Saturday 30 March 2024 04:06 PM IST

‘എയർ ബ്രഷ് മേക്കപ്പും ഗ്ലാസ് സ്കിൻ മേക്കപ്പുമാണ് ഇപ്പോഴത്തെ ട്രെൻഡ്’; വെഡ്ഡിങ് മേക്കപ്പിലെ പെണ്ണിഷ്ടങ്ങൾ

Ammu Joas

Sub Editor

bride5677

മേക്കപ് ആർട്ടിസ്റ്റിന് അടുത്തെത്തുന്ന കല്യാണപ്പെണ്ണിനും ചെക്കനും ആദ്യം പറയാനുള്ളത് ഇതാണ്. ‘മേക്കപ് അധികം വേണ്ട.’ ഇതിനുത്തരമായി മേക്കപ് ആർട്ടിസ്റ്റിനു പറയാനുള്ളതോ, ‘മേക്കപ് മിതമാണോ അമിതമാണോ എന്നു ചിന്തിക്കേണ്ട. മേക്കപ് അണിഞ്ഞിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ ആരും പറയില്ല.’

മേക്കപ് ഓവറാകുന്നതു ‘തിരഞ്ഞെടുപ്പി’ന്റെ പ്രശ്നം കൊണ്ടാണ്. ഫൗണ്ടേഷൻ, ഐ ഷാ‍ഡോ, ലിപ്സ്റ്റിക് എ ന്നിങ്ങനെ മേക്കപ്പിനായി ഉപയോഗിക്കുന്ന നിറങ്ങളുടെ തിരഞ്ഞെടുപ്പു തെറ്റുന്നത്, ഗുണമേന്മയുള്ള മേക്കപ് ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാത്തത്, പരിചയസമ്പന്നരായ മേക്കപ് ആർട്ടിസ്റ്റിനെ തിരഞ്ഞെടുക്കുന്നതിൽ പാളിച്ച സംഭവിക്കുന്നത്, വിവാഹമടുക്കുമ്പോൾ എങ്ങനെയും ചർമപ്രശ്നങ്ങൾ പരിഹരിക്കണമെന്ന ചിന്തയിൽ തെറ്റായ സ്കിൻ ട്രീറ്റ്മെന്റുകൾ തിരഞ്ഞെടുക്കുന്നത്....

ശരിയായ തിരഞ്ഞെടുപ്പിൽ ശ്രദ്ധയൂന്നിയാൽ കല്യാണനാളിൽ ‘സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്നിരുന്നാൽ...’ പാട്ടും പാടി ആരും കണ്ണുവയ്ക്കും വിധം കിടിലൻ കപ്പിൾ ആയി നിൽക്കാം. ഒപ്പം അറിഞ്ഞോളൂ ബ്രൈഡ് – ബ്രൈഡ് ഗ്രൂം മേക്കപ്പിലെ പുത്തൻ വിശേഷങ്ങളും.

ആളെ തന്നെ മാറ്റുന്ന മേക്കപ് മാജിക്കിനോടു പെൺകുട്ടികൾക്ക് യോജിപ്പേയില്ല. തന്റെ ചർമത്തിന്റെ നിറവും ഫേഷ്യൽ ഫീച്ചേഴ്സും എങ്ങനെയാണോ അവയെ മാറ്റിയെടുക്കാതെ തനതു ഭംഗിയിൽ ഹൈലൈറ്റ് ചെയ്യണമെന്നാ ണ് അവരുടെ ആഗ്രഹം. ഒന്നു നിർബന്ധമാണ്, മേക്കപ്പിന് പക്കാ ഫിനിഷിങ് വേണം.

മേക്കപ് ട്രെൻഡ് എന്താണ്?

വെഡ്ഡിങ് മേക്കപ്പിലെ പെണ്ണിഷ്ടങ്ങൾ മാറിക്കൊണ്ടേയിരിക്കും. ഈയടുത്ത കാലത്തായി എയർ ബ്രഷ് മേക്കപ്പും ഗ്ലാസ് സ്കിൻ മേക്കപ്പുമാണ് ട്രെൻഡ്.

എയർ ബ്രഷ് മേക്കപ് : ഭിത്തിയിൽ ബ്രഷ് ഉപയോഗിച്ചു ചായം പൂശുന്നതിലും ഫിനിഷിങ് സ്പ്രേ ചെയ്യുമ്പോൾ ലഭിക്കില്ലേ... അതു തന്നെയാണ് എയർ ബ്രഷ് മേക്കപ്പിന്റെ അടിസ്ഥാനം. മുഖത്തേക്ക് എയർ ബ്രഷ് ഗൺ ഉപയോഗിച്ചു ഫൗണ്ടേഷൻ നേർമയായി സ്പ്രേ ചെയ്യുന്ന രീതിയാണിത്.

ഗ്ലാസ് സ്കിൻ മേക്കപ് : കെ–ബ്യൂട്ടി നാട്ടിൽ ഹരമായതോടെ, ഗ്ലാസ് സ്കിന്നിനോട് മിക്ക പെൺകുട്ടികൾക്കും മോഹമാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനത്തിൽ ആ മോഹത്തിന്റെ തിളക്കം വേണമെന്നും അവർ ആഗ്രഹിക്കുന്നു.

ഗ്ലാസ് മേക്കപ്പിനു വേണ്ടി പ്രത്യേകമായുള്ള പ്രൈമറും ജെല്ലും സെറ്റിങ് സ്പ്രേയുമുണ്ട്. ഇവയാണ് മേക്കപ്പിന് ഗ്ലാസ് തിളക്കം നൽകുന്നത്. ആദ്യം പ്രൈമർ അണിയും. അടുത്തപടിയായി ഫൗണ്ടേഷനുമായി യോജിപ്പിച്ച് ജെൽ അണിയും. ലിക്വിഡ് ബ്ലഷ് ആണ് ഭംഗി. ലിപ് മേക്കപ്പും നനവു തുളുമ്പും വിധം ചെയ്യുന്നതാണു നല്ലത്. അവസാന പടിയായി സെറ്റിങ് സ്പ്രേ കൂടി അണിയാം.  

നോട്ട് ദിസ് മേക്കപ് പോയിന്റ്

ബ്രൈഡൽ മേക്കപ്പിൽ എടുത്തു പറയേണ്ട ഒന്നാണ് ഐ മേക്കപ്. കല്യാണപെണ്ണിന്റെ ഐ മേക്കപ് ഇപ്പോൾ ന്യൂട്രൽ ട്രെൻഡിലാണ്.

∙ ട്രെഡീഷനൽ വേഷമാണെങ്കിൽ പോലും ‘കണ്ണെഴുതുന്ന’ രീതി ഇപ്പോഴില്ല. കണ്ണിനു താഴെ ഇളം ബ്രൗൺ നിറത്തിൽ ഷേഡ് ചെയ്തുകൊടുക്കുകയാണ് പതിവ്. മൂക്കിനൊടു ചേർന്നു വരുന്ന കൺകോണിൽ ഷേഡ് നൽകാതിരിക്കുന്നതും ന്യൂട്രൽ ഐ മേക്കപ്പിന്റെ ഹൈലൈറ്റാണ്. എത്ര ചെറിയ കണ്ണും വിടർന്നു ഭംഗിയായിരിക്കാൻ ഈ മേക്കപ് സഹായിക്കും.

∙ ചർമത്തിന്റെ നിറത്തോടു ചേർന്നു നിൽക്കുന്ന ഐ ഷാഡോ ആണ് അണിയുക. തിളക്കത്തിനായി ഉപയോഗിക്കുന്ന ഷിമ്മർ പോലും സ്കിൻ ടോണിനോടു ചേർന്നു നിൽക്കും. അപ്പോൾ കണ്ണുകള്‍ കൂടുതൽ മിഴിവുറ്റതാകും.

∙ കണ്ണിനഴകു നേടാൻ കൃത്രിമ കൺപീലികൾ നിർബന്ധമല്ല. അത്യാവശ്യം കട്ടിയുള്ള കൺപീലിയാണെങ്കിൽ ലാഷ് പ്രൈമറും മസ്കാരയും തന്നെ ധാരാളം.

∙ വീതിയുള്ള പുരികമാണ് ഭംഗി. അത് എത്ര സ്വാഭാവികതയോടെ ഇരിക്കുന്നുവോ മുഖം അത്രമേൽ തെളിച്ചമുള്ളതാകും. പുരികം ആകൃതിയിൽ വരച്ചു ഷേഡ് ചെയ്യുന്ന രീതി മാറി.  ഐ ബ്രോ ജെൽ ഉപയോഗിച്ചു പുരികം ഭംഗിയാക്കിയാല്‍ ഇടതൂർന്ന വീതിയുള്ള പുരികം പലർക്കും നേടാനാകും.

∙ ഐ മേക്കപ് പൂർത്തിയാക്കിയ ശേഷം ഫൗണ്ടേഷനും മറ്റും അണിയുകയാണ് മേക്കപ്പിനു ഫിനിഷിങ് കിട്ടാൻ നല്ലത്. മുഖത്ത് പ്രൈമർ അണിഞ്ഞശേഷം കണ്ണുകൾ സുന്ദരമാക്കാം. ഐ മേക്കപ് ചെയ്യുമ്പോൾ ഐ ഷാഡോയും മസ്കാരയുമൊക്കെ മുഖത്തേക്കു വീഴാം. ഫൗണ്ടേഷൻ അണിയും മുൻപാകുമ്പോൾ ഇവ തുടച്ചുകളഞ്ഞ ശേഷം ഫൗണ്ടേഷൻ ഭംഗിയായി അണിയാം.

കല്യാണമുറപ്പിച്ചാൽ ഒരുങ്ങിക്കോളൂ

∙ ചർമത്തിന്റെ നിറം ഒരേ ടോണിലാക്കാൻ പരിചരണം തുടങ്ങാം. സൺടാനും പിഗ്‌മന്റേഷനും അകറ്റിനിർത്തിയാൽ തന്നെ ചർമത്തിന്റെ പാതി പ്രശ്നം അവസാനിച്ചു.

∙ ഹൈഡ്രേഷൻ നൽകുന്ന സ്കിൻ ട്രീറ്റ്മെന്റുകൾ ചെയ്യുന്നതു ചർമത്തിന്റെ ആരോഗ്യം വർധിപ്പിക്കും.

∙ ബ്ലാക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവ അകറ്റി നിർത്തുകയും വേണം.

വിവരങ്ങൾക്കു കടപ്പാട് : ജീന, സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ്, ഹെയർ അഫയർ യൂണിസെക്സ് സലോൺ, കൊച്ചി

Tags:
  • Glam Up
  • Beauty Tips