മറ്റാരുടെയും സഹായമില്ലാതെ, ഒരു വൈദ്യപരിശോധനയും കൂടാതെ സ്വയം കണ്ടുപിടിക്കാവുന്ന പ്രശ്നമാണല്ലോ വെരിക്കോസ് വെയിൻ. കാലിലെ സിരകൾ തടിച്ചു വീർത്ത് അശുദ്ധരക്തം കെട്ടിക്കിടക്കുക, സിരകൾ നീല നിറത്തിൽ വളഞ്ഞു പുളഞ്ഞു കിടക്കുക, ചെറു സിരകൾ ചർമത്തിനടിയിൽ വലയങ്ങളായി പടർന്നു കിടക്കുക എന്നിങ്ങനെയാണു ലക്ഷണങ്ങൾ. കാലിനു വേദനയും നീരും ഭാരവുമായൊക്കെ പ്രശ്നമുണ്ടാക്കുന്ന വെരിക്കോസ് വെയിനിൽ ശസ്ത്രക്രിയ മാത്രമേ പരിഹാരമായുള്ളൂ എന്നാണു പലരുടെയും ധാരണ. എന്നാൽ ജീവിതരീതികളിൽ മാറ്റങ്ങൾ വരുത്തിയും നവീന ചികിത്സാമാർഗങ്ങളിലൂടെയും വെരിക്കോസ് വെയിനു പരിഹാരം കാണാം.
നിൽക്കുന്നവരുടെ പ്രശ്നം
സെയിൽസ് ഗേൾസ്/ബോയ്സ്, അധ്യാപകർ, ട്രാഫിക് പൊലീസ്, ബസ് കണ്ടക്ടർമാർ എന്നിങ്ങനെ തുടർച്ചയായി നിന്നു ജോലി ചെയ്യുന്നവരിലാണു വെരിക്കോസ് വെയിൻ കൂടുതലായി കാണുന്നത്. ഗർഭിണികളിലും വെരിക്കോസ് വെയിൻ കാണാറുണ്ട്. ഗർഭപാത്രം മഹാസിരകളിൽ സമ്മർദം ചെലുത്തുന്നതും രക്തത്തിന്റെ അളവു വർധിക്കുന്നതും ഹോർമോൺ വ്യതിയാനവുമൊക്കെയാണ് ഇതിനു കാരണം.
കാലുവേദന, കാൽകഴപ്പ്, രാത്രികാലങ്ങളിലെ കോച്ചിപ്പിടുത്തം, കാലിലും ഉപ്പൂറ്റിയിലും നീർവീക്കം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന് ഞരമ്പിലും ചർമത്തിലും നിറംമാറ്റം, ചൊറിച്ചിൽ, ബാക്ടീരിയൽ ഇൻഫക്‌ഷൻ മൂലമുണ്ടാകുന്ന സെല്ലുലൈറ്റിസ് തുടങ്ങിയവയുണ്ടാകാം. കാലിൽ അശുദ്ധരക്തം കെട്ടിക്കിടക്കുന്നതിനെ തുടർന്ന് വ്രണങ്ങള്‍ (വെരിക്കോസ് അൾസർ) ഉണ്ടാകും.. ഈ വ്രണങ്ങൾ കരിയാൻ സമയമെടുക്കും.
ഡോപ്‌ളർ സ്കാനിങ് എന്തിന്?
നേരിട്ടുള്ള പരിശോധനയിലൂടെ ഡോക്ടർക്ക് രോഗം ക ണ്ടുപിടിക്കാമെങ്കിലും ഡോപ്‌ളർ സ്കാനിങ്ങിലൂടെ സിരകളുടെ ഏതു ഭാഗത്ത്, ഏതു വാൽവിനാണ് തകരാറെന്നു കണ്ടെത്താം. സിരകൾക്കുള്ളിൽ ഒരു വശത്തേക്കു മാത്രം തുറക്കുന്ന വെയിൻ വാൽവുകളാണല്ലോ രക്തം തിരിച്ചൊഴുകാതെ ശുദ്ധീകരണത്തിനായി ഹൃദയത്തിൽ എത്തിക്കുന്നത്. ഈ വാൽവുകൾക്ക് കേടുസംഭവിക്കുന്നതിനെ തുടർന്നാണ് രക്തം സിരകളിൽ കെട്ടിക്കിടക്കുന്നത്. സിരകളിൽ രക്തം കട്ടപിടിച്ചിട്ടുണ്ടോ (വെയിൻ ത്രോംബോസിസ്) എന്നു കണ്ടുപിടിക്കാനും ഈ സ്കാനിങ് ഉപകരിക്കും.
ചികിത്സ സർജറി മാത്രമല്ല
വ്യായാമം ചെയ്തു വണ്ണം കുറയ്ക്കുക, കാലുകൾ തലയിണ വച്ച് പൊക്കിക്കിടക്കുക, കട്ടിലിന്റെ കാലുകൾ വയ്ക്കുന്ന ഭാഗം ഉയർത്തിവയ്ക്കുക തുടങ്ങിയ മാർഗങ്ങൾ ആരംഭദിശയിൽ ഗുണം ചെയ്യും. കൂടാതെ കാലിൽ ബാൻഡേജ് ചുറ്റുക, കംപ്രഷൻ സ്റ്റോക്കിങ്സ് ധരിക്കുക തുടങ്ങിയവയും ആശ്വാസമേകും. പകൽ സമയത്താണു ബാൻഡേജ് ചുറ്റേണ്ടത്.
കാലിലെ തടിച്ചുവീർത്ത സിര നീക്കം ചെയ്യുന്ന വെയി ൻ സ്ട്രിപ്പിങ് & ലിഗേഷൻ ആണ് പ്രധാന ശസ്ത്രക്രിയ. ബാൻഡേജ് ചുറ്റിയിട്ടും കാലുവേദന മാറാതിരിക്കുക, കാലിൽ വ്രണങ്ങൾ, എക്സിമ എന്നിവയുണ്ടാവുക, ചർമത്തിന്റെ നിറംമാറ്റം തുടങ്ങിയവ സർജറി വേണ്ടി വരുന്ന സാഹചര്യങ്ങളാണ്.
രക്തക്കുഴലുകളിൽ ഇൻജക്‌ഷൻ നൽകി ചുരുക്കുന്ന സ്ക്ലീറോ തെറാപ്പി, ലേസർ ട്രീറ്റ്മെന്റ്, പ്രത്യേകതരം പശ ഉപയോഗിച്ച് സിര സീൽ ചെയ്യുന്ന ഗ്ലൂ ട്രീറ്റ്മെന്റ് തുടങ്ങിയവ സൗകര്യപ്രദമായ നൂതന ചികിത്സാരീതികളാണ്. ഇതിനു ദീർഘകാല ആശുപത്രിവാസം ആവശ്യമില്ല.