Wednesday 17 April 2024 03:45 PM IST : By സ്വന്തം ലേഖകൻ

‘ചർമത്തെ മൃദുലമാക്കാന്‍ കാരറ്റ് മാസ്ക്, ചുളിവുകൾ ഇല്ലാതാകാന്‍ ഗോതമ്പ് മുളപ്പിച്ചത്’: ചില നാടന്‍ സൗന്ദര്യ പായ്ക്കുകള്‍ ഇതാ..

carrot677788

ചർമ സൗന്ദര്യത്തിന് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു പകരം അടുക്കളയിൽ ലഭ്യമായിട്ടുള്ള നിത്യോപയോഗ സാധനങ്ങള്‍ ഉപയോഗിച്ചാല്‍ മതിയാകും. ചില നാടന്‍ സൗന്ദര്യ പായ്ക്കുകള്‍ ഇതാ..

∙ കണ്ണിനെ കാക്കും ഉപ്പ്

നേരിയ ഉപ്പു ചേർത്ത ഇളം ചൂടുവെള്ളത്തിൽ കണ്ണ് കഴുകുന്നത് തിളക്കം നന്നായി വർധിപ്പിക്കും. ഒരു ടേബിൾ സ്പൂൺ ഉപ്പും ഇളം ചൂടുവെള്ളവും ചേർത്ത ലായനിയിൽ മുക്കിയ കോട്ടൺ ഐപാഡായി ഉപയോഗിച്ചാൽ കണ്ണിന്റെ ക്ഷീണം അകലും. ഉപ്പു ലായനിയിൽ കാലുകൾ മുക്കിവയ്ക്കുന്നത് കാലുകളുടെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കും.

∙ ഗോതമ്പ് മുളപ്പിച്ചത്

മുളപ്പിച്ച ഗോതമ്പ് അരച്ച് കുഴമ്പു രൂപത്തിൽ ചർമത്തിൽ പുരട്ടിയാൽ ചുളിവുകൾ ഇല്ലാതാകും. ഗോതമ്പിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കുന്നു.

∙ കാരറ്റ്

ചർമാരോഗ്യത്തിന്റെ പ്രധാന ഘടകമായ വിറ്റാമിൻ എയുടെ കലവറയാണ് ക്യാരറ്റ്. വരണ്ടതും സെൻസിറ്റീവുമായ ചർമത്തെ സുഖപ്പെടുത്താൻ കാരറ്റ് സഹായിക്കുന്നു. കുറച്ചു വെള്ളത്തിൽ ക്യാരറ്റ് നന്നായി വേവിച്ചെടുക്കുക. തണുപ്പിച്ച ശേഷം ഉ‌ടച്ച് പൾപ്പാക്കി മാസ്ക് രൂപത്തിൽ മുഖത്ത് പുരട്ടുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിയാൽ മുഖം ഫ്രഷ് ആകുമെന്നു മാത്രമല്ല ചർമ്മം മൃദുവാകും.

∙ മുട്ട

മുട്ടകൊണ്ട് മുഖത്തിന് ഉണർവ് നൽകാം. പച്ചമുട്ട പൊട്ടിച്ച് പതപ്പിച്ച് മാസ്ക് പോലെ മുഖത്തിലും കഴുത്തിനും പത്ത് മിനിറ്റുനേരം തേച്ചു പിടിപ്പിക്കുക ശേഷം വെള്ളമുപയോഗിച്ച് കഴുകുക. ക്ഷീണം തോന്നുന്ന ദിവസങ്ങളിൽ ഇത് പരീക്ഷിച്ചു നോക്കൂ മാറ്റം അനുഭവിച്ചറിയാം. മുട്ടയുടെ വെള്ള അതിശയിപ്പിക്കുന്ന ക്ലെൻസർ കൂടിയാണ്.

∙ തേയില

കണ്ണുകളുടെ സംരക്ഷണത്തിന് തേയിലപ്പൊടിയും ഉത്തമമാണ്.തണുത്ത തേയില വെള്ളത്തിൽ മുക്കിയ കോട്ടൺ കണ്ണുകൾക്ക് മുകളിൽ വെച്ചാൽ കണ്ണുകളുടെ ക്ഷീണമകലും. ഷാംപൂ ഉപയോഗിച്ചതിനുശേഷം മുടി കഴുകുവാനായി തിളപ്പിച്ചാറിച്ച തേയില വെള്ളം ഉപയോഗിച്ചാൽ അത് താരനെ തടഞ്ഞ് മുടിയുടെ തിളക്കവും വർധിപ്പിക്കും.

∙ പപ്പായ

നിരവധി ധാതുക്കളും പ്രോട്ടീൻസും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പായയിലെ എൻസൈമുകൾ മൃതചർമത്തെ അകറ്റി ചർമ്മത്തെ സുന്ദരമാക്കുന്നു. പപ്പായയുടെ പൾപ്പ് നല്ലൊരു ഫേയ്സ് മാസ്ക്ക് കൂടിയാണ്. സൗന്ദര്യ കാര്യത്തിൽ മാത്രമല്ല ആരോഗ്യ കാര്യത്തിലും കേമനാണ് പപ്പായ. കരളിലെ കൊഴുപ്പിനെ ഇല്ലാതാക്കി കരൾ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ട്.

∙ തൈര്

പ്രകൃതിദത്ത ക്ലെൻസറാണ് തൈര്. തണുത്തവെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കിയ ശേഷം തൈര് മുഖത്തു പുരട്ടുക ഇരുപതു മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി ഉണങ്ങിയ ടൗവൽ കൊണ്ട് മുഖം ഒപ്പുക. മുഖത്തെ എണ്ണമയവും കറുത്തപാടുകളും അകലും.

Tags:
  • Glam Up
  • Beauty Tips