Saturday 11 March 2023 03:20 PM IST : By സ്വന്തം ലേഖകൻ

‘സെൻസിറ്റീവ് ചർമമുള്ളവർക്ക് മഞ്ഞൾ യോജിക്കില്ല; പാച് ടെസ്റ്റ് നടത്തിയ ശേഷമേ ഇവ മുഖത്തു പുരട്ടാവൂ..’: ക്ലീൻ ബ്യൂട്ടി റുട്ടീൻ പിന്തുടരുമ്പോൾ...

turmeric55778ppppp

പ്രകൃതിദത്തമായ സൗന്ദര്യവർധക വസ്തുക്കൾ മാത്രം ഉപയോഗിക്കുന്ന ക്ലീൻ ബ്യൂട്ടി റുട്ടീൻ പിന്തുടരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മിന്നിത്തിളങ്ങുന്ന ചർമം മോഹിച്ചു കയ്യിൽ കിട്ടുന്നതെന്തും വാങ്ങി പരീക്ഷിക്കുന്നുണ്ടോ? അഴകിനു വേണ്ടി മുഖത്തും മുടിയിലുമെല്ലാം പുരട്ടുന്നതു ഹാനികരമായ വസ്തുക്കളാണെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വരെ കാരണമായേക്കാം. ചർമത്തിനോ മുടിക്കോ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാത്ത സൗന്ദര്യവർധകവസ്തുക്കളാണ് ഇതിനു പരിഹാരം.

ഇത്തരം പ്രകൃതിദത്തമായ സൗന്ദര്യവർധക വസ്തുക്കൾ മാത്രം ഉപയോഗിക്കുന്ന രീതിയാണ് ക്ലീൻ ബ്യൂട്ടി റുട്ടീൻ. പ്രമുഖ ബ്രാൻഡുകൾ വരെ ഈ ട്രെൻഡ് പിന്തുടർന്നു ഹാനികരമായ ഘടകങ്ങളില്ലെന്ന ക്ലീൻ ലേബലുമായി ഉൽപന്നങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്.

ചർമത്തിനും പ്രകൃതിക്കും

സെൻസിറ്റീവ് ചർമമുള്ളവരാണു മുൻപ്  ക്ലീൻ ബ്യൂട്ടി റൂട്ടീൻ പിന്തുടർന്നതെങ്കിൽ സൗന്ദര്യവർധക വസ്തുക്കളിലടങ്ങിയ  ചില ഘടകങ്ങൾ ആരോഗ്യത്തിനു ദോഷകരമാണെന്ന തിരിച്ചറിവാണു പലരെയും ക്ലീൻ ബ്യൂട്ടി റൂട്ടീൻ ആരാധകരാക്കി മാറ്റിയത്.

സൗന്ദര്യവർധകവസ്തുക്കളിലടങ്ങിയ സൾഫേറ്റ്, പാരബെൻ, ട്രൈക്ലോസാൻ, ടാൽക്, ലെഡ്, പിഇജി, ഫോർമൽ ഡിഹൈഡ് തുടങ്ങിയവ ഗുരുതരമായ രോഗങ്ങൾക്കു വരെ കാരണമാകുമെന്നാണു പഠനങ്ങൾ പറയുന്നത്.

സൗന്ദര്യവർധക വസ്തുക്കളിലടങ്ങിയ ഫ്രാഗ്രൻസ് എന്ന ഘടകം ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കും ചർമപ്രശ്നങ്ങൾക്കും കാരണമാകും. ഗർഭസ്ഥശിശുക്കളെ വരെ ഇതു ദോഷകരമായി ബാധിക്കാം. നിലവാരം കുറഞ്ഞ ഫ്രാഗ്രൻസ് ഉപയോഗിക്കുന്നതു കൂടുതൽ ദോഷകരമാണ്.

പാരബെൻ എന്ന ഘടകം േഹാർമോൺ നിലയെ ബാധിക്കാൻ ഇടയാക്കുമെന്നാണു പഠനങ്ങൾ തെളിയിക്കുന്നത്. ടാൽക് എന്ന ഘടകം ഓവേറിയൻ കാൻസറിനു വരെ കാരണമായേക്കാം. ഇത്തരം േദാഷകരമായ ഘടകങ്ങൾ ഒഴിവാക്കുകയാണ് ക്ലീൻ ബ്യൂട്ടി റൂട്ടീന്റെ ലക്ഷ്യം.

േഹാംമേയ്ഡ്, ഹെർബൽ എന്ന പേരിലുണ്ടാക്കുന്ന സൗന്ദര്യവർധകവസ്തുക്കളിലും ഇത്തരം ദോഷകരമായ ഘടകങ്ങളുടെ സാന്നിധ്യമുണ്ടായേക്കാം. അതുകൊണ്ടു കൃത്യമായി വിലയിരുത്തിയ ശേഷം മാത്രം ഇവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ലാളിത്യമാണു ക്ലീൻ ബ്യൂട്ടി റുട്ടീനിൽ പ്രധാനം. ജീവജാലങ്ങൾക്കും ഭൂമിക്കും സുരക്ഷിതമായത് എന്നാണ് ‘ക്ലീൻ ’ എന്നതുകൊണ്ട് അർഥമാക്കുന്നത്.

വിപണിയിൽ ലഭിക്കുന്ന ഉൽപന്നങ്ങൾ മാത്രമല്ല, പ്രകൃതിദത്തമായ സൗന്ദര്യക്കൂട്ടുകളും പാർശ്വഫലങ്ങളുണ്ടാക്കിയേക്കാം. അതുകൊണ്ട് ക്ലീൻ ബ്യൂട്ടി റൂട്ടീൻ പിന്തുടരുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

∙ ഓേരാരുത്തരുടെയും ചർമത്തിന് ഇണങ്ങുന്ന സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കണം.  ചർമത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന ഉൽപന്നങ്ങൾ ഒഴിവാക്കുക. ഇതിനായി വാങ്ങുന്ന ഉൽപന്നത്തിലെ ഘടകങ്ങൾ ഏതെല്ലാമെന്നു വിലയിരുത്തി തങ്ങൾക്കു യോജിച്ചതാണോ എന്ന് ഉറപ്പു വരുത്തണം. ഇതിനായി ചർമരോഗവിദഗ്ധരുടെ അഭിപ്രായവും തേടാം.

∙  സെൻസിറ്റീവ് ചർമമുള്ളവരിൽ പെട്ടെന്ന് അസ്വസ്ഥത പ്രകടമാകാനിടയുണ്ട്. പാച് െടസ്റ്റ് ചെയ്ത ശേഷം സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുന്നതാണു നല്ലത്. ചെവിയുടെ പിന്നിൽ മുഖത്തെ അതേ ചർമമാണ്. ഈ ഭാഗത്തു സൗന്ദര്യവർധകവസ്തുക്കൾ പുരട്ടി 24 മണിക്കൂർ കഴിയുമ്പോഴും അലർജി ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ മാത്രം മുഖത്ത് ഉപയോഗിക്കുക.

പ്രകൃതിദത്തമായവ ഉപയോഗിക്കുമ്പോഴും ചർമത്തിനു പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തണം. സെൻസിറ്റീവ് ചർമമുള്ളവർക്ക് മഞ്ഞൾ യോജിക്കില്ല. ചിലരുടെ ചർമത്തിനു രക്തചന്ദനം പ്രശ്നമുണ്ടാക്കും. പാച്  ടെസ്റ്റ് ചെയ്തു നോക്കി പ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമേ ഇവ മുഖത്തു പുരട്ടാവൂ.

 ∙ ഡ്രഗ് ആൻഡ് കോസ്മെറ്റിക് റൂൾ 134 ഷെഡ്യൂൾ ക്യു പ്രകാരവും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡ്സ് അനുസരിച്ചുമുള്ള നിറങ്ങൾ മാത്രമേ സൗന്ദര്യവർധക വസ്തുക്കളിൽ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിയമമുണ്ട്. നിറങ്ങൾ രണ്ടു രീതിയിലുണ്ട്. പ്രകൃതിദത്തമായവയും സിന്തറ്റിക് നിറങ്ങളും. പ്രകൃതിദത്തമായവ ഉപയോഗിക്കുന്നതാണു കൂടുതൽ സുരക്ഷിതം.

∙ േഹാംമെയ്ഡ്, ഹെർബൽ തുടങ്ങിയ ലേബൽ ഉള്ളവ ഗുണമേന്മയുള്ളവയാണോയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഉൽപന്നങ്ങളിൽ എന്തെല്ലാം അടങ്ങിയിട്ടുണ്ടെന്ന് അറിയേണ്ടത് ഉപയോക്താവിന്റെ അവകാശമാണ്. ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തിയ ശേഷം മാത്രം ഉൽപന്നം വാങ്ങുന്നതാണു നല്ലത്.

∙ പ്രകൃതിദത്തമായ സൗന്ദര്യവർധക വസ്തുക്കൾക്കു ഫ ലം കുറവാണെന്നതു തെറ്റിധാരണയാണ്. ദീർഘകാല ഉ പയോഗത്തിനു പ്രകൃതിദത്തമായ ചേരുവകളുള്ള ഉൽപന്നങ്ങളാണ് ഉത്തമം. ഇവ നൽകുന്ന അഴക് ഏറെനാൾ നിലനിൽക്കും. രാസവസ്തുക്കൾ ചേർന്ന ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരിൽ കാണുന്ന തലവേദന പോലെയുള്ള പ്രശ്നങ്ങൾ അകലും എന്ന പ്രയോജനവുമുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ ഓർഗാനിക് ആയ ഉൽപന്നങ്ങൾ അധികം പൊടിയില്ലാത്ത സ്ഥലങ്ങളിൽ വായു കടക്കാത്ത ടിന്നുകളിൽ അടച്ചു സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

∙ നനഞ്ഞ കൈ കൊണ്ട് ഓർഗാനിക് ഉൽപന്നങ്ങളിൽ സ്പർശിക്കരുത്. ഫംഗൽ ബാധ ഉണ്ടായി കേടാകാൻ സാധ്യതയുണ്ട്. ലിപ് ബാം പോലെ എണ്ണയടങ്ങിയ ഉൽപന്നങ്ങളിൽ ജലാംശം തെല്ലും കലരാൻ പാടില്ല. നനഞ്ഞ കൈ കൊണ്ടു തൊട്ടാൽ ഇവ പെട്ടെന്നു കേടാകാം.

∙ പിത്തപ്രകൃതമുള്ളവരുടെ ചർമം സെൻസിറ്റീവ് ആയതിനാൽ ശരീരത്തിൽ ചൂടുണ്ടാക്കുന്ന ചേരുവകൾ യോജിക്കില്ല. ഇത്തരക്കാർ വയമ്പ്, കൊട്ടം, ജാതിക്ക തൊലി തുടങ്ങിയ ചേരുവകൾ അടങ്ങിയ ഉൽപന്നങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്. ഇവ ചർമപ്രശ്നങ്ങൾക്കു കാരണമാകാം.

∙ കുഞ്ഞുങ്ങളുടെ ചർമം മൃദുലവും സെൻസിറ്റീവുമാണ്.  വെളിച്ചെണ്ണ േപാലെയുള്ള പ്രകൃതിദത്തമായ ഘടകങ്ങളിൽ നിർമിച്ചതും ഹാനികരമായ ഘടകങ്ങൾ അടങ്ങാത്തതുമായ ഉൽപന്നങ്ങളാണു കുഞ്ഞുങ്ങളുടെ ചർമത്തിന് ഉത്തമം. സോപ്പ് ബേസ് വാങ്ങി തയാറാക്കുന്ന സോപ്പ് കുഞ്ഞുങ്ങളുടെ ചർമത്തിനു പ്രശ്നമുണ്ടാക്കാം. കോൾഡ് പ്രോസസ്ഡ്, ഹോട്ട് പ്രൊസസ്ഡ് രീതികളിൽ നിർമിക്കുന്ന സോപ്പാണു കുഞ്ഞുങ്ങളുടെ ചർമത്തിന് ഉത്തമം.  

∙ ഹെർബൽ, േഹാംമെയ്ഡ് എന്ന് അവകാശപ്പെടുന്ന ഉ ൽപന്നങ്ങൾ നൂറു ശതമാനം ഓർഗാനിക് ആകണമെന്നില്ല. കേടാകാതിരിക്കാൻ ഇവയിൽ പ്രിസർവേറ്റീവ്സ് ചേർക്കുന്നുണ്ടാകാം. ക്ലീൻ ബ്യൂട്ടി റുട്ടീൻ പിന്തുടരുന്നവർ ഇ തേക്കുറിച്ചു കൃത്യമായി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്.  

∙ കേടാകാതിരിക്കാൻ പ്രിസർവേറ്റീവ്സ് പോലെയുള്ള ഘടകങ്ങൾ ഇല്ലാത്ത ഓർഗാനിക് ഉൽപന്നങ്ങൾക്കു പൊതുവെ കാലാവധി കുറവായിരിക്കും. ഇവ നിശ്ചിത കാലത്തിനുള്ളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ആറു മാസം മുതൽ ഒരു വർഷം വരെയാകാം കാലാവധി. ഇതു കൃത്യമായി നോക്കി മാത്രം ഉൽപന്നങ്ങൾ ഉപയോഗിക്കുക. കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ചർമത്തിനു ദോഷമാണ്.

∙ രാത്രിയിൽ സൗന്ദര്യവർധക വസ്തുക്കൾ നീക്കം ചെയ്തു ചർമം വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങുക.

∙ നന്നായി വെള്ളം കുടിക്കുന്നതും  ക്ലീൻ ബ്യൂട്ടി റുട്ടീന്റെ ഭാഗമാണ്. ദിവസം രണ്ടു – മൂന്നു ലീറ്റർ വെള്ളം കുടിക്കണം.

അഞ്ചു ഗ്ലാസ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ വീതം അയമോദകം, ജീരകം, അര ചെറിയ സ്പൂൺ വീട്ടിൽ പൊടിച്ച ശുദ്ധമായ മഞ്ഞൾപൊടി ഇവ ചേർക്കുക.  ഒരു വലിയ കഷണം ഇഞ്ചി ചതച്ചത് നീരോടെ ചേർക്കണം. ഇതു നന്നായി തിളപ്പിച്ചു നാലു ഗ്ലാസ് വെള്ളമാകുന്ന പരുവത്തിൽ വാങ്ങണം. ഈ വെള്ളം ഇടയ്ക്കിടെ കുടിക്കാം.

സോപ്പ് ഉണ്ടാക്കുമ്പോൾ

Melt and pour സോപ്പ് ബേസ് വാങ്ങുമ്പോൾ ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. ഇതു യഥാർഥത്തിൽ ഗന്ധമോ നിറമോ ഇല്ലാത്ത സോപ്പ് ത ന്നെയാണ്. ഇതിൽ നമുക്ക് ഇഷ്ടമുളള നിറവും ഗന്ധവും ചേർക്കാം. പലരും പപ്പായ, കറ്റാർവാഴ തുടങ്ങിയവ അരച്ചു ചേർക്കാറുണ്ട്. ഇതു തെറ്റായ രീതിയാണ്. ഇങ്ങനെ ഫ്രഷ് ആയവ ചേർത്താ ൽ ഫ്രിജിൽ വച്ച് ഒരു ദിവസം കൂടിയേ ഉപയോഗിക്കാൻ പാടുള്ളൂ. തുടർന്നും ഉപയോഗിച്ചാൽ ചർമത്തിനു പ്രശ്നമുണ്ടാകാം.

ഫ്രഷ് ആയവയ്ക്കു പകരം ഉണങ്ങിയ പൊടികളാണ് ചേർക്കേണ്ടത്. ബീറ്റ്റൂട്ട് പോലെയുള്ള പച്ചക്കറികളും പപ്പായ പോലെയുള്ള പഴങ്ങളും തുളസി, ആര്യവേപ്പില തുടങ്ങിയവയും ഉണക്കിപ്പൊടിച്ചു ചേർക്കാം. കറുവാപ്പട്ട പോലെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ പൊടി ഒഴിവാക്കുന്നതാണു നല്ലത്. ഇവ ചർമത്തിന് അസ്വസ്ഥതയുണ്ടാക്കാം എന്നതുകൊണ്ടാണിത്.  

ശരിയായ രീതിയിൽ എണ്ണ ഉപയോഗിച്ചു പ്രോസസ്ഡ്, ഹോട്ട് പ്രോസസ്ഡ് രീതികളിൽ തയാറാക്കുന്ന ഹാൻഡ്മെയ്ഡ് സോപ്പ് ചർമത്തിന് അസ്വസ്ഥതയുണ്ടാക്കില്ല.   

തിളക്കമേകും കൂട്ട്

∙ ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത നീരിൽ രണ്ടു ചെറിയ സ്പൂൺ തേൻ ചേർത്തു മുഖത്തു പുരട്ടുക. 20 മിനിറ്റ് കഴിഞ്ഞു ചർമം കഴുകി വൃത്തിയാക്കണം.

∙ ഒരു ചെറിയ സ്പൂൺ നാരങ്ങാനീരിൽ  അര  ചെറിയ സ്പൂൺ കസ്തൂരിമഞ്ഞൾ, ഒരു നുള്ള് ഉപ്പ് ഇവ േചർത്തു മുഖത്തു പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞു കഴുകാം. ചർമത്തിനു തിളക്കമേറും.

വിവരങ്ങൾക്കു കടപ്പാട്: േഡാ. ശാലിനി ആർ. മെഡിക്കൽ ഓഫിസർ, ഗവ. ആയുർവേദ ആശുപത്രി, പോരുവഴി, കൊല്ലം. ലക്ഷ്മി ശ്രീനാഥ്, ഓണർ ആൻഡ് ഫൗണ്ടർ, ഹെർബൽ സൂത്രാസ് എൽഎൽപി, എറണാകുളം

Tags:
  • Glam Up
  • Beauty Tips