Monday 04 July 2022 03:44 PM IST

‘ക്ലോറിൻ കലർന്ന വെള്ളത്തിൽ കുളിച്ചാൽ മുടിയിലെ നിറം മങ്ങും’; ഹെയർ കളറിങ്ങിന് ശേഷം മുടിയുടെ ആരോഗ്യം ശ്രദ്ധിക്കാം

Rakhy Raz

Sub Editor

hair5677bjjiii

ഹെയർ കളറിങ്ങിന് ശേഷം മുടിയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കളറിങ്ങിനു ശേഷം മുടി പിളരുകയോ പൊട്ടിപ്പോകുയോ ചെയ്യാതിരിക്കാൻ കളർ പ്രൊട്ടക്ഷൻ ഷാംപൂവും കണ്ടീഷനറും ഉപയോഗിക്കുക. കളർ സേഫ് ഹെയർ മാസ്കുകളുമുണ്ട്.

അമിതമായി വരണ്ട മുടിയാണെങ്കിൽ കെരറ്റിൻ ട്രീറ്റ്മെന്റ് ചെയ്തശേഷം ഹെയർ കളർ ചെയ്താൽ മുടി മൃദുവാകും, ആരോഗ്യവും കിട്ടും. ഹെയർ കളർ ചെയ്ത, വരണ്ട മുടിയുള്ളവർ മാസത്തിലൊരിക്കൽ കെരറ്റിൻ സ്പാ ചെയ്യാൻ ശ്രദ്ധിക്കുക.

മുടി സ്റ്റൈൽ ചെയ്യാനായി ഹോട്ട് എയർ ബ്ലോവർ, അയൺ എന്നിവ ഉപയോഗിക്കുന്നത് മുടിയിലെ നിറം പെട്ടെന്ന് മങ്ങാൻ ഇടയാക്കും. ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം വന്നാൽ മുടിക്ക് ചൂടിൽ നിന്നും രക്ഷ നൽകുന്ന ‘ഹീറ്റ് പ്രൊട്ടക്ഷൻ മിസ്റ്റ് ’ ഉപയോഗിച്ച ശേഷം മാത്രം സ്റ്റൈൽ ചെയ്യുക.

നര മറയ്ക്കുമ്പോൾ

നര മറയ്ക്കാൻ മാസത്തിൽ ഒരിക്കലെങ്കിലും റൂട്ട് ടച്ചപ് (മുടിയുടെ ചുവടുഭാഗം മാത്രം കളർ ചെയ്യുന്ന രീതി) വേണ്ടി വരും. കെമിക്കലുകൾ അധികം ഉപയോഗിക്കാൻ താൽപര്യമില്ലെങ്കിൽ അമോണിയ ഫ്രീ കളർ തിരഞ്ഞെടുക്കാം. ഇത്തരം നിറങ്ങൾ രണ്ടാഴ്ച കൊണ്ടു തന്നെ മങ്ങിത്തുടങ്ങാം.

സ്ഥിരമായി നര മറയ്ക്കാൻ ഗ്രേ ടച്ചപ് ചെയ്യുന്ന മുടിയാണെങ്കിൽ ബ്ലീച്ച് ചെയ്ത ശേഷം മാത്രമേ കളർ ചെയ്യാനാകൂ. ബ്ലീച്ച് ചെയ്ത മുടിയിലെ ഹെയർ കളറിങ്ങിന് ഏറെ ശ്രദ്ധ നൽകേണ്ടി വരും. കളർ പ്രൊട്ടക്ഷൻ ഷാം പൂ, ഡീപ് റിപ്പയർ കണ്ടീഷനർ എന്നിവ ഉപയോഗിക്കണം. മാസത്തിൽ ഒരിക്കൽ ഹെയർ റിപ്പയർ നൽകുന്നതിനായി ഹെയർ സ്പാ ചെയ്യണം.

ക്ലോറിൻ വില്ലനാണ്

ഹെയർ കളർ ചെയ്തവർ ക്ലോറിൻ കലർന്ന വെള്ളത്തിൽ കുളിച്ചാൽ മുടിയിലെ നിറം മങ്ങും. സ്വിമ്മിങ് പൂളിലും മറ്റും ഇറങ്ങേണ്ട അവസരത്തിൽ മുടി ശുദ്ധജലം കൊണ്ട് കഴുകിയ ശേഷം ഇറങ്ങുകയാണെങ്കിൽ വെള്ളത്തിലെ ക്ലോറിൻ മുടി വലിച്ചെടുക്കുന്നത് കുറയും. ഹെഡ് ക്യാപ് ഉപയോഗിക്കുന്നതാണ് നല്ലത്. ക്ലോറിൻ കലർന്ന വെള്ളം പാത്രത്തിൽ പിടിച്ചു വച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞുവേണം കളർ ചെയ്ത മുടിയിൽ ഉപയോഗിക്കാൻ.

കളർ ഏതു വേണം ?

ഹെയർ കളറിങ് പെർമനന്റ് ആയും സെമി പെർമനന്റ് ആയും ചെയ്യാം. മുടിയിൽ ആഴത്തിൽ നിറം നൽകുന്ന രീതിയാണ് പെർമനന്റ് ഹെയർ കളറിങ്. ശ്രദ്ധയോടെ പരിചരിച്ചാൽ മുടിയിലെ നിറം മങ്ങുകയില്ല. ഷേഡുകളുടെ വൈവിധ്യം പെർമനെന്റ് ഹെയർ കളറിലാണ് കൂടുതൽ.

റിഫ്ലക്ഷനും ടോണുകളും ഇടകലർത്തി മുടിക്ക് മാസ്മരിക ഭംഗി പകരാൻ പെർമനന്റ് ഹെയർ കളറിങ്ങിനാകും. മുടിക്ക് ലൈറ്റ്നെസ്, ഡാർക്‌നെസ്, വാംത്, വൈബ്രൻസി, ടോൺ, കൂൾനെസ് എന്നീ ഭാവങ്ങൾ നൽകാൻ പെർമനന്റ് ഹെയർ കളറിങ് ആണ് നല്ലത്.

പുത്തൻ നിറങ്ങളുടെ പരീക്ഷണം ചെയ്തു നോക്കുകയാണ് ലക്ഷ്യമെങ്കിൽ സെമി പെർമനന്റ് കളറിങ് തിരഞ്ഞെടുക്കാം. നിറം ഇഷ്ടപ്പെട്ടാൽ പെർമനന്റ് ഹെയർ കളറിങ്ങിലേക്കു ചുവടു മാറ്റാം. സെമി പെർമനന്റ് ഹെയർ കളറിങ് ആറു മുതൽ ഏട്ട് ആഴ്ച വരെ നിലനിൽക്കുന്നതാണ്. മുടി കഴുകുംതോറും നിറം മങ്ങിവരും. മുടിക്ക് തിളക്കവും സ്വാഭാവികതയുമാണ് വേണ്ടതെങ്കിൽ സെമി പെർമനന്റ് ഹെയർ കളറിങ് ആണ് ചെയ്യേണ്ടത്.

ഒരു ദിവസത്തെ ആഘോഷത്തിനു  മാത്രമാണ് കളറിങ് ചെയ്യേണ്ടതെങ്കിൽ ടെംപററി കളറിങ് ചെയ്താൽ മതി. ഒറ്റ ഹെയർ വാഷ് കൊണ്ടു തന്നെ നിറം മായ്ക്കാനാകും.

വിവരങ്ങൾക്കു കടപ്പാട്: ശ്വേത കുഞ്ചൻ, ബ്യൂട്ടി, കോസ്മെറ്റിക്സ്, ഹെയർ ആർട്ടിസ്റ്റ്, ലിവ് ഇൻ മോർ സ്റ്റൈൽ, കൊച്ചി

Tags:
  • Glam Up
  • Beauty Tips