Thursday 30 July 2020 11:46 AM IST

പകർച്ചവ്യാധിയെ പേടിക്കാതെ കുഞ്ഞു വാവയ്ക്ക് വാക്‌സിൻ എടുക്കണോ ? നിയന്ത്രണ മേഖല, ട്രിപ്പിൾ ലോക്ക് ഡൗൺ സമയത്ത് അറിയേണ്ടതെന്തെല്ലാം...

Delna Sathyaretna

Sub Editor

vaccin

കോവിഡിനെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ കുഞ്ഞിനേയും കൊണ്ട് ആശുപത്രിയിൽ പോകുന്ന കാര്യം, അച്ഛനമ്മമാരുടെ പേടിസ്വപ്നമാണ്.  വാക്‌സിൻ എടുക്കാൻ പോയി... എടുത്താൽ പൊങ്ങാത്ത കോവിഡും കൊണ്ട് വരേണ്ടെന്ന് അവരങ്ങു തീരുമാനിക്കും. യാത്ര പ്രശ്നങ്ങളും ഭാരിച്ചതാണ്. വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത്  ആരെങ്കിലും തലയിൽ വയ്ക്കുമോ?  ഇങ്ങനെയൊക്കെ വാക്‌സിൻ ക്രമം മാറിയും മറിഞ്ഞും വന്നതോടെ ദേ.. വേൾഡ് ഹെൽത്ത്‌ ഓർഗനൈസേഷൻ മുന്നറിയിപ്പുമായി എത്തി. പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കാത്ത കുഞ്ഞുങ്ങളുടെ എണ്ണം ഗണ്യമായി കൂടുന്നുവെന്ന്. മുമ്പ് ആഫ്രിക്കയിൽ എബോള പടർന്നു പിടിച്ച സമയത്ത്, അവിടെ വാക്‌സിൻ എടുക്കാതെ വന്ന രോഗങ്ങൾ, എബോള മരണങ്ങളെ കടത്തി വെട്ടിയെന്ന പേടി WHO മനസ്സിൽ കണ്ടിട്ടുണ്ടാകണം.  കോവിഡ് ആക്രമണം തുടങ്ങിയ സമയത്തു തന്നെ അതുകൊണ്ട് വാക്‌സിനുകൾ മുടക്കരുതെന്ന്, മുന്നറിയിപ്പും WHO നൽകിയിരുന്നു. ഇനിയിപ്പോ മുടങ്ങി പോയിട്ടുണ്ടേൽ എന്ത് ചെയ്യാനാ? മുടങ്ങിയ ഇടത്തു നിന്ന് തുടങ്ങുക തന്നെ.

vac 2

ഒന്നര വയസിൽ കൊടുക്കുന്ന ബൂസ്റ്റർ ഡോസ്, അല്പം വൈകിയാലും കുഴപ്പമില്ലാത്തതാണ്. ബാക്കിയുള്ളവ കൃത്യ സമയത്തു തന്നെ കൊടുക്കാൻ ശ്രദ്ധിക്കാം. കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പോലുള്ള ആരോഗ്യ യജ്ഞങ്ങൾ ഈ സമയത്ത് ഏതായാലും ഉണ്ടാകില്ല. ഹ്ഹോ ആശ്വാസമായി. തിക്കും തിരക്കും ഒഴിവാക്കി ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വാക്‌സിനുകൾ നൽകാൻ ആരോഗ്യ പ്രവർത്തകർ ശ്രദ്ധിക്കും. പിന്നെയുള്ള ആശങ്ക വാക്‌സിൻ ഗവണ്മെന്റിന്റെ കൊടുക്കണോ.. ആയിരങ്ങൾ   ചെലവിട്ട് സ്വകാര്യ ആശുപത്രിയിൽ കൊടുക്കണോ എന്നതാണ്. ന്യൂമോകോക്കൽ, ഇൻഫ്ലുൻസ,  ചിക്കൻ പോക്സ് തുടങ്ങിയ ചില  രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ മരുന്ന് ഗവണ്മെന്റ് സൗജന്യമായി നൽകുന്നില്ല.  ഇവ ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രികളിലേക്ക് പോകുക തന്നെ വേണം. കണ്ടൈൻമെൻറ് സോണുകളിലെ ആശുപത്രികളിലൊഴികെ മറ്റെല്ലായിടത്തും വാക്‌സിനേഷൻ സൗകര്യങ്ങൾ ഉണ്ടാകും. മുൻകരുതലുകൾ കൃത്യമായി സ്വീകരിച്ച് കുഞ്ഞുങ്ങളെ ഏതെങ്കിലും വിധേന അവിടെയെത്തിക്കാൻ ശ്രദ്ധിക്കണം.

കടപ്പാട്

Dr Sajikumar J,

DCH, DNB,Pediatrician,

Parabrahma Specially Hospital,

Oachira

Tags:
  • Health Tips