Wednesday 30 November 2022 04:33 PM IST

മുഖകാന്തിക്ക് തുളസിയും പുതിനയും അരച്ചത്, താരനകറ്റാൻ തുളസി–തൈര് മിക്സ്: അപൂർവ സൗന്ദര്യക്കൂട്ട്

Ammu Joas

Sub Editor

thulasi

മുടി കൊഴിയുന്നല്ലോ എന്നു പറഞ്ഞാൽ തൊടിയിൽ നിന്നു കറിവേപ്പില പറിച്ചെടുത്ത് എണ്ണ കാച്ചി തരും മുത്തശ്ശിമാർ. മുഖത്ത് പാടുകൾ ക ണ്ടാൽ തുളസിനീര് പുരട്ടിയാൽ മതിയെന്ന് ചോദിക്കാതെ തന്നെ പറയും. മുറ്റത്ത് ഇല വിരിച്ച, ഈ മരുന്നുകൂട്ടുകൾ മതി ഇപ്പോഴും സൗന്ദര്യം പരിപാലിക്കാൻ. മുഖകാന്തിയും മുടിയുടെ ആരോഗ്യവും വർധിപ്പിക്കാൻ സഹായിക്കുന്ന പൊടിക്കൈകൾ പരിചയപ്പെടാം. ഏതു സൗന്ദര്യക്കൂട്ട് പരീക്ഷിക്കും മുൻപും പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതാണെന്നു മറക്കേണ്ട.

തുളസിയില

മുഖകാന്തിക്ക്

∙ തുളസിയിലയും പുതിനയിലയും അരച്ചെടുത്ത് ഒരു കപ്പ് വെള്ളത്തിൽ ഒരു മിനിറ്റ് തിളപ്പിക്കുക. ചൂടാറിയശേഷം ഒരു വലിയ സ്പൂൺ റോസ് വാട്ടർ കൂടി ചേർത്ത് ഇളക്കി ഐസ് ട്രേയിൽ ഒഴിച്ചു വയ്ക്കുക. എന്നും രാവിലെ ഓരോ ഐസ് ക്യൂബ് വീതമെടുത്ത് മുഖത്തു വട്ടത്തിൽ മസാജ് ചെയ്യുക. ചർമത്തെ അലട്ടുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും അകലും.

∙ രണ്ടു വലിയ സ്പൂൺ തുളസിയില ഉണക്കിപ്പൊടിച്ചതിൽ ഒരു വലിയ സ്പൂൺ തക്കാളി നീരും ചേർത്ത് മുഖത്തണിയാം. പാടുകളും കരുവാളിപ്പും അകന്ന് ചർമത്തിന് ഒരേ നിറം ലഭിക്കാൻ നല്ലതാണിത്.

മുടിയഴകിന്

∙ തുളസിയില അരച്ച് തലയില്‍ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. പേൻശല്യമകറ്റാനും മുടിക്ക് നല്ല മണം ലഭിക്കാനും നല്ലതാണിത്.

∙ കാൽ കപ്പ് വീതം തുളസി അരച്ചതും വെളിച്ചെണ്ണയും ഒരു വലിയ സ്പൂൺ നെല്ലിക്കാപ്പൊടിയും ചേർത്തു ഹെയർ പാക്ക് തയാറാക്കി തലയിൽ പുരട്ടിയാൽ, അകാലനര ശല്യം ചെയില്ല.

∙ താരനകറ്റാനും തുളസിയെ കൂട്ടുപിടിക്കാം. രണ്ടു വലിയ സ്പൂൺ തുളസി അരച്ചത്, ഒരു വലിയ സ്പൂ ൺ തൈര്, അര വലിയ സ്പൂൺ കറ്റാർവാഴ കാമ്പ് എന്നിവ യോജിപ്പിച്ച് ഹെയർ പാക്കായി അ ണിയാം. 45 മിനിറ്റിന് ശേഷം കഴുകാം.

മുരിങ്ങയില

മുഖകാന്തിക്ക്

∙ മുരിങ്ങയില തണലത്തിട്ട് ഉണങ്ങി പൊടിച്ചു വച്ചാൽ ഫെയ്സ് പാക്കും ഹെയര്‍ പാക്കും തയാറാക്കാം. അര വലിയ സ്പൂൺ മുരിങ്ങിയിലപ്പൊടിയും ഒരു വലിയ സ്പൂൺ വീതം തേനും റോസ് വാട്ടറും അര ചെറിയ സ്പൂൺ നാരങ്ങാനീരും ചേർത്തു കുഴമ്പു രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി മുഖത്ത് മോയിസ്ചറൈസർ പുരട്ടുക.

∙ ഒരു പിടി മുരിങ്ങയില, ഒരു ചെറിയ സ്പൂൺ വീതം അരിപ്പൊടി, തൈര്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് അരച്ചെടുക്കുക. ഇതു മുഖത്തു പുരട്ടി അര മണിക്കൂറിനുശേഷം മസാജ് ചെയ്തു കഴുകിക്കളയാം. മുഖം തിളങ്ങാൻ വളരെ നല്ലതാണ്.

∙ ഒരു പിടി മുരിങ്ങയില അരച്ച് അരിച്ചെടുക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ മുൾട്ടാനി മിട്ടി, അൽപം കറ്റാർവാഴകാമ്പ് എന്നിവ യോജിപ്പിച്ച് മുഖത്ത് അണിയാം. ചർമം അയഞ്ഞുതൂങ്ങുന്നതു തടയാൻ ഇതു സഹായിക്കും.

മുടിയഴകിന്

∙ മുരിങ്ങയില അരച്ചതിൽ തലേദിവസത്തെ ക ഞ്ഞിവെള്ളവും ഉലുവാപ്പൊടിയും വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടുക. 15 മിനിറ്റിനു ശേ ഷം കഴുകുക. മുടി കൊഴിച്ചിൽ അകലും.

∙ രണ്ടു വലിയ സ്പൂൺ മുരിങ്ങയില പൊടിച്ചതും സമം വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക. ഇതിലേക്ക് ഒരു വലിയ സ്പൂൺ കറ്റാർവാഴ ജെൽ കൂടി ചേർത്ത് ശിരോചർമത്തിൽ പുരട്ടാം. മുടി വളരാൻ സഹായിക്കുന്ന ഈ ഹെയർ പാക് തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

∙ വരണ്ട മുടിയിഴകൾ മൃദുലമാക്കാൻ മൂന്നു വലിയ സ്പൂൺ മുരിങ്ങിയിലപ്പൊടിയും രണ്ടു വലിയ സ്പൂൺ ഏത്തപ്പഴം ഉടച്ചതും ഒരു വലിയ സ്പൂൺ ഒലിവ് ഓയിലും ചേർത്തു തലയിൽ പുരട്ടിയാൽ മതി. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.

പേരയില

മുഖകാന്തിക്ക്

∙ പൊട്ടാസ്യവും ആന്റി ഓക്സിഡന്റ്സും നിറഞ്ഞ പേരയില ചർമത്തിനും മുടിക്കും ഒരുപോലെ നല്ലതാണ്. പേരയുടെ തളിരിലകൾ അരച്ചെടുത്ത് മുഖത്തണിഞ്ഞ് പൂർണമായി ഉണങ്ങും മുൻപ് കഴുകിക്കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വീതം ഒരു മാസം ചെയ്താൽ ചർമത്തിന്റെ നിറം മാറ്റം പോലുള്ള പ്രശ്നങ്ങൾ മാറും.

∙ മുഖക്കുരു ഇടയ്ക്കിടെ അലട്ടുന്നുണ്ടോ? പേരയുടെ തളിരിലയും ആര്യവേപ്പിലയും സമമെടുത്ത് ഒരു ചെറിയ കഷണം പച്ചമഞ്ഞൾ ചേർത്ത് അരയ്ക്കുക. മുഖക്കുരുവും മുഖത്തെ പാടുകളും മാറാൻ വളരെ നല്ലതാണ് ഈ പാക്ക്.

മുടിയഴകിന്

∙ ഒരു പിടി പേരയില വെള്ളത്തിലിട്ട് തിളപ്പിക്കുക. തി ള വന്നശേഷം മൂടി വച്ച് 10 മിനിറ്റ് ചെറുതീയിൽ തിളപ്പിക്കുക. ചൂടാറിയശേഷം ഇല അരിച്ചു മാറ്റി, വെള്ളം തലയിൽ പുരട്ടാം. ഒരു സ്പ്രേ ബോട്ടിലിലാക്കി മുടിയിലേക്ക് സ്പ്രേ ചെയ്താലും മതി.

∙ പേരയുടെ 15 തളിരിലയും അഞ്ചു ചുവന്നുള്ളിയും അരച്ച് അരിച്ചെടുത്ത് വെളിച്ചെണ്ണ ചേർത്ത് തലയിൽ പുരട്ടാം. താരനകലും, മുടി വളരും.

അമ്മു ജൊവാസ്

വിവരങ്ങൾക്കു കടപ്പാട് :

ഡോ. വർഷ മോഹൻ,

ദുർഗ ആയുർവേദിക്സ്, തിരുവല്ല