Saturday 05 March 2022 03:01 PM IST

കട്ടിത്തേങ്ങാപ്പാലിൽ കറ്റാർവാഴ ചേർത്ത മാജിക്; നാളികേരത്തിൽ നിന്ന് ഉണ്ടാക്കാം ഉഗ്രൻ സൗന്ദര്യക്കൂട്ടുകൾ

Ammu Joas

Sub Editor

coconut-beauty6677

ചർമം വരണ്ടാൽ തേങ്ങാപ്പിണ്ണാക്ക് തേച്ചു കുളിക്കാൻ പറയുമായിരുന്നു പണ്ടു മുത്തശ്ശിമാർ. ക റിയുണ്ടാക്കാൻ തേങ്ങ ചുരണ്ടുമ്പോൾ അതില്‍ നിന്ന് അൽപമെടുത്ത് പിഴിഞ്ഞ് മുഖത്തു പുരട്ടും. കുഞ്ഞുവാവയെ തേച്ചു കുളിപ്പിക്കാൻ തലമുറകളായി ഉപയോഗിക്കുന്നത് തേങ്ങാ വെന്ത വെളിച്ചെണ്ണയാണ്. ചർമത്തിന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും തേങ്ങയ്ക്ക് വളരെയേറെ പങ്ക് ഉണ്ടെന്നതിന് വേറെന്തു തെളിവു വേണം?

ചർമത്തിന്റെ ആരോഗ്യത്തിനു വേണ്ട വൈറ്റമിനും മിനറൽസും ധാരാളം അടങ്ങിയിട്ടുണ്ടെന്ന് മാത്രമല്ല, ചർമത്തിൽ ജലാംശം നിലനിർത്താനും സഹായിക്കും. ആന്റി മൈക്രോബിയൽ ഗുണങ്ങളുള്ളതിനാൽ ചർമപ്രശ്നങ്ങളും പരിഹരിക്കും. സൗന്ദര്യം കൂട്ടാൻ കോക്കനട്ടിനെ കൂട്ടുപിടിക്കാം.

മുടിക്ക് കണ്ടീഷനർ

കണ്ടീഷനർ മാറി മാറി ഉപയോഗിച്ചിട്ടും മുടി ചകിരി പോലെ പറന്നു കിടക്കുകയാണോ? തേങ്ങാപ്പാൽ ഉപയോഗിച്ച് തയാറാക്കാം രണ്ടു കിടിലൻ കണ്ടീഷനറുകൾ. മുടിയുടെ വളർച്ചയ്ക്കും നല്ലതാണ് തേങ്ങാപ്പാൽ.

∙ ഒരു കപ്പ് കട്ടിത്തേങ്ങാപ്പാലിൽ കാൽ കപ്പ് കറ്റാർവാഴ ജെൽ ചേർത്ത് യോജിപ്പിക്കുക. ഇതിൽ രണ്ട്  വൈറ്റമിൻ ഇ കാപ്സ്യൂൾ പൊട്ടിച്ചൊഴിക്കുക. മുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം ക ഴുകിക്കളയാം.

∙ നാലു വലിയ സ്പൂൺ വെളിച്ചെണ്ണ, ഒരു വലിയ സ്പൂൺ ഹൊഹോബ ഓയിൽ, ഒരു വലിയ സ്പൂൺ ആർഗൻ ഓയിൽ, നാലു തുള്ളി ലാവൻഡർ ഓയിൽ എ ന്നിവയിൽ അഞ്ചു വലിയ സ്പൂൺ കട്ടിത്തേങ്ങാപ്പാൽ ചേർത്തു യോജിപ്പിക്കുക. ഷാംപൂ ചെയ്തശേഷം നനഞ്ഞ മുടിയിലേക്ക് ഇതു സ്പ്രേ ചെയ്യാം. പിന്നെ, മുടി കഴുകേണ്ടതില്ല. ഫ്രിജിൽ വച്ച് ഒരു മാസം വരെ ഉപയോഗിക്കാം ഈ കണ്ടീഷനർ.

കളയാൻ വരട്ടെ

സെൻസിറ്റീവ് ചർമമുള്ളവർക്ക് യോജിച്ച മോയിസ്ചറൈസറാണ് തേങ്ങാ വെന്ത വെളിച്ചണ്ണ. തേങ്ങാപ്പാൽ ചൂടാക്കിയാണ് ഇത് തയാറാക്കുന്നത്. എണ്ണ അരിച്ചെടുത്തു കഴിയുമ്പോൾ പാത്രത്തിൽ തേങ്ങാമട്ട് അടിയും. ഇതു കളയേണ്ട. ഇതിലേക്ക് ഉപ്പ് ചേർത്ത് ശരീരമാകെ മസാജ് ചെയ്യാം. മൃതകോശങ്ങൾ അകലും, ചർമം തിളങ്ങും.

പാൽ പിഴി‍ഞ്ഞെടുത്തശേഷം ബാക്കി വരുന്ന തേങ്ങാപ്പീരയും ബോഡി സ്ക്രബ് ആക്കി മാറ്റാം. ഒരു തക്കാളി മിക്സിയിൽ അടിച്ചെടുത്തതിൽ അരക്കപ്പ് തേങ്ങാപ്പീര ചേർത്തെടുത്ത് മുഖവും ശരീരവും സ്ക്രബ് ചെയ്യാം. സെൻസിറ്റീവ് ചർമമുള്ളവർക്ക് യോജിച്ചതാണ് ഈ സ്ക്രബ്.

ചിരട്ടയിൽ നിന്നു ചാർക്കോൾ

ചർമത്തിലെ അഴുക്കും പൊടിയും നീക്കാനും തിളക്കം നൽകാനും ചാർക്കോൾ വളരെ നല്ലതാണ്. പണം അധികം മുടക്കി ചാർക്കോൾ ഫെയ്സ്പാക് വാങ്ങേണ്ട, ചിരട്ടയുപയോഗിച്ച് തയാറാക്കാം ചാർക്കോൾ പൗഡർ. ചിരട്ടയുടെ ഉൾഭാഗവും പുറവും നന്നായി വൃത്തിയാക്കുക. ചിരട്ട ഗ്യാസ് അടുപ്പിലോ വിറകടുപ്പിലോ വച്ചു തീ പിടിപ്പിച്ചശേഷം മൺപാത്രത്തിൽ വച്ച് കത്തിക്കുക. ചിരട്ട കത്തി കനലായി മാറിക്കഴിയുമ്പോൾ വെള്ളമൊഴിച്ച് തീ അണയ്ക്കുക. നന്നായി കഴുകി അരിച്ചെടുത്ത് ഈർപം പൂർണമായി മാറാൻ വെയിലത്തു വയ്ക്കുക. ഇത് പൊടിച്ചെടുത്താൽ ചാർക്കോൾ പൗഡർ റെഡി.

ഒരു വലിയ സ്പൂൺ ചിരട്ടക്കരി പൊടിച്ചതിൽ, ഒരു ചെറിയ സ്പൂൺ വീതം പാലും തേനും ചേർത്ത് യോജിപ്പിച്ച് മുഖത്തണിയാം. 20 മിനിറ്റിനു ശേഷം ഫെയ്സ്പാക് കഴുകിക്കളയാം.

ചിരട്ട കരിക്കാതെ പൊടിച്ചെടുത്തും മുഖത്തണിയാം. ചിരട്ടയുടെ ഉൾവശം ചീകിയെടുത്ത് തൈര് ചേർത്തണിഞ്ഞാൽ കരിമംഗല്യം മാറും.

ഇളം കരിക്കു പോലെ

∙ കരിക്കിന്റെ കാമ്പ് മിക്സിയിൽ നന്നായി അടിക്കുക. ഇതിലേക്ക് അൽപം ബദാം എണ്ണ യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി 10 മിനിറ്റിനു ശേഷം ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് തുടച്ചെടുക്കാം. സൂര്യരശ്മികളേറ്റ് ചർമത്തിനുണ്ടാകുന്ന പ്രശ്നങ്ങളകറ്റുന്ന ഈ സ്കിൻ കെയർ പുറത്തു പോയി വന്നാലുടൻ ചെയ്യാം  

∙ കരിക്കിൻ വെള്ളവും തേങ്ങാ വെള്ളവും മികച്ച ടോണറാണ്. അരക്കപ്പ് തേങ്ങാവെള്ളത്തിൽ ഒരു ചെറിയ സ്പൂൺ കുക്കുമ്പർ നീര് യോജിപ്പിച്ചു വ യ്ക്കുക. ഇതിൽ ഒരു പഞ്ഞിക്കഷണം മുക്കി മുഖത്തു പുരട്ടി 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

∙ തേങ്ങാവെള്ളം സ്പ്രേ ബോട്ടിലിലാക്കി മുഖത്തേക്ക് സ്പ്രേ ചെയ്യാം. ക്ഷീണം അകറ്റാൻ നല്ലതാണ് ഈ ഫെയ്സ് മിസ്റ്റ്.

∙ തേങ്ങാവെള്ളത്തിൽ തേൻ ചേർത്ത് യോജിപ്പിച്ച്  പഞ്ഞി ഉപയോഗിച്ച് മുഖത്തു പുരട്ടുന്നത് ചുളിവുകളകറ്റുകയും ചർമകോശങ്ങൾക്ക് ഉന്മേഷം നൽകുകയും ചെയ്യും.

∙ അടുക്കളയില്‍ പാചകത്തിനായി തേങ്ങ പൊട്ടിക്കുമ്പോൾ തേങ്ങാവെള്ളം കളയേണ്ട. കുടിക്കാം ഒപ്പം അൽപമെടുത്ത് മുഖം കഴുകുകയും ചെയ്യാം. മുഖക്കുരുവിൽ പതിവായി തേങ്ങാവെള്ളം പുരട്ടുന്നത് മുഖക്കുരു മാറാൻ സഹായിക്കും.

ശരീരത്തിന്റെ കുളിർമയ്ക്ക്

∙ തേങ്ങാപ്പീര മിക്സിയിൽ ഒന്നു കറക്കിയെടുക്കാം. ഇതിലേക്ക് അരി പൊടിച്ചതും തേനും ചേർത്ത് സ്ക്രബ് തയാറാക്കി ശരീരത്തിൽ പുരട്ടി കഴുകിക്കളയാം.

ഇനി തേങ്ങാപ്പാലും കുക്കുമ്പര്‍ നീരും ചേർത്തു തയാറാക്കിയ കൂട്ട് ശരീരത്തിൽ പുരട്ടി 10 മിനിറ്റിനു ശേഷം കുളിക്കാം. ശരീരമാകെ തിളക്കം നൽകുന്ന ബോഡി പോളിഷാണ് ഇത്.

∙ അരക്കപ്പ് വെളിച്ചെണ്ണ, അരക്കപ്പ് കാപ്പിപ്പൊടിയും യോജിപ്പിച്ച് ഐസ് ട്രേയിൽ ഒഴിച്ചു വയ്ക്കാം. കുളിക്കും മുൻപ് ഇതു ശരീരത്തിൽ ഉരസാം. ചർമം മൃദുലമാകും, തെളിച്ചം വരും.

∙ കാൽപാദങ്ങൾ സുന്ദരമാകാനുള്ള ഫൂട്ട് സ്ക്രബ് തയാറാക്കാം. കാൽ കപ്പ് വെളിച്ചെണ്ണയിൽ മുക്കാൽ കപ്പ് പഞ്ചസാര, ഒരു നാരങ്ങയുടെ തൊലി ചുരണ്ടിയത്, രണ്ടു വലിയ സ്പൂൺ നാരങ്ങാനീര് എന്നിവ യോജിപ്പിക്കുക. കാൽ കഴുകിയശേഷം ഈ സ്ക്രബ് ഉപയോഗിച്ച് 10 മിനിറ്റ് മൃദുവായി ഉരസുക. വരൾച്ചയ്ക്കും കരുവാളിപ്പിനും ഒരുമിച്ച് ബൈ പറയാം.

∙ ഇളംചൂടു വെള്ളത്തിൽ തേങ്ങാപ്പാൽ ഒഴിക്കുക. ഒപ്പം ഒരുപിടി റോസാപ്പൂവിതളും അൽപം തേനും ചേർത്തു കുളിക്കാം. ചർമത്തിനും സുഗന്ധവും മൃദുലതയും കിട്ടും.

∙ ഒരു ബൗൾ തേങ്ങാപ്പാലും ഒരു ചെറിയ സ്പൂൺ വനില എസ്സൻസ്സും ചേർത്ത വെള്ളത്തിൽ കുളിച്ചു വന്നാൽ വിയർപ്പുനാറ്റം അകലും.

jar1

മിൽക് ബാത് ജാർ

സുഹൃത്തിന് മിൽക് ബാത് ജാർ സമ്മാനമായി നൽകിയാലോ? ഇവ ബാത്ടബിലെ വെള്ളത്തിൽ ചേർത്ത് അതിലിറങ്ങിക്കിടന്ന് 10 മിനിറ്റിനു ശേഷം കുളിക്കാം. അല്ലെങ്കിൽ കുളിക്കാനുള്ള വെള്ളത്തിൽ ചേർത്ത് വെള്ളം മെല്ലേ കോരിയൊഴിച്ച് മൃദുവായി മസാജ് ചെയ്തു കുളിക്കാം.

∙ ഒരു കപ്പ് തേങ്ങാപ്പാൽപൊടിയും ഒരു കപ്പ് റോള്‍ഡ് ഓട്സ് പൊടിച്ചതും ലാവൻഡർ എസ ൻഷ്യൽ ഓയിലും യോജിപ്പിച്ച്  ജാറിലാക്കാം. ഒരു റിബൺ കൂ ടി കെട്ടിയാൽ സമ്മാനമായി.

∙ ജാറിൽ ഒരു ലെയർ തേങ്ങാപ്പാൽപൊടി നിരത്തുക, ഇനി ഉണങ്ങിയ റോസാപ്പൂവിതളുക ൾ നിരത്തുക. മുകളിൽ റോൾഡ് ഓട്സ് പൊടിച്ചത് നിരത്താം. ഇനി പിങ്ക് സോൾട്ട്. ഇങ്ങനെ ലെയറുകളായി നിരത്തി മിൽക് ബാത് ജാർ തയാറാക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോളി പൗലോസ്, നിഫ്റ്റ് മേക്കോവർ സലൂൺ & സ്പാ, തേവര, കൊച്ചി

Tags:
  • Glam Up