Saturday 30 April 2022 02:34 PM IST

മുഖത്ത് ആസിഡ് പുരട്ടുകയോ എന്ന് ചിന്തിക്കേണ്ട; സൗന്ദര്യം കൂട്ടാനും യുവത്വം നൽകാനും ആസിഡ് ട്രീറ്റ്‌മെന്റ്, അറിയാം

Ammu Joas

Sub Editor

acid-on-face433555

പല വലുപ്പത്തിൽ ചുവന്നും തുടുത്തും പഴുത്തും നിൽക്കുന്ന മുഖക്കുരു. ചർമസുഷിരങ്ങളോ, ഓരോ ദിവസം കഴിയുന്തോറും വലുപ്പം  കൂടി വരുന്നു. ‘കുണ്ടും കുഴിയും നിറഞ്ഞ ചർമം നിരപ്പാക്കി കിട്ടാൻ വല്ല വഴിയുമുണ്ടോ?’ പെൺകുട്ടിയുടെ ചോദ്യത്തിനു ഡോക്ടറുടെ മറുചോദ്യം. ‘അൽപം ആസിഡ് എടുക്കട്ടേ’ ഡോക്ടർ ‘സൈക്കോ’ ആണെന്നു കരുതല്ലേ, മുഖക്കുരുവിനെ മെരുക്കാൻ സാലിസിലിക് ആസിഡ് കേമനാണ്.

ഇതുപോലെ ചർമത്തിന്റെ പല പ്രശ്നങ്ങൾക്കും പരിഹാരമായ ആസിഡുകൾ ഉണ്ട്. ക്ലെൻസർ മുതൽ ടോണർ വരെ നിരവധി ഉൽപന്നങ്ങൾ ഇത്തരത്തിൽ ആസിഡ് അധിഷ്ഠിമായി വിപണിയിലെത്തുന്നു. അറിയാം മുഖം സുന്ദരമാക്കുന്ന ചില ആസിഡ് വിശേഷങ്ങൾ.

പഴങ്ങളിൽ നിന്ന് എഎച്ച്എ, ബിഎച്ച്എ

എഎച്ച്എ : ആൽഫാ ഹൈഡ്രോക്സി ആസിഡിന്റെ ചുരുക്കെഴുത്താണ് എഎച്ച്എ. പഴങ്ങൾ, പച്ചക്കറികൾ ഇവയിൽ നിന്നുണ്ടാക്കുന്നതാണ് ഈ എഎച്ച്എ. കരിമ്പിൽ നിന്ന് ഗ്ലൈകോളിക് ആസിഡ്, മോരിൽ നിന്ന് ലാക്ടിക് ആസിഡ്, കയ്പ്പുള്ള ബദാമിൽ നിന്ന് മാൻഡലിക് ആസിഡ്.

ചെറിയ തോതിലുള്ള പിഗ്‌മന്റേഷൻ, വലിയ ചർമസുഷിരങ്ങൾ, ചുളിവുകൾ, നിറവ്യത്യാസം എന്നീ പ്രശ്നങ്ങ ൾക്കാണ് എഎച്ച്എ കൂടുതലായി ഉപയോഗിക്കുന്നത്.

ബിഎച്ച്എ : ബീറ്റ ഹൈഡ്രോക്സി ആസിഡ് (ബിഎച്ച്എ) എണ്ണയിൽ മാത്രം ലയിക്കുന്ന ആസിഡുകളാണ്. സാലി സിലിക് ആസിഡ്, ബെറ്റെയ്ൻ സാലിസേറ്റ്, വില്ലോ ബാർക് എക്സ്ട്രാക്ട് തുടങ്ങിയവ ബിഎച്ച്എ ആണ്.

ആഴത്തിലുള്ള മുഖക്കുരു, ബ്ലാക് ഹെഡ്സ്, സ്മൈൽ ലൈൻസ്, അമിതമായ ചുളിവുകൾ തുടങ്ങിയ പ്രശ്നങ്ങൾക്കാണ് ബിഎച്ച്എ ഉപയോഗിക്കുന്നത്.

ആസിഡും ഗുണങ്ങളും

ഗ്ലൈകോളിക് ആസിഡ്: നിറം വർധിപ്പിച്ച്, മുഖക്കുരുവും പാടുകളും അകറ്റി, മുഖത്തിനു തിളക്കം കൂട്ടാൻ മാത്രമല്ല, ആന്റി എയ്ജിങ് ഗുണങ്ങളുമുണ്ട് ഗ്ലൈകോളിക് ആസിഡിന്. മൃതകോശങ്ങൾ അകറ്റാനും കറുത്ത പാടുകൾ മായ്ക്കാനും ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കാനും ഇവ സഹായിക്കും. മുഖക്കുരു, പിഗ്‍‌മെന്റേഷൻ പോലുള്ള പ്രശ്നങ്ങൾക്കു പരിഹാരമായി ചെയ്യുന്ന പീലിങ്ങിലും ഗ്ലൈകോളിക് ആസിഡ് പ്രധാന ഘടകമാണ്.

മാൻഡലിക് ആസിഡ് : മുഖക്കുരു മായ്ക്കുക, മുഖചർമത്തിലെ ചുളിവുകളും പാടുകളും അകറ്റുക, ചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങളകറ്റി മൃദുത്വവും തിളക്കവും കൂട്ടുക എന്നിങ്ങനെ നീളുന്നു  മാൻഡലിക് ആസിഡിന്റെ മാജിക്.

ലാക്ടിക് ആസിഡ് : വരണ്ട ചർമപ്രശ്നങ്ങള്‍ക്ക് ലാക്ടിക് ആസിഡ് നല്ലതാണ്. പിഗ്‌മന്റേഷനും അകലും, ജലാംശവും നിലനിർത്തും.  

അസിലിക് ആസിഡ് : ബാർലി, ഗോതമ്പ് എന്നിവയിൽ നിന്നെടുക്കുന്നതാണ് അസിലിക് ആസിഡ്. മുഖക്കുരു അകറ്റാനും മുഖത്തെ ചെറുകുരുക്കളകറ്റാനും ഇതു സഹായിക്കും. ചർമത്തിനു നിറം നൽകാനും മൃദുവാക്കാനും അസിലിക് ആസിഡ് നല്ലതാണ്.

സാലിസിലിക് ആസിഡ് : മിക്കവർക്കും സുപരിചിതമായ ആസിഡ് ഒരുപക്ഷേ, ഇതായിരിക്കും. ഒട്ടുമിക്ക മുഖക്കുരു ചികിത്സാ ഉൽപന്നങ്ങളിലും ഇത് അടങ്ങിയിട്ടുണ്ട്. മുഖ ക്കുരു അകറ്റുക എന്നതു മാത്രമല്ല, ചർമത്തിന്റെ ടെക്സ്ചർ മെച്ചപ്പെടുത്താനും ഇതു നല്ലതാണ്.

ചെറുപ്പം തരും ആസിഡ്

ഹയാലുറോനിക് ആസിഡ് : എഎച്ച്എയ്ക്കും ബിഎച്ച്എയ്ക്കും പുറമേ ചർമസംരക്ഷണത്തിൽ മിടുക്കുള്ള ആസിഡാണ് ഹയാലുറോനിക് ആസിഡ്. ചർമത്തിനു ജലാംശം നൽകി യുവത്വം കാത്തുസൂക്ഷിക്കാൻ ഈ ആസിഡ് സഹായിക്കും.

പോളി ഹൈ‍ഡ്രോക്സി ആസിഡ് : പോളി ഹൈ‍ഡ്രോക്സി ആസിഡ് വരണ്ട ചർമത്തിന് നല്ലതാണ്. സെൻസിറ്റീവ് ചർമത്തിന് യോജിച്ചതും ഇതാണ്.

റെറ്റിനോയിഡ്, നിയാസിനമൈഡ് : ആസിഡ് ഫോമുകളാണ് ഇവ. പ്രായാധിക്യ ലക്ഷണങ്ങൾക്കു തടയിടാനും നിറവ്യത്യാസം അകറ്റാനും ഇവ മുൻപിലാണ്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അഞ്ജന മോഹൻ, കൺസൽറ്റന്റ് കോസ്മറ്റിക് ഡെർമറ്റോളജിസ്റ്റ്, സ്കിൻ സീക്രട്സ്, ഇടപ്പള്ളി, കൊച്ചി

Tags:
  • Glam Up
  • Beauty Tips