അധ്യാപികയായ ഷൈനിക്കു കുടംപുളി കറിക്കുപയോഗിക്കാൻ മാത്രമുള്ളതല്ല, കാൻസറിനെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ള ഔഷധമാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ നടത്തിയ പ്രോജക്ടിന്റെ ഭാഗമായുള്ള ഗവേഷണത്തിലാണ് കുടംപുളിക്കുരുവിൽ നിന്നുണ്ടാക്കുന്ന എണ്ണയിൽ കാൻസർ, പ്രമേഹം, അമിതവണ്ണം തുടങ്ങിയവയെ പ്രതിരോധിക്കുന്ന ഘടകങ്ങളുണ്ടെന്നു കണ്ടെത്തിയത്. ഇവ കരൾകോശങ്ങളെ സംരക്ഷിക്കും. എണ്ണ ഉൽപാദന രീതിക്കും ഗുണങ്ങൾക്കും പേറ്റന്റു സ്വന്തമാക്കിയത് തൃശൂർ മാള കടിച്ചീനി സ്വദേശിയും പുത്തൻവേലിക്കര പ്രസന്റേഷൻ കോളജ് ഓഫ് അപ്ലൈഡ് സയൻസിലെ അധ്യാപികയുമായ ഷൈനി ജോർജാണ്.
എല്ലാ കായ്കളുടെ കുരുക്കളിലും നിന്ന് എണ്ണ ഉണ്ടാക്കാനാകുമെന്ന സാധ്യതയാണ് ഷൈനിയെ കുടംപുളിക്കുരുവിലെ ഔഷധഗുണങ്ങൾ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. മണവും നിറവും ഇല്ലാത്ത എണ്ണ ഭക്ഷ്യ യോഗ്യമാണ്. കറികളിൽ ചേർത്താൽ രുചിവ്യത്യാസവുമില്ല. ഒരു കിലോഗ്രാം പുളിയിൽനിന്ന് 200 ഗ്രാം എണ്ണ ലഭിക്കും. വിപണിയിൽ എത്തിക്കാനായാൽ ആരോഗ്യരംഗത്ത് വളരെ ഉപയോഗപ്രദമാകും. കൂടുതൽ ക്ലിനിക്കൽ പഠനങ്ങളും ആവശ്യമാണ്. ഇതിനായി പല കമ്പനികളെയും സമീപിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ഷൈനി പറഞ്ഞു. മാള കടിച്ചീനി വീട്ടിൽ സെയ്ൻ ജോസാണ് ഭർത്താവ്.