Wednesday 12 April 2023 03:28 PM IST

യോനിഭാഗത്തു ഭാരം, എന്തോ പുറത്തേക്കുവരാൻ വെമ്പുന്നതായി അനുഭവപ്പെടുന്നു? ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

Rakhy Raz

Sub Editor

gynnnnviginnn

യോനിയുടെ മുകളിലായി ഭാരം തോന്നുന്നു, അല്ലെങ്കിൽ യോനിയിലൂടെ എന്തോ പുറത്തേക്കുവരാൻ വെമ്പുന്നതായി അനുഭവപ്പെടുന്നു.      സങ്കൽപിക്കാൻ പ്രയാസമാണെങ്കിലും ഗർഭാശയം, ഗർഭാശയമുഖം, മൂത്രസഞ്ചി, മലാശയം ഇവയെല്ലാം യോനിയിലൂടെ ഇറങ്ങി വരുന്ന സ്ഥിതി സ്ത്രീകൾക്ക് നേരിടേണ്ടി വരാറുണ്ട്.  

കടുത്ത നടുവേദന, കാലുകൾക്കിടയിൽ എന്തോ തടയുന്നതായി തോന്നുക, രക്തം വരിക, മൂത്രമൊഴിക്കാൻ ബുദ്ധിമുട്ടു നേരിടുക എന്നിവയാണ് രണ്ടാം ഘട്ട  ലക്ഷണങ്ങൾ. ആ അവസ്ഥയിലേക്ക് എത്തുന്നതിനു മുൻപേ ചികിത്സ തേടണം. ഗർഭാശയത്തെ പിന്തുണയ്ക്കുന്ന ഘടനയുടെ ബലഹീനതയാണ് പ്രൊലാപ്സ് എന്ന അവസ്ഥ ഉണ്ടാക്കുന്നത്. 

കാരണങ്ങൾ ഇതാകാം

പ്രൊലാപ്സ് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാം. ഒന്നിലധികം പ്രസവങ്ങൾ നടന്ന സ്ത്രീകളിൽ, പ്രസവ സമയത്തു കുഞ്ഞിനെ പുറത്തേക്കു തള്ളുമ്പോൾ ഗർഭാശയത്തിന് അത്യധികം സമ്മർദം വേണ്ടിവന്നത് പിൽക്കാലത്തു പ്രശ്നമുണ്ടാക്കാം.  

ആർത്തവ വിരാമത്തിനു ശേഷം  പെൽവിക് പേശികൾക്കും ഗർഭപാത്രത്തിന്റെ ഘടനകൾക്കും ബലം നൽകുന്ന ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം മറ്റൊരു കാരണമാണ്. അമിതവണ്ണം ഗർഭാശയ തളർച്ചയ്ക്കു മറ്റൊരു കാരണമാണ്. സ്ഥിരമായി പുകവലിക്കുന്നതും പ്രൊലാപ്സിലേക്ക് നയിക്കാം.

മടിക്കരുത്, മറക്കരുത്

ഗർഭാശയത്തിനോ അടുത്തു നിൽക്കുന്ന ഘടനകൾക്കോ സ്ഥാനചലനം വന്നിട്ടുണ്ടോ എന്നു പെൽവിക് പരിശോധനയിലൂടെ അറിയാൻ സാധിക്കും. പ്രൊലാപ്സ് പരിഹരിക്കുന്നതിനു ശസ്ത്രക്രിയ – ശസ്ത്രക്രിയേതര മാർഗങ്ങൾ ഉണ്ട്. 

ഗർഭപാത്രം, മൂത്രസഞ്ചി, ലൈംഗിക അവയവങ്ങൾ ഇവയെ താങ്ങി നിർത്തുന്ന പേശികളെ ശക്തിപ്പെടുത്തുന്ന കീഗൽ വ്യായാമങ്ങളാണ് ഏറ്റവും ലളിതമായ പ്രതിരോധ മാർഗം. അവ വിദഗ്ധരുടെ നിർദേശം അനുസരിച്ചു ചെയ്യണം.  

ഇറങ്ങിവരുന്ന ഗർഭാശയത്തിനു സപ്പോർട്ട് ന ൽകുന്ന വജൈനൽ പെസറി എന്ന ഉപകരണം ഉ പയോഗിച്ചു പ്രശ്നം നേരിടാനാകും. താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ അവയവങ്ങൾ യഥാസ്ഥാനത്തേക്കു വലിച്ചു നിർത്താൻ കഴിയും. ഗർഭപാത്രം തന്നെ നീക്കം ചെയ്യുന്ന ഹിസ്ട്രെക്റ്റമി ചെയ്യുന്നതും പരിഹാരമാണ്.   

Tags:
  • Health Tips
  • Glam Up