നമ്മുടെ ശരീരത്തിലെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്കാവശ്യമായ പോഷകപിന്തുണ നൽകുന്ന ജൈവപദാർഥങ്ങളാണ് വൈറ്റമിനുകൾ. ഈ വൈറ്റമിനുകൾ ഭക്ഷണത്തിലൂടെയാണ് നമുക്കു ലഭിക്കേണ്ടത്. ആഗിരണത്തിലെ പ്രശ്നങ്ങൾ മൂലമോ പോഷകഭക്ഷണത്തിന്റെ അഭാവത്തിലും മറ്റും വൈറ്റമിനുകൾ സപ്ലിമെന്റ് രൂപത്തിൽ ചിലപ്പോൾ കഴിക്കേണ്ടതായി വരാം.
വൈറ്റമിനുകൾ പ്രധാനമായും രണ്ടുതരമുണ്ട്. ജലത്തിൽ ലയിക്കുന്നവയും കൊഴുപ്പിൽ ലയിക്കുന്നവയും. ബി കോംപലക്സ് വൈറ്റമിനുകൾ എന്നറിയപ്പെടുന്ന ബി വൈറ്റമിനുകൾ എല്ലാം ജലത്തിൽ ലയിക്കുന്നവയാണ്. വൈറ്റമിൻ സിയും ജലത്തിൽ ലയിക്കുന്ന വൈറ്റമിനാണ്. വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവ കൊഴുപ്പിൽ ലയിക്കുന്നു.
നാം കഴിക്കുന്ന ഭക്ഷണത്തിൽ ശരിയായ അളവിൽ പോഷകങ്ങളെല്ലാം അടങ്ങിയിട്ടില്ല എങ്കിൽ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കാതെ വരാം. ചിലപ്പോൾ രോഗങ്ങൾ മൂലമോ ചില മരുന്നുകളുടെ ഉപയോഗം മൂലമോ പോഷകങ്ങളുടെ ആഗിരണത്തിൽ തടസ്സം വരാം. ഭക്ഷണത്തിലൂടെ എത്തുന്ന പോഷകങ്ങളെ ശേഖരിച്ചുവച്ച് ഉപയോഗിച്ചുതീർക്കുകയാണ്ാ ശരീരത്തിന്റെ രീതി. അതുകൊണ്ട് പോഷകങ്ങളുടെ ലഭ്യത കുറഞ്ഞാലും വളരെ പതുക്കെ മാത്രമേ അതു ലക്ഷണങ്ങളായി പ്രകടമാകൂ. പോഷകഅഭാവത്തിന്റെ പൊതുവായ ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്.
∙ മുടികൊഴിച്ചിൽ
ദിവസം നൂറ് മുടിയിൽ അധികം കൊഴിഞ്ഞാൽ പ്രശ്നകരമായ മുടികൊഴിച്ചിലാണെന്നു കരുതാം. മിക്കവാറും പേരിൽ അയണിന്റെ കുറവാണ് മുടികൊഴിച്ചിലിന് ഇടയാക്കുന്നത്. തളർച്ചയും ക്ഷീണവും തോന്നുന്നതും തണുപ്പ് അധികമായി അനുഭവപ്പെടുന്നതും ഇരുമ്പിന്റെ അഭാവം മൂലമാകാം. വിളർച്ച ബാധിച്ച ചർമവും അയൺ അഭാവത്തിന്റെ സൂചനയാണ്.
∙ സ്പിനച്ച്. ബീൻസ്, റെഡ് മീറ്റ്, കരൾ, ചുവന്ന ചീര, ബീറ്റ്റൂട്ട്, ഈന്തപ്പഴം എന്നിവയിലൊക്കെ ഇരുമ്പ് ധാരാളമുണ്ട്.
∙ കയ്യിലും കാലിലും തരിപ്പും മരപ്പും
വൈറ്റമിൻ ബി12 അഭാവം മൂലം പെരുപ്പും മരപ്പും വരാം. ക്ഷീണം, മലബന്ധം, തളർച്ച, ബാലൻസ് നഷ്ടപ്പെടുക, ആശയക്കുഴപ്പം, നാവു വീർക്കുക എന്നീ ലക്ഷണങ്ങളും കാണാറുണ്ട്.
∙ കക്ക, കരൾ, വൈറ്റമിൻ ബി12 ചേർത്ത സീറിയൽസ് എന്നിവയിലൊക്കെ ബി12 ഉണ്ട്. ബി12 അളവു വളരെ കുറവാണെങ്കിൽ സപ്ലിമെന്റുകൾ വേണ്ടിവരും.
∙ ശ്വാസതടസ്സം
ഫോളിക് ആസിഡ് അഭാവത്തിന്റെ സൂചനയാകാം. നെഞ്ചിടിപ്പ് ക്രമാതീതമാവുക, ക്ഷീണം തളർച്ച, വയറിളക്കം എന്നിവയും കാണാറുണ്ട്.
സ്പിനച്ച്, ശതാവരി എന്നിവയിൽ ഫോളിക് ആസിഡ് ധാരാളമുണ്ട്. ആവശ്യമെങ്കിൽ സപ്ലിമെന്റ് കഴിക്കാം. ഗർഭിണികളിൽ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഫോളിക് ആസിഡ് അത്യാവശ്യമാണ്.
∙ അസ്ഥിവേദന
വൈറ്റമിൻഡിയുടെ അഭാവം മൂലം എല്ലുകൾക്ക് വേദന അനുഭവപ്പെടാം. പേശികൾക്ക് ബലക്ഷയം വരാം. അഭാവം കൂടുതലായാൽ അസ്ഥി ഒടിയലിന്റെ സാധ്യത കൂടാം. പുതിയ പഠനങ്ങൾ പറയുന്നത് വൈറ്റമിൻ ഡി കുറവ് അർബുദത്തിനും ഹൃദ്രോഗത്തിനും വരെ കാരണമാകുമെന്നാണ്. ദിവസവും 600–800 IU വൈറ്റമിൻ ഡി നമുക്കാവശ്യമാണ്.
സൂര്യപ്രകാശത്തിൽ നിന്നാണ് പ്രധാനമായും വൈറ്റമിൻ ഡി ലഭിക്കുന്നത്. വൈറ്റമിൻഡി ഫോർട്ടിഫൈഡ് പാൽ, ഒാട്സ്. യോഗർട്ട് എന്നിവ നല്ലത്. സാൽമൺ, കൂൺ, കക്ക എന്നിവയിൽ വൈറ്റമിൻ ഡി ധാരാളമുണ്ട്. വൈറ്റമിൻഡിയുടെ അളവു വളരെ കുറവായാൽ ഡോക്ടറെ കണ്ട് സപ്ലിമെന്റുകൾ കഴിക്കുക.
∙ നെഞ്ചിടിപ്പിലെ താളക്കേടുകൾ
കാൽസ്യമാണ് നെഞ്ചിടിപ്പ് നിയന്ത്രിക്കുന്നത്. പേശികൾക്ക് കോച്ചിപ്പിടുത്തം വരുന്നതും ചെറിയ വീഴ്ചകളിൽ പോലും അസ്ഥി പൊട്ടൽ സംഭവിക്കുന്നതും കാത്സ്യം കുറവിന്റെ സൂചനയാകാം.
∙ ഇരുണ്ട പച്ചിലക്കറികൾ, പാൽ, ചീസ്, ചെറുമത്സ്യങ്ങൾ, ബ്രോ്കക്‌ലി എന്നിവയിലൊക്കെ കാത്സ്യം ധാരാളമുണ്ട്.
∙ മുറിവു കരിയാൻ താമസം വരിക
വൈറ്റമിൻ സിയുടെ കുറവു മൂലം വരാം. ഇവരിൽ മോണവീക്കവും ചുവപ്പും ചിലപ്പോൾ രക്തസ്രാവവും കാണാം.
പരിഹരിക്കാം: വൈറ്റമിൻ സി അടങ്ങിയ ഒാറഞ്ച്, നെല്ലിക്ക, മൂസമ്പി പോലുള്ള പഴങ്ങളും മുരിങ്ങയില തക്കാളി, കാബേജ്, മുളപ്പിച്ച പയർ പോലുള്ള പച്ചക്കറികളും കഴിക്കുക.
∙ രാത്രിയിൽ കാഴ്ച കുറയുക
വൈറ്റമിൻ എ ശരീരത്തിന് വേണ്ടുന്നത്ര ലഭിച്ചില്ലെങ്കിൽ രാത്രിക്കാഴ്ച പ്രയാസമാകും. പകലാണെങ്കിലും കാഴ്ചയിലെ സൂക്‌ഷ്മത കുറയാം.
പാൽ, മുട്ട, പയർ, മധുരക്കിഴങ്ങ്, മാമ്പഴം എന്നിവയിലെല്ലാം വൈറ്റമിൻ എ സമൃദ്ധമായുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്–
മനോരമ ആരോഗ്യം ആർകൈവ്