മൃദുലവും സുന്ദരവുമായ ചുണ്ടുകള്‍ കൊതിക്കാത്തവരായി ആരുണ്ട്. എന്നാല്‍ ലിപ്സ്റ്റിക്കിന്റെ അമിത ഉപയോഗം ചുണ്ടുകളുടെ സ്വാഭാവിക നിറം നഷ്ടപ്പെടാൻ കാരണമാകും. ഇരുണ്ട നിറമകറ്റി ചുണ്ടുകൾക്കു നല്ല നിറം നൽകാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികളിതാ...
∙ ദിവസവും കിടക്കുന്നതിനു മുമ്പോ രാവിലെ പല്ല് തേക്കുമ്പോഴോ സോഫ്റ്റ് ബ്രിസിലുകളുള്ള ബ്രഷ് കൊണ്ട് ചുണ്ടുകള്‍ ഒന്നോ രണ്ടോ മിനിറ്റ് മസാജ് ചെയ്യുക. മൃദുലമായി വട്ടത്തിൽ വേണം മസാജ് ചെയ്യേണ്ടത്. സ്ക്രബിങ്ങിന്റെ അതേ ഫലമാണ് ഇതു നൽകുക. ചർമത്തിലെ മൃതകോശങ്ങള്‍ അകലാൻ ഇതു സഹായിക്കും.
∙ ഒരു ചെറിയ കഷണം നാരങ്ങയില്‍ പഞ്ചസാര വിതറുക. ഈ നാരങ്ങ കൊണ്ടു ചുണ്ടിൽ ഉരസുക. നാരങ്ങാനീരിന് ചുണ്ടിന്റെ നിറം വർധിപ്പിക്കാൻ കഴിവുണ്ട്. പഞ്ചസാര മൃതകോശങ്ങളെ അകറ്റി ചർമം സുന്ദരമാക്കും.
∙ ദിവസവും രണ്ട് നേരം ചുണ്ടുകളില്‍ വെണ്ണയോ നെയ്യോ പുരട്ടുക. വരൾച്ച മാറി ചുണ്ടുകൾ സുന്ദരമാകും.
∙ ഒരു ചെറിയ കഷണം വെള്ളരിയെടുക്കുക. ഇത് അരച്ചെടുത്ത നീരിൽ അൽപം നാരങ്ങാനീര് കൂടി ചേർത്തു ചുണ്ടിൽ പുരട്ടുക.
∙ അര ചെറിയ സ്പൂൺ മഞ്ഞളരച്ചതിൽ അൽപം പാൽപ്പാട ചേർത്തു പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.
∙ ഒരു കറുത്ത മുന്തിരി വൃത്തിയായി കഴുകി തൊലി നീക്കിയ ശേഷം ചുണ്ടിൽ പുരട്ടുക. ഉണങ്ങുമ്പോൾ ആവർത്തിക്കുക. പത്ത് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.
∙ ദിവസവും കിടക്കുന്നതിന് മുമ്പ് മേക്കപ്പ് നീക്കം ചെയ്യണം. കിടക്കുന്നതിനു മുമ്പ് ഒലീവെണ്ണ, ബദാമെണ്ണ, അല്ലെങ്കിൽ വെളിച്ചെണ്ണ ഇവയിലേതെങ്കിലുമൊന്ന് ഒരു കോട്ടൺ കഷണത്തിലെടുത്തു ചുണ്ടിൽ പുരട്ടി മേക്കപ്പ് നീക്കുക. ഇതിനുശേഷം മോയ്സ്ചറൈസിങ് ക്രീം പുരട്ടണം.
∙ ചുണ്ടുകൾ വരണ്ടതായി തോന്നിയാൽ നാവുകൾ കൊണ്ട് ചുണ്ട് നനയ്ക്കുന്നത് പലർക്കും ശീലമാണ്. ഇതു ചുണ്ടുകളെ കൂടുതല്‍ വരണ്ടതും ഭംഗിയില്ലാത്തതുമാക്കും. ഇത് ഒഴിവാക്കുക. ധാരാളം പഴച്ചാറുകളും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതും വരള്‍ച്ച മാറി ചുണ്ടുകളുടെ ഭംഗി വർധിക്കാന്‍ സഹായിക്കും.
∙ പുറത്തു പോകുന്നതിനു മുമ്പ് സൺസ്ക്രീൻ പുരട്ടിയതിനു ശേഷം ലിപ് ഗ്ലോസ് പുരട്ടുക. ഇതു സൂര്യപ്രകാശമേറ്റു ചുണ്ടുകൾ കറുക്കുന്നതു തടയും.
∙ അര ചെറിയ സ്പൂണ്‍ ഓട്സെടുക്കുക. ഇത് പൊടിച്ചെടുത്ത തിൽ അൽപം തൈരും തക്കാളി നീരും ചേർക്കണം. ഈ മിശ്രിതം ചുണ്ടുകളിൽ പുരട്ടി പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയുക. ചുണ്ടുകളിലെയും വായുടെ ചുറ്റുമുള്ള ഭാഗത്തെയും കറുപ്പ് നിറമകലാൻ ഈ പായ്ക്ക് നല്ലതാണ്.
∙ പതിവായി തേങ്ങാവെള്ളം പുരട്ടുന്നതു ചുണ്ടുകൾക്കു ഭംഗി നൽകും. ടോണർ പുരട്ടുന്നതിനു തുല്യമാണിത്.
∙ ഒരു ചെറിയ സ്പൂൺ കടലമാവിൽ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും അര ചെറിയ സ്പൂൺ തൈരും ചേർത്തു ചുണ്ടിലും വായുടെ ചുറ്റുമുള്ള ഭാഗങ്ങളിലും പുരട്ടുക. നിറവ്യത്യാസമകലാൻ ഉത്തമം.
SUPER TIPS
∙ രണ്ടോ മൂന്നോ റോസ് ഇതളുകളെടുക്കുക. അൽപം പാലിൽ കുറച്ചു നേരം ഇവ മുക്കി വയ്ക്കുക. ഈ മിശ്രിതം അരച്ചെടുത്ത തില്‍ അൽപം തേനും ചേർത്തു ചുണ്ടിൽ പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ചുണ്ടുകൾക്കു നല്ല നിറം ലഭിക്കും.
∙ മാതള നാരങ്ങയുടെ അല്ലി കുരുവോടെ അരച്ചത് അര ചെറിയ സ്പൂൺ എടുക്കുക. ഇത് അൽപം പാൽപ്പാട ചേർത്തു ചുണ്ടിൽ പുരട്ടുക. പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കഴുകിക്കളയണം.
∙ കാൽ ചെറിയ സ്പൂൺ തേൻ, ഒരു നുള്ള് പഞ്ചസാര, രണ്ടോ മൂന്നോ തുള്ളി വെളിച്ചെണ്ണയോ ഒലീവെണ്ണയോ മിശ്രിതമാക്കി ചുണ്ടിൽ പുരട്ടുക. പത്ത് മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയണം.
∙ തൈര്, നാരങ്ങാ നീര്, തേൻ ഇവ മൂന്നും തുല്യ അളവിലെടുത്തു ചുണ്ടുകളിൽ പുരട്ടുക. ഇരുപത് മിനിറ്റ് കഴിഞ്ഞ് ഇതു കഴുകിക്കളയുക. ഈ പായ്ക്കറ്റ് വായ്ക്കു ചുറ്റുമുള്ള നിറവ്യത്യാസം അകറ്റാനും നല്ല നിറം ലഭിക്കാനും ഉത്തമമാണ്.