ADVERTISEMENT

സ്ത്രീ–പുരുഷ സൗഹൃദങ്ങൾ നല്ലതാണ്. പക്ഷേ, അവ അതിരു വിടുമ്പോൾ അപകടത്തിലേ കലാശിക്കൂ. അത്തരമൊരു ബന്ധത്തിന്റെ കഥ പറയാം. ഈ കേസിലെ സ്ത്രീ കഥാപാത്രമായ സുമിത്ര യുപി സ്കൂൾ അധ്യാപികയാണ്. 40 വയസ്സിനടുത്ത പ്രായം. രണ്ടു മക്കൾ, മകൾക്ക് 17 വയസ്സ്, മകന് 12. ഭർത്താവ് ഗൾഫിലാണ്. വിനോദ് അതേ സ്കൂളിലെ എൽപി ക്ലാസ്സ് അധ്യാപകനാണ്. 23 വയസ്സ് പ്രായം. തനി നാട്ടിൻപുറത്തുകാരൻ. ജോലിയിൽ മിടുക്കൻ. വളരെ പെട്ടെന്നുതന്നെ സുമിത്രയും വിനോദും നല്ല സുഹൃത്തുക്കളായി. പിരുപിരുപ്പൻ സ്വഭാവമുള്ള, പഠിത്തത്തിൽ പിന്നാക്കമായ മകനെ പഠിപ്പിക്കാൻ സുമിത്ര വിനോദിനെ ചുമതലപ്പെടുത്തി. ഭാവിയിൽ വിനോദിനെക്കൊണ്ട് മകളെ വിവാഹം കഴിപ്പിക്കാമെന്നു പോലും സുമിത്ര ചിന്തിച്ചിരുന്നു.

'അമ്മയെ'പ്പോലെ സഹപ്രവർത്തക

ADVERTISEMENT

ദിവസങ്ങൾ കഴിഞ്ഞതോടെ സുമിത്രയും വിനോദും തമ്മിൽ സഹപ്രവർത്തകർ, സുഹൃത്തുക്കൾ എന്നതിൽ കവിഞ്ഞുള്ള അടുപ്പമുണ്ടായി. വിനോദ് സുമിത്രയെ അമ്മയുടെ സ്ഥാനത്തു കാണാൻ തുടങ്ങി. തന്റെ വീട്ടിലെ പ്രശ്നങ്ങളും സങ്കടങ്ങളുമെല്ലാം സുമിത്രയുമായി പങ്കുവച്ചു. അമ്മ എന്നായിരുന്നു വിനോദ് സുമിത്രയെ വിളിച്ചിരുന്നത്. വീട്ടിൽ വരുമ്പോൾ വിനോദിന് ആഹാരം വാരിക്കൊടുത്തും മടിയിൽ കിടത്തി ഉറക്കിയുമെല്ലാം സുമിത്ര തന്റെ 'അമ്മ' റോൾ ഭംഗിയായി കൈകാര്യം ചെയ്തുപോന്നു.

അപകടം തിരിച്ചറിഞ്ഞെങ്കിലും

ADVERTISEMENT

ഇതിനിടെ വിനോദ് ഒരുദിവസം എന്നെ കാണാൻ വന്നു. സുമിത്ര മറ്റ് സഹപ്രവർത്തകരുമായി കൂടുതൽ അടുത്തിടപഴകുമ്പോൾ വിനോദിനു വല്ലാത്ത ടെൻഷൻ. താൻ പൊസസീവ് ആകുന്നുണ്ടെന്നു മനസ്സിലാക്കിയ വിനോദ് അതിനു പരിഹാരം തേടിയാണ് എന്റെ അടുത്തു വരുന്നത്. ഈ 'അമ്മ–മകൻ' ബന്ധം തുടർന്നു പോകുന്നത് അപകടത്തിലേക്കാണെന്നും സുമിത്രയെക്കൂട്ടി വീണ്ടും വരണമെന്നും പറഞ്ഞുവിട്ടു. അടുത്ത തവണ സുമിത്രയെയും കൂട്ടി വീനോദ് വീണ്ടും വന്നു. സൗഹൃദങ്ങൾ അതിർവരമ്പ് കടന്നാലുള്ള അപകടങ്ങളെക്കുറിച്ച് ഞാൻ ഇരുവരോടും സംസാരിച്ചു. ഈ ബന്ധം ഇതേ തീവ്രതയിൽ തുടരുന്നതു മറ്റു പല തലങ്ങളിലേക്കു പോകുമെന്നു മുന്നറിയിപ്പും നൽകി. ഇരുവരും എല്ലാം സമ്മതിച്ചു പിരിഞ്ഞു. എന്റെ അടുത്ത് പിന്നീട് ഇവർ വന്നില്ല.

ബന്ധം നീണ്ടത് വേറേ തലത്തിലേക്ക്

ADVERTISEMENT

ഏകദേശം നാലുവർഷം കഴിഞ്ഞാണ് വിനോദ് വീണ്ടും എന്റെയടുത്തു വരുന്നത്. വിഷാദത്തിൽ മുങ്ങി, ആത്മഹത്യാശ്രമവും നടത്തി പരാജയപ്പെട്ട അവസ്ഥയിലായിരുന്നു വിനോദ് അന്ന്. സുഹൃത്തുക്കളായിരുന്നു കൂടെ. ആദ്യതവണ എന്റെ അടുത്തു വന്നുപോയ ശേഷവും സുമിത്രയുമായുള്ള ബന്ധം തുടർന്നിരുന്നു. പ്രതീക്ഷിച്ചപോലെ അമ്മ–മകൻ എന്ന തലമൊക്കെ കടന്ന് അത് കാമുകി–കാമുകൻ എന്ന മട്ടിൽ വളർന്നു. എല്ലാ അർഥത്തിലും തന്റെ ഭർത്താവിൽ നിന്നുപോലും ഇത്രയും സ്നേഹവും സന്തോഷവും ലഭിച്ചില്ലെന്നു വരെ സുമിത്ര വിനോദിനോടു പറഞ്ഞിരുന്നു. ഇതിനിടെയാണ് ഭർത്താവ് വിദേശവാസം എന്നെന്നേക്കുമായി അവസാനിപ്പിച്ച് നാട്ടിലെത്തുന്ന വിവരം സുമിത്ര വിനോദിനെ അറിയിക്കുന്നത്. അതുകൊണ്ടുതന്നെ വിനോദുമായുള്ള ബന്ധം തുടർന്നുകൊണ്ടു പോകാൻ സാധിക്കില്ലെന്നും ഇനി സംസാരം പോലും വേണ്ടെന്നും സുമിത്ര പറഞ്ഞു. ഇതു വിനോദിന് ഉൾക്കൊള്ളാനായില്ല. സുമിത്ര ഒഴിഞ്ഞുമാറാൻ തുടങ്ങിയപ്പോൾ വിനോദ് വീട്ടിൽക്കയറി സുമിത്രയെ മർദ്ദിക്കുക വരെ ചെയ്തു. ഇതിനിടെ ഭർത്താവ് നാട്ടിലെത്തി. എല്ലാ തരത്തിലും ഏകനായി എന്നു തോന്നിയപ്പോഴാണ് വിനോദ് ജീവനൊടുക്കാൻ ശ്രമിച്ചത്.

വിനോദിന്റെ വീട്ടിലെ സാഹചര്യങ്ങൾ തന്നെയായിരുന്നു പ്രശ്നത്തിന്റെ പ്രധാന കാരണം. വിനോദിന്റെ സഹോദരിയുടെ ജനനശേഷം അച്ഛൻ ഇവരെ ഉപേക്ഷിച്ചുപോയി. അമ്മയുമായി ഒരടുപ്പവും വിനോദിന് ഇല്ലായിരുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഓഫിസിലെ ഒരു വ്യക്തിക്കു മാത്രം വീട്ടിൽ എപ്പോഴും വരാനും തങ്ങാനുമുള്ള കൂടുതൽ സ്വാതന്ത്ര്യം നൽകരുത്.
∙ സ്ത്രീ–പുരുഷൻ സൗഹൃദങ്ങളിൽ പാലിക്കേണ്ട ആരോഗ്യകരമായ അകൽച്ചയുണ്ട്. അതു മനസ്സിലാക്കി പെരുമാറേണ്ടത് അനിവാര്യമാണ്.
∙ സഹപ്രവർത്തകന്റെയോ സഹപ്രവർത്തകയുടെയോ കാര്യത്തിൽ നിങ്ങൾ പൊസസീവ് ആകുന്നുവെന്നു തോന്നിയാൽ അതൊരു അപകട സിഗ്നലായി കണക്കാക്കുക. ആ ബന്ധത്തിൽ നിന്ന് അകലം പാലിക്കുക.
∙ ഇത്തരം ബന്ധങ്ങൾ ഏകവ്യക്തി കേന്ദ്രീകൃതമായിരിക്കും. അതുമാറ്റി മറ്റു സൗഹൃദങ്ങൾ ദൃഢമാക്കുക.
∙ ബന്ധങ്ങൾ വ്യക്തിപരമായ അസ്വസ്ഥതയും തൊഴിൽപരമായ ബുദ്ധിമുട്ടും സൃഷ്ടിക്കുമ്പോൾ വിദഗ്ധരുടെയോ നല്ല സുഹൃത്തുക്കളുടെയോ ഉപദേശം സ്വീകരിക്കാം.

ശ്രദ്ധ തിരിച്ചുവിടുമ്പോൾ

സപ്പോർട്ടീവ് സൈക്കോതെറാപ്പിയാണ് വിനോദിനു നൽകിയത്. മാനസികസംഘർഷം ലഘൂകരിക്കാനും പ്രശ്നപരിഹാരത്തിന് യുക്തിഭദ്രമായ തീരുമാനം എടുക്കാനും സഹായിക്കുന്ന മനശ്ശാസ്ത്ര ചികിത്സാരീതിയാണിത്. മാത്രമല്ല, നല്ല ഉൾക്കാഴ്ച ഉണ്ടാകാനുള്ള സഹായവും കൊടുത്തു. ഈ പ്രശ്നങ്ങൾക്കു ശേഷവും വിനോദ് സ്കൂളിൽ ജോലിക്കു പോയി. തന്റെ സമയവും ചിന്തകളും മറ്റു മേഖലകളിലേക്കു തിരിച്ചുവിട്ടു. സംഘടനാപ്രവർത്തനങ്ങളിലൊക്കെ കൂടുതൽ സജീവമായി. കൃത്യമായ ഫോളോഅപ്പുകളിലൂടെ വിനോദ് പൂർണമായി മറ്റൊരു മനുഷ്യനാകുകയും വിവാഹം കഴിക്കുകയും ചെയ്തു.

ADVERTISEMENT