ADVERTISEMENT

വേനലിനെ വരുതിയിലാക്കാനുള്ള വഴികളറിഞ്ഞാൽ ഒരു ഐസ്ക്രീമും നുണഞ്ഞിരുന്ന് വേനൽക്കാലം ചിൽ ചെയ്യാം...

വേനൽക്കാലം ഇത്തവണ കോവിഡിന്റെ കൂട്ടുംപിടിച്ചാണ് വരവ്. പനിയും ചുമയുമൊക്കെ ഈ വില്ലന്റെ കൂടി ലക്ഷണങ്ങളാകുമ്പോൾ അതാണോ ഇതാണോ എന്നൊരു അങ്കലാപ്പ് കൂടി ഒപ്പം വരുന്നുണ്ട്. പോരെങ്കിൽ രോഗങ്ങൾക്കു പുറമേ തീച്ചൂടിലും വരൾച്ചയിലും പെട്ട് ചർമ, സൗന്ദര്യ പ്രശ്നങ്ങളും എത്തും.

ADVERTISEMENT

കുട്ടികൾക്കു മുതൽ ചെറുപ്പക്കാരിലും സ്ത്രീകളിലും ഗർഭിണികളിലും പ്രായമായവരിലുമൊക്കെ വേനലിന്റെ ആഘാതം പല തരത്തിലാണ് പ്രകടമാകുക. ഓരോ പ്രായക്കാരെയും വേനൽ എങ്ങനെ ബാധിക്കുമെന്ന് അറിയാം. ഒപ്പം വീടിനുള്ളിൽ ചൂടു കുറയ്ക്കാനുള്ള വഴികളും.

കുട്ടികളെ കളിക്കാൻ വിടണോ ?

ADVERTISEMENT

കോവിഡിന്റെ ഭീതി അകന്നു തുടങ്ങിയത് കുട്ടികൾക്കുള്ള ഗ്രീൻ സിഗ്‌നൽ ആയി രക്ഷിതാക്കളും കരുതിയേക്കും. ലോക്‌‍‍ഡൗണിൽ വീട്ടിനുള്ളിൽ ശ്വാസംമുട്ടിയ കുട്ടികളെ കളിക്കാൻ പുറത്തു വിടും മുൻപ് ചിലതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്.

∙ രാവിലെ 11 മണിക്കു മുൻപും വൈകുന്നേരം നാലു മണിക്കു ശേഷവും കുട്ടികളെ വീടിനു പുറത്ത് കളിക്കാൻ അനുവദിക്കാം. സൂര്യൻ കത്തിജ്വലിച്ചു നിൽക്കുന്ന ബാക്കിയുള്ള സമയം ഇൻഡോർ ഗെയിംസ് പ്രോത്സാഹിപ്പിക്കുക.

ADVERTISEMENT

∙ പുറത്തു കളിക്കാൻ വിടുന്നതിനു അര മണിക്കൂർ മുൻപ് സൺസ്ക്രീൻ പുരട്ടിക്കൊടുക്കണം. അതിനുശേഷം രണ്ടു മണിക്കൂർ ഇടവിട്ട് സൺസ്ക്രീൻ പുരട്ടാനും മറക്കേണ്ട. സൂര്യരശ്മികളേറ്റ് ചർമപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് ഇത്.

∙ ചെറിയ തോതിൽ സൺബേൺ ഏറ്റാൽ ഐസ് ക്യൂബ്സ് വ യ്ക്കാം. തണുത്ത വെണ്ണ പുരട്ടുന്നതും ഫ്രീസറിൽ വച്ചു തണുപ്പിച്ച പച്ചക്കറി വയ്ക്കുന്നതും ആശ്വാസം നല്‍കും.

∙ കഠിനമായ ചൂടു മൂലമുണ്ടാകുന്ന തലചുറ്റലും ബോധക്ഷയവും (ഹീറ്റ് സിങ്കോപ്) കുട്ടികളിൽ വരാം. ഇവിടെ ശരീര താപനില വർധിക്കില്ല, പക്ഷേ, നെഞ്ചിടിപ്പ് കൂടാം. ചൂടുകാലത്ത് വെള്ളം കുടിക്കുന്നത് കുറയുന്നതു കൊണ്ടുള്ള നിർജലീകരണമാണ് ഇതിനു കാരണം.

∙ ഹീറ്റ് സിങ്കോപ് വന്നാല്‍ കുട്ടിയെ നന്നായി കാറ്റുകിട്ടുന്ന സ്ഥലത്തേക്ക് കിടത്തി രക്തയോട്ടം കൂടുന്ന തരത്തിൽ തല അൽപം താഴ്ത്തി വയ്ക്കണം. തണുത്ത വെള്ളത്തിൽ മുക്കിയ ടവ്വൽ കൊണ്ട് മുഖവും ദേഹവും തുടയ്ക്കാം. കുലുക്കിവിളിച്ചിട്ടും അനക്കമില്ലെങ്കിൽ ശ്വാസോച്ഛ്വാസം ശരിയായ തരത്തിലാണോ എന്നു നോക്കുക. ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുക.  

∙ അമിത ചൂടിൽ അധികനേരം നിൽക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്ന മുതിർന്നവർക്കും ഹീറ്റ് സിങ്കോപ് വരാം. ലക്ഷണങ്ങൾ പ്രകടമായി തുടങ്ങുമ്പോൾ തന്നെ അൽപസമയം തണലത്ത് വിശ്രമിക്കുക.

∙ വേനൽകാലത്ത് കുട്ടികളെ ധാരാളം വെള്ളം കുടിപ്പിക്കണം. വെള്ളം സിപ്പർ ബോട്ടിലിലാക്കി നൽകാം. ഉച്ചയ്ക്കു മുൻപ് ര ണ്ടു ബോട്ടിൽ വെള്ളം തീർത്താൽ ചെറിയ സമ്മാനം തരാം എന്ന മട്ടിലുള്ള കളികൾ കൂടിയായാൽ കുട്ടികളും ആവേശത്തോടെ വെള്ളം കുടിക്കും. ഉപ്പിട്ട നാരങ്ങാ വെള്ളമോ കഞ്ഞിവെള്ളമോ മോരുംവെള്ളമോ കൊടുക്കാം. കുട്ടികൾക്ക് ഇഷ്ടമുള്ള പഴച്ചാറുകളും ഇടയ്ക്കിടെ നൽകാം.

സ്ത്രീകളും വേനലും

ശാരീരിക പ്രത്യേകതകൾ കൊണ്ടുതന്നെ കാലാവസ്ഥാ മാറ്റം പെട്ടെന്നു ബാധിക്കുന്നവരാണ് സ്ത്രീകൾ. ഓരോ പ്രായത്തിലും ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും ഇതിനെ സ്വാധീനിക്കും.

∙ തൈറോയ്‍ഡ് രോഗമുള്ളവരിൽ ചൂടും തണുപ്പും ഒട്ടും താങ്ങാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഗർഭകാലത്ത് തൈറോയ്ഡ് രോഗം വന്നവരും, കുടുംബത്തിൽ തൈറോയ്ഡ് പാരമ്പര്യം ഉള്ളവരും രോഗമുണ്ടോയെന്നു സംശയമുള്ളവരും വേനൽക്കാലത്തിനു മുൻപേ തന്നെ രക്തപരിശോധന നടത്തി തൈറോയ്ഡ് ഹോർമോൺ നില അറിയണം. വേണമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു കഴിച്ചു തുടങ്ങണം.

∙ തൈറോയ്ഡ് രോഗത്തിനു മരുന്ന് കഴിക്കുന്നവരും വേനലിനു മുൻപ് രക്തപരിശോധന നടത്തി മരുന്നിന്റെ അളവിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന് ഉറപ്പാക്കണം.

∙ വേനൽകാലത്ത് ആർത്തവശുചിത്വം വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളിൽ നിർബന്ധമായും സാനിറ്ററി നാപ്കിൻ മാറ്റണം. ആർത്തവം പ്രതീക്ഷിച്ച് നാപ്കിൻ ധരിച്ച് പുറത്തിറങ്ങുന്നവരും ഈ ഇടവേള പാലിക്കണം. ദീർഘനേരം ധരിച്ചിരിക്കുന്ന നാപ്കിനിൽ വിയർപ്പും ഈർപ്പവും തങ്ങിനിൽക്കുന്നത് അണുബാധയുണ്ടാക്കുമെന്നു മാത്രമല്ല, തുടയിടുക്കുകളിൽ ചൊറിച്ചിലും തിണർപ്പും വരുത്തും.

∙ നാപ്കിന്‍ വയ്ക്കുമ്പോഴുള്ള അസ്വസ്ഥതകള്‍ മെൻസ്ട്രൽ കപ്പിലേക്ക് ചുവടു മാറിയാൽ ഇല്ലേയില്ല. അതിനാൽ ആർത്തവത്തിന്റെ അലട്ടലിനൊപ്പം നാപ്കിൻ കൂടി പ്രശ്നമാകാതിരിക്കാൻ മെൻസ്ട്രൽ കപ് ഉപയോഗിക്കാം.

∙ രണ്ടാഴ്ചയിലൊരിക്കൽ സ്വകാര്യ ഭാഗങ്ങളിലെ രോമം നീക്കണം. അല്ലെങ്കിൽ വിയർപ്പും അഴുക്കും തങ്ങിനിന്ന് വിയർപ്പുഗന്ധം ഉണ്ടാകുമെന്ന് മാത്രമല്ല, ഇത് അണുബാധയിലേക്കും നയിക്കാം. കുളി കഴിഞ്ഞ് വിയർപ്പു തങ്ങിനിൽക്കാനിടയുള്ള ഭാഗങ്ങള്‍ നന്നായി തുടച്ച് മോയിസ്ചറൈസർ പുരട്ടുന്നതും നല്ലതാണ്.

∙ ഈ ഭാഗങ്ങളിൽ ചൊറിച്ചിലോ പഴുപ്പു നിറഞ്ഞ കുരുക്കളോ കാണപ്പെടുന്നുണ്ടെങ്കിൽ ചർമരോഗ വിദഗ്ധരുടെ നിർദേശപ്രകാരം മരുന്നു പുരട്ടുകയോ കഴിക്കുകയോ ചെയ്യാം.

∙ ആർത്തവവിരാമം അടുത്തവരിലും ആർത്തവം അവസാനി ച്ചവരിലും ചൂടുകാലം കഠിനമാണ്. ഇവർക്ക് പ്രത്യേക കരുത ൽ വേണം. ധാരാളം വെള്ളം കുടിക്കുക, അധികം വിയർക്കാത്ത തരത്തിലുള്ള കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക, ദിവസവും രണ്ടു നേരം കുളിക്കുക, അധികം മസാലകൾ ചേർക്കാത്ത പെട്ടെന്നു ദഹിക്കുന്ന ആഹാരം കഴിക്കുക, വെണ്ണ നീക്കിയ മോര് ശീലമാക്കുക തുടങ്ങിയ ചിട്ടകളിലൂടെ ചൂടിനെ വരുതിയിലാക്കാം.

ഗർഭിണി ‘ചൂടിലാണ് ’

ഗർഭിണികൾക്ക് സ്വതവേ ശരീര താപനില അൽപം ഉയർന്നതായിരിക്കും. ഇതിനൊപ്പം അന്തരീക്ഷത്തിലെ അമിതചൂടും കൂടിയാകുമ്പോൾ അവർ ആകെ അസ്വസ്ഥരാകും.

∙ പകൽസമയത്ത് വീടിനുള്ളിൽ തന്നെയിരിക്കാം. ഇടയ്ക്കിടെ നനഞ്ഞ തുണി കഴുത്തിനു പിന്നിലും നെറ്റിയിലും വയ്ക്കുന്നതും ചൂടിന് ആശ്വാസം നൽകും. ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ തണുത്ത വെള്ളം നിറച്ച് ഇടയ്ക്ക് മുഖത്തേക്ക് സ്പ്രേ ചെയ്യുന്നതും ചൂടു കുറച്ച് ഉന്മേഷം നൽകും.

∙ ഗർഭകാലത്തിന്റെ ആദ്യ മൂന്നു മാസങ്ങൾക്കു ശേഷമുള്ളവർക്ക് വേനല്‍കാലത്ത് കാലിൽ നീര് വരാനുള്ള സാധ്യത കൂടുതലാണ്. പകൽസമയത്ത് ഉറങ്ങുമ്പോൾ ടവ്വലോ മറ്റോ ചുരുട്ടി വച്ച് കാൽ അതിനു മുകളിൽ വയ്ക്കാം. അധികനേരം കിടക്കുന്നതും നല്ലതല്ല. ഇരിക്കുമ്പോൾ കാൽ തൂക്കിയിടാതിരിക്കാനും ശ്രദ്ധിക്കണം.

∙ ഒന്നര മണിക്കൂർ ഇടവിട്ട് ഒരു ഗ്ലാസ് വെള്ളം എന്ന കണക്കിൽ കുടിക്കണം. വൈറ്റമിൻ സി അടങ്ങിയ നാരങ്ങാവെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവ കുടിക്കുന്നത് രോഗപ്രതിരോധത്തിനും സഹായിക്കും.

∙ വിയർപ്പിലൂടെ ജലാംശം മാത്രമല്ല നഷ്ടപ്പെടുന്നത്, ശരീരത്തിനാവശ്യമായ ഇലക്ട്രോലൈറ്റുകൾ കൂടിയാണ്. അതിനാൽ വെള്ളം കുടിക്കുന്നതിനൊപ്പം ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം എന്നിവയും കുടിക്കണം. ഇലക്ട്രോലൈറ്റുകൾ നഷ്ടമാകുന്നതു കൊണ്ട് ഉണ്ടാകുന്ന കോച്ചിപ്പിടുത്തം (ഹീറ്റ് ക്രാംപ്സ്) പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ഇത്.

∙ മുലയൂട്ടുന്ന സ്ത്രീകളിൽ നിർജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരും ഗർഭിണികളെ പോലെ തന്നെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

പ്രായം കൂടുമ്പോൾ

താപനിലയിലെ വ്യതിയാനങ്ങൾ പ്രായമേറിയവർക്ക് അത്ര വേഗം സഹിക്കാനായെന്നു വരില്ല. അതിനാൽ ഇവർക്ക് വേനൽക്കാലത്ത് തളർച്ചയും ക്ഷീണവും കൂടും.

∙ വിയർപ്പ് കൂടുമ്പോൾ ഇതിലൂടെ ശരീരത്തിലെ സോഡിയം നഷ്ടമാകും. പ്രായമായവർക്ക് സോഡിയം കുറഞ്ഞ് തളർച്ചയോ ബോധക്ഷയമോ ഉണ്ടാകാനുള്ള സാധ്യത ചൂടുകാലത്ത് കൂടുതലാണ്. അമിതക്ഷീണം,  ഓർമക്കുറവ്, പെരുമാറ്റ വൈകല്യങ്ങൾ തുടങ്ങിയവ സോഡിയം കുറയുന്നതിന്റെ ലക്ഷണങ്ങളാണ്. അതിനാൽ ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം തടയുന്നതിനും ഇത് അത്യാവശ്യമാണ്.

∙ രക്തസമ്മർദം കൂടുതലുള്ളവർക്ക് ചൂട് കൂടുമ്പോൾ സ്ട്രോക് വരാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണം. വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും ര ക്താതി മര്‍ദം പോലുള്ള രോഗങ്ങളുള്ളവരിലുമാണ് സൂര്യാതപം കൂടുതലായി കാണുന്നത്.

മാസ്കും ചൂടും

രണ്ടു വർഷം മുൻപു വേനൽ വസ്ത്രങ്ങള്‍ എന്തു വേണം, എങ്ങനെ വേണം എന്നു മാത്രം ആലോചിച്ചാൽ മതിയായിരുന്നു. പക്ഷേ, കോവിഡ് വന്നതോടെ സീൻ മാറി. മാസ്ക് ഉപയോഗത്തിലും ശ്രദ്ധ വേണം.

∙ കോട്ടൻ മാസ്ക് അല്ലെങ്കിൽ എൻ 95 മാസ്ക് ആണ് വേനലിനു യോജിച്ചത്. എയർവാൽവ് ഉള്ള മാസ്കും ഉപയോഗിക്കാം.

∙ മാസ്ക് ഏതായാലും വിയർപ്പും ചൂടും അധികമായാൽ ചർമപ്രശ്നങ്ങൾ വരാം. മാസ്ക് അധികനേരം ധരിക്കുന്നതു മൂലം എണ്ണമയവും വിയർപ്പും പൊടിയും തട്ടി ചർമസുഷിരങ്ങൾ അടഞ്ഞിരിക്കുന്നത് മുഖക്കുരുവിന് കാരണമാകും. മാസ്ക് തട്ടുന്ന ഭാഗത്ത് ചുവപ്പും ചൊറിച്ചിലും പുകച്ചിലും വരാനുമിടയുണ്ട്.

∙ വേനലിൽ രണ്ടു മാസ്ക് കയ്യിൽ കരുതാം. ഒന്നിൽ വിയർപ്പു അധികമായാൽ അടുത്ത മാസ്ക് ധരിക്കാം. സൺസ്ക്രീനോ മോയിസ്ചറൈസറോ പുരട്ടുന്നത് നല്ലതാണ്. ചർമത്തിനും മാസ്കിനും ഇടയിൽ ഒരു ബാരിയറായി ഇവ പ്രവർത്തിക്കും. മാസ്ക് ഏറെ നേരം ഉപയോഗിക്കേണ്ടി വരുമ്പോൾ ഇടയ്ക്കിടെ മുഖം കഴുകാനും ഓർക്കുക.

∙ അയഞ്ഞ, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ വേനൽകാലത്ത് തിരഞ്ഞെടുക്കാം. അടിവസ്ത്രങ്ങൾ ഇറുകി കിടക്കുന്ന ഭാഗത്ത് വിയർപ്പും നനവും കാരണം ഫംഗസ് വളരാം. വിയർപ്പു കൂടുമ്പോൾ ചൊറിച്ചിലും കൂടാം.

∙ മുറുകിയ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ഒഴിവാക്കുന്നതാണ് ഇത് വരാതിരിക്കാനുള്ള വഴി. രാത്രിയിൽ അടിവസ്ത്രങ്ങൾ ധരിക്കേണ്ട കാര്യമില്ല. ചൊറിച്ചിലിന് ആന്റി ഫംഗൽ പൗഡറാണ് നല്ലത്. രോഗം രൂക്ഷമായാൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നു കഴിക്കേണ്ടി വരാം.

∙ ഷൂ ഉപയോഗിക്കുന്നവർക്ക് ചൂടുകാലത്ത് വിരലുകൾക്കിടയിൽ ചൊറിച്ചിലുണ്ടാകാറുണ്ട്. വിയർപ്പു തങ്ങിനിൽക്കുന്നതിനാലുള്ള ഫംഗസ് ബാധയാണ് ഇതിനു കാരണം. ആന്റി ഫംഗൽ പൗഡറും  ക്രീമും പുരട്ടുന്നതാണ് പരിഹാരം. വേനൽക്കാലത്ത് കോട്ടൺ സോക്സ് തന്നെ ധരിക്കുക.

∙ നന്നായി വിയർക്കുന്നതുകൊണ്ട് ഹെൽമറ്റ് വയ്ക്കുന്നവർക്ക് മുടികൊഴിച്ചിൽ കൂടാം. വിയർപ്പിൽ ഫംഗസ് വളർന്ന് താരനുണ്ടാകുന്നതാണ് ഇതിനു കാരണം.

∙ ഹെൽമറ്റ് വയ്ക്കും മുൻപ് കോട്ടൺ ടവ്വൽ കൊണ്ട് തല മൂടിക്കെട്ടാം. ഹെൽമറ്റ് ഊരിയ ശേഷം നന്നായി കാറ്റു കൊള്ളിച്ച് തല തുവർത്തിയുണക്കണം.

∙ പതിവായി ഹെൽമെറ്റ് ഉപയോഗിക്കുന്നവർ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും മുടി മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകണം.

കുഞ്ഞിനും നിർജലീകരണം വരാം

∙ ആറു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ലോലചർമമായതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ശ്രദ്ധിക്കണം. പകൽ 10 മുതൽ അഞ്ചു വരെയുള്ള സമയത്ത് കഴിവതും കുഞ്ഞുമായി പുറത്തിറങ്ങരുത്.

∙ മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞുങ്ങൾക്കും നിർജലീകരണം വരാം. അതിനാൽ നന്നായി പാലൂട്ടണം. മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തിലേക്ക് ആവശ്യമുള്ള വെള്ളം മാത്രമല്ല, രോഗ പ്രതിരോധത്തിനുള്ള ആന്റിബോഡികളും എത്തും. വേനൽക്കാല രോഗങ്ങളെ ചെറുക്കാൻ ഇവ സ ഹായിക്കും. മറ്റു പാനീയങ്ങളൊന്നും  ഈ പ്രായത്തിൽ കു
ഞ്ഞുങ്ങൾക്ക് നൽകേണ്ടതില്ല.

∙ ചൂടല്ലേ എന്നു കരുതി തണുത്ത വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കരുത്. ദിവസം രണ്ടു തവണ ഇളംചൂടു വെള്ളത്തിലുള്ള കുളിയാണ് നല്ലത്.

∙ എണ്ണ തേച്ചു കുളിപ്പിക്കുന്ന പതിവുണ്ടെങ്കിൽ വേനൽക്കാലത്തും തുടരാം. പക്ഷേ, എണ്ണമയം പൂർണമായും മാ റും വിധം കുളിപ്പിക്കണം. ചർമത്തിൽ എണ്ണമയം തങ്ങിനിന്നാൽ വിയർപ്പുഗ്രന്ഥികൾ അടഞ്ഞ് സ്കിൻ റാഷസും ചൂടുകുരുവും വരാം.

∙ വിയർപ്പു തങ്ങിനിൽക്കാതിരിക്കാൻ പൗഡർ ഇടുന്ന രീതി വേണ്ട. കൈമടക്കുകളിലും മറ്റും പൗഡർ തങ്ങിയിരുന്നും ചർമസുഷിരങ്ങൾ അടഞ്ഞ് ചർമപ്രശ്നങ്ങൾ വരാം.

∙ കുഞ്ഞിനെ അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ ധരിപ്പിക്കാനും കോട്ടൻ ഷീറ്റിൽ കിടത്താനും ശ്രദ്ധിക്കുക.

∙ രാത്രിയിൽ എസി ഉപയോഗിക്കുന്നതിൽ തെറ്റില്ല. മൂന്നു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് 28 ഡിഗ്രി സെൽഷ്യസിൽ എസി ഇടാം. മൂന്നു മുതൽ ആറു മാസം വരെയുള്ള കുഞ്ഞുങ്ങൾക്ക് 25–27 ഡിഗ്രി  വരെ ആകാം. എസിയുടെ ഫിൽറ്ററിൽ പൊടിയും മറ്റും പിടിച്ചിരുന്ന് ജലദോഷം, ശ്വാസംമുട്ടൽ പോലുള്ള അലർജി പ്രശ്നങ്ങൾ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാമെന്നതിനാൽ വേനൽക്കാലം വരുംമുൻപ് തന്നെ എസി വൃത്തിയാക്കാനും ശ്രദ്ധിക്കുക.

തളർച്ച മുതൽ സൂര്യാഘാതം വരെ

∙ കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ജലാംശവും അവശ്യ ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഹീറ്റ് എക്സോർഷൻ അഥവാ തളർച്ച. വിയർത്തൊഴുകുക, ക്ഷീണവും തലകറക്കവും അനുഭവപ്പെടുക, ചർമം തണുത്തു മരവിക്കുക എന്നിവയാണ് ലക്ഷണം. തണലിലേക്ക് മാറ്റിയശേഷം വസ്ത്രങ്ങൾ അയച്ചിടുന്നതും ത ണുത്ത തുണിയാൽ ശരീരം തുടയ്ക്കുന്നതും ആശ്വാസം നൽകും. ആവശ്യത്തിനു വെള്ളം കുടിക്കുകയും ഉപ്പിട്ട മോര്, ക ഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവ ശീലമാക്കുകയും വേണം.

∙ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന ജോലികളിൽ ഏർപ്പെടുന്നവർക്കാണ് സൂര്യാതപവും സൂര്യാഘാതവും ഉണ്ടാകുന്നത്.

∙ അമിതമായ ചൂട് മൂലം രക്തസമ്മർദം താഴുന്ന ഗുരുതരമായ അവസ്ഥയാണ് സൺ സ്ട്രോക് അഥവാ ‌സൂര്യാഘാതം. ഉയര്‍ന്ന ശരീരതാപം, ചുവന്ന് ചൂടുപിടിച്ച ശരീരം, താഴ്ന്ന നാഡിമിടിപ്പ്, തലവേദന, തലകറക്കം, മാനസികാസ്വാസ്ഥ്യം, ചിലപ്പോൾ ബോധക്ഷയം തുടങ്ങിയ  ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. സൂര്യാഘാതമേറ്റാൽ ത്വക്കിന് ചുവപ്പു നിറവും വേദനയും കുമിളകളും ഉണ്ടാകും. ത്വക്കിൽ പൊള്ളലേല്‍ക്കുകയും അടര്‍ന്ന് പോകുകയും ചെയ്തേക്കാം.

∙ സൂര്യാഘാത ലക്ഷണങ്ങള്‍ രണ്ടു മുതല്‍ ആറു മണിക്കൂറിനുള്ളിലാകും അറിയുക. വെയിലത്തു നിൽക്കുമ്പോൾ ക്ഷീണം തോന്നിയാൽ തണലിലേക്ക് മാറിയിരിക്കുകയും ആവശ്യത്തിനു വെള്ളം കുടിക്കുകയുമാണ് പ രിഹാരം.

∙ സൂര്യാഘാതത്തേക്കാള്‍ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം അഥവാ താപശരീരശോഷണം. കടുത്ത തലവേദനയും ചർമത്തിൽ ചുവപ്പും പൊള്ളലും കണ്ടാൽ തണുത്ത വെള്ളം ധാരയായി ഒഴിക്കുക.

∙ വേനലില്‍ ധാരാളം വെളളം കുടിക്കുന്നത് ഈ പ്രശ്നങ്ങളെ തടയാന്‍ സഹായിക്കും. ഇടയ്ക്കിടെ വെള്ളം സി പ് ചെയ്ത് കുടിക്കുന്നതാണ് നല്ലത്. ചൂട് കൂടുതലുള്ള ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെയുള്ള സമയം പുറത്തിറങ്ങാതിരിക്കുകയാണ് ഇവ ചെറുക്കാനുള്ള വഴി.

അകത്തളം ഇനി കൂൾ കൂൾ

സൂര്യൻ ഉച്ചിയിൽ നിൽക്കുമ്പോൾ പുറത്തിറങ്ങരുതെന്നാണ്. പക്ഷേ, വീടിനുള്ളിലും കൊടും ചൂട് ആണെങ്കിലോ? വീടിനുള്ളിലെ ചൂടു കുറയ്ക്കാൻ പല വഴികളുണ്ട്.

∙ ഭിത്തിയിൽ വെയിൽ നേരിട്ട് അടിക്കുന്നത് ഒഴിവാക്കുകയാണ് അകത്തെ ചൂട് കുറയ്ക്കാനുള്ള ഒരു മാർഗം. കൂടുതൽ വെയിൽ തട്ടുന്നിടത്ത് ഇരട്ട ഭിത്തി നിർമിക്കുകയാണ് ഒരു വഴി. രണ്ട് ഭിത്തിക്കുമിടയിലെ സ്ഥലം കോർട്‌യാർഡോ വരാന്തയോ ആക്കി പ്രയോജനപ്പെടുത്താം. ഈ ഭിത്തിയിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നത് പോക്കറ്റ് ഫ്രണ്ട്‌ലി മാർഗമാണ്.

∙ മൺകലങ്ങളിൽ വെള്ളം നിറച്ച് വയ്ക്കുന്നത് വീടിനുള്ളിൽ കുളിർമ കിട്ടാൻ നല്ലതാണ്. അതല്ലെങ്കിൽ വാട്ടർ ബോഡീസ് വീടിന്റെ ഭാഗമാക്കാം. ഇന്റീരിയർ കോർട്‌യാർഡിന്റെ ഭാഗമായോ വീടിനു പുറത്ത് ജനലുകളുടെ മുന്നിലോ ചെറിയ വാട്ടർ പോണ്ടുകൾ ഒരുക്കാം. വെള്ളത്തിൽ തട്ടിവരുന്ന കാറ്റും ബാഷ്പീകരണവും അകം തണുപ്പിക്കും. കൃത്യമായി മെയിന്റനൻസ് ചെയ്യുകയും വേണം.  

∙ ടെറസ്സിൽ ചെടികൾ നട്ടാൽ അവ ഒരു പുതപ്പുപോലെ അകത്തളത്തെ സംരക്ഷിക്കും. ടെറസിൽ നേരിട്ട് മണ്ണുനിറച്ച് ചെടി നടുന്നെങ്കിൽ വാട്ടർ പ്രൂഫിങ് ചെയ്യേണ്ടിവരും. പകരം ചട്ടിയിലോ പ്ലാസ്റ്റിക് കവറുകളിലോ നടാം.

∙ ടെറസിൽ വെളുത്ത പെയിന്റടിക്കുന്നത് ചൂട് കുറയ്ക്കാൻ നല്ലതാണ്. ഇതിനാൽ സൂര്യപ്രകാശം പരമാവധി പ്രതിഫലിച്ചു പോകും. ചൂടിനെ തടയുന്ന എക്സ്ടീരിയർ വാൾ പെയിന്റും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

∙ ഓടിട്ട വീടാണെങ്കിൽ ഓടിനും മച്ചിനുമിടയിൽ തെർമൽ ഷീറ്റ്സ് ഇടാം. ഇത് ചൂടു കുറയ്ക്കും. മഴയത്തു വെള്ളം അകത്തേക്ക് എത്തുകയുമില്ല.

∙ ക്രോസ് വെന്റിലേഷൻ വളരെ പ്രധാനമാണ്. വീടിന്റെ ഭിത്തികളിൽ ദ്വാരമിടുന്നത് ചൂട് കുറയ്ക്കാൻ  സഹായിക്കും. താഴ്ഭാഗത്തെ ദ്വാരങ്ങളിലൂടെ തണുത്ത വായു ഉള്ളിൽ കടക്കുകയും മുകളിലെ ദ്വാരങ്ങളിലൂടെ ചൂടുപിടിച്ച വായു പുറത്തേക്ക് പോകുകയും ചെയ്യുമെന്നതാണ് ഇതിന്റെ ഗുണം.

∙ വേനൽക്കാലത്തിനു മുൻപ് തന്നെ എസി സർവീസ് ചെയ്യിക്കണം. രാത്രി മുഴുവൻ പ്രവർത്തിപ്പിക്കുന്നതിനു പകരം ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ഓൺ ചെയ്തിട്ട് മുറിയ്ക്കകം തണുത്തു കഴിഞ്ഞ് ഓഫ് ചെയ്യാം. മുറിക്കുള്ളിൽ ഫോൾസ് സീലിങ് ചെയ്താൽ തണുപ്പിക്കേണ്ട വായുവിന്റെ അളവ് കുറയും. ഇത് കറന്റ് ലാഭിക്കാൻ നല്ലതാണ്.

ADVERTISEMENT