Wednesday 02 September 2020 03:48 PM IST

പാദങ്ങൾക്ക് അഴകേകും ചോക്‌ലേറ്റ് ഫൂട്ട് മാസ്ക്; ഭംഗി എന്നെന്നും നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

Chaithra Lakshmi

Sub Editor

chocolate-foot-mask3345566

പാദങ്ങളിലെ ചർമത്തിന്റെ മൃദുലത കുറയുന്നതും തിളക്കം നഷ്ടപ്പെടുന്നതും പലരും ശ്രദ്ധിക്കാറില്ല. വരണ്ട ചർമത്തിന്റെ ഭംഗി നഷ്ടപ്പെട്ട് പാദങ്ങൾ വിണ്ട് കീറാൻ തുടങ്ങുമ്പോഴാണ് ഇത്രയും കാലം പാദങ്ങൾക്ക് വേണ്ട പരിചരണം നൽകിയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കുക. പാദങ്ങളുടെ ഭംഗി എന്നെന്നും നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ..

∙ പതിവായി പാദങ്ങൾ വൃത്തിയാക്കാൻ മറക്കരുത്. ദിവസവും കുളിക്കുമ്പോൾ കാലുകൾ ഫൂട്ട് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുക. 

∙ കിടക്കുന്നതിന് മുൻപ് ഫൂട്ട് ക്രീം പുരട്ടുനന്നത് പാദങ്ങളുടെ മൃദുത്വവും ഭംഗിയും നിലനിർത്താൻ സഹായിക്കും. പാദങ്ങളുടെ അടിയിലെ ചർമത്തിൽ പതിവായി മോയ്സ്ചറൈസിങ് ക്രീം പുരട്ടിയാൽ ചർമം വിണ്ടുകീറുന്നത് തടയാം. നഖങ്ങളുടെ അഴകിന് ക്യൂട്ടിക്കിൾക്രീം പുരട്ടുക. ഇത് നഖങ്ങൾ െപാട്ടിപ്പോകുന്നത് തടയാൻ നല്ലതാണ്.

∙ ഒരു ബക്കറ്റിൽ കാൽ ഭാഗം വെള്ളം നിറയ്ക്കുക. ഇതിൽ ഒരു നാരങ്ങയുടെ നീര് ഒഴിക്കണം. പാദങ്ങൾ ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. പതിനഞ്ച് മിനിറ്റിന് ശേഷം പാദങ്ങൾ കഴുകി നനവ് ഒപ്പി മാറ്റുക. ഇതിനുശേഷം മോയ്സ്ചറൈസിങ് ക്രീം പുരട്ടണം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യുന്നത് ചർമത്തിന്റെ തിളക്കമേറാൻ നല്ലതാണ്.

∙ കാലുകളിലെ ചർമത്തിന്റെ അഴക് വർധിപ്പിക്കാൻ ആഴ്ചയിൽ ഒരിക്കൽ ചോക്‌ലേറ്റ് ഫൂട്ട് മാസ്ക് അണിയാം. അര വലിയ സ്പൂൺ കൊക്കോ പൗഡറിൽ സമം തേൻ, ഒരു ചെറിയ സ്പൂൺ ഓട്സ് പൊടിച്ചത്, രണ്ട് വലിയ സ്പൂൺ തേങ്ങാപ്പാൽ ഇവ ചേർത്തു മിശ്രിതമാക്കണം.  ഈ കൂട്ട് കാലുകളിൽ പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞ് ഇളംചൂട് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ഇതിന് ശേഷം കാലുകളിൽ മോയ്സ്ചറൈസിങ് ക്രീം പുരട്ടണം. 

∙ നന്നായി പഴുത്ത ഏത്തപ്പഴം ഉടച്ചെടുത്തതിൽ ഒരു വലിയ സ്പൂൺ കറ്റാർവാഴയുടെ ഉള്ളിലെ ജെൽ, ഒരു ചെറിയ സ്പൂൺ ഒലീവെണ്ണ, ഒരു നുള്ള് ഉപ്പ് ഇവ ചേർക്കുക. ഈ കൂട്ട് കാലുകളിൽ പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞ് കഴുകി വൃത്തിയാക്കാം. നനവ് ഒപ്പി മാറ്റിയശേഷം മോയിസ്ചറൈസിങ് ക്രീം പുരട്ടണം. 

Tags:
  • Glam Up
  • Beauty Tips