Wednesday 31 August 2022 11:11 AM IST

മുഖക്കുരു മായ്ക്കാൻ ടൂത് പേസ്റ്റ്, ബേക്കിങ് സോഡ എന്നിവ ഉപയോഗിക്കാമോ? ആവർത്തിക്കരുത് ഈ അബദ്ധങ്ങൾ

Ammu Joas

Sub Editor

beauty-preparation

മുടി വളരാൻ ‘മിഠായി’, ചുളിവു മാറാൻ മസാജിങ്, നിറം കൂടാൻ ഐസ്ക്യൂബ്... സൗന്ദര്യപ്രശ്നങ്ങൾ ഇല്ലാത്തവരെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന ഓരോ പൊടിക്കൈകളാണ് ദിവസം തോ റും സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തെത്തുന്നത്. ഓരോന്നും പരീക്ഷിച്ചും നിരീക്ഷിച്ചും സമയവും സൗന്ദര്യവും കളയാൻ പലർക്കും മടിയില്ല.

മുഖത്തും മുടിയിലും ഓരോ പുതിയ കാര്യവും പരീക്ഷിക്കും മുൻപ് ഒന്നോർക്കുക, അവ പൊള്ളലോ പാടോ ഉ ണ്ടാക്കാം. അലർജിയും അസ്വസ്ഥതയും സമ്മാനിക്കാനിടയുണ്ട്. സൗന്ദര്യ പരിചരണത്തിൽ മിക്കവരും വരുത്തുന്ന 10 അബദ്ധങ്ങളും അവയുടെ പരിഹാരവും അറിഞ്ഞോളൂ.

മുഖത്ത് ആവി പിടിക്കാമോ ?

ചർമസുഷിരങ്ങൾ തുറക്കാനും മുഖത്ത് അടിഞ്ഞുകൂടിയ അഴുക്ക് നീക്കാനും അമിത എണ്ണമയം അകറ്റാനുമെല്ലാം ആവി പിടിക്കുന്നത് നല്ലതാണ്. ബ്ലാക് ഹെഡ്സും വൈറ്റ് ഹെഡ്സും നീക്കുന്നതിനും ആവി പിടിക്കാം. രക്തയോട്ടം വർധിപ്പിച്ച് മുഖത്തിന് തിളക്കം നൽകാനും ഇതിലൂടെ കഴിയും. എങ്കിലും ശ്രദ്ധിച്ചേ ചെയ്യാവൂ.

സെൻസിറ്റീവ് ചർമമുള്ളവരും, ആവി തട്ടിയാൽ പെട്ടെന്ന് മുഖം ചുവക്കുന്നവരും ആവി പിടിക്കരുത്. അല്ലാത്തവർ ആഴ്ചയിലൊരിക്കൽ ഇളം ചൂടിൽ ആവി പിടിച്ച് മുഖം വൃത്തിയാക്കുന്നതിൽ തെറ്റില്ല. മൂന്നു മിനിറ്റിൽ അധികം മുഖത്ത് ആവി കൊള്ളുകയുമരുത്.

സോപ്പ് ചർമത്തിന് ദോഷമാണോ ?

സോപ്പ് ഉപയോഗമല്ല, അമിത ഉപയോഗമാണ് പ്രശ്നം. ദിവസം രണ്ടിലേറെ തവണ ചർമത്തിൽ സോപ്പ് ഉപയോഗിക്കരുത്. അമിതമായ സോപ്പ് ഉപയോഗം ചർമത്തിലെ സ്വാഭാവിക എണ്ണമയം അകറ്റും, ചർമത്തിന്റെ പിഎച്ച് ബാലൻസ് അസ്വസ്ഥമാക്കി വരള്‍ച്ചയ്ക്കും കാരണമാകും. അതുകൊണ്ട് സോപ്പ് തേച്ചു കുളിച്ചശേഷം ചർമത്തിൽ ഈർപ്പമുള്ളപ്പോൾ തന്നെ മോയിസ്ചറൈസർ പുരട്ടണം. സിറമൈഡ്, ഹയലുറുണിക് ആസിഡ്, വൈറ്റമിൻ ഇ, കൊക്കോ ബട്ടർ, ഷിയ ബട്ടർ എന്നിവയടങ്ങിയ മോയിസ്ചറൈസർ ഉപയോഗിക്കാം.

കൈകൾ ഇടയ്ക്കിടെ കഴുകേണ്ടി വരുമ്പോൾ സോപ്പിനു പകരം വീര്യം കുറഞ്ഞ ഹാൻഡ് വാഷ് തിരഞ്ഞെടുക്കാം. മുഖം കഴുകാൻ ചർമത്തിന്റെ സ്വഭാവത്തിനു യോജിക്കുന്ന, ചർമപ്രശ്നങ്ങൾക്കു പരിഹാരമേകുന്ന ഫെയ്സ് വാഷ് ആണ് നല്ലത്.

മുഖം മസാജ് ചെയ്യണോ ?

ഉണരുമ്പോഴുള്ള മോണിങ് സ്കിൻ കെയർ റുട്ടീനിൽ പലരും ഫെയ്സ് മസാജ് ഉൾപ്പെടുത്താറുണ്ട്. മുഖം മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിക്കാനും ചർമത്തിന് ഉന്മേഷം പകരാനും നല്ലതാണ്. എങ്കിലും സോഷ്യൽ മീഡിയയിലും മറ്റും കാണുംപോലെ മുഖത്തിന്റെ ആകൃതി സുന്ദരമാക്കാനും ചെറുപ്പം നിലനിർത്താനും മസാജിങ്ങിനാകുമോ എന്നതിന് ഇനിയും പഠനങ്ങൾ ആവശ്യമാണ്.

കൈകൾ വൃത്തിയാക്കിയ ശേഷം വേണം മുഖം മ സാജ് ചെയ്യാൻ. ചർമസുഷിരങ്ങൾ അടഞ്ഞുപോകുന്ന ക്രീമുകളോ ലോഷനോ ഉപയോഗിക്കരുത്. വളരെ നേർമയായി താഴേ നിന്ന് മുകളിലേക്ക് വേണം മസാജിങ്. നെറ്റിത്തടം മസാജ് ചെയ്യുമ്പോൾ രണ്ടു കൈകളിലെയും മൂന്നു വിരലുകൾ നെറ്റിയുടെ നടുവിൽ നിന്നു വശങ്ങളിലേക്ക് വരുംവിധം മസാജ് ചെയ്യണം.

മുഖം മസാജ് ചെയ്യാനായി ജെയ്‍ഡ് സ്റ്റോൺ റോളർ, ഗുവാ ഷാ ടൂൾ, ത്രീ ഡി മസാജ് റോളർ എന്നിവ വാങ്ങാൻ കിട്ടും. ഇവ ഉപയോഗിക്കേണ്ട രീതി കൃത്യമായി മനസ്സിലാക്കി മസാജിങ്ങിനായി തിരഞ്ഞെടുക്കാം. ഒന്നോർക്കുക, തെറ്റായ രീതിയിലും അമിത ബലം നൽകിയുമുള്ള മസാജിങ് ചർമം അയഞ്ഞതാക്കാം.

നരച്ച മുടി മറയ്ക്കാൻ ഹെന്നയേക്കാള്‍ നല്ലത് ഹെയർ കളർ ആണോ ?

മൈലാഞ്ചിയും നെല്ലിക്കയും വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ചതിൽ കട്ടന്‍ ചായ, തൈര്, മുട്ടവെള്ള തുടങ്ങിയ ചേരുവകൾ ചേർത്ത് ഹെന്ന സ്വയം തയാറാക്കാവുന്നതേയുള്ളൂ. തീർത്തും പ്രകൃതിദത്തമായ ഈ ഹെന്ന പൊതുവേ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. പ ക്ഷേ, വിപണിയിൽ നിന്നു വാങ്ങുന്ന മൈലാഞ്ചിപ്പൊടിയിലും ഹെന്ന മിക്സിലുമൊക്കെ അലർജിയുണ്ടാക്കുന്ന ഘടകങ്ങളുണ്ടാകാം.

മുടിയുടെ പുറം പാളിയിൽ മാത്രമാണ് ഹെന്ന നിറം നൽകുക. നരച്ച മുടിയിൽ ഹെന്ന ചെയ്യുമ്പോൾ ചുവന്നനിറമാകും ലഭിക്കുക, അധിക നരയുള്ളവർക്ക് ഇത് അഭംഗിയായിരിക്കും. പ്രധാനപ്രശ്നം ഹെന്ന ഉപയോഗം മുടി വരണ്ടതാക്കും എന്നതാണ്. ചിലർ മുടിക്ക് കടുത്ത നിറം ലഭിക്കാനായി ഹെന്നയിൽ ഹെയർ ഡൈ ചേ ർക്കാറുണ്ട്. ഇത് അനാരോഗ്യകരമാണ്.

കെമിക്കൽ അടങ്ങിയ ഹെയർ ഡൈ മുടിയുടെ ക്യൂട്ടിക്കിൾ പാളി തുറന്ന് ആഴത്തിൽ നിറം നൽകും. എ ന്നാൽ ഇവ ചർമത്തിലൂടെ രക്തത്തില്‍ കലരാൻ ഇടയുണ്ട്. ഇത് അലർജിക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.

ഹെയർ കളറിൽ അടങ്ങിയിരിക്കുന്ന പിപിഡി ആണ് അലർജിയുണ്ടാക്കുന്ന ഘടകം. ഇവയില്ലാത്ത, അമോണിയ ചേരാത്ത, കെമിക്കൽ ഫ്രീ ഹെയർ കളർ തിരഞ്ഞെടുക്കാം. മാസത്തിൽ ഒരിക്കൽ മുടിയുടെ ചുവടുഭാഗം മാത്രം നിറം നൽകി (റൂട്ട് ടച്ചപ്) നര ഭംഗിയായി മറയ്ക്കാം.

അലർജി ടെസ്റ്റ് നടത്താതെ ഒരു ഹെയർ കളറും ഉപ യോഗിക്കരുത്. ഡോക്ടറുടെ നിർദേശ പ്രകാരവും ഹെയർ കളർ തിരഞ്ഞെടുക്കാം.

മുഖത്ത് ഐസ് മസാജ് ചെയ്യുന്നത് നല്ലതാണോ?

പതിവായി മുഖത്ത് ഐസ് മസാജ് ചെയ്യേണ്ട ആവശ്യമില്ല. രാവിലെ ഉണരുമ്പോൾ കണ്ണിനടിയിൽ തടിപ്പ് (പഫിനെസ്സ്) തോന്നുന്നുണ്ടെങ്കിൽ ഒരു ഐസ് ക്യൂബ് വൃത്തിയുള്ള തുണിയിൽ കെട്ടി മുഖം മസാജ് ചെയ്യാം. മേക്കപ്പിന് മുൻപ് സ്കിൻ പ്രിപ്പറേഷനു വേണ്ടിയും ഐസ് മസാജ് ചെയ്യാം. ചർമസുഷിരങ്ങൾ അടയാനും മേക്കപ്പിന് ഫിനിഷിങ് കിട്ടാനും ഇതു സഹായിക്കും.

സൺബേൺ, മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഐസ് മസാജ് ചെയ്യാം. ഇതിനായി കറ്റാർവാഴ ജ്യൂസ്, കുക്കുമ്പർ ജ്യൂസ്, തക്കാളി ജ്യൂസ് എന്നിവ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ വച്ച് ക്യൂബാക്കി ഉയോഗിക്കാം. ക്യൂബ് ഏതായാലും തുണിയിൽ പൊതിഞ്ഞ ശേഷം വൃത്താകൃതിയിലാണ് മുഖത്തു മൃദുവായി മസാജ് ചെയ്യേണ്ടത്. ഒരു മിനിറ്റിൽ കൂടുതൽ മുഖത്ത് ഐസ് ഉപയോഗിക്കേണ്ട.

ഫ്രിജിൽ വച്ച് തണുപ്പിച്ചുപയോഗിക്കുന്ന ഐസ് റോളർ ഫെയ്സ് മസാജർ ഉണ്ട്. തണുപ്പൻ മസാജ് ഇഷ്ടപ്പെടുന്നവർക്ക് ഇവയും തിരഞ്ഞെടുക്കാം

കാലാവസ്ഥാമാറ്റം മുടിയുടെ ആരോഗ്യത്തെ ബാധിക്കുമോ?

പല കാലാവസ്ഥയിൽ മുടിയുടെ ആരോഗ്യം പലവിധമാകും. വേനലിൽ മുടി വരണ്ടതാകും, അറ്റം പിളരും. മോയ്സചറൈസിങ് ഹെയർ പാക്കുകൾ ഉപയോഗിച്ചും ഹെയര്‍ സ്പാ ചെയ്തും ഇതു പരിഹരിക്കാം. മുടിയിൽ അമിതമായി വെയിൽ തട്ടാതെയും ശ്രദ്ധിക്കണം. മഴക്കാലത്ത് ഈർപ്പം തങ്ങിനിന്ന് താരൻ ശല്യം കൂടാം. മുടിയിഴകൾ അധികം വിടർന്നു കിടക്കുകയുമില്ല. ഈ സമയത്ത് ശിരോചർമം വൃത്തിയായി സൂക്ഷിക്കണം. നനഞ്ഞ മുടി കെട്ടി വയ്ക്കുന്നതും മുടി ഉണങ്ങാതെ ഉറങ്ങാൻ കിടക്കുന്നതും മുടിക്കായ ഉണ്ടാകുന്നതിനും ദുർഗന്ധത്തിനും കാരണമാകും.

കാലാവസ്ഥ മാറുമ്പോൾ മുടികൊഴിച്ചിൽ കൂടാനുമിടയുണ്ട്. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ കാലാവസ്ഥ മൂലമുള്ള മുടികൊഴിച്ചിലും മറ്റും തനിയെ മാറിക്കോളും. മാനസികസമ്മർദം അലട്ടാതെ ശ്രദ്ധിക്കുക, സമീകൃതാഹാരം കഴിക്കുക, മുടിയുടെ സ്വഭാവത്തിന് ചേരുന്ന ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കുക, മൂന്നു മാസം കൂടുമ്പോൾ മുടിയുടെ അറ്റം വെട്ടുക തുടങ്ങിയ പരിചരണമുണ്ടെങ്കിൽ മുടി എന്നും ആരോഗ്യത്തോടെ ഇരിക്കും.

മുഖക്കുരു മായ്ക്കാൻ ടൂത് പേസ്റ്റ്, ബേക്കിങ് സോഡ എന്നിവ ഉപയോഗിക്കാമോ?

മുഖത്തെ കുരുക്കളോ പാടുകളോ മായ്ക്കാൻ ടൂത്പേസ്റ്റോ ബേക്കിങ് സോഡയോ പരിഹാരമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നത് ഒന്നാമത്തെ കാര്യം. ഇവയുടെ ഉപയോഗം ചർമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നത് രണ്ടാമത്തെ കാര്യം. സെൻസിറ്റീവ് ചർമമുള്ളവർക്ക് ഇവ പൊള്ളൽ വീഴ്ത്താനുമിടയുണ്ട്. ബേക്കിങ് സോഡയുടെ ആൽക്കലൈൻ സ്വഭാവം ചർമത്തിലെ പിഎച്ച് ബാലൻസ് തെറ്റിച്ച് മുഖക്കുരു കൂട്ടാം.

ഹെയർ ഹെൽത് ഗമ്മീസ് ഗുണകരമോ?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാണ് ഹെയർ ഹെൽത് ഗമ്മീസ്. മുടിയുടെ ആരോഗ്യത്തിനും മുടികൊഴിച്ചാൽ അകറ്റാനും വേണ്ട ബയോട്ടിൻ, സിങ്ക് എന്നിവയാണ് മിഠായി പോലെയുള്ള ഗമ്മീസിലെ പ്രധാന ഘടകം. ചർമത്തിനും നഖത്തിനും വേണ്ട മൾട്ടി വൈറ്റമിൻ ഗമ്മീസും ലഭ്യമാണ്.

ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഇവ ക ഴിച്ച്, വൈറ്റമിനുകൾ അമിതമായി ശരീരത്തിൽ എ ത്തുന്നത് വൈറ്റമിൻ ടോക്സിസിറ്റി ഉണ്ടാക്കും. ഇ ത് ഗുണത്തേക്കാൾ ദോഷമാണ് ചെയ്യുക. വിപണിയിൽ കാണുന്ന എല്ലാ ഉൽപന്നങ്ങളും ഗുണം നൽകണമെന്നുമില്ല.

ഹോർമോൺ വ്യതിയാനം, രോഗങ്ങൾ, കോവിഡ് ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചില്‍ വരാം. പലതരം ഉപദേശങ്ങളുടെ പിന്നാലെ പോകാതെ മുടികൊഴിച്ചിലിന്റെ യഥാർഥകാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. പോഷകക്കുറവ് ഉ ണ്ടെങ്കിൽ വിദഗ്ധ നിർദേശപ്രകാരം മാത്രം മരുന്ന് കഴിക്കുക.

അമ്മു ജൊവാസ്

ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ

വിവരങ്ങൾക്കു കടപ്പാട് : ഡോ. ആശ ബിജു,

എസ്തറ്റിക് ഫിസിഷ്യൻ & കോസ്മറ്റിക് ലേസർ സർജൻ,

വൗ ഫാക്ടർ മെഡി കോസ്‌മെറ്റിക് സ്കിൻ & ലേസർ സെന്റർ, തിരുവനന്തപുരം