വണ്ണമുള്ളവരും മെലിഞ്ഞവരുമൊക്കെ സൂപ്പർ തന്നെയാണ്. പക്ഷേ, അമിതവണ്ണം മൂലം ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ പാടില്ലല്ലോ. പഠിച്ച പണി മുഴുവൻ നോക്കിയിട്ടും ശരീരഭാരം കുറയുന്നില്ലെന്നു പരാതി പറഞ്ഞിട്ടു കാര്യമില്ല, ഉറച്ച മനസ്സു കൂടി വേണം നല്ലൊരു വെയ്റ്റ് ലോസ് ജേണിക്ക്. മനസ്സു കൊതിച്ച ശരീരഭാരം നേടാൻ ഇതാ, 25 മന്ത്രങ്ങൾ.
ഗോൾ സെറ്റ് ചെയ്യാം
‘ആരാകണമെന്ന് നമ്മൾ തീരുമാനിക്കുന്നോ, അതാണ് നമ്മൾ...’ എന്നു കേട്ടിട്ടില്ലേ. ആദ്യം വേണ്ടത് ഉറച്ച തീരുമാനമാണ്. പലവിധ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോഴാകും ചിലർ ശരീരഭാരം കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. അമിതവണ്ണം രോഗങ്ങളിലേക്കു നയിക്കുമെന്ന ഭയമാകാം മറ്റു ചിലരെ വെയ്റ്റ് ലോസ്സിനെ കുറിച്ച് ചിന്തിപ്പിക്കുന്നത്. പക്ഷേ, അതിനുവേണ്ടി പരിശ്രമിച്ചു തുടങ്ങാൻ മിക്കവർക്കും മടിയാണ്. വണ്ണം കുറച്ച് ആരോഗ്യകരമായ ശരീരഭാരത്തിലേക്ക് എത്തണമെന്നു സ്വയം വിചാരിച്ചു തുടങ്ങുമ്പോൾ മുതൽ ആ ലക്ഷ്യത്തിലേക്കുള്ള യാത്ര നിങ്ങൾ ആരംഭിക്കും.
യു ആർ നോട്ട് ഫാറ്റ്
അമിതവണ്ണം കുറയ്ക്കണമെന്നു തീരുമാനിച്ചാ ൽ പിന്നെ, ‘ഞാൻ തടിച്ചിയാണോ/തടിയനാണോ’ എന്നൊന്നും ചിന്തിക്കേണ്ട കാര്യമേയില്ല. ‘യു ആർ നോട്ട് ഫാറ്റ്, യു ഹാവ് ഫാറ്റ്’ എന്നാണ് മാറി ചിന്തിക്കേണ്ടത്...
ശരീരത്തിലെ അധികമുള്ള കൊഴുപ്പ് കുറയ്ക്കാവുന്നതേ ഉള്ളൂ എന്നു മനസ്സിലാക്കുക. അതു കുറയ്ക്കാനുള്ള നടപടികളിലേക്ക് സ്വയം കാലെടുത്തുവച്ച സ്ഥിതിക്ക് ഇ നി മറ്റൊന്നും ചിന്തിക്കുകയേ വേണ്ട. തടി കൂടുതലാണോ എന്നാലോചിച്ച് വിഷമിച്ചിരിക്കുന്നത് ആത്മവിശ്വാസം ക ളയും. മാത്രമല്ല വണ്ണം കുറയ്ക്കാനായി നിങ്ങൾ ചെയ്യുന്ന വ്യായാമത്തെയും അതിന്റെ ഫലത്തെയും വരെ ഈ ആ ത്മവിശ്വാസമില്ലായ്മ ബാധിക്കും.
സ്ട്രെസ് ഈറ്റിങ് ഇനി ഇല്ല
വിശപ്പില്ലെങ്കിലും വെറുതേ ടെൻഷനടിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ശീലം ഉ ണ്ടോ. ടെൻഷൻ വന്നാലും സങ്കടം വന്നാലും ഭ ക്ഷണം കണക്കില്ലാതെ കഴിക്കുന്നവർ ഒരു കാര്യം ഓർക്കുക. വിശപ്പല്ല പ്രശ്നമെങ്കിൽ ഭക്ഷണമല്ല പരിഹാരം. മാനസിക സമ്മർദത്തിന്റെ വഴി കണ്ടെത്തി അതാണ് ആദ്യം പരിഹരിക്കേണ്ടത്. ടെൻഷൻ വരുമ്പോൾ ഭക്ഷണം കഴിക്കുന്ന ‘സ്ട്രെസ് ഈറ്റിങ്’ പിന്നീട് ശരീരഭാരത്തെ കുറിച്ചുള്ള സ്ട്രെസ് കൂട്ടുകയേയുള്ളൂ.
കൺട്രോൾ... കൺട്രോൾ...
ഭക്ഷണം നമ്മൾ നിയന്ത്രിക്കണം, അല്ലാതെ ഭക്ഷണം നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥ വരരുത്. ഓരോരുത്തരുടെയും ശരീരത്തിന് ആവശ്യമുള്ള ഊർജം ലഭ്യമാകുന്ന അളവിൽ മാത്രമാണ് ആഹാരം കഴിക്കേണ്ടത്. ഇതിൽ കൂടുതൽ കഴിക്കുന്ന ആഹാരത്തിൽ നിന്നുള്ള ഊർജം കൊഴുപ്പായും മറ്റും ശരീരത്തിൽ സംഭരിക്കപ്പെടുന്നതാണ് അമിതവണ്ണം ഉണ്ടാക്കുന്നത്. അതിനാൽ ആദ്യം ‘കൺട്രോൾ’ ചെയ്യേണ്ടത് ഭക്ഷണമാണ്. ആഹാരത്തിന്റെ രുചിയും മണവും മനസ്സിനെ എത്ര ‘ഇളക്കാൻ’ ശ്രമിച്ചാലും നിയന്ത്രണം കൈവിടരുത്.
സമയം കണ്ടെത്തൂ
വ്യായാമം ചെയ്യാൻ സമയം കിട്ടുന്നില്ലെന്നു പരാതിയാണോ. ദിവസവും 30– 45 മിനിറ്റ് ലഘുവ്യായാമങ്ങള്‍ ചെയ്താൽ പോലും ശരീരത്തിലെ അമിതവണ്ണവും കൊഴുപ്പുമൊക്കെ എരിച്ചുകളയാനാകും. ഭക്ഷണ നിയന്ത്രണത്തിനൊപ്പം വ്യായാമം കൂടി ചേരുമ്പോഴാണ് വെയ്റ്റ്‌ലോസ്, സക്സസ് ആകുന്നത്. ദിവസത്തിലെ 24 മണിക്കൂറിന്റെ വെറും നാലു ശതമാനമാണ് ഒരു മണിക്കൂർ. ഇതിന്റെ പകുതി സമയം മാത്രമേ വ്യായാമത്തിനായി നീക്കിവയ്ക്കേണ്ടതുള്ളൂ. അതു ക ണ്ടെത്താൻ അത്ര പ്രയാസമാണോ?
ചെയ്ഞ്ച് വേണമത്രേ
ഏതു കാര്യത്തിലും ആരാണ് വ്യത്യസ്തത കൊതിക്കാത്തത്? വ്യായാമത്തിന്റെ കാര്യത്തി ൽ ശരീരവും ‘ചെയ്ഞ്ച്’ കൊതിക്കും.
പതിവായി ഒരേ വ്യായാമം തന്നെ ചെയ്താൽ ശരീരം അതിനോടു പൊരുത്തപ്പെടുകയും വ്യായാമം ചെയ്യുന്നതിന്റെ ഗുണം ശരിയായി കിട്ടാതിരിക്കുകയും ചെയ്യും. അതിനാൽ ഇടവിട്ട ദിവസങ്ങളിൽ നടപ്പ്, ഓട്ടം, സ്ക്വാട്സ്, ക്രഞ്ചസ്, നീന്തൽ, സൈക്ലിങ് എന്നിങ്ങനെ മാറ്റി മാറ്റി ചെയ്യണം.
‘നോ’ ടു കമന്റ്സ്
ഒരാൾ ഡയറ്റിങ്ങും വ്യായാമവും ചെയ്യാ ൻ തുടങ്ങിയെന്നു കേൾക്കുമ്പോൾ ചുറ്റുമുള്ളവർ പല അഭിപ്രായങ്ങളും പറയും. ‘വണ്ണമുണ്ടെങ്കിലും കാണാൻ എന്തു ഭംഗിയാ, വണ്ണം കുറഞ്ഞാൽ അസുഖം വന്നതു പോലിരിക്കും, ആരോഗ്യപ്രശ്നമൊന്നുമില്ലെങ്കിൽ പിന്നെന്താ പ്രശ്നം...’ പക്ഷേ, ഇതൊന്നും നമ്മളെലക്ഷ്യത്തിൽ നിന്നു പിന്തിരിപ്പിക്കുന്നില്ല എന്നു ഉ റപ്പാക്കണം. ഇത്തരം കമന്റുകൾക്ക് ചെവി കൊടുക്കാൻ നിന്നാൽ പോകെ പോകെ നിങ്ങൾക്കും തോന്നും, ശരിയാണല്ലോ എന്ന്.
റൂട്ട് മാറ്റിപിടിക്കാം
എന്തു കഴിക്കുന്നു എന്നതു മാറ്റും മുൻപ് എങ്ങനെ കഴിക്കുന്നു എന്നതു മാറ്റുന്നതാണു നല്ലത്. ഫോണും ടിവിയും നോക്കിയിരുന്ന് ആഹാരം കഴിച്ചാൽ കൂടുതൽ അളവിൽ ഭക്ഷണം നമ്മളറിയാതെ ഉള്ളിലെത്തും. മലയാളികൾക്ക് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ശീലവും വികാരവുമാണ്. ഇതു മാറ്റി സ്പൂൺ കൊണ്ടു കഴിച്ചു തുടങ്ങാം. പുട്ടും കടലയും ചോറുമൊക്കെ സ്പൂൺ കൊണ്ടു കോരി കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ അളവ് കുറയും, ഉറപ്പ്.
മാറ്റം അടുത്തറിയാം
ഡയറ്റിന്റെയും വ്യായാമത്തിന്റെയും മാറ്റം രണ്ട് ആഴ്ചയ്ക്കുള്ളിൽ നിങ്ങൾ സ്വയം അറിഞ്ഞു തുടങ്ങും. നാല് ആഴ്ചയ്ക്കുള്ളിൽ സുഹൃത്തുക്കൾ മാറ്റത്തെ കുറിച്ച് പറഞ്ഞു തുടങ്ങും. എട്ട് ആഴ്ചയ്ക്കുള്ളിൽ നാട്ടുകാർ പറഞ്ഞു തുടങ്ങും ‘ആളങ്ങു മാറിയല്ലോ’ എന്ന്. ഈ നിമിഷങ്ങൾ സ്വപ്നം കണ്ട് കാത്തിരിക്കുന്നതു തന്നെ മനസ്സിന് ഊർജം നൽകും.
വിശപ്പല്ല മുഖ്യം
വിശന്നാലും ഇല്ലെങ്കിലും കൃത്യമായ ഇടവേളകളിൽ ലഘുവായ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുന്ന രീതി പിന്തുടരാൻ ചിലർ പറയാറുണ്ടെങ്കിലും ഇങ്ങനെ കഴിക്കുമ്പോൾ അമിതമായ അളവിൽ ഭക്ഷണം അകത്തുചെല്ലാൻ സാധ്യതയുണ്ട്. പ്രധാനഭക്ഷണം കൂടാതെ ഇടനേരങ്ങളിൽ ഏതെങ്കിലും പഴം കഴിക്കാം. പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ അധികം പഴുക്കാത്ത പഴങ്ങളാണ് നല്ലത്.
കളർഫുൾ ആകട്ടെ
ഭക്ഷണത്തിന്റെ രുചി മാത്രമല്ല നിറവും പോഷണം ഉറപ്പാക്കും. പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കണം എന്നു പറയുന്നത് ഇതുകൊണ്ടാണ്. ചുവന്ന തക്കാളി കണ്ണിനു വേണ്ടി, പാലും മുട്ടയും എല്ലുകളുടെ ആരോഗ്യത്തിന്, ഇലക്കറികൾ രോഗപ്രതിരോധത്തിന് എന്നിങ്ങനെ ഓരോ നിറത്തിലുള്ളവയിലും ഓരോ തരം വൈറ്റമിൻസും മിനറൽസും ഉണ്ട്.
പട്ടിണിയല്ല ഡയറ്റിങ്
പട്ടിണി കിടന്നു മെലിഞ്ഞാൽ, ശരീരഭാരത്തിനൊപ്പം ആരോഗ്യവും പോകും. വേണ്ട ഊർജം ലഭിക്കുന്ന എന്നാൽ കൊഴുപ്പും അന്നജവും അ ധികമായി അടങ്ങാത്ത ആഹാരം കഴിക്കണം. പ്രോട്ടീൻ നിറഞ്ഞ ഇറച്ചി, മുട്ട, സോയ, ചെറുപയർ, പാലുൽപന്നങ്ങൾ എന്നിവയും നാരുകളടങ്ങിയ പച്ചക്കറികളും പഴങ്ങളും നല്ല കൊഴുപ്പ് നൽകുന്ന ബദാം, കാഷ്യൂ പോലുള്ള മിക്സ്ഡ് നട്സും (8–12 എണ്ണം) ഭക്ഷണത്തിന്റെ ഭാഗമാക്കണം.
ഒന്നു വെയ്റ്റ് ചെയ്യൂ
ഒരു രാത്രി കൊണ്ടല്ലല്ലോ ഇത്രയും ശരീരഭാരം കൂടിയത്. അ പ്പോൾ പിന്നെ, ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും അതു മാറണമെന്നു കരുതിയാലോ. വ്യായാമവും ഭക്ഷണനിയന്ത്രണവും തുടങ്ങി കഴിഞ്ഞാൽ പിന്നെ, ഭാരം അധികം കുറയുന്നില്ലല്ലോ എന്ന് ആശങ്കപ്പെടാതെ ശ്രമിച്ചു കൊണ്ടേയിരിക്കുക.

ഓർക്കാം ആ കാരണം
കുറച്ചുദിവസം വ്യായാമം ചെയ്തു കഴിയുമ്പോഴേക്കും ‘അയ്യോ, മടുത്തു’ എന്നു തോന്നാം. അപ്പോൾ, ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലേക്ക് നമ്മളെ എ ത്തിച്ച കാര്യം ഓർക്കുക. ആരോഗ്യപ്രശ്നമോ, മറ്റുള്ളവരുടെ കളിയാക്കലോ ഒക്കെയാകാം അത്. ആ ചിന്ത മതി മനസ്സിനെ ഉണർത്താൻ. വണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇത്ര ദിവസം നടത്തിയ യാത്ര വെറുതേയാകരുത്.
ഡിന്നർ @ 6
സൂര്യൻ അസ്തമിച്ച ശേഷം ഭക്ഷണം ഒഴിവാക്കുന്നത് ഡയറ്റിങ്ങിന്റെ കാര്യത്തിൽ ഒരു രഹസ്യമന്ത്രമാണ്. ഭക്ഷണശീലം അതേപടി തുടര്‍ന്നുകൊണ്ട് സമയക്രമം മാറ്റിയാൽ തന്നെ ഫലം ലഭിക്കും. അത്താഴം എട്ടരയ്ക്കും ഒൻപതിനുമൊക്കെ കഴിക്കുന്നത് ശരിയായ ദഹനത്തിനു തടസ്സമാണ്. ആറിന് അത്താഴം കഴിച്ചാൽ ഉറങ്ങുന്ന സമയമാകുമ്പോഴേക്കും അതു ദഹിച്ചിട്ടുണ്ടാകും.
ലക്ഷ്യത്തെ ചീറ്റ് ചെയ്യരുത്
ഡയറ്റിങ്ങിനിടയിൽ ഒരു ദിവസം സുഹൃത്തിന്റെ പിറന്നാൾ സൽക്കാരത്തിനു പോയി അളവില്ലാതെ ഭക്ഷണം കഴിച്ചു പോയല്ലോ എന്നോർത്ത് ഇതുവരെ നടത്തിയ ശ്രമങ്ങൾ പാഴാക്കേണ്ട. ഓരോ ദിവസവും ഒരു പുതിയ തുടക്കമാണ് എന്നു വിശ്വസിച്ച് അടുത്ത ദിവസം ഉണർവോടെ ഡയറ്റിങ് തുടരുക. ഡയറ്റിങ്ങിനിടെ വല്ലപ്പോഴുമുള്ള ‘ചീറ്റിങ്’ സാരമില്ല. പക്ഷേ, നമ്മുടെ ലക്ഷ്യത്തെ ‘ചീറ്റ്’ ചെയ്യാതിരിക്കുന്നതാണ് പ്രധാനം.
അലർട് ഇൻ ഹെൽത്
ആരോഗ്യമുള്ള ഏതൊരാളും ശരീരത്തിന് വ്യായാമം നൽകാൻ കഴിയുന്ന അവസരങ്ങൾ പാഴാക്കില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക. എലവേറ്ററിനെ ആശ്രയിക്കാതെ കോണിപ്പടികൾ കയറുക, വണ്ടി ദൂരെ പാർക്ക് ചെയ്ത് ലക്ഷ്യ സ്ഥലത്തേക്ക് നടക്കുക, അലക്കിയ തുണികൾ ഡ്രയറിലിടാതെ സ്വയം പിഴിഞ്ഞു വിരിക്കുക തുടങ്ങിയവയൊക്കെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിന് ഇരട്ടി ഫലം നൽകുന്ന സിംപിൾ വഴികളാണ്.
കൂടുന്ന ആത്മവിശ്വാസം
ഡയറ്റിങ്ങിന്റെയും വ്യായാമത്തിന്റെയും കാര്യത്തിൽ എത്ര പ്രലോഭനമുണ്ടായാലും വിട്ടുകൊടുക്കാൻ തയാറല്ലെങ്കിൽ ല ക്ഷ്യത്തിലെത്തും. ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യം നേടാനായാൽ ജീവിതത്തിലുടനീളം ഈ ആത്മവിശ്വാസം പ്രതിഫലിക്കുമെന്ന് ഓർക്കുക. പലതും തന്നെകൊണ്ടാകും എന്ന മനോബലം ഉള്ളിൽ നിറയും.
ജങ്ക് ഫൂഡ് വേണ്ടേ, വേണ്ട
അമിതവണ്ണം കുറയ്ക്കണമെന്നു തീരുമാനിക്കുമ്പോൾ തന്നെ അനാരോഗ്യകരമായ ഭക്ഷണം നൽകി ശരീരത്തെ കഷ്ടപ്പെടുത്തില്ല എന്നുറപ്പിക്കുക. ആ രോഗ്യഭക്ഷണം കഴിക്കാതിരിക്കുന്നതിനെക്കാൾ ദോഷമാകുന്നത് ജങ്ക് ഫൂഡ് അമിതമായി ശീലമാക്കുന്നതാണ്. ദഹിക്കാൻ പ്രയാസമുള്ളവ, കൊളസ്ട്രോൾ കൂട്ടുന്ന ആഹാരം എന്നിങ്ങനെ ശാരീരിക സൗഖ്യം നഷ്ടപ്പെടുത്തുന്നവ നിർബന്ധമായും ഉപേക്ഷിക്കാം. അമിത മധുരം, വറുത്തതും പൊരിച്ചതും, പ്രൊസസ്ഡ് ഫൂഡ് എന്നിവ കഴിക്കുന്ന ശീലം പരമാവധി ഒഴിവാക്കം.
പകരക്കാർ വരട്ടെ
പുതിയ ഡയറ്റ് സ്വീകരിക്കുക എന്നാൽ ഇപ്പോഴത്തെ ഡയറ്റിൽ ഗുണപരമായ മാറ്റം വരുത്തുക എന്നതാണ്. ഓരോ വിഭവത്തിനും പകരം കഴിക്കാവുന്ന ആരോഗ്യവിഭവം കണ്ടെത്തണം. കട്ടൻ കാപ്പിക്കു പകരം ഗ്രീൻ ടീ, അത്താഴത്തിനു കഞ്ഞിക്കു പകരം ഓട്സ്, പ്രഭാത ഭക്ഷണത്തിൽ കോൺഫ്ലേക്സ് എന്നിങ്ങനെ ഹെൽത്തി പകരക്കാരെ പരീക്ഷിക്കുന്നത് വെയ്റ്റ് ലോസ് യാത്ര സുഗമമാക്കും. സാലഡ്സ് മസ്റ്റ് ആണേ...
കാലറിക്ക് കണക്കു വേണേ
ഭക്ഷണം കഴിക്കും മുൻപ് അത് നിങ്ങളുടെ ലക്ഷ്യത്തെ തടയില്ല എന്ന് ഉറപ്പാക്കണം. കൊതി വരുമ്പോൾ എല്ലാം മറന്ന് കഴിക്കുന്ന പല സ്നാക്കുകളിലും ഒരു ദിവസത്തേക്കു മുഴുവൻ വേണ്ട കാലറി അടങ്ങിയിട്ടുണ്ടാകും. ഇതിനു പുറമേയാണ് പ്രധാന ഭക്ഷണങ്ങളും. ഇത്തരം കാര്യങ്ങളും ഡയറ്റിങ്ങിൽ ശ്രദ്ധിക്കണം.
മനസ്സ് റീസെറ്റ് ചെയ്യാം
വർക്കൗട്ടിനു മുൻപ് മടുപ്പും മടിയും തോന്നാം. എന്നാൽ വ്യായാമത്തിനു ശേഷം ആരോഗ്യത്തിലേക്ക് ഒരു ചുവടു നടന്നു എന്ന സന്തോഷം മനസ്സിൽ നിറയും. മധുരപലഹാരങ്ങൾ കാണുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടുമെങ്കിലും കഴിച്ചു കഴിഞ്ഞാൽ നിരാശയാകും. നമ്മള്‍ ഫോക്കസ് ചെയ്യേണ്ടത് സന്തോഷം പകരുന്ന പ്രവൃത്തികളിലാണ് എന്നോർക്കുക.
രണ്ടുണ്ട് കാര്യം
വെള്ളം കുടിക്കുന്നതു കൊണ്ടു രണ്ടാണ് പ്രയോജനം. ശ രീരത്തിലെ വിഷാംശങ്ങൾ കൃത്യമായി പുറന്തള്ളപ്പെടും. പിന്നെ വിശപ്പും പിടിച്ചുനിർത്താം. 60 കിലോ ശരീരഭാരമുള്ള വ്യക്തി മൂന്നു ലീറ്റർ വെള്ളം കുടിക്കണമെന്നാണ് കണക്ക് (മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ). വെറുതേ വെള്ളം കുടിക്കുന്നതിനു പകരം മോരുംവെള്ളം, നാരങ്ങാവെള്ളം, ജീരകവെള്ളം, നെല്ലിക്കാ ജ്യൂസ് എന്നിവ ശീലിച്ചാൽ പോഷകഗുണവും നല്ല ദഹനവും ഉറപ്പാക്കാം.
വെയ്റ്റ് നോക്കാം
വണ്ണം കുറയുന്നുണ്ടോ എന്നറിയാൻ ആഴ്ചയിലൊരിക്കൽ വെയ്റ്റ് നോക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി വീട്ടിൽ തന്നെ വെയിങ് മെഷീൻ വാങ്ങിവയ്ക്കാം. പ്രഭാതകൃത്യങ്ങൾക്കു ശേഷം വെള്ളം പോലും കുടിക്കും മുൻപ് വേണം വെയ്റ്റ് നോക്കാൻ. കഴിഞ്ഞ ആഴ്ചയിലേതിനെക്കാൾ വെയ്റ്റ് കുറഞ്ഞാൽ സന്തോഷിക്കാമെന്നു മാത്രമല്ല ഇതിന്റെ മെച്ചം. ശരീരഭാരത്തിൽ വലിയ കുറവില്ലെങ്കിൽ ഡയറ്റും വ്യായാമവും റിവ്യൂ ചെയ്യാനുമാകും.
ഡോക്ടറെ കണ്ടു തുടങ്ങാം
ഡയറ്റിൽ എന്തു മാറ്റം വരുത്തും മുൻപും ഡോക്ടറുടെ ഉപദേശം തേടണം. കീറ്റോ ഡയറ്റ്, വാട്ടർ ഡയറ്റ്, എഗ് ഡയറ്റ് എന്നിങ്ങനെ പല തരത്തിൽ നിങ്ങളുടെ മുന്നിൽ ഓപ്ഷനുകൾ വരും. ഓരോരുത്തരുടെയും ശരീരപ്രകൃതിയും ആരോഗ്യവും കണക്കിലെടുത്തതിനു ശേഷം വേണം ഇവ പ്രയോഗിക്കാൻ. അതിനു വിദഗ്ധസേവനം തേടിയേ തീരൂ. ഡയറ്റീഷന്റെ സഹായത്തോടെ ഹെൽതി ഡയറ്റ് ചാർട്ടും പിന്തുടരുക.
വിവരങ്ങൾക്കു കടപ്പാട്: ദീപക് ജോൺ, ഫിറ്റ്നസ് കൺസൽറ്റന്റ്, എൻഡുറൻസ് ദി ഫിറ്റ്നസ് ക്ലബ്