Saturday 28 May 2022 12:17 PM IST

മുഖക്കുരുവും ചുളിവും മായ്ക്കും മാൻഡലിക് ആസിഡ്, ആന്റി ഏജിങ് സ്പെഷ്യൽ ഗ്ലൈകോളിക് ആസിഡ്: അഴകിന് പുതുവഴി

Ammu Joas

Sub Editor

anti-aging-beauty-acid

ചില വലുപ്പത്തിൽ ചുവന്നും തുടുത്തും പഴുത്തും നിൽക്കുന്ന മുഖക്കുരു. ചർമസുഷിരങ്ങളോ, ഓരോ ദിവസം കഴിയുന്തോറും വലുപ്പം കൂടി വരുന്നു. ‘കുണ്ടും കുഴിയും നിറഞ്ഞ ചർമം നിരപ്പാക്കി കിട്ടാൻ വല്ല വഴിയുമുണ്ടോ?’ പെൺകുട്ടിയുടെ ചോദ്യത്തിനു ഡോക്ടറുടെ മറുചോദ്യം. ‘അൽപം ആസിഡ് എടുക്കട്ടേ’ ഡോക്ടർ ‘സൈക്കോ’ ആണെന്നു കരുതല്ലേ, മുഖക്കുരുവിനെ മെരുക്കാൻ സാലിസിലിക് ആസിഡ് കേമനാണ്.

ഇതുപോലെ ചർമത്തിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരമായ ആസിഡുകൾ ഉണ്ട്. ക്ലെൻസർ മുതൽ ടോണർ വരെ നിരവധി ഉൽപന്നങ്ങൾ ഇത്തരത്തിൽ ആസിഡ് അധിഷ്ഠിമായി വിപണിയിലെത്തുന്നു. അറിയാം മുഖം സുന്ദരമാക്കുന്ന ചില ആസിഡ് വിശേഷങ്ങൾ.

പഴങ്ങളിൽ നിന്ന് എഎച്ച്എ, ബിഎച്ച്എ

എഎച്ച്എ : ആൽഫാ ഹൈഡ്രോക്സി ആസിഡിന്റെ ചുരുക്കെഴുത്താണ് എഎച്ച്എ. പഴങ്ങൾ, പച്ചക്കറികൾ ഇവയിൽ നിന്നുണ്ടാക്കുന്നതാണ് ഈ എഎച്ച്എ. കരിമ്പിൽ നിന്ന് ഗ്ലൈകോളിക് ആസിഡ്, മോരിൽ നിന്ന് ലാക്ടിക് ആസിഡ്, കയ്പ്പുള്ള ബദാമിൽ നിന്ന് മാൻഡലിക് ആസിഡ്.ചെറിയ തോതിലുള്ള പിഗ്‌മന്റേഷൻ, വലിയ ചർമസുഷിരങ്ങൾ, ചുളിവുകൾ, നിറവ്യത്യാസം എന്നീ പ്രശ്നങ്ങ ൾക്കാണ് എഎച്ച്എ കൂടുതലായി ഉപയോഗിക്കുന്നത്.

ബിഎച്ച്എ : ബീറ്റ ഹൈഡ്രോക്സി ആസിഡ് (ബിഎച്ച്എ) എണ്ണയിൽ മാത്രം ലയിക്കുന്ന ആസിഡുകളാണ്. സാലി സിലിക് ആസിഡ്, ബെറ്റെയ്ൻ സാലിസേറ്റ്, വില്ലോ ബാർക് എക്സ്ട്രാക്ട് തുടങ്ങിയവ ബിഎച്ച്എ ആണ്.

ആഴത്തിലുള്ള മുഖക്കുരു, ബ്ലാക് ഹെഡ്സ്, സ്മൈൽ ലൈൻസ്, അമിതമായ ചുളിവുകൾ തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ബിഎച്ച്എ ഉപയോഗിക്കുന്നത്.

ആസിഡും ഗുണങ്ങളും

ഗ്ലൈകോളിക് ആസിഡ്: നിറം വർധിപ്പിച്ച്, മുഖക്കുരുവും പാടുകളും അകറ്റി, മുഖത്തിനു തിളക്കം കൂട്ടാൻ മാത്രമല്ല, ആന്റി എയ്ജിങ് ഗുണങ്ങളുമുണ്ട് ഗ്ലൈകോളിക് ആസിഡിന്. മൃതകോശങ്ങൾ അകറ്റാനും കറുത്ത പാടുകൾ മായ്ക്കാനും ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും ഇവ സഹായിക്കും. മുഖക്കുരു, പിഗ്‍‌മെന്റേഷൻ പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമായി ചെയ്യുന്ന പീലിങ്ങിലും ഗ്ലൈകോളിക് ആസിഡ് പ്രധാന ഘടകമാണ്.

മാൻഡലിക് ആസിഡ് : മുഖക്കുരു മായ്ക്കുക, മുഖചർമത്തിലെ ചുളിവുകളും പാടുകളും അകറ്റുക, ചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങളകറ്റി മൃദുത്വവും തിളക്കവും കൂട്ടുക എന്നിങ്ങനെ നീളുന്നു മാൻഡലിക് ആസിഡിന്റെ മാജിക്.

ലാക്ടിക് ആസിഡ്: വരണ്ട ചർമപ്രശ്നങ്ങള്‍ക്ക് ലാക്ടിക് ആസിഡ് നല്ലതാണ്. പിഗ്‌മന്റേഷനും അകലും, ജലാംശവും നിലനിർത്തും.

അസിലിക് ആസിഡ് : ബാർലി, ഗോതമ്പ് എന്നിവയിൽ നിന്നെടുക്കുന്നതാണ് അസിലിക് ആസിഡ്. മുഖക്കുരു അകറ്റാനും മുഖത്തെ ചെറുകുരുക്കളകറ്റാനും ഇതു സഹായിക്കും. ചർമത്തിനു നിറം നൽകാനും മൃദുവാക്കാനും അസിലിക് ആസിഡ് നല്ലതാണ്.

സാലിസിലിക് ആസിഡ് : മിക്കവർക്കും സുപരിചിതമായ ആസിഡ് ഒരുപക്ഷേ, ഇതായിരിക്കും. ഒട്ടുമിക്ക മുഖക്കുരു ചികിത്സാ ഉൽപന്നങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. മുഖ ക്കുരു അകറ്റുക എന്നതു മാത്രമല്ല, ചർമത്തിന്റെ ടെക്സ്ചർ മെച്ചപ്പെടുത്താനും ഇതു നല്ലതാണ്.

ഇവ ഉപയോഗിക്കുമ്പോൾ

∙ ഓവർനൈറ്റ് പീൽ, ക്രീം, സീറം, ലോഷൻ എന്നിങ്ങനെ പല രൂപത്തിൽ ഇവ ലഭ്യമാണ്. മുഖം കഴുകിയ ഉടനെ ഫെയ്സ് ആസിഡ് അടങ്ങിയ ക്രീമും മറ്റും പുരട്ടരുത്. ഈ സമയത്ത് മുഖത്തു പുരട്ടുന്നതെന്തും ചർമം പെട്ടെന്ന് ആഗീരണം ചെയ്യും. മുഖം കഴുകി, ഈർപ്പം അകറ്റി അൽപസമയം കഴിഞ്ഞു വേണം ഇവ പുരട്ടാൻ.

∙ ആസിഡ്സ് പുരട്ടി അഞ്ച് മിനിറ്റിനുശേഷം മതി മോയ് സ്ചറൈസർ. ആസിഡ് ചർമത്തിലേക്ക് ആഴ്ന്നിറങ്ങാനാണ് ഈ അഞ്ചു മിനിറ്റ് സമയം.

∙ ഫെയ്സ് ആസിഡുകൾ 0.25 % എന്നു തുടങ്ങി 5%, 10% 12% എന്നിങ്ങനെ പല സാന്ദ്രതയിൽ ലഭിക്കും. ഓരോരുത്തരുടെയും ചർമസ്വഭാവവും ചർമപ്രശ്നങ്ങളും അനുസരിച്ച് അതിൽ കൂടുതൽ സാന്ദ്രതയുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കണോ വേണ്ടയോ എന്ന് ഡോക്ടർ നിർദേശിക്കും. ബ്യൂട്ടി വ്ലോഗുകളും ഇന്റർനെറ്റിലെ വിവരങ്ങളും പിന്തുടർന്ന്, വിദഗ്ധ നിർദേശമില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാകും.

∙ അധികം വെയിൽ കൊണ്ടശേഷവും അമിതമായി മേക്കപ് അണിഞ്ഞ ദിവസങ്ങളിലും ഇത്തരം പ്രോഡക്ടുകൾ പുരട്ടാതിരിക്കുന്നതാണ് നല്ലത്. ചർമം അസ്വസ്ഥമായിരിക്കുന്ന ഇത്തരം സമയങ്ങളിൽ സ്വയം സുഖപ്പെടാൻ ചർമത്തിന് ആറു മണിക്കൂർ സമയമെങ്കിലും നൽകണം.

∙ ഗർഭകാലത്ത് അസ്കോർബിക് ആസിഡ്, മാൻഡലിക് ആസിഡ്, ഗ്ലൈക്കോളിക് ആസിഡ്, ഹയാലുറോനിക് ആസിഡ് എന്നിവ സുരക്ഷിതമായി ഉപയോഗിക്കാം. അസിലിക് ആസിഡ് – നിയാസിനമൈഡ് ചേർന്നതും ഗർഭകാലത്ത് സുരക്ഷിതമാണ്.

∙ നിയാസിനമൈഡും എഎച്ച്എയും ഒരേസമയം ഉപയോഗിക്കുന്നത് ചർമത്തിലെ നിറവ്യത്യാസം അകലാൻ നല്ലതാണ്. സിറമൈഡ് ക്രീമും എഎച്ച്എയും ചേർന്ന് ഉപയോഗിക്കുന്നത് ചർമത്തിന് മൃദുത്വം നൽകും.

∙ ഹയാലുറോനിക് ആസിഡ് എഎച്ച്എയ്ക്കൊപ്പം ഉപയോഗിക്കുന്നത് ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കും. യുവത്വവും പ്രസരിപ്പുള്ള ചർമത്തിന് ജലാശം വളരെ ആവശ്യമാണ്. ഇത്തരത്തിൽ പല കോംബിനേഷനുകളുണ്ട്.

∙ റെറ്റിനോയ്ഡ്സും നിയാസിനമൈഡും ആന്റി എയ്ജിങ് കോംബോ ആണ്. കോജിക് ആസിഡ്– വൈറ്റമിൻ സിയും ചേർത്ത് ഉപയോഗിക്കുന്നതും വൈറ്റമിൻ എ– വൈറ്റമിൻ സി കോംബോയും മുഖത്തിന് തിളക്കം നൽകും.

∙ ഇവ പുരട്ടി ആദ്യ ആഴ്ചയിൽ ഒരു മണിക്കൂർ കഴിഞ്ഞ് കഴുകാം. അടുത്ത ആഴ്ച രണ്ടു മണിക്കൂർ, പിന്നീട് മൂന്ന് മണിക്കൂർ എന്നിങ്ങനെ ക്രമേണ സമയം കൂട്ടാം.

അമ്മു ജൊവാസ്

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അഞ്ജന മോഹൻ

കൺസൽറ്റന്റ് കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റ്

സ്കിൻ സീക്രട്സ്,

ഇടപ്പള്ളി, കൊച്ചി