക്ഷേ, അത് നിലനിൽക്കുന്നതല്ല. മധുരത്തിൽ നിന്നുള്ള ഊർജം ശരീരത്തിന് നല്ലതല്ല. സാവധാനം ദഹിക്കുന്നതും വളരെ നേരം ഊർജം നിലനിർത്തുന്നതുമായ ആഹാരമാണ് ശരീരത്തിനു നല്ലത്. അതുകൊണ്ട് പഞ്ചസാര ഉപേക്ഷിക്കുന്നതുകൊണ്ട് ശരീരത്തിൽ ഊർജത്തിന്റെ അളവ് കുറയുമെന്ന പേടി വേണ്ട.

കാലറി കൂടാതെ ശ്രദ്ധിക്കാം

പാകപ്പെടുത്തുന്ന രീതിയനുസരിച്ച് ശരീരത്തിൽ എത്തുന്ന കാലറിയും വ്യത്യാസപ്പെടും. ഒരു മുട്ട പുഴുങ്ങിയത് 50 കാലറിയാണ്. എന്നാൽ  മുട്ട ബുൾസ്ഐ ആക്കുമ്പോൾ അത് 130 കാലറി വരെയാകും. അവിയൽ, തോരൻ, മെഴുക്കുപുരട്ടി ഇവ പച്ചക്കറികളാണെങ്കിലും എണ്ണയും തേങ്ങയും ചേരുമ്പോൾ ഇവയിലെ കാലറി കൂടും. ഫലത്തിൽ പച്ചക്കറിയുടെ കാലറി മാത്രമല്ല ലഭിക്കുക. അതുകൊണ്ട് പുഴുങ്ങിയ പച്ചക്കറി, സാലഡ്, സൂപ്പ് തുടങ്ങിയ തരത്തിൽ പച്ചക്കറി കഴിക്കുന്നതാണ് നല്ലത്.

അമിതവണ്ണം എങ്ങനെ തിരിച്ചറിയാം?

ഉദരചുറ്റളവാണ് (പൊക്കിളിൽ നിന്ന് പൊക്കിൾ വരെയുള്ള ചുറ്റളവ്) അമിതവണ്ണം അറിയുന്നതിനുള്ള മാനദണ്ഡം. പുരുഷന്മാരുടെ ഉദരചുറ്റളവിന്റെ പരിധി 90 സെന്റിമീറ്ററും സ്ത്രീകളുടേത് 80 സെന്റീമീറ്ററും ആണ്. ഇതിൽ കൂടുതലുള്ള ഉദരചുറ്റളവുകൾ രോഗകാരണം  ആകുന്നു. പുരുഷന്മാരുടെ ഉദരചുറ്റളവ്  78 സെന്റിമീറ്ററും  സ്ത്രീകളുടേത്  72 സെന്റിമീറ്ററും ആകുന്നത് ഏറ്റവും ആരോഗ്യകരമായി കണക്കാക്കുന്നു.

ആഹാരം നിയന്ത്രിച്ചാൽ പ്രമേഹം മാറുമോ ?

പ്രമേഹത്തിനു രണ്ടുകാരണങ്ങളുണ്ട് ഒന്ന് പാരമ്പര്യം, രണ്ട് അമിതാഹാരം. ഇതിൽ പാരമ്പര്യമായി ഉണ്ടാകുന്ന പ്രമേഹത്തിന് പ്രതിരോധം നിർണയിക്കാൻ പറ്റില്ല. അതല്ല അമിതാഹാരത്തിന്റെയും വ്യായാമക്കുറവിന്റെയും കാര്യം. ആഹാരനിയന്ത്രണവും വ്യായാമവും പ്രമേഹത്തെ അകറ്റിനിർത്തുന്ന ഘടകങ്ങളാണ്. പ്രമേഹത്തിനുള്ള പാരമ്പര്യ സാധ്യതകൾ ഉണ്ടെങ്കിൽപ്പോലും ആഹാരനിയന്ത്രണവും വ്യായാമവും രോഗം പിടിപെടാനുള്ള കാലാവധി നീട്ടിവയ്ക്കും.

പഞ്ചസാര പ്രായം കൂട്ടുമോ?

മധുരത്തിന്റെ അമിത ഉപയോഗം തീർച്ചയായും നിങ്ങളുടെ പ്രായം കൂട്ടും. ചർമം കണ്ടാൽ പ്രായം കൂടുതൽ തോന്നിക്കും. മുഖത്ത് കൂടുതൽ ചുളിവുകൾ ഉണ്ടാകും. തൊലി വലിയുകയും ചുളിയുകയും ചെയ്യും.  പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കിടയിലാണ് അമിത മധുരം മൂലമുള്ള പ്രായക്കൂടുതൽ പെട്ടെന്ന് പ്രകടമാകുന്നത്. ചുളിവുകൾ പെട്ടെന്ന് പ്രത്യക്ഷമാകും. ശരീരത്തെ ആകെ ബാധിക്കുന്ന വാർധക്യത്തിന്റെ പുറംകാഴ്ച മാത്രമാണ് ത്വക്കിൽ ഉണ്ടാകുന്ന ചുളിവുകൾ. ചെറുപ്പത്തിലേ വയസ്സാകാതിരിക്കാൻ മധുരം പൂർണമായും ഒഴിവാക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീജിത് എൻ. കുമാർ, നാഷനൽ കൺവീനർ, ഐഎംഎ ഫുഡ് സേഫ്റ്റി ഇനിഷ്യേറ്റീവ് & കൺസൽറ്റന്റ്, ഡയബറ്റീസ് കെയർ സെന്റർ, ശാസ്തമംഗലം, തിരുവനന്തപുരം

Tags:
  • Health Tips
  • Glam Up