മനസ്സ് പളുങ്കാണെങ്കിലും ചർമം പൊതുവേ അൽപം പരുക്കനായിരിക്കും. പുരുഷന്മാരുടെ കാര്യമാ പറയുന്നേ. അതെങ്ങനെ ജോലിയുടെ അലച്ചിൽ, ബൈക്കിലെ കറക്കം... പൊടിയും സൂര്യപ്രകാശവുമേറ്റ് ചർമം പിണങ്ങാതിരിക്കുമോ? ഒപ്പം ശരിയായി ഉറങ്ങാത്തത്, ജോലി സമ്മർദം, പുകവലി, ഭക്ഷണകാര്യത്തിലെ അശ്രദ്ധ തുടങ്ങിയവ ഈ പിണക്കത്തെ കലുഷിതമാക്കും. പക്ഷേ, ഏതു പിണക്കത്തെയും അലിയിച്ചു കളയാന്‍ ഇത്തിരി സ്നേഹവും കെയറിങ്ങും മതി. ആൺകുട്ടികൾ മനസ്സുവയ്ക്കേണ്ട ചില കാര്യങ്ങൾ കേട്ടോളൂ.
വേണം മോണിങ് കെയർ
രാവിലെ എഴുന്നേറ്റ് പല്ല് തേച്ചു മുഖം സോപ്പിട്ടു കഴുകുന്നതല്ല മോണിങ് കെയർ. ചർമപരിപാലനത്തിൽ പതിവായി ചില കാര്യങ്ങൾ ചെയ്യണം.
∙ മുഖം കഴുകാൻ ചർമത്തിന്റെ സ്വഭാവം അനുസരിച്ച് യോജിക്കുന്ന ഫെയ്സ് വാഷ്, കുളിക്കാൻ ബോഡി വാഷ്, തല കഴുകാൻ ഷാംപൂ ഇവയിലാണ് കണ്ണുവയ്ക്കേണ്ടത്. കുളിക്കുന്നതിനൊപ്പം ആസകലം സോപ്പിട്ടു പതപ്പിക്കുന്നതിൽ സൗന്ദര്യ പരിപാലനം ഒതുക്കരുത് എന്ന്.
∙ രാവിലെയും രാത്രിയും ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകണം. ചർമപ്രശ്നങ്ങളെ ദൂരെ നിർത്താന്‍ തീർച്ചയായും വേണ്ടതാണ് മുഖം കഴുകൽ.
∙ രാവിലെ മുഖം കഴുകിയശേഷം ടോണർ പുരട്ടാം. അഞ്ചു മിനിറ്റ് കഴിഞ്ഞു മതി അടുത്ത സ്റ്റെപ്പ്. ഈ ഗ്യാപ്പിൽ അടുക്കള വരെ പോയി അര ലീറ്റർ വെള്ളം കുടിക്കൂ.
∙ മോയിസ്ചറൈസർ പുരട്ടിയശേഷം സൺസ്ക്രീനും (എസ്പിഎഫ് 30ന് മുകളിലുള്ളത്) നേർമയായി പുരട്ടിക്കോളൂ. മോയിസ്ചറൈസര്‍ അടങ്ങിയ സൺസ്ക്രീൻ ആയാലും മതി. സ്ക്രീനില്‍ നിന്നു വരുന്ന അൾട്രാവയലറ്റ് രശ്മികൾ പോലും ചർമത്തെ ബാധിക്കാം. വീട്ടിൽ നിന്നു പുറത്തു പോകുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മോണിങ് സ്കിൻ കെയർ ഇതേപോലെ തുടരുക.
മുടിയും താടിയും
മുടിയുടെ സ്വഭാവം മനസ്സിലാക്കി വേണം ഷാംപൂ, കണ്ടീഷനർ, ഹെയർ സ്പ്രേ, ഹെയർ ജെൽ, ഹെയർ ഷൈനർ തുടങ്ങിയവയെന്തും വാങ്ങാൻ.
∙ ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം കണ്ടീഷനർ അല്ലെങ്കിൽ ഹെയർ മാസ്ക് ഉപയോഗിക്കണം. സൾഫർ/ പാരബൻ ഫ്രീ ഷാംപൂ ആണ് നല്ലത്. എല്ലാ ദിവസവും തല കഴുകണമെന്നില്ല. പക്ഷേ, ഫീൽഡ് വർക് ചെയ്യുന്നവരും ഹെയർ സ്റ്റൈലിങ് പ്രൊഡക്ട്സ് പതിവായി ഉപയോഗിക്കുന്നവരും ദിവസവും തല കഴുകണം.
∙ നീളൻ മുടി സംരക്ഷിക്കാൻ മഴക്കാലത്ത് കൂടുതൽ സമയം വേണ്ടിവരും. ഇതിനു സാധിക്കുന്നില്ലെങ്കിൽ ട്രിം ചെയ്യുന്നതാണ് നല്ലത്. അല്ലെങ്കിൽ മുടി പൊട്ടാനും കൊഴിയാനും താരൻ ശല്യം ചെയ്യാനും സാധ്യതയുണ്ട്.
∙ അമിതമായ ഈർപം, വിയർപ്പ് എന്നിവ താടിയിലെ രോമങ്ങളിൽ അടിഞ്ഞുകൂടുന്നത് ചർമപ്രശ്നങ്ങള്‍ ഉണ്ടാക്കും. വിയർപ്പും എണ്ണമയവും ഒഴിവാക്കാൻ എക്സ്ഫോളിയേഷൻ സഹായിക്കും. എക്സ്ഫോളിയന്റ് അടങ്ങിയ ഫെയ്സ് വാഷ് തിരഞ്ഞെടുക്കാം.
∙ താടി കഴുകാൻ ബിയേർഡ് ഷാംപൂ ലഭിക്കും. ഇത് ഉപയോഗിച്ച് കഴുകി താടിയിലെ അഴുക്കും വിയർപ്പും കളഞ്ഞുവൃത്തിയാക്കാം. മുടിയിലും താടിയിലും ട്രെൻഡ് അറിഞ്ഞ് പരീക്ഷണം നടത്താൻ മടിക്കേണ്ട. കാരണം ആണഴകിന് ഹെയർ സ്റ്റൈലിങ്ങും ബിയേർഡ് ഗ്രൂമിങ്ങും പ്രധാനമാണ്.
∙ പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും പുരികക്കൊടികൾ വടിവൊത്തതാക്കാറുണ്ട്. പാർലറിൽ പോകുമ്പോൾ ഐ ബ്രോ ഗ്രൂമിങ് മറക്കേണ്ട.
കെയർ കിറ്റ് വേണം
ചർമം നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാനും ഞൊടിയിടയിൽ റിഫ്രെഷ് ആകാനും സ്കിൻ കെയർ കിറ്റ് വേണം.
ഫെയ്സ് വാഷ് : ഉൻമേഷം വീണ്ടെടുക്കാനുള്ള മികച്ച മാര്‍ഗമാണ് മുഖം ഫെയ്സ് വാഷ് ഉപയോഗിച്ച് ക ഴുകുന്നത്. പക്ഷേ, അമിതമാകരുത്. അത്യാവശ്യഘട്ടങ്ങളിൽ രണ്ടിലധികം തവണ ഫെയ്സ് വാഷ് ഉപയോഗിക്കുക.
മോയിസ്‌ചറൈസർ അടങ്ങിയ സൺസ്ക്രീൻ : നിർബന്ധമയായും കിറ്റിൽ വേണ്ടതാണ് മോയിസ്ചറൈസർ അ ടങ്ങിയ സൺസ്ക്രീൻ. രാവിലെ പുരട്ടിയ സൺസ്ക്രീനിന്റെ ഗുണം മൂന്നു മണിക്കൂർ വരെയേ ഉണ്ടാകൂ. അതിനുശേഷം മുഖം കഴുകിയ സൺസ്ക്രീൻ പുരട്ടണം.
ബ്ലെമിഷ്ബാം ക്രീം/ ബിബി ക്രീം : തീർച്ചയായും കിറ്റിൽ കരുതേണ്ട ഒന്നല്ല ഇത്. പ്രൈമർ, ഫൗണ്ടേഷൻ, കൺസീലർ എന്നിവ അടങ്ങിയ ക്രീം ആണിത്. ഓഫിസ് സമയം കഴിഞ്ഞ് സുഹൃത്തിന്റെ റിസപ്ഷന് പോകണമെങ്കിൽ, ഇത്തിരി തിളങ്ങാതെ പറ്റില്ലല്ലോ. മുഖത്തിന്റെ സ്കിൻടോണിൽ മാറ്റം തോന്നാൻ ബിബി ക്രീം സഹായിക്കും. പുരുഷന്മാർക്ക് മാത്രമായുള്ള ബിബി ക്രീം ഉണ്ട്.
ലിപ് ബാം : വരണ്ട ചുണ്ടുകൾ അഴകു കുറയ്ക്കും. നിറമില്ലാത്ത ലിപ്ബാം ഇടയ്ക്കിടെ ചുണ്ടിൽ പുരട്ടികൊടുക്കാം.
പെര്‍ഫ്യൂം : ചൂടും യാത്രകളും ശരീരം പെട്ടെന്നു വിയർക്കാനും ദുർഗന്ധം ഉണ്ടാകാനും കാരണമാകും. അതിനാൽ പെർഫ്യൂം കൂടെ കരുതുക.
ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട
∙ ബോഡി വാഷ് ഉപയോഗിച്ച് ശരീരം കഴുകണം. കുളിക്കാനുള്ള വെള്ളത്തിൽ നാരാങ്ങാനീര് ചേർത്താൽ വിയർപ്പുഗന്ധം അകലും. ആഴ്ചയിലൊരിക്കൽ ശരീരമാകെ എണ്ണ തേച്ചു കുളിക്കുന്നത് ചർമത്തിന് മൃദുത്വവും നൽകും.
∙ ശരീരത്തിലെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യണം. രോമമുണ്ടായാൽ വിയർപ്പു തങ്ങി നിന്ന് ചർമപ്രശ്നങ്ങളിലേക്കു നയിക്കും. അണ്ടർ ആംസ് വാക്സ് ചെയ്യുന്നതാണ് നല്ലത്. മൃതകോശങ്ങൾ അകറ്റാമെന്ന മെച്ചവുമുണ്ടല്ലോ.
∙ ബൈക്കുമായി ഇറങ്ങും മുൻപ് ഹെൽമറ്റ് ധരിക്കുകയും കയ്യിൽ ഗ്ലൗസ് ഇടുകയും ചെയ്താൽ കരിവാളിപ്പുണ്ടാകില്ല. ദിവസം മുഴുവൻ ബൈക്കിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ ഇടയ്ക്കിടെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുക.
ഷേവിങ് അലസമായി വേണ്ട
ഗുണമേന്മയുള്ള ഷേവിങ് ക്രീമും ഷേവിങ് പ്രൊഡക്ടുകളും തിരഞ്ഞെടുത്താൽ ച൪മത്തിന്റെ ഈർപ്പവും ആരോഗ്യവും സംരക്ഷിക്കാനാകും.
ഷേവിങ് ക്രീം/ജെൽ ഉപയോഗിക്കാതെ ഷേവ് ചെയ്യരുത്. ബ്രഷ് ഉപയോഗിച്ച് ക്രീം/ജെൽ പുരട്ടി 10 സെക്കൻഡിനു ശേഷം ഷേവ് ചെയ്യാം. രോമം മൃദുവാകുമ്പോൾ ഷേവിങ് പെർഫക്ട് ആകും. ഷേവ് ചെയ്തശേഷം റേസർ കഴുകി ഉണക്കിവയ്ക്കണം.
ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകി ഈർപം മാറ്റിയശേഷം ആഫ്റ്റർ ഷേവ് ലോഷൻ പുരട്ടാം. ആൽക്കഹോളിന്റെ അംശമില്ലാത്ത കറ്റാർവാഴയുടെയും ഗ്രീൻ ടീയുടെയും ഗുണങ്ങളടങ്ങിയ ലോഷനുകളുമുണ്ട്.
വേണം ബ്യൂട്ടി ട്രീറ്റ്മെന്റ്സ്
പലതരം ജോലികൾ ചെയ്യുന്നതു കൊണ്ടും പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നതു കൊ ണ്ടും ബ്യൂട്ടി ട്രീറ്റ്മെന്റ്സ് അതനുസരിച്ചു വ്യത്യസ്തമായിരിക്കും. മാസത്തിൽ ഒരിക്കൽ ക്ലീൻ അപ് ചെയ്യാം. രണ്ടു മാസത്തിൽ ഒരു തവണയെങ്കിലും ഫോർ ഇൻ വൺ പാക്കേജ് ആയി മാനിക്യൂർ, പെഡിക്യൂർ, ഫേഷ്യൽ പിന്നെ, ഹെയർ സ്പാ എന്നീ ബ്യൂട്ടി ട്രീറ്റ്മെന്റ്സ് ചെയ്യാം. സൗന്ദര്യ പരിപാലനത്തിനും ശരീരവൃത്തിക്കുമൊപ്പം സമ്മർദവും കുറയും. നല്ല ഉറക്കം കിട്ടുകയും ചെയ്യും.
പെർഫ്യൂം സീക്രട്സ്
സുഗന്ധം ഒരാളുടെ ഐഡന്റിറ്റി ആക്കി മാറ്റാം. ഒരേ ബ്രാൻഡ് പെർഫ്യൂം തന്നെ ഉപയോഗിച്ചാൽ ആ മണം നമ്മുടെ മുഖമായി മാറും. കുളി കഴിഞ്ഞ് ഡിയോഡറന്റ് റോളേഴ്സ് ഉപയോഗിക്കാം. പുറത്തു പോകും മുൻപ് പെർഫ്യൂമും. മികച്ച പെർഫ്യൂം അൽപം ഉപയോഗിച്ചാൽ തന്നെ ഗന്ധം ഏറെ നേരമുണ്ടാകും.
മുടിക്ക് ഹോം കെയർ
∙ ബദാം എണ്ണ, ഒലിവ് എണ്ണ, വെളിച്ചെണ്ണ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് രണ്ടാഴ്ചയിലൊരിക്കൽ തല മസാജ് ചെയ്യാം.
∙ രണ്ടാഴ്ചയിലൊരിക്കൽ കറ്റാർവാഴ ജെൽ തലയിൽ തേക്കുന്നത് താരൻ അകറ്റും, മുടിക്ക് തിളക്കം നൽകും.
∙ മൂന്നു വലിയ സ്പൂൺ ഫ്ലാക്സ് സീഡ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. പിറ്റേദിവസം പഞ്ഞി മുക്കി ആ ഫ്ലാക്സ് സീഡ് ജെൽ ശിരോചർമത്തിൽ പുരട്ടുക.
∙ നെല്ലിക്ക, കറിവേപ്പില എന്നിവ ഉണക്കിപൊടിച്ചു വച്ചാൽ ഇവയിലേതെങ്കിലും തൈരിൽ യോജിപ്പിച്ച് തലയിൽ പുരട്ടാം. മുടി വളരാനും മുടി കൊഴിച്ചിൽ മാറാനും താരനെ തുരത്താനും നല്ലതാണ്.
വിവരങ്ങൾക്കു കടപ്പാട് : വിജി, ഫെയർ പ്രഫഷനൽ സലോൺ സ്പാ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം