രാത്രികളിൽ തണുപ്പ്, പകൽ കൊടും ചൂട്... തണുപ്പും ചൂടുമൊക്കെ ഇങ്ങനെ തോന്നിയതുപോലെ കയറിവരുമ്പോൾ സുന്ദരിമാരൊക്കെ അൽപം ടെൻഷനിലാകും. ചർമത്തിന്റെ വരൾച്ച, ഒപ്പം പകലിലെ കൊടും വെയിൽ മൂലമുള്ള സൺടാൻ, വിയർപ്പ്, മുഖക്കുരു... ഇതിനൊക്കെ പരിഹാരമായി എന്തെങ്കിലും ചെയ്യാമോ? ചെയ്താൽ ഗുണത്തിനു പകരം ദോഷമായി ഭവിക്കുമോ? എല്ലാ സംശയവും ദേ, ഇവിടെ തീർക്കാം. ടെൻഷനില്ലാതെ സമ്മർ ക്വീനാകാം...
വിയർപ്പിൽ നിന്നു രക്ഷ നേടാൻ ഡിയോഡറന്റ് ഉപയോഗിക്കുന്നത് ചർമ പ്രശ്നം ഉണ്ടാക്കുമോ?
ഡിയോഡറന്റിലെ ചില രാസവസ്തുക്കൾ ശരീരത്തിലെ വിയർപ്പുമായി ചേർന്ന് ചർമത്തെ അസ്വസ്ഥമാക്കാൻ ഇടയു ണ്ട്. കഴുത്തിലെയും കക്ഷത്തിലെയും മടക്കുകളിലാകും ഡി യോഡറന്റും വിയർപ്പും അടിഞ്ഞിരുന്ന് ചുവപ്പ്, ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകൾ കൂടുതലായി ഉണ്ടാകുക. വിയർപ്പിന്റെ ദുർഗന്ധം മറയ്ക്കാന്‍ വസ്ത്രത്തിൽ പെര്‍ഫ്യൂം പുരട്ടുന്നതാണ് നല്ലത്.
വിയർപ്പിനെ തോൽപിക്കാൻ ദിവസം രണ്ടുനേരം കുളിക്കാം. ചൂടുകുരു അകറ്റാനും ഇതുതന്നെ വഴി. അയഞ്ഞ കോട്ടൻ വസ്ത്രങ്ങൾ അണിയാനും ഇടയ്ക്കിടെ കാറ്റു കൊള്ളാനും ഓർക്കുക. വിയർപ്പ് ശല്യമാകാതിരിക്കാൻ ഭക്ഷണത്തിലും ശ്രദ്ധ വേണം. എരിവും കൊഴുപ്പും അമിതമായുള്ള ആഹാരം പരമാവധി കുറയ്ക്കുക. ഉള്ളി, വെളുത്തുള്ളി, സവാള, നോൺ വെജിറ്റേറിയൻ ആഹാരം എന്നിവയും നിയന്ത്രിക്കണം. ഇവ അമിതമായി കഴിക്കുന്നവർക്ക് വിയർപ്പു കൂടുതലായിരിക്കുമെന്നു മാത്രമല്ല വിയർപ്പിൽ ദുർഗന്ധവും അധികമായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിച്ചോളൂ. ശരീരത്തിനു സുഗന്ധം ലഭിക്കാനും തണുപ്പു ലഭിക്കാനും ചെറുനാരങ്ങാനീര് ഒഴിച്ച വെള്ളത്തിൽ കുളിക്കാം. തക്കാളിനീര് പുരട്ടിയശേഷം കുളിക്കുന്നതും നല്ലതാണ്.
വേനൽകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാമോ?
ഏതു കാലാവസ്ഥയിലായാലും ചൂടുവെള്ളത്തിലുള്ള കുളി ചർമത്തിനു നല്ലതല്ല. വേഗത്തിൽ ചർമം വരണ്ടു പോകാനും ചുളിവു വീഴാനും ചർമത്തിലെ എണ്ണമയം നഷ്ടമാകാനുമേ ഇതുപകരിക്കൂ. മാത്രമല്ല വേനൽക്കാലത്ത് ചൂടുവെള്ളത്തിൽ കുളിച്ചാൽ അമിതമായി വിയർക്കുകയും ചെയ്യും. സാധാരണ താപനിലയിലുള്ള വെള്ളത്തിൽ കുളിക്കുക. രണ്ടു നേരം കുളിക്കണം. തല ഒരു നേരം കഴുകിയാലും മതി. ചൂടുകുരു ഉണ്ടാകാനുള്ള സാധ്യത കൂടുമെന്നതിനാൽ ശരീരത്തിൽ എണ്ണ തേച്ചുള്ള കുളി വേനൽക്കാലത്തു വേണ്ട.
പുറത്തുപോയി വന്നാൽ കണ്ണിന് ചൂടും പുകച്ചിലും ഉണ്ടാകുന്നതെന്താണ്?
കണ്ണിലെ അലർജിയുടെ ലക്ഷണങ്ങളാണ് കണ്ണിന് അനുഭവപ്പെടുന്ന ചുവപ്പും പുകച്ചിലും നീറ്റലും. അന്തരീക്ഷത്തിലെ പൊടി, അമിതമായ ചൂട്, വണ്ടികളുടെ പുക... ഇങ്ങനെ പല കാരണങ്ങൾ അലർജി പ്രശ്നങ്ങളുണ്ടാക്കാം. കണ്ണിൽ അസ്വസ്ഥത തോന്നുമ്പോൾ പലവട്ടം കണ്ണു ചിമ്മി തുറക്കുക. കൈകൾ വൃത്തിയാക്കിയ ശേഷം ശുദ്ധമായ വെള്ളത്തിൽ പല തവണ കണ്ണ് കഴുകുക. ഇടയ്ക്കിടെ കണ്ണുകൾ കഴുകുന്നതും തണുത്ത വെള്ളത്തിൽ മുക്കിയ പഞ്ഞി കണ്ണിനു മുകളിൽ വ യ്ക്കുന്നതും യാത്രയിൽ സൺഗ്ലാസസ് ഉപയോഗിക്കുന്നതും അലർജിയെ അകറ്റി നിർത്താൻ സഹായിക്കും.
ചൂടേറ്റ് കണ്ണിലെ ജലാംശം നഷ്ടമാകുമ്പോഴാണ് കണ്ണിന് വരൾച്ചയും ക്ഷീണവും അനുഭവപ്പെടുന്നത്. കണ്ണിന്റെ തിള ക്കം മങ്ങിയാൽ മുഖം തന്നെ വാടിപ്പോകും. ജോലിക്കിടയിലും യാത്രയ്ക്കിടയിലുമെല്ലാം കണ്ണുകൾ ഇടയ്ക്കിടെ ചിമ്മി തുറക്കാം. ഈർപ്പം നിലനിർത്താൻ ഇതു സഹായിക്കും.
അൾട്രാവയലറ്റ് രശ്മികൾ കണ്ണിൽ പതിയുന്നത് തിമിരം, റെറ്റിനയ്ക്കു നാശം എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ സാധ്യത കൂട്ടും. ഇതു തടയാൻ UV പ്രൊട്ടക്‌ഷൻ ഉള്ള സൺഗ്ലാസസ് ഉപയോഗിക്കാനും ഓർക്കുക.
ചർമത്തിന് കരിവാളിപ്പ് ഉണ്ടാകാതിരിക്കാൻ സൺസ്ക്രീ ൻ പുരട്ടിയാൽ മതിയോ?
കരുവാളിപ്പ് അഥവ ടാനിങ് ചർമത്തെ ബാധിക്കാതിരിക്കാൻ സൺസ്ക്രീൻ ഉപയോഗിച്ചാൽ മതി. പക്ഷേ, അതിൽ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, നമ്മുടെ കാലാവസ്ഥയനുസരിച്ച് എസ്പിഎഫ് 30 എങ്കിലുമുള്ള സൺസ്ക്രീൻ വേണം ഉപയോഗിക്കാൻ. രണ്ട്, സൺസ്ക്രീൻ പുരട്ടി മൂന്നു മണിക്കൂർ മാത്രമേ അവ സംരക്ഷണവലയം തീർക്കൂ. ഈ സമയം കഴിഞ്ഞാൽ മുഖം നന്നായി കഴുകിയശേഷം വീണ്ടും സൺസ്ക്രീൻ പുരട്ടണം.
വെയിലേറ്റ് മുഖത്ത് കരുവാളിപ്പ് വന്നാൽ കറ്റാർവാഴയുടെ കാമ്പ് മുഖത്തു പുരട്ടുന്നതും തൈര് പുരട്ടുന്നതും നല്ലതാണ്. മുഖത്തും ശരീരത്തും ടാനിങ് ഉള്ള ഭാഗങ്ങളിൽ നാരങ്ങാനീരും പഞ്ചസാരയും യോജിപ്പിച്ച് പുരട്ടി അൽപനേരം റബ് ചെയ്യുക. മുഖം കഴുകിയശേഷം അൽപം പാല്‍ പുരട്ടി മസാജ് ചെയ്യുക.

ചൂടും വെയിലുമേറ്റാൽ മുടി വിണ്ടുകീറുമെന്നു പറയുന്നത് ശരിയാണോ?
മുടിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുമ്പോൾ മൃദുത്വവും സ്വാഭാവികതയും നഷ്ടമാകും. മുടി വരണ്ട് വേഗം പൊട്ടിപ്പോകുകയും ചെയ്യും. മുടി വിണ്ടുകീറൽ, നര തുടങ്ങിയ പ്രശ്നങ്ങളും പിന്നാലെ വരും. വേനൽകാലത്തെ മറ്റൊരു പ്രശ്നം പൊടിയാണ്. ചൂടും പൊടിയും മുടിയിഴകളിൽ അടിഞ്ഞിരുന്ന് താരനും തലയിൽ കുരുക്കളും വരാം.
എണ്ണമയം ശിരോചർമത്തിൽ അഴുക്ക് അടിയാൻ കാര ണമാകുമല്ലോ എന്നു കരുതി മുടിയിൽ എണ്ണ തേച്ചുള്ള കുളി ഒഴിവാക്കേണ്ട. തലയിൽ എണ്ണ പുരട്ടി മസാജ് ചെയ്ത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ തേച്ചു കുളിച്ചോളൂ. കണ്ടീഷനറും ഉപയോഗിക്കണം. നനഞ്ഞ മുടിയുമായി പുറത്തേക്കിറങ്ങരുത്. ഈർപ്പമുള്ള മുടിയിലും അഴുക്കും പൊടിയുമടിയും. എന്നാലിനി പതിവായി ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ഉണക്കാമെന്നു കരുതല്ലേ, ഈ ചൂടും ദോഷമാണ്. സ്വാഭാവികരീതിയിൽ തന്നെ മുടി ഉണക്കിയെടുത്താൽ മതി.
ടൂവീലർ ഓടിക്കുന്നവർ മുടി മൊത്തം മൂടുന്ന തരത്തിൽ സ്കാർഫ് കെട്ടിയശേഷം വണ്ടിയോടിക്കുക. വെയിലത്ത് നടക്കേണ്ടി വരുമ്പോൾ കുട ഉപയോഗിക്കാനും ഓർക്കുക.
വേനൽക്കാലത്ത് ലൈറ്റ് മേക്കപ് പോലും ഒാവർ ആയി തോന്നാൻ കാരണം എന്താണ്?
മുറിയിലെ അരണ്ട വെളിച്ചത്തിലിരുന്ന് മേക്കപ് ചെയ്യുമ്പോൾ നോർമലാണെന്നു തോന്നുന്ന മേക്കപ് പുറത്തിറങ്ങുമ്പോൾ ഓവറായി തോന്നാം. അതുകൊണ്ട് ജനാലയ്ക്ക് അരികിൽ, അഭിമുഖമായിരുന്ന് മേക്കപ് ചെയ്യാം.
വെയിലത്ത് തിളങ്ങാൻ മിനിമൽ മേക്കപ് മതി. കോംപാക്റ്റ് മാത്രം ഉപയോഗിച്ചാലും സുന്ദരിയാകാം. ന്യൂഡ് ലിപ്സ്റ്റിക്കും ഐലൈനറിന്റെ ഒരു നേർത്ത വരയും മ സ്കാരയും കൂടിയായാൽ സമ്മർ ബ്യൂട്ടി ആയി. കോംപാക്റ്റ് അണിയും മുൻപ് സൺസ്ക്രീൻ പുരട്ടുകയുമാകാം.
മഴക്കാലത്തു മാത്രമല്ല വേനൽക്കാലത്തും വാട്ടർപ്രൂഫ് മേക്കപ് തന്നെ ഉപയോഗിക്കുക. വിയർത്താലും മേക്കപ് മായില്ല. ഓയിൽ ബേസ്ഡ് മേക്കപ്പിനോടും ബൈ പറഞ്ഞോളൂ. മുഖക്കുരുവും ബ്ലാക് ഹെഡ്സും കൂട്ടും ഇവ.
കൈകാലുകൾക്ക് പ്രത്യേക സംരക്ഷണം വേണോ?
ചർമത്തിനുണ്ടാകുന്ന വരൾച്ച തണുപ്പുകാലത്തെ മാത്രം വില്ലനല്ല. തണുപ്പുള്ള സമയത്ത് ചർമത്തിലേക്ക് വേണ്ടവിധത്തിൽ രക്തം എത്തുന്നില്ലെന്നതാണ് വരൾച്ചയ്ക്കു വഴി വയ്ക്കുന്നതെങ്കിൽ ചൂടുകാലത്ത് ജലാംശം നഷ്ടപ്പെടുന്നതാണ് വരൾച്ചയ്ക്കു കാരണം. കൈകാലുകളിലാണ് വരൾച്ച പ്രശ്നങ്ങൾ അധികമായി കാണുന്നത്. വ രണ്ട ചർമമുള്ളവർ മോയ്സ്ചറൈസർ ക്രീമുകൾ പതിവായി ഉപയോഗിക്കണം. വരൾച ചുണ്ടു പൊട്ടാനും ഇടയാക്കും. ഉമിനീർ കൊണ്ട് ചുണ്ട് നനയ്ക്കുന്നത് പ്രശ്നം രൂക്ഷമാക്കുകയേ ഉള്ളൂ. ലിപ് ബാം പതിവായി ഉപയോഗിക്കണം. ലിപ്സ്റ്റിക് അണിയുന്നവർ എസ്പിഎഫ് 15 എങ്കിലുമുള്ളവ തിരഞ്ഞെടുക്കുക.
ദിവസവും രണ്ടു ലീറ്ററിൽ കുറയാതെ വെള്ളം കുടിക്കണം. കരിക്കിൻ വെള്ളം, ജ്യൂസ്, കഞ്ഞിവെള്ളം, മോരുംവെള്ളം എന്നിവയും കുടിക്കാം.
കോട്ടൻ അല്ലാതെ മറ്റെന്തൊക്കെ വസ്ത്രങ്ങൾ വേനൽക്കാലത്ത് ഉപയോഗിക്കാം?
കേരളത്തിന്റെ പരമ്പാരഗത കൈത്തറി വസ്ത്രമാണ് വേനലിന് ഏറ്റവും യോജിച്ചവ. നേർത്ത തുണി, ഇളം നിറം, ചൂടും വിയർപ്പും ആഗീരണം ചെയ്യും, വായുസഞ്ചാരം വേണ്ടുവോ ളം ലഭിക്കും തുടങ്ങിയ ഗുണങ്ങളും ഇതിനുണ്ട്. ലിനൻ തുണിത്തരങ്ങളും നല്ലതാണ്.
പോളിയസ്റ്റർ, നൈലോൺ പോലുള്ള സിന്തറ്റിക്ക് തുണിത്തരങ്ങള്‍ക്ക് മഴക്കാലം വരെ വിശ്രമം നൽകാം. പ്രകൃതിദത്ത നാരുകൾ കൊണ്ടുള്ളവ മതി വേനലിൽ. ശരീരത്തോട് ചേർന്നു ഇറുകി പിടിച്ചിരിക്കുന്ന ജീൻസും ലെഗ്ഗിൻസുമൊന്നും വേനൽക്കാലത്ത് അത്ര യോജിക്കില്ല. ലോങ് ലൂസ് കുർത്ത വിത് ക്രോപ് പാലാസോ, ക്രോപ് ടോപ് വിത് റാപ്പ് എറൗണ്ട് സ്കർട്ട്... അങ്ങനെ സ്റ്റൈൽസ് ഏറെയുണ്ട് വേനലിൽ തിളങ്ങാൻ.
100% കോട്ടൻ അടിവസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. ഈ ർപ്പമുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കരുത്. ഒരേ സോക്സ് ഒന്നിലധികം ദിവസം അണിയരുത്. കാലുകളിൽ വിയർപ്പ് തങ്ങി നിന്ന് പൂപ്പൽ ബാധയുണ്ടാകും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ജി നന്ദകുമാർ, പ്രഫസർ, പതോളജി, ഗവ.മെഡിക്കൽ കോളജ്, തിരുവനന്തപുരം, അന്ന മോണിക്ക, ബ്യൂട്ടിഷാക്ക് ബ്രൈഡൽ മേക്കപ് സ്റ്റുഡിയോ, പനമ്പിള്ളിനഗർ, കൊച്ചി